പ്രതിഫലനക്കാഴ്ചയുടെ പെരിസ്കോപ്പ്


പ്രതിഫലനക്കാഴ്ചയും പെരിസ്കോപ്പും


പ്രകാശത്തിന്റെ പ്രതിഫലനമാകട്ടെ ഇത്തവണത്തെ പരീക്ഷണങ്ങളുടെ വിഷയം. ലളിതവും രസകരവുമായ രണ്ട് പരീക്ഷണങ്ങള്‍ പരിചയപ്പെടാം.
പെരിസ്കോപ്പാണ് ആദ്യത്തെ കക്ഷി.മുങ്ങിക്കപ്പലുകളിലും മറ്റും പുറം കാഴ്ചകള്‍ കാണാനാണ് പെരിസ്കോപ്പ് ഉപയോഗിക്കുന്നത്.  പ്രകാശത്തിന്റെ പ്രതിഫലനം എന്ന തത്വത്തിന്റെ ഏറ്റവും ലളിതവും പ്രയോജനപ്രദവുമായ ഉപകരണമാണിത്. 
എന്തായാലും ഇതിന് വേണ്ട സാമഗ്രികളുടെ ലിസ്റ്റ് പറയാം

ടൂത്ത് പേസ്റ്റ് വരുന്ന കടലാസ് പെട്ടി - 1 എണ്ണം
ഈ പെട്ടിയുടെ തുറന്ന വശത്തിന്റെ വലിപ്പമുള്ള കണ്ണാടി -  2 എണ്ണം
കത്രിക/പേപ്പര്‍ കട്ടര്‍
പശ

കടലാസ് കുഴലിന്റെ ഇരുവശത്തുനിന്നും ചതുരാകൃതിയില്‍ അല്പം കഷണം മുറിച്ചു മാറ്റണം. ചിത്രത്തില്‍ കൊടുത്തിരിക്കുന്ന പോലെ തന്നെ ഇത് മുറിച്ചുമാറ്റാന്‍ ശ്രദ്ധിക്കണം. ഇതിനു ശേഷം കണ്ണാടികള്‍ കുഴലിന്റെ ഇരു വശത്തുമായി ഉറപ്പിക്കണം. 45 ഡിഗ്രി ചരിവിലാണ് രണ്ടു കണ്ണാടികളും ഉറപ്പിക്കേണ്ടത്. പശയുപയോഗിച്ച് കണ്ണാടികള്‍ ഉറപ്പിക്കുന്നത് നന്നായിരിക്കും. ഇത്രയുമായാല്‍ നമ്മുടെ പെരിസ്കോപ്പ് റഡിയായി. ഇനി മതിലിനപ്പുറത്തുള്ള കാഴ്ചകള്‍ കാണാന്‍ ഈ പെരിസ്കോപ്പ് ഉപയോഗിക്കാം. കൂടുതല്‍ നീളമുള്ള കുഴല്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ ഉയരങ്ങളിലേക്കുള്ള കാഴ്ചകള്‍ കാണാനാകും. ഇപ്പോള്‍ നമ്മള്‍ നിര്‍മ്മിച്ചത് ഏറ്റവും ലളിതമായ പെരിസ്കോപ്പാണ്. 2 കണ്ണാടികള്‍ക്ക് പകരം മൂന്നോ നാലോ കണ്ണാടികള്‍ ഉപയോഗിച്ച് പെരിസ്കോപ്പിനെ പരിഷ്കരിക്കാന്‍ ഒന്നു ശ്രമിച്ചു നോക്കൂ. പ്ലംബിങ്ങിനും മറ്റും ഉപയോഗിക്കുന്ന പി.വി.സി കുഴലുകളെ ഉപയോഗിച്ച് ബലമേറിയതും തിരിക്കാവുന്നതുമായ പെരിസ്കോപ്പുകളും നിര്‍മ്മിക്കാവുന്നതാണ്.  മുങ്ങിക്കപ്പലിലേയും മറ്റും പെരിസ്കോപ്പുകളില്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ സംവിധാനങ്ങള്‍ ഉണ്ടായിരിക്കും എന്നു മാത്രം. കണ്ണാടികള്‍ക്ക് പകരം പ്രിസങ്ങളാണ് അവിടെ പലപ്പോഴും ഉപയോഗപ്പെടുത്തുന്നത്. ഇപ്പോള്‍ ക്യാമറകളും ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

പ്രകാശത്തിന്റെ പ്രതിഫലനം തീര്‍ക്കുന്ന മനോഹരമായ ഒരു കാഴ്ച കൂടി നമുക്ക് ഇത്തവണ കാണാം. ഇതിനു വേണ്ടത് 2 കണ്ണാടികളാണ്. രണ്ടു കണ്ണാടികളും എടുത്ത് പരസ്പരം അഭിമുഖമായ രീതിയില്‍ അല്പം അകലെയായി വയ്ക്കുക. ഇനി രണ്ടു കണ്ണാടികള്‍ക്കും ഇടയില്‍ ഒരു മെഴുകുതിരി കത്തിച്ചു വയ്ക്കുക. കണ്ണാടികളുടെ പകുതി ഉയരം മതി നമ്മുടെ മെഴുകുതിരിക്ക് . ഇനി അല്പം കുനിഞ്ഞ് ഒരു കണ്ണാടിയിലേക്ക് നോക്കി നോക്കൂ... ആ കാഴ്ചയുടെ മനോഹാരിത കണ്ടു തന്നെ അറിയുക. ആവര്‍ത്തനപ്രതിഫലനം എന്ന പ്രതിഭാസമാണ് നിങ്ങള്‍ കാണുന്നത്.

Comments