ചൊവ്വയിൽ ജീവനുണ്ടായിരുന്നോ എന്നു തിരയുന്ന പെർസിവിയറൻസ് ജൂലൈ 17ന് വിക്ഷേപിക്കുന്നു. സ്ഥിരോത്സോഹിയായ ഒരു പരീക്ഷണശാല. ഭൂമിയിലല്ല, മറിച്ച് ചൊവ്വയില്‍. അതാണ് 2020 ജൂലൈ 17 നു വിക്ഷേപിക്കാൻ പോകുന്ന പെർസിവിയറൻസ് എന്ന പേടകം. ഒരു കാറിനോളം വലിപ്പമുണ്ട് പെർസിവിയറൻസിന്. ഒരു മാസത്തിനുള്ളിൽ യാത്ര തുടങ്ങുന്ന ഈ പേടകം അടുത്ത വർഷം ഫെബ്രുവരിയിൽ ചൊവ്വയില്‍ ഇറങ്ങും. ഫ്ലോറിഡയിലെ കേപ് കനാവരല്‍ എയർഫോഴ്സ് സ്റ്റേഷനിലേക്കാവും ഇനി എല്ലാവരുടെയും ശ്രദ്ധ. അവിടെനിന്ന് അറ്റ്ലസ് V 541 എന്ന റോക്കറ്റിലാവും വിക്ഷേപണം. മാർസ് 2020 എന്നായിരുന്നു ഈ ദൗത്യത്തിന്റെ പേര്. പിന്നീടാണ് പെർസിവിയറൻസ് എന്നു പേരിട്ടത്. സ്കൂൾവിദ്യാർത്ഥിയായ അലക്സാണ്ടർ മാത്തർ നിർദ്ദേശിച്ച പെർസിവിയറൻസ് എന്ന പേര് നാസ തിരഞ്ഞെടുക്കുകയായിരുന്നു. ക്യൂരിയോസിറ്റി എന്ന പേടകം ചൊവ്വയിൽ ഇറങ്ങിയ രീതി. ഇതേ രീതിയിലാവും ഫെബ്രുവരിയിൽ പെർസിവിയറൻസും ഇറങ്ങുക. ചൊവ്വയെക്കുറിച്ച് പഠിക്കാൻ നിരവധി പേടകങ്ങൾ നമ്മൾ ചൊവ്വയിലേക്ക് അയച്ചിട്ടുണ്ട്. അതിൽ ചിലത് ഇപ്പോഴും അവിടെ പ്രവർത്തിക്കുന്നുമുണ്ട്. അവർക്കൊപ്പമാണ് പെർസിവിയറൻസും കൂട്ടുചേരുന്നത്. ചൊവ്വയിൽ പണ...