റിഗോലിത്ത് - ചന്ദ്രനിലെ മണ്ണിന്റെ കഥ - story of regolith

 ചില ചന്ദ്രകാര്യങ്ങൾ


-------------------
ഒരു പൊടിക്കഥ
--------------
അപ്പോളോ യാത്രികർ ചന്ദ്രനിലിറങ്ങിയ സമയത്ത് അവർ അപ്രതീക്ഷിതമായ ചില വെല്ലുവിളികളെ നേരിട്ടു. അവരുടെ സ്പേസ് സ്യൂട്ടിൽ പറ്റിയ ചന്ദ്രനിലെ മണ്ണ് അത്രവേഗമൊന്നും സ്യൂട്ടിൽനിന്നു പോകുന്നില്ല! സ്യൂട്ടിലും പേടകത്തിലുമൊക്കെ അത് പെട്ടെന്ന് ഒട്ടിപ്പിടിക്കുന്നു! നമ്മൾ സ്കെയിൽ തലമുടിയിൽ ഉരച്ച് കുഞ്ഞു കടലാസുകഷണങ്ങളെ ഉയർത്താറില്ലേ. അതുപോലെ ഒരു പ്രശ്നമായിരുന്നു ഈ അമ്പിളിമണ്ണും ഉയർത്തിയത്. കാലാകാലങ്ങളായി സൂര്യപ്രകാശമേറ്റു കിടന്നിരുന്ന ചന്ദ്രന്റെ മേൽമണ്ണിന് അല്പം വൈദ്യുതചാർജ്ജ് ഉണ്ടായിരുന്നു. സ്പേസ് സ്യൂട്ടിലും മറ്റും ചന്ദ്രന്റെ മണ്ണ് ഒട്ടിപ്പിടിക്കാനുള്ള കാരണങ്ങളിലൊന്നും ഈ വൈദ്യുതചാർജ്ജായിരുന്നു! ചന്ദ്രനിലിറങ്ങിയ പന്ത്രണ്ടു യാത്രികരും ഈ പ്രശ്നം റിപ്പോർട്ടു ചെയ്തിരുന്നു. ഇനി ആർട്ടിമിസ് ദൗത്യത്തിലൂടെ ചന്ദ്രനിലിറങ്ങാൻ പോകുന്നവരും ഇതേ പ്രശ്നത്തെ മറികടക്കേണ്ടിവരും! ചന്ദ്രയാൻ മൂന്നിൽ ചന്ദ്രനിലെത്തുന്ന റോവറിനും ലാൻഡറിനും ചന്ദ്രമണ്ണ് ഇതേ പ്രശ്നം സൃഷ്ടിക്കാനുള്ള സാധ്യതയും തള്ളിക്കളയേണ്ടതില്ല!
വെറും ഒട്ടിപ്പിടിക്കൽ മാത്രമായിരുന്നെങ്കിൽ സഹിക്കാമായിരുന്നു. പക്ഷേ മൂൺ റിഗോലിത്ത് എന്നു വിളിക്കപ്പെടുന്ന ഈ മേൽമണ്ണ് ഗുരുതരമായ മറ്റു പ്രശ്നങ്ങളും സൃഷ്ടിച്ചിരുന്നു. ലാൻഡിങ് സമയത്ത് ഈ പൊടിമണ്ണ് ഉയർന്ന് കാഴ്ചയെ മറയ്ക്കുന്നതായിരുന്നു ഒരു പ്രശ്നം. പേടകത്തിനുള്ളിൽ തിരിച്ചുകയറിയവർക്ക് ശ്വാസതടസ്സമുണ്ടാക്കാൻപോലും ഈ സൂക്ഷ്മമായ മണ്ണിന് കഴിഞ്ഞിരുന്നു. പേടകത്തിനുള്ളിലെ കാഴ്ച മങ്ങാനും അതിനുള്ളിൽ കയറിപ്പറ്റിയ ചന്ദ്രമണ്ണ് ഇടയാക്കിയിരുന്നു.
നാസ തങ്ങളുടെ പിന്നീടുള്ള ചന്ദ്ര ദൗത്യങ്ങളിലെ മുൻഗണന ഈ 'പൊടി'പ്രശ്നം മറികടക്കലിനുള്ള മാർഗ്ഗങ്ങളാക്കി മാറ്റി.
കോടിക്കണക്കിനു വർഷങ്ങൾകൊണ്ടാണ് ഈ ചന്ദ്രമണ്ണ് രൂപപ്പെട്ടത്. അന്തരീക്ഷമില്ലാത്തതിനാൽ വഴിയേ പോകുന്ന എല്ലാ ഉൽക്കകളും ചന്ദ്രനിൽ പതിക്കും. അതിന് വലിപ്പച്ചെറുപ്പം ഒന്നുമില്ല. മില്ലിമീറ്റർ വലിപ്പമുള്ള കുഞ്ഞു കഷണങ്ങൾ മുതൽ ഏതാനും മീറ്ററുകൾ വലിപ്പമുള്ള കല്ലുകൾവരെ ഉൽക്കകളായി ചന്ദ്രനിലെത്തിയിരുന്നു. നിരന്തരമായ ഈ ഉൽക്കാപതനങ്ങളും സൂര്യപ്രകാശത്തിന്റെ കാഠിന്യവും മറ്റു പല ഘടകങ്ങളും ചേർന്നുള്ള കോടിക്കണക്കിനു വർഷങ്ങൾ. ഇതാണ് മൂൺ റിഗോലിത്ത് എന്ന ചന്ദ്രമണ്ണിനു രൂപം നൽകിയത്. ചന്ദ്രമണ്ണിലെ ഒരു തരി നമുക്ക് കണ്ണുകൊണ്ടു കാണാനാവുന്നതിലും ചെറുതാണെന്നു പറയാം. ഏകദേശം 70 മൈക്രോമീറ്റർ!
വൈദ്യുതചാലകമല്ല റിഗോലിത്ത്. സൂര്യപ്രകാശം വീഴുന്ന സമയത്തും രാത്രിയിലും വൈദ്യുതചാലകത അല്പം വ്യത്യസപ്പെടും എന്നു മാത്രം. ചാലകമല്ലാത്തതിനാൽ വൈദ്യുതചാർജ് സ്ഥിതവൈദ്യുതിയായി നിലനിർത്താൻ റിഗോലിത്തിനുള്ള കഴിവ് അപാരമാണ്.
അന്തരീക്ഷമില്ലാത്ത അവസ്ഥയിലാണ് ചന്ദ്രനും റിഗോലിത്തും. ഏതാണ്ട് ശൂന്യതയോട് അടുത്തുള്ള അവസ്ഥ. റിഗോലിത്തിലെ രാസപ്രവർത്തനങ്ങൾ പലതും അതുകൊണ്ടുതന്നെ കാര്യമായി നടക്കാത്ത അവസ്ഥയിലാവും. ഈ മണ്ണ് പേടകത്തിനുള്ളിലെ വായുവുമായി സമ്പർക്കത്തിൽ വരുന്നതോടെ പലതരത്തിലുള്ള രാസപ്രവർത്തനങ്ങൾ നടക്കും. ഇത് എന്തെല്ലാമായിരിക്കുമെന്ന് പൂർണ്ണമായും പ്രവചിക്കാൻ അപ്പോളോ യാത്രികർക്ക് കഴിയുമായിരുന്നില്ല. ഇലക്ട്രോണിക് സർക്യൂട്ടുകളുടെ ഉള്ളിലും മറ്റും എത്തിപ്പെട്ടാൽ അവയുടെ പ്രവർത്തനത്തെപ്പോലും ഈ പൊടിമണ്ണ് ബാധിച്ചേക്കും.
ഇത്രയൊക്കെ ഭീകരത സൃഷ്ടിക്കുന്ന റിഗോലിത്തിനെക്കുറിച്ച് ആഴത്തിലുള്ള പഠനം അതിനാൽത്തന്നെ അനിവാര്യമാണ്. നിലവിലുള്ളതും ഇനി വരാൻപോകുന്നതുമായ ചന്ദ്രദൗത്യങ്ങളിൽ ഈ പഠനങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.


തെക്കേധ്രുവം!
------------
ചന്ദ്രനിലെ തെക്കേധ്രുവം സയന്റിസ്റ്റുകളുടെ പ്രധാന ശ്രദ്ധാകേന്ദ്രമാകുന്നതിനുള്ള പ്രധാന കാരണം വെള്ളം തന്നെയാണ്. അവിടെ സൂര്യപ്രകാശം ലഭിക്കാത്ത ഇടങ്ങളിൽ ജലം ഐസ് രൂപത്തിൽ ശേഖരിക്കപ്പെട്ടിട്ടുണ്ടാകാം. തെക്കേധ്രുവത്തിൽ നിരവധി ഗർത്തങ്ങളുണ്ട്. അവയുടെ ഉള്ളിലേക്ക് ഒരിക്കലും സൂര്യപ്രകാശമെത്തില്ല എന്നതാണ് ഈ ഗർത്തങ്ങളിൽ പലതിന്റെയും പ്രത്യേകത. സൂര്യപ്രകാശം എത്തിച്ചേരുകയേ ചെയ്യാത്ത ഇവിടെ ജലം ഐസ് രൂപത്തിൽ കോടിക്കണക്കിനു വർഷങ്ങളായി സംരക്ഷിക്കപ്പെട്ടിടുണ്ടാകാം. അതിനെ മനുഷ്യരാശിയുടെ ബഹിരാകാശഭാവിക്കായി ഖനനം ചെയ്തെടുക്കുകയാണ് ഗവേഷകരുടെ ലക്ഷ്യം.
ജലം മാത്രമല്ല ഇവിടെ ഉണ്ടാവുക. ചന്ദ്രന്റെ രൂപീകരണസമയത്തും സൗരയൂഥത്തിന്റെ രൂപീകരണസമയത്തും ഉള്ള ഹൈഡ്രജനും മറ്റു പല പദാർത്ഥങ്ങളും ഇങ്ങനെ കുടുങ്ങിക്കിടക്കുന്നുണ്ടാവാം. ഇതിനെക്കുറിച്ചുള്ള പഠനം സൗരയൂഥരൂപീകരണത്തെ സംബന്ധിച്ച നമ്മുടെ കാഴ്ചപ്പാടുകളെത്തന്നെ ഒരുപക്ഷേ മാറ്റിത്തീർത്തേക്കാം. 2008ൽ ചന്ദ്രയാൻ ഒന്നിലെ മൂൺ ഇംപാക്റ്റ് പ്രോബ് തെക്കേധ്രുവത്തിനരികിലെ ഒരു ഗർത്തത്തിലാണ് ഇടിച്ചിറങ്ങിയത്. അന്നു മുതൽക്കേ ഇസ്രോയുടെ ഇഷ്ടം ചന്ദ്രന്റെ തെക്കേധ്രുവത്തോടുതന്നെയാണ്.
----ദേശാഭിമാനിയിൽ വന്നത്.

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു