പ്രഷര്‍ കുക്കര്‍ പ്രവര്‍ത്തിക്കുന്നതെങ്ങിനെ?
പാചകം ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ചിരപരിതമായ ഒന്നാണ് പ്രഷര്‍കുക്കര്‍. വലിയ തോതില്‍ ഊര്‍ജ്ജലാഭത്തിനും പ്രഷര്‍കുക്കര്‍ വഴിയൊരുക്കുന്നുണ്ട്. 'സ്റ്റീം ഡൈജസ്റ്റര്‍ ' എന്ന പേരില്‍ 1679 ല്‍ ഫ്രഞ്ച് ശാസ്ത്രജ്ഞനായ ഡെനിസ് പാപ്പിന്‍ രൂപം കൊടുത്ത ഉപകരണമായിരുന്ന ആദ്യത്തെ പ്രഷര്‍ കുക്കര്‍ എന്നു കരുതുന്നു. ലളിതമായ പ്രവര്‍ത്തന രീതിയാണ് ഈ ഉപകരണത്തിന്റേത്. അല്പം ഫിസിക്സ് മതി ഇതിന്റെ പ്രവര്‍ത്തനം മനസ്സിലാക്കാന്‍. മര്‍ദ്ദം കൂടിയാല്‍ തിളനില ഉയരും എന്ന തത്വമാണ് പ്രഷര്‍ കുക്കര്‍ പ്രാവര്‍ത്തികമാക്കുന്നത്. ജലത്തിന്റെ താപനില കൂടും തോറും ജലതന്മാത്രകളുടെ ഊര്‍ജ്ജവും കൂടും. ഊര്‍ജ്ജം കൂടിയ തന്മാത്രകള്‍ പിന്നെ അടങ്ങിയിരിക്കില്ല. അവ അതീവ വേഗതയോടെ സഞ്ചരിക്കാന്‍ തുടങ്ങും. ഇങ്ങനെ വേഗതയോടെ സഞ്ചരിക്കുന്ന ജലതന്മാത്രകള്‍ പാത്രത്തിലെ ഭക്ഷണസാധനങ്ങളില്‍ ചെന്നിടിക്കും. ഓരോ സെക്കന്റിലും ലക്ഷക്കണക്കിന് ഇടികള്‍. അങ്ങിനെ ഇടിച്ചിടിച്ച് ഉരുളക്കിഴങ്ങിന്റേയും അരിയുടേയും എല്ലാം കോശങ്ങളെ മാര്‍ദ്ദവമുള്ളതാക്കി മാറ്റുന്ന പ്രക്രിയയാണ് 'വേവല്‍' എന്ന് ലളിതമായി പറയാം. (ഇതല്ലാതെ മറ്റ് നിരവധി മാറ്റങ്ങളും ഇവിടെ നടക്കുന്നുണ്ട്.)...