സി.എഫ്. വിളക്കുകള്‍ എന്ന സി.എഫ്.എല്‍



സി.എഫ്. വിളക്കുകള്‍

വിളക്കുകളുടെ ചരിത്രത്തിന് തീ കണ്ടുപിടിച്ച കാലം മുതല്‍ പഴക്കമുണ്ട്. എണ്ണയും കൊഴുപ്പും ഉപയോഗിച്ച് ഊര്‍ജ്ജം പകര്‍ന്ന വിളക്കുകള്‍ വലിയ ഒരു കുതിച്ചുചാട്ടത്തിലേക്ക് മാറിയത് വൈദ്യുതിയുടെ വരവോടെയായിരുന്നു. വൈദ്യുതബള്‍ബ് വലിയ ഒരു മുന്നേറ്റമായിരുന്നു. ഫിലമെന്റുകളുള്ള ഇന്‍കാന്‍ഡസന്റ്  ബള്‍ബുകളും പിന്നീട് റ്റ്യൂബ് ലൈറ്റുകളും ഇരുട്ടിനെ കീഴടക്കി. ആ മുന്നേറ്റത്തിന്റെ സമകാലീന പടികളിലൊന്നാണ് സി.എഫ് വിളക്കുകള്‍. സി.എഫ് വിളക്കുകള്‍ അടിസ്ഥാനപരമായി നമ്മുടെ റ്റ്യൂബ് ലൈറ്റുകളുടെ ഒരു ചെറുരൂപമാണ്. ഫ്ലൂറസന്റ് വിളക്കുകള്‍ എന്ന ഗണത്തില്‍ പെടുന്ന ഒന്ന്.

ഫ്ലൂറസന്റ് വിളക്കുകളുടെ ചരിത്രം തന്നെയാണ് സി.എഫ് വിളക്കുകളുടേയും ചരിത്രം. നൂറുവര്‍ഷത്തിലധികം പഴക്കമുണ്ട് ഫ്ലൂറസന്റ് വിളക്കിന്റെ കഥയ്ക്ക്. 1890ല്‍ പീറ്റര്‍ ഹൂപ്പര്‍ ഹെവിറ്റ് എന്നയാളാണ് ഫ്ലൂറസന്റ് വിളക്കിന്റെ ആദ്യ പേറ്റന്റ് കരസ്ഥമാക്കിയത്. ഫോട്ടോഗ്രാഫി സ്റ്റൂഡിയോകളിലും വ്യാവസായസ്ഥാപനങ്ങളിയുമായിരുന്നു ഇതിന്റെ ആദ്യ ഉപയോഗങ്ങള്‍ പിന്നീട് പലരായി പല തരത്തിലുള്ള ഫ്ലൂറസന്റ് വിളക്കുകള്‍ വിപണിയിലിറക്കി. 1976 ലാണ് സി.എഫ് വിളക്ക് എന്ന ഗണത്തില്‍ പെടുത്താവുന്ന ഒന്ന് പുറത്തിറങ്ങിയത്. എഡ്വാര്‍ഡ് ഇ ഹാമര്‍ എന്ന എന്‍ജിനീയറുടെ സംഭാവനയായിരുന്നു ഇത്. പിന്നീട് വിവിധ കമ്പനികളും അവരുടേതായ രീതിയില്‍ ഇത്തരം വിളക്കുകള്‍ പുറത്തിറക്കിത്തുടങ്ങി.



ഫ്ലൂറസന്റ് വിളക്കുകളുടെ പ്രവര്‍ത്തനരീതി തന്നെയാണ് സി.എഫ് വിളക്കുകളുടേതും. വളരെ ചെറിയ മര്‍ദ്ദത്തില്‍ ആര്‍ഗണും മെര്‍ക്കുറി ബാഷ്പവും നിറച്ച ഒരു കുഴലാണ് ഇതിന്റെ പ്രധാന ഭാഗം. ഈ കുഴലിന്റെ ഇരുവശത്തുമായി രണ്ട് ഇലക്ട്രോഡുകള്‍ സ്ഥാപിച്ചിരിക്കുന്നു. ഇലക്ട്രോഡുകളിലേക്ക് ഉന്നത വോള്‍ട്ടേജിലുള്ള വൈദ്യുതി പ്രയോഗിക്കുന്നതോടെ മര്‍ദ്ദം കുറഞ്ഞ കുഴലിനുള്ളിലൂടെ വൈദ്യുതസ്പാര്‍ക്ക് ഉണ്ടാവുന്നു. വൈദ്യുതി സ്പാര്‍ക്ക് എന്നാല്‍ ഇലക്ട്രോണിന്റെ ഒഴുക്ക് തന്നെ. ഒഴുകുന്ന ഈ ഇലക്ട്രോണുകള്‍ കുഴലിനുള്ളിലെ മെര്‍ക്കുറി ആറ്റങ്ങളുമായി കൂട്ടിയിടിക്കുന്നു. ഈ കൂട്ടിയിടികളില്‍ നിന്നും ഊര്‍ജ്ജം സ്വീകരിക്കുന്ന മെര്‍ക്കുറി ആറ്റം ഉന്നത ഊര്‍ജ്ജാവസ്ഥയിലേക്ക് മാറുന്നു. അവിടെ നിന്നും താഴ്ന്ന ഊര്‍ജ്ജാവസ്ഥയിലേക്ക് ചാടുന്ന ആറ്റം ഒരു ഫോട്ടോണിനെ പുറത്തുവിടും. അതായത് ഓരോ കൂട്ടിയിടിയും ഒരു പ്രകാശകണികയെ വീതം പുറന്തള്ളുന്നു എന്നര്‍ത്ഥം. ഈ പ്രകാശം പക്ഷേ അള്‍ട്രാവയലറ്റ് പ്രകാശമാണ്. ഇത് നമുക്ക് കാണാന്‍ കഴിയുന്ന ഒന്നല്ല. ഈ അള്‍ട്രാവയലറ്റ് പ്രകാശത്തെ നമുക്ക് കാണാന്‍ കഴിയുന്ന ദൃശ്യപ്രകാശമാക്കി മാറ്റുന്നത് കുഴലിന്റെ ഉള്‍വശങ്ങളില്‍ പൂശിയിരിക്കുന്ന ഫോസ്ഫോറസന്‍സ് പദാര്‍ത്ഥങ്ങളാണ്. ഈ ഫോസ്ഫോറസന്‍സ് പദാര്‍ത്ഥങ്ങളില്‍ വന്നുവീഴുന്ന അള്‍ട്രാവയലറ്റ് പ്രകാശത്തെ അത് ആഗിരണം ചെയ്യുകയും പിന്നീട് ദൃശ്യപ്രകാശമാക്കി പുറന്തള്ളുകയും ചെയ്യും. ഈ പ്രകാശമാണ് നാം കാണുന്നത്.


പ്രവര്‍ത്തനം വളരെ പെട്ടെന്ന് പറഞ്ഞു. പക്ഷേ സി.എഫ്.എല്ലില്‍ ഇതിനായി വിവിധ ഘടകങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് ഉണ്ട്. കുഴല്‍ വിവിധ ആകൃതിയില്‍ ആകാവുന്നതാണ്. ഈ കുഴല്‍ ഘടിപ്പിച്ചിരിക്കുന്നത് ബല്ലാസ്റ്റ് എന്നറിയപ്പെടുന്ന ഒരു ഉപകരണത്തിലാണ്. ബല്ലാസ്റ്റ് ഒരു ഇലക്ട്രോണിക്ക് സംവിധാനമാണ്. ഇലക്ട്രോഡിലേക്ക് അനുയോജ്യമായ വൈദ്യുതി നില്‍കാനുള്ള ഒരു ഉപകരണം. പഴയ റ്റ്യൂബ് ലൈറ്റുകളില്‍ ചോക്ക്, സ്റ്റാര്‍ട്ടര്‍ എന്നീ സംവിധാനങ്ങള്‍ ചേര്‍ന്നായിരുന്നു ഈ പണി നിര്‍വ്വഹിച്ചിരുന്നത്. പക്ഷേ ഇവിടെ ഇലക്ട്രോണിക്ക് സര്‍ക്യൂട്ടുകളാണ് ഇത് ചെയ്യുന്നത്. 20KHz മുതല്‍ 40Khz ഓളം വരുന്ന ഫ്രീക്വന്‍സിയുള്ള എ.സി.യാണ് ഈ ഇലക്ട്രോണിക്ക് ബല്ലാസ്റ്റ് സൃഷ്ടിക്കുന്നത്. കപ്പാസിറ്ററുകള്‍, ട്രാന്‍സിസ്റ്ററുകള്‍, ഡയോഡുകള്‍, ചെറിയ ട്രാന്‍സ്ഫോര്‍മ്മറുകള്‍ എന്നിവയാണ് ഈ ബല്ലാസ്റ്റില്‍ ഉണ്ടാവുക. 230വോള്‍ട്ട് എ.സിയെ ഡി.സി വൈദ്യുതി ആക്കി മാറ്റാന്‍ സഹായിക്കുന്നത് ഡയോഡുകളാണ്. ഈ ഡി.സിയെ ട്രാന്‍സിസ്റ്റര്‍ അടക്കമുള്ള മറ്റ് ഇലക്ട്രോണിക്ക് ഘടകങ്ങള്‍ ചേര്‍ന്ന് ഉയര്‍ന്ന ആവൃത്തിയുള്ള എ.സി ആക്കി മാറ്റുന്നും. 1000V  അധികമാണ് പലപ്പോഴും ഈ വൈദ്യുതിയുടെ വോള്‍ട്ടേജ്.

ഫോസ്ഫോറസന്‍സ് പ്രകടിപ്പിക്കാന്‍ കഴിവുള്ള വിവിധ പദാര്‍ത്ഥങ്ങള്‍ സി.എഫ്.എല്ലില്‍ ഉപയോഗിക്കുന്നു.  സാധാരണയായി പച്ച, നീല, ചുവപ്പ് എന്നീ പ്രാഥമികവര്‍ണ്ണങ്ങള്‍ പുറപ്പെടുവിക്കാന്‍ കഴിവുള്ള മൂന്ന് വ്യത്യസ്ഥ തരം ഫോസ്ഫോറുകളുടേയും മിശ്രിതമാണ് കുഴലിനകവശത്ത് പൂശിയിരിക്കുന്നത്. ഇവയുടെ സമന്വിതപ്രകാശമായിരിക്കും നമുക്ക് ലഭിക്കുന്നത്. ഇവയുടെ അളവില്‍ മാറ്റം വരുത്തി വ്യത്യസ്ഥതരം വര്‍ണ്ണങ്ങള്‍ക്ക് പ്രാമുഖ്യമുള്ള സമന്വിതപ്രകാശം ലഭ്യമാക്കാവുന്നതാണ്.

ഊര്‍ജ്ജസംരക്ഷണത്തെ സംബന്ധിച്ചിടത്തോളം സി.എഫ് വിളക്കുകള്‍ ഇന്നൊരനുഗ്രഹമാണ്.  പണ്ടുകാലത്തെ ഇന്‍കാന്‍ഡസന്റ് ബള്‍ബകളെ അപേക്ഷിച്ച് 6 മുതല്‍ 10 ഇരട്ടിവരെ ഊര്‍ജ്ജം സംരക്ഷിക്കാന്‍ ഇവയ്ക്ക് സാധിക്കുന്നു. വൈദ്യുതോര്‍ജ്ജം താപോര്‍ജ്ജമായി നഷ്ടപ്പെടുന്നില്ല എന്നതാണ് ഇതിന്റെ കാരണം. കെ.എസ്.ഇ.ബി ഈയിടക്ക് നടത്തിയ സി.എഫ്.എല്‍ വിതരണം വളരെയധികം ശ്രദ്ധ  പിടിച്ചു പറ്റിയിരുന്നു. താപമായി നഷ്ടപ്പെടുന്ന വളരെയധികം വൈദ്യുതോര്‍ജ്ജത്തെ സംരക്ഷിക്കാന്‍ ഈ പരിപാടികൊണ്ട് സാധിക്കുന്നു എന്നതാണ് ഇതിന്റെ മേന്മ. ആയുസ്സിന്റെ കാര്യത്തിലും സി.എഫ്.എല്‍ മറ്റ് ഇന്‍കാന്‍ഡസന്റ് ബള്‍ബുകളെ പിന്തള്ളും. 6000 മുതല്‍ 15000 വരെ മണിക്കൂറുകളാണ് ഇതിന്റെ ആയുസ്സ്. എന്നിരുന്നാലും വോള്‍ട്ടേജിലെ തുടരെയുള്ള വ്യതിയാനവും മറ്റും ആയുസ്സിനെ ബാധിക്കും.

എല്ലാ ഫ്ലൂറസന്റ് വിളക്കുകളിലും അല്പം മെര്‍ക്കുറി ഉപയോഗിക്കുന്നുണ്ട്. സി.എഫ്.എല്ലില്‍ ഏതാണ്ട് 3 മുതല്‍ 5 മില്ലിഗ്രാം വരെയാണ് ഇതിന്റെ അളവ്. പുനചംക്രമണത്തിന് വിധേയമാക്കാതെ ഉപേക്ഷിക്കപ്പെടുന്ന സി.എഫ്.എല്‍ ഈ മെര്‍ക്കുറിയെ പരിസരങ്ങളിലേക്ക് പടരാന്‍ ഇടയാക്കുന്നുണ്ട്. ജലമലിനീകരണത്തിനും മറ്റും ഇത് കാരണമായേക്കാം എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഉപേക്ഷിക്കപ്പെടുന്ന ഇതിന്റെ ഇലക്ട്രോണിക്ക് ബല്ലാസ്റ്റുകള്‍ ഇ-മലിനീകരണം എന്ന വിപത്തിനും വഴി വയ്ക്കുന്നുണ്ട്. ശാസ്ത്രീയമായ രീതിയില്‍ സംസ്കരിക്കുക എന്നതാണ് ഇതിനൊരു പ്രതിവിധി. പലരാജ്യങ്ങളിലും അതിനുള്ള സംവിധാനങ്ങള്‍ കമ്പനികള്‍ തന്നെ ഒരുക്കുന്നുണ്ട്.

ഊര്‍ജ്ജസംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതിനാല്‍ സി.എഫ്.എല്‍ ഇന്നത്തെ വീടുകള്‍ക്ക് ഏറെ അനുയോജ്യം തന്നെയാണ്. എന്നാല്‍ സി.എഫ്.എല്ലുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന മറ്റൊരു വിളക്കും ഇന്ന് പ്രചാരത്തിലായിക്കൊണ്ടിരിക്കുന്നു. എല്‍.ഇ.ഡി കള്‍ ആണിത്. മികച്ച എല്‍.ഇ.ഡി സാങ്കേതികവിദ്യകള്‍ വരുന്നതോടെ സി.എഫ്.എല്ലുകള്‍ പതിയേ വിസ്മൃതിയിലായേക്കാം...



Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് - മൈക്രോസ്കോപ്പ് എന്ന സൂഷ്മദര്‍ശിനി