പ്രഷര്‍ കുക്കര്‍ പ്രവര്‍ത്തിക്കുന്നതെങ്ങിനെ?


പാചകം ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ചിരപരിതമായ ഒന്നാണ് പ്രഷര്‍കുക്കര്‍. വലിയ തോതില്‍ ഊര്‍ജ്ജലാഭത്തിനും പ്രഷര്‍കുക്കര്‍ വഴിയൊരുക്കുന്നുണ്ട്. 'സ്റ്റീം ഡൈജസ്റ്റര്‍ ' എന്ന പേരില്‍ 1679 ല്‍ ഫ്രഞ്ച് ശാസ്ത്രജ്ഞനായ ഡെനിസ് പാപ്പിന്‍ രൂപം കൊടുത്ത ഉപകരണമായിരുന്ന ആദ്യത്തെ പ്രഷര്‍ കുക്കര്‍ എന്നു കരുതുന്നു. ലളിതമായ പ്രവര്‍ത്തന രീതിയാണ് ഈ ഉപകരണത്തിന്റേത്. അല്പം ഫിസിക്സ് മതി ഇതിന്റെ പ്രവര്‍ത്തനം മനസ്സിലാക്കാന്‍.
മര്‍ദ്ദം കൂടിയാല്‍ തിളനില ഉയരും എന്ന തത്വമാണ് പ്രഷര്‍ കുക്കര്‍ പ്രാവര്‍ത്തികമാക്കുന്നത്. ജലത്തിന്റെ താപനില കൂടും തോറും ജലതന്മാത്രകളുടെ ഊര്‍ജ്ജവും കൂടും. ഊര്‍ജ്ജം കൂടിയ തന്മാത്രകള്‍ പിന്നെ അടങ്ങിയിരിക്കില്ല. അവ അതീവ വേഗതയോടെ സഞ്ചരിക്കാന്‍ തുടങ്ങും. ഇങ്ങനെ വേഗതയോടെ സഞ്ചരിക്കുന്ന ജലതന്മാത്രകള്‍ പാത്രത്തിലെ ഭക്ഷണസാധനങ്ങളില്‍ ചെന്നിടിക്കും. ഓരോ സെക്കന്റിലും ലക്ഷക്കണക്കിന് ഇടികള്‍. അങ്ങിനെ ഇടിച്ചിടിച്ച് ഉരുളക്കിഴങ്ങിന്റേയും അരിയുടേയും എല്ലാം കോശങ്ങളെ മാര്‍ദ്ദവമുള്ളതാക്കി മാറ്റുന്ന പ്രക്രിയയാണ് 'വേവല്‍' എന്ന് ലളിതമായി പറയാം. (ഇതല്ലാതെ മറ്റ് നിരവധി മാറ്റങ്ങളും ഇവിടെ നടക്കുന്നുണ്ട്.)
ജലത്തിന്റെ താപനില കൂടിയാല്‍ തന്മാത്രകളുടെ ഗതികോര്‍ജ്ജവും കൂടും. അവ കൂടുതല്‍ ശക്തമായി വേവിക്കാനിട്ടിരിക്കുന്ന പദാര്‍ത്ഥങ്ങളെ ഇടിക്കുകയും വേവുക എന്ന പ്രക്രിയ എളുപ്പമാക്കുകയും ചെയ്യും. പക്ഷേ സാധാരണരീതിയില്‍ തുറന്ന പാത്രങ്ങളില്‍ ജലത്തിന്റെ താപനില ഒരു പരിധിവിട്ട് കൂടുകയില്ല. എത്ര താപം അന്തരീക്ഷമര്‍ദ്ദത്തില്‍ ആണ് പാചകമെങ്കില്‍ എത്ര താപം നല്‍കിയാലും ശുദ്ധജലമാണെങ്കില്‍ 100 0C ന് അപ്പുറം താപനില കടക്കില്ല. പിന്നീടുള്ള താപം ജലത്തെ നീരാവിയാക്കാനാണ് ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ മര്‍ദ്ദം കൂടിയാല്‍ ഇതല്ല അവസ്ഥ. കൂടിയ മര്‍ദ്ദത്തില്‍ 100 ഡിഗ്രിയിലൊന്നും ജലം തിളയ്ക്കില്ല. അതിലും കൂടുതല്‍ താപനിലയുണ്ടെങ്കിലേ ജലത്തിന് തിളയ്ക്കാനാവൂ. അതോടെ ജലതന്മാത്രകള്‍ക്ക് കൂടുതല്‍ ഗതികോര്‍ജ്ജവും ലഭിക്കുന്നു. കൂടിയ ഗതികോര്‍ജ്ജം വേവുന്നതിനെ എളുപ്പമാക്കുകയും ചെയ്യുന്നു. 122 0C ല്‍ ആണ് മിക്ക പ്രഷര്‍കുക്കറുകളും പ്രവര്‍ത്തിക്കുന്നത്. അധികം താപത്തെ ഉള്‍ക്കൊള്ളാനുള്ള നീരാവിയുടെ ശേഷിയും (താപധാരിത) പാചകം വേഗത്തിലാക്കാന്‍ സഹായിക്കുന്നു.

പ്രഷര്‍കുക്കര്‍ ഈ തത്വത്തെ സുരക്ഷിതമായി ഉപയോഗിക്കുന്ന ഉപകരണമാണ്. സുരക്ഷക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് എല്ലാ പ്രഷര്‍കുക്കറുകളും നിര്‍മ്മിക്കുന്നത്. അലൂമിനിയമോ സ്റ്റീലോ ആണ് സാധാരണയായി കുക്കറുകളുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. നീരാവി പുറത്തു പോകാത്ത വിധത്തിലുള്ള അടപ്പും കുക്കറുകള്‍ക്കുണ്ട്. അടപ്പിന് ചുറ്റും ഉള്ള ഗാസ്കെറ്റ് എന്ന റബര്‍ വളയമാണ് ഇതിന് സഹായിക്കുന്നത്. ആവശ്യത്തിന് മര്‍ദ്ദം ആയാല്‍ നീരാവി പുറത്തേക്കുപോകുന്നതിന് റെഗുലേറ്റര്‍ എന്ന സംവിധാനമാണ് സഹായിക്കുന്നത്. സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച നിശ്ചിത ഭാരം ഉള്ള ഒന്നാണിത്. മിക്കവാറും പ്രഷര്‍കുക്കറുകളിലും അടപ്പിന്റെ കേന്ദ്രത്തിലായിട്ടാണ് ഇത് കാണുന്നത്. റെഗുലേറ്ററിന്റെ ഭാരക്കട്ടയുടെ(വെയിറ്റ് എന്ന് അറിയപ്പെടുന്നു) ഭാരത്തേക്കാള്‍ കൂടുതല്‍ ബലം നീരാവിമര്‍ദ്ദത്തിന് നല്‍കാന്‍ കഴിയുമ്പോള്‍ ഈ ഭാരക്കട്ട ഉയരുകയും അതിന്റെ വിടവുകളില്‍ക്കൂടി അധികമുള്ള നീരാവി പുറത്തേക്ക് പോവുകയും ചെയ്യും. മിക്കവാറും ഒരു ചൂളം വിളിയോടു കൂടിയാണ് അധികമുള്ള നീരാവി പുറത്തേക്ക് പോകുന്നത്. സാധാരണ വിസിലുകളില്‍ ഉപയോഗിക്കുന്ന അതേ തന്ത്രമാണ് ചൂളം വിളിക്കായി ഉപയോഗിക്കുന്നതും. നാം ഊതുന്നതിന് പകരം ഇവിടെ നീരാവിയാണ് എന്നു മാത്രം.
ഈ സംവിധാനത്തിന് എന്തെങ്കിലും തകരാറ് സംഭവിക്കുകയാണെങ്കില്‍ അധികമുള്ള മര്‍ദ്ദം പുറത്തുപോകാന്‍ ഗാസ്ക്കറ്റ് വാല്‍വ് എന്നൊരു സംവിധാനം ഉണ്ട്. അടപ്പിന്റെ വശങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന റബര്‍ വളയം തന്നെയാണ് മിക്കവാറും ഗാസ്ക്കറ്റ് വാല്‍വ് ആയി പ്രവര്‍ത്തിക്കുക. അധിക മര്‍ദ്ദം ഉണ്ടായാല്‍ വളയത്തിന്റെ ഒരു ഭാഗം ഉയര്‍ന്ന് പുറത്തേക്ക് വരികയും അധികമര്‍ദ്ദം പുറത്തേക്ക് പോവുകയും ചെയ്യുന്നു. ഇതു കൂടാതെ സേഫ്റ്റിവാല്‍വ് എന്ന മറ്റൊരു സുരക്ഷാസംവിധാനം കൂടി പ്രഷര്‍കുക്കറുകളില്‍ ഉണ്ടാകാറുണ്ട്. നിശ്ചിതതാപനിലയില്‍ ഉരുകുന്ന ഒരു ലോഹഗോളമാണ് ഇതിന്റെ പ്രധാനഭാഗം. ഇതും മിക്കവാറും അടപ്പില്‍ തന്നെയാണ് ഉറപ്പിക്കാറ്. താപവും മര്‍ദ്ദവും അധികമാകുമ്പോള്‍ ഈ ഗോളം ഉരുകുകയും ഉള്ളിലെ മര്‍ദ്ദം മൂലം പുറത്തേക്ക് തെറിച്ച് പോവുകയും ചെയ്യുന്നു. ഈ വിടവിലൂടെ അധികമര്‍ദ്ദം പുറത്ത് പോവുകയും ചെയ്യുന്നു. പ്രഷര്‍കുക്കറിന്റെ ബോഡിക്ക് താങ്ങാവുന്നതിന്റെ പകുതിയിലധികം മര്‍ദ്ദം ആകുമ്പോഴേക്കും ഈ വാല്‍വ് പ്രവര്‍ത്തിച്ചിരിക്കണം എന്നാണ് കണക്ക്. ഇതുകൂടാതെ നിരവധി പുതിയ വാല്‍വുകള്‍ കൂടി ഇന്ന് നിലവിവുണ്ട്. പരമാവധി സുരക്ഷിതത്വം കൈവരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

സമയലാഭത്തിലൂടെ പാചകം എളുപ്പമാക്കുക മാത്രമല്ല പ്രഷര്‍കുക്കര്‍ ചെയ്യുന്നത്. പോഷകാംശങ്ങള്‍ വളരെയധികം നശിച്ചുപോകാതെ സംരക്ഷിക്കുക, വളരെയധികം ഇന്ധനം ലാഭിക്കുക തുടങ്ങിയ ഗുണങ്ങളും പ്രഷര്‍കുക്കര്‍ നല്‍കുന്നു.

ദീപികയുടെ ചോക്ലേറ്റില്‍ പ്രസിദ്ധീകരിച്ചത്

Comments