Cosmic Rays

എന്തൂട്ടാണീ കേശവൻ മാമന്റെ കോസ്‌മിക് രശ്മി?

എന്തൂട്ടാണീ കേശവൻ മാമന്റെ കോസ്‌മിക് രശ്മി?

 



ഇപ്പോഴത്തെ പിള്ളാർക്ക് അറിയുമോന്നറിയില്ല. ഒരു കാലത്ത് കേശവൻ മാമനായിരുന്നു താരം. എന്തും വിശ്വസിക്കുന്ന ഒത്തിരിയാളുകള്‍ ഉള്ളതോണ്ട് അന്ന് കേശവന്‍മാമന് വലിയ മാർക്കറ്റായിരുന്നു. ഇടയ്ക്ക് ഇങ്ങനൊരു മെസേജു കിട്ടും:

"നാളെ രാത്രി 12 മണിക്ക് കോസ്‍മിക് രശ്മികള്‍ ഭൂമിയിലെത്തും ആരും പുറത്തിറങ്ങരുത്. നാസ പറഞ്ഞു."

ശ്ശോ, വാട്സ്ആപ്പ് തുടങ്ങിയകാലം മുതൽ വര്‍ഷങ്ങളായി കറങ്ങിനടക്കുന്നതാണ് ഈ കോസ്‍മിക് രശ്മികളുടെ വാര്‍ത്ത! എല്ലാ വർഷോം കേശവൻമാമൻ ഇത് വീണ്ടെടുക്കും. വീണ്ടുമയക്കും! എന്തായാലും അതവിടെ നിൽക്കട്ടേ. മാമനല്ലല്ലോ നമ്മുടെ വിഷയം!

അല്ലാശാനേ, ഈ ചന്ദ്രലേഖേ സിനിമേല് പപ്പു ചോദിക്കണപോലെ "ഈ കോസ്‍മിക് രശ്മീ, കോസ്മിക് രശ്മീന്ന് പറഞ്ഞാ എന്തുവാ?" ഉള്ളതു തന്നെയാണോ ഈ സംഗതി!

സംഗതി കോസ്‍മിക് രശ്മികള്‍ ഉള്ളതു തന്നെയാണ്. പക്ഷേ കേശവന്‍മാമന്റെ വാട്സ്ആപ്പ് മെസേജ് പോലെ അല്ല എന്നു മാത്രം. അപ്പോ എന്താ ഈ സംഗതീ എന്നല്ലേ. പറയാം.

ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ എന്ന ലോകത്തെ ഏറ്റവും വലിയ യന്ത്രത്തെക്കുറിച്ചു കേട്ടിട്ടുണ്ടോ? പണ്ട് ദൈവകണം എന്ന പേരുദോഷം കേള്‍പ്പിച്ച ഹിഗ്സ് ബോസോണിനെ ഒക്കെ കണ്ടെത്തി സ്ഥിരീകരിച്ച യന്ത്രം. കിലോമീറ്ററുകളോളം (26.7കിലോമീറ്റര്‍) നീളമുള്ള ഈ യന്ത്രത്തിന്റെ ജോലി എന്നു പറയുന്നത് പ്രോട്ടോണുകളെയും മറ്റും വളരെ ഉയര്‍ന്ന വേഗതയില്‍ ഓടിക്കുക എന്നതാണ്. ഉയര്‍ന്ന വേഗത എന്നു പറഞ്ഞാല്‍ പ്രകാശവേഗതയ്ക്ക് അടുത്ത വേഗത! വലിയ കാന്തങ്ങളും വൈദ്യുതിയും ഒക്കെ ഉപയോഗിച്ചാണ് പ്രോട്ടോണുകളുടെയും മറ്റും വേഗം കൂട്ടുന്നത്. വേഗം കൂടുന്നതോടെ പ്രോട്ടോണിന്റെ ഊര്‍ജ്ജവും കൂടും. (വേഗത്തിലെറിയുന്ന കല്ലിന്റെ ഏറുകൊണ്ടാല്‍ കൂടുതല്‍ വേദനിക്കുമല്ലോ. അത് കല്ലിന്റെ ഊര്‍ജ്ജം കൂടുതലായതിനാലാണ്.) ഇങ്ങനെ ആ യന്ത്രത്തിന് സാധിക്കാവുന്ന ഏറ്റവും കൂടിയ വേഗതയിലാണ് പ്രോട്ടോണിനെ ഓടിക്കുക. ഇങ്ങനെ ഓടുന്ന രണ്ട് പ്രോട്ടോണുകളെ പരസ്പരം കൂട്ടിയിടിപ്പിച്ച് രസിക്കലാണ് അവിടത്തെ ശാസ്ത്രജ്ഞരുടെ പണി. മനുഷ്യന്‍ ഉണ്ടാക്കിയതില്‍വച്ച് ഏറ്റവും ഊര്‍ജ്ജമുള്ള പ്രോട്ടോണുകളെയും അയോണുകളെയും ഒക്കെ ഇങ്ങനെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.

മനുഷ്യരുണ്ടാക്കിയ ഈ മഹായന്ത്രത്തില്‍നിന്നും വരുന്ന പ്രോട്ടോണുകളെക്കാള്‍ കോടിക്കണക്കിനു മടങ്ങ് ഊര്‍ജ്ജമുള്ള പ്രോട്ടോണുകളെ പക്ഷേ നമ്മള്‍ കണ്ടെത്തിയിട്ടുണ്ട്. ശ്ശെടാ! അതെങ്ങനെ? ങാ, അങ്ങനേം ഊർജ്ജമുള്ള പ്രോട്ടോണുകൾ ഉണ്ടു മക്കളേ! ഇവിടെന്നെങ്ങുമല്ല അവര് വരണേന്നു മാത്രം. സൗരയൂഥത്തിനു പുറത്തുനിന്ന് ഭൂമിയില്‍ നിരന്തരം എത്തുന്ന ചില ഓട്ടക്കാരായ കണങ്ങളാണിവ. ഈ ഓട്ടക്കാരിൽ പ്രോട്ടോണുകളാണ് കൂടുതൽ എന്നേയുള്ളൂ. അതു കൂടാതെ വളരെക്കുറിച്ച് ഹീലിയം ന്യൂക്ലിയസ്സുകളും അപൂര്‍വ്വമായി വലിയ ചില ന്യൂക്ലിയസ്സുകളും കാണും. ഏതാണ്ട് പ്രകാശത്തിന്റെ വേഗത എന്നുതന്നെ പറയാം ഇങ്ങനെ കാണുന്ന പ്രോട്ടോണുകളുടെയും മറ്റും വേഗത. ഇങ്ങനെയുള്ള കോടിക്കണക്കിനു പ്രോട്ടോണുകളും മറ്റു കുഞ്ഞു കണങ്ങളുമാണ് പ്രപഞ്ചത്തിന്റെ പല കോണുകളിൽനിന്നും ഭൂമിയിലേക്ക് എത്തുന്നത്. ഇവയാണ് നമ്മുടെ കേശവന്‍മാമന്റെ കോസ്മിക് രശ്മികള്‍! 

ചെറിയ ഊർജ്ജമൊന്നുമല്ലാട്ടോ ഇവ വഹിക്കുന്നത്. 20ജൂൾ ഊർജ്ജമുള്ള ഒറ്റ പ്രോട്ടോണിനെയൊക്കെ കണ്ടെത്തിയിട്ടുണ്ട്. 2 മീറ്റർ ഉയരത്തിൽ ഇരിക്കുന്ന ഒരു കിലോഗ്രാം വസ്തുവിൽ ഉള്ള ഊർജ്ജമാണിത്. മൈക്രോസ്കോപ്പുകൊണ്ടുപോലും കാണാൻ പറ്റാത്തത്ര ചെറിയ കണികയ്ക്കാണ് ഇത്രയും വലിയ ഊർജ്ജമുള്ളതെന്നാണ് നമ്മെ അമ്പരപ്പിക്കുന്ന കാര്യം!
​സത്യത്തില്‍ ഇവയെ രശ്മികള്‍ എന്നു വിളിക്കാന്‍ പാടില്ലാത്തതാണ്. ഊര്‍ജ്ജം വഹിക്കുന്ന വൈദ്യുതകാന്തിക തരംഗങ്ങളെ മാത്രമാണ് നമ്മള്‍ രശ്മി എന്നു വിളിക്കുക. നമ്മള്‍ റേഡിയോ പ്രക്ഷേപണം ഒക്കെ നടത്തുന്ന റേഡിയോ തരംഗങ്ങള്‍, മൈക്രോവേവ് ഓവനിലും മൊബൈല്‍ഫോണുകളിലും ഒക്കെ ഉപയോഗിക്കുന്ന മൈക്രോവേവുകള്‍, ഇന്‍ഫ്രാറെഡ് പ്രകാശം, നമ്മള്‍ സാധാരണ കാണുന്ന പ്രകാശം, അള്‍ട്രാവൈലറ്റ് പ്രകാശം, എക്സ്-റേ എടുക്കാന്‍ ഉപയോഗിക്കുന്ന എക്സ്-റേ, ആണവസ്ഫോടനം ഒക്കെ നടക്കുമ്പോള്‍ പുറത്തുവരുന്ന ഗാമാ റേ തുടങ്ങിയവയെ ഒക്കെ മാത്രമേ രശ്മി എന്നു വിളിക്കാന്‍ പറ്റൂ.

1900 - 1915 വരെയുള്ള വര്‍ഷങ്ങളിലാണ് കോസ്‍മിക് രശ്മികളെ ആദ്യമായി നിരീക്ഷിക്കുന്നതും പഠിക്കുന്നതും. വൈദ്യുതകാന്തികതരംഗങ്ങളില്‍ ഏറ്റവും ഊര്‍ജ്ജം കൂടിയത് ഗാമാ രശ്മിക്ക് ആണ്. ഈ ഗാമാരശ്മികളെക്കാള്‍ ഊര്‍ജ്ജമുള്ള കക്ഷിയാണീ കോസ്‍മിക് രശ്മികള്‍! എന്തായാലും അന്ന് കോസ്‍മിക് കണങ്ങളെ കണ്ടെത്തിയപ്പോഴാണ് ഇവയുടെ ഊർജ്ജം ഇത്രയ്ക്കുണ്ടെന്ന് മനസ്സിലാവുന്നത്. അന്ന് ഇവ കണങ്ങളാണ് എന്നു തിരിച്ചറിയാത്തതിനാല്‍ ഇവയെ രശ്മി എന്നു വിളിച്ചു. പിന്നെ കാര്യം പിടികിട്ടിയിട്ടും ശാസ്ത്രജ്ഞര്‍ ഈ ചെല്ലപ്പേര് കളയാന്‍ നിന്നില്ല. അങ്ങനെ ആ കണങ്ങള്‍ ഇന്നും പേരില്‍ മാത്രം രശ്മികളായി തുടരുന്നു!

പ്രോട്ടോണുകളും ന്യൂക്ലിയസ്സുകളും ഒക്കെ കണങ്ങളാണല്ലോ. അതിനാല്‍ അല്പം മാസ് ഇവയ്ക്ക് ഉണ്ടാവും. അതിനാൽ കൃത്യം പ്രകാശത്തിന്റെ വേഗതയിലൊന്നും സഞ്ചരിക്കാന്‍ ഇവയ്ക്കു പറ്റില്ല. ഐൻസ്റ്റൈനൊക്കെ പറഞ്ഞുവച്ചിരിക്കുന്ന പ്രകാരം അനന്തമായ ഊര്‍ജ്ജമുണ്ടെങ്കിലേ മാസുള്ള എന്തിനും പ്രകാശത്തിന്റെ വേഗതയില്‍ എത്താന്‍ പറ്റൂ. വളരെ ഉയര്‍ന്ന ഊര്‍ജ്ജം കിട്ടിയാല്‍ പക്ഷേ പ്രോട്ടോണിനൊക്കെ പ്രകാശവേഗതയോട് വളരെ അടുത്ത വേഗതയില്‍ സഞ്ചരിക്കാം എന്നു മാത്രം. മറ്റാരും തടസ്സപ്പെടുത്തിയില്ലെങ്കില്‍ ആ വേഗതയില്‍ത്തന്നെ പ്രപഞ്ചത്തിലൂടെ അങ്ങനെ സഞ്ചരിച്ചുകൊണ്ടേ ഇരിക്കും.

വളരെ മികച്ച മൈക്രോസ്കോപ്പ് കൊണ്ടുപോലും നോക്കിയാല്‍ കാണാന്‍ പറ്റാത്ത അത്രയും ചെറുതാണ് പ്രോട്ടോണും മറ്റും. ഇത്രയും ചെറിയ കണമാണെങ്കില്‍പ്പോലും പ്രകാശത്തോട് അടുത്ത വേഗതയിലൊക്കെ സഞ്ചരിച്ചാല്‍ ആള് അപകടകാരിയാവും. നമ്മുടെ ദേഹത്തു വന്നിടിച്ചാല്‍ കോശങ്ങള്‍ക്കും മറ്റും കേടുപാടുകള്‍ വരാം. തുടർച്ചയായി കൂടുതല്‍ നേരം ഏറ്റാല്‍ ക്യാന്‍സര്‍ അടക്കമുള്ള പലതരം രോഗങ്ങള്‍ വരാനുള്ള സാധ്യതപോലുമുണ്ട്. പക്ഷേ ഭാഗ്യത്തിന് ഇവ അത്രയൊന്നും ഭൂമിയുടെ ഉപരിതലത്തിലേക്ക് എത്തുന്നില്ല. അങ്ങനെ എത്താതെ നോക്കാനുള്ള ചില സൂത്രപ്പണികളെല്ലാം ഭൂമിക്ക് അറിയാം!

പ്രോട്ടോണുകളോ ന്യൂക്ലിയസ്സുകളോ ഒക്കെയാണ് ഇവ എന്നു പറഞ്ഞല്ലോ. പ്രോട്ടോണുകള്‍ക്ക് ചാര്‍ജുണ്ട്. പൊസിറ്റീവ് ചാര്‍ജ്. ചാര്‍ജ് സഞ്ചരിച്ചാല്‍ അതിനെ വൈദ്യുതി എന്നാണ് വിളിക്കുക. വൈദ്യുതി ഉണ്ടെങ്കില്‍ അതിനുചുറ്റും കാന്തികമേഖലയും ഉണ്ടാകും. ചുരുക്കിപ്പറഞ്ഞാല്‍ സഞ്ചരിക്കുന്ന പ്രോട്ടോണുകളെല്ലാം ഒരു കുഞ്ഞുകാന്തമായി മാറിയിട്ടുണ്ടാകും എന്നു സാരം. ഭൂമിക്ക് ഒരു കാന്തികമണ്ഡലം ഉള്ളതായി അറിയാമല്ലോ. വടക്കുനോക്കിയന്ത്രം പ്രവര്‍ത്തിക്കുന്നതുതന്നെ അതു മൂലമാണ്. ഒരു കാന്തത്തില്‍ ബലം ചെലുത്താന്‍ ഭൂമിക്കു കഴിയും. ഭൂമിക്കു ചുറ്റും വ്യാപിച്ചുകിടക്കുകയാണ് ഈ കാന്തികമണ്ഡലം. വേഗത്തില്‍ സഞ്ചരിക്കുന്ന പ്രോട്ടോണിലും ഈ കാന്തികമണ്ഡലം ബലം പ്രയോഗിക്കും. അതോടെ ഭൂമിയെ ആക്രമിച്ചു കളയാം എന്നു കരുതിവന്ന കോസ്മിക് കണത്തിന്റെ ദിശ വ്യത്യാസപ്പെടും. പലതും ഭൂമിക്കു പുറത്തേക്കാവും പോവുക. അങ്ങനെ കാന്തികമണ്ഡലം ഉള്ളതിനാല്‍ ബഹുഭൂരിപക്ഷം കോസ്‍മിക് കണങ്ങളും ഭൂമിയുടെ ഉപരിതലത്തിലേക്ക് എത്തുന്നില്ല എന്നു ചുരുക്കം.

ഇനി ഈ കാന്തികമണ്ഡലത്തില്‍പ്പെട്ട് വഴി തെറ്റുന്ന കണം അന്തരീക്ഷത്തിലേക്ക് കടന്നു എന്നിരിക്കട്ടെ. ഇവ അന്തരീക്ഷത്തിലെ തന്മാത്രകളുമായി കൂട്ടിയിടിക്കും. നമ്മുടെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ ഉള്ള കൂട്ടിയിടിയെക്കാള്‍ ഭീകരമായ കൂട്ടിയിടി. അതോടെ അവിടെ പുതിയ ചില കണങ്ങള്‍ രൂപപ്പെടും. ഇങ്ങനെയുണ്ടാകുന്ന ഓരോ കണവും മറ്റു തന്മാത്രകളുമായി കൂട്ടിയിടിക്കും. അതിലൂടെ വേറെ പുതിയ കണങ്ങൾ ഉണ്ടാവും. പക്ഷേ അപ്പോഴേക്കും അതിന്റെ ഊർജ്ജം വളരെ വളരെ കുറഞ്ഞിട്ടുണ്ടാവും. അങ്ങനെ വേഗം കുറഞ്ഞുകുറഞ്ഞ് വലിയ അപകടകാരിയല്ലാതെയാണ് ബഹുഭൂരിപക്ഷം കണങ്ങളും ഭൂമിയുടെ ഉപരിതലത്തില്‍ എത്തുക. ഇതൊക്കെയാണെങ്കിലും കാന്തികമണ്ഡലത്തില്‍നിന്നും അന്തരീക്ഷവുമായുള്ള കൂട്ടിയിടിയില്‍നിന്നും രക്ഷപ്പെടുന്ന അത്യപൂര്‍വ്വം ചിലരുണ്ടാവും. അവര്‍ ഭൂമിയുടെ ഉപരിതലത്തില്‍ എത്താറുണ്ട് എന്നു മാത്രം!

അപ്പോ കേശവന്‍മാമന്റെ വാട്സ്ആപ്പ് ഫോര്‍വേഡ് സത്യമാണോ?

അല്ലേയല്ല! കോസ്‍മിക് രശ്മികള്‍ എന്നു പേരുള്ള കണങ്ങൾ പ്രപഞ്ചത്തില്‍ എവിടെയും കാണാം. വലിയ ഏറ്റക്കുറച്ചിലുകളൊന്നും അവയുടെ അളവില്‍ ഉണ്ടാവാറില്ല. ഭൂമിക്ക് ഒട്ടും മോശമല്ലാത്ത കാന്തികമണ്ഡലം ഉള്ളതിനാല്‍ അപകടകരമാം വിധം കോസ്മിക് രശ്മികള്‍ ഭൂമിയിലേക്ക് എത്തില്ല എന്നു മാത്രം. എന്നാല്‍ ഭൂമിയുടെ ഉപരിതലത്തില്‍നിന്നും മുകളിലേക്കു പോകുംതോറും കോസ്‍മിക് കണങ്ങളുടെ അളവ് കൂടിവരും. വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കോസ്‍മിക് റേഡിയേഷന്‍ ഭൂമിയിലുള്ളവരെക്കാള്‍ കൂടുതല്‍ ഏല്‍ക്കാം. അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ ഒക്കെ താമസിക്കുന്നവര്‍ക്ക് കുറെക്കൂടി റേഡിയേഷന്‍ കിട്ടും. ഇനി ചാന്ദ്രയാത്രയോ ചൊവ്വായാത്രയോ ഒക്കെ നടത്തുന്നവരാണെങ്കിലോ? വേണ്ടത്ര മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ അവര്‍ക്കാവും ഈ കോസ്‍മിക് കണങ്ങള്‍ വലിയ ഭീഷണിയാവാന്‍ പോവുന്നത്.

കോസ്‌മിക് രശ്മി വച്ച് പേടിപ്പിക്കുന്ന വാട്സ്ആപ്പ് ഫോർവേഡ് ഇപ്പോ അധികമങ്ങനെ കാണാറില്ല. പുതിയ തലമുറേനെ പേടിപ്പിക്കാൻ പറ്റില്ലാന്ന് മാമന് മനസ്സിലായിട്ടാണോ എന്തോ! ഇനി ആരേലും വിശ്വസിക്കണോങ്കി വിശ്വസിച്ചോട്ടേ എന്നു പറഞ്ഞ് ഏതേലും കേശവൻ മാമൻ അയക്കുന്ന കോസ്മിക് രശ്മി മെസേജ് ഫോര്‍വേഡ് ചെയ്തു കിട്ടുമ്പോള്‍ മാമനോട് പറഞ്ഞേക്കൂ; ഭൂമിയിലിരിക്കുന്ന ഞങ്ങള്‍ക്ക് അയച്ചുതരേണ്ട, പകരം വല്ല ചൊവ്വേലോ ചന്ദ്രനിലോ ഒക്കെ പോകുന്നവര്‍ക്ക് അയച്ചുകൊടുത്തോളൂന്ന്!


Leave a Comment

അഭിപ്രായങ്ങള്‍