ഗ്രീക്ക് അക്ഷരമാലയില്‍ കുരുങ്ങിയ നക്ഷത്രങ്ങള്‍!
ഗ്രീക്ക് അക്ഷരമാലയില്‍ കുരുങ്ങിയ നക്ഷത്രങ്ങള്‍!
യോഹാന്‍ ബേയര്‍ ഉണ്ടാക്കിയ യുറാനോമെട്രി എന്ന കാറ്റലോഗില്‍ ഒറിയോണ്‍ നക്ഷത്രഗണത്തെ അടയാളപ്പെടുത്തിയിരിക്കുന്ന രീതി. |
ഗ്രീക്ക് അക്ഷരമാലയാണ്. ഇംഗ്ലീഷിലെ എ ബി സി ഡി പോലെ.
നിങ്ങളെ ഗ്രീക്ക് അക്ഷരമാല പഠിപ്പിക്കുക എന്റെ ലക്ഷ്യമല്ല. പക്ഷേ ഇതിവിടെ പറയാന്‍ കാരണം ജ്യോതിശ്ശാസ്ത്രമാണ്. ആകാശത്തെ നക്ഷത്രങ്ങളെക്കുറിച്ചു പറയുമ്പോള്‍ എപ്പോഴും ഈ അക്ഷരങ്ങള്‍ കടന്നുവരും. ഉദാഹരണം ഈറ്റ കരീന എന്ന നക്ഷത്രം. ഹബിള്‍ സ്പേസ് ടെലിസ്കോപ്പ് അള്‍ട്രാവൈലറ്റ് പ്രകാശത്തില്‍ കഴിഞ്ഞ ദിവസം എടുത്ത മനോഹരമായ ആ ചിത്രം ഈറ്റ കരീന എന്ന നക്ഷത്രത്തിനു ചുറ്റുമുള്ള നെബുലയുടേത് ആയിരുന്നു.
അതില്‍ ഈറ്റ എന്നത് ഗ്രീക്ക് അക്ഷരമാലയിലെ ഏഴാമത്തെ അക്ഷരമാണ്. കരീന എന്ന നക്ഷത്രരാശിയിലെ ഏഴാമത്തെ പ്രകാശമാനമായ നക്ഷത്രം എന്നേ അതിന് അര്‍ത്ഥമുള്ളൂ. നക്ഷത്രരാശിയിലെ നക്ഷത്രങ്ങള്‍ക്ക് എല്ലാത്തിനും പേരുണ്ടാകണം എന്നില്ല. പക്ഷേ വാനനിരീക്ഷകനായ ബെയര്‍(Bayer) എളുപ്പത്തിന് ഒരു സൂത്രം കണ്ടെത്തി. നക്ഷത്രരാശിയിലെ ഏറ്റവും പ്രകാശമേറിയ നക്ഷത്രം ആല്‍ഫയാണ്. ആല്‍ഫ കരീന എന്നു പറഞ്ഞാല്‍ കരീന നക്ഷത്രഗണത്തിലെ ഏറ്റവും പ്രകാശമേറിയ നക്ഷത്രം എന്നര്‍ത്ഥം! (കനോപ്പസ് അഥവാ അഗസ്ത്യന്‍ എന്നു പേരുള്ള ഒരു നക്ഷത്രമാണിത്.)
1572 ലാണ് ഈ സൂത്രം സംഭാവന ചെയ്ത യോഹാന്‍ ബെയര്‍ (Johann Bayer) ജനിക്കുന്നത്. യുറാനോമെട്രിയ എന്ന നക്ഷത്രക്കാറ്റലോഗ് നിര്‍മ്മിച്ചതാണ് അദ്ദേഹത്തിന്റെ സംഭാവന. ഏതാണ്ട് 1200 ഓളം നക്ഷത്രങ്ങള്‍ ഈ കാറ്റലോഗില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ മുന്‍ഗാമികള്‍ കണ്ടെത്തിയ നക്ഷത്രങ്ങളെക്കൂടി ഉള്‍പ്പെടുത്തിയതാണിത്.
ഈ കാറ്റലോഗിന്റെ ഏറ്റവും വലിയ പ്രത്യേകത അതില്‍ നക്ഷത്രങ്ങളെ തിരിച്ചറിയാന്‍ വേണ്ടി ബേയര്‍ ഉപയോഗിച്ച രീതിയാണ്. Bayer designation എന്നാണ് അത് അറിയപ്പെടുന്നത്.
ഗ്രീക്ക് അക്ഷരമാലയിലെ അക്ഷരങ്ങളും നക്ഷത്രരാശിയുടെ ലാറ്റിന്‍ പേരും ചേര്‍ത്താണ് അദ്ദേഹം നക്ഷത്രങ്ങള്‍ക്കു പേരിട്ടത്. ഏറ്റവും കൂടുതല്‍ തിളക്കമുള്ള നക്ഷത്രം ആല്‍ഫ, രണ്ടാമത് തിളക്കമേറിയത് ബീറ്റ. പിന്നെ ഗാമ, ഡെല്‍റ്റാ... അങ്ങനെ പോകും.
ഇന്നും ഈ രീതി വാനനിരീക്ഷകര്‍ ഉപയോഗിച്ചുപോരുന്നു.
പക്ഷേ എല്ലായ്പ്പോഴും ഈ രീതി ശരിയാവാറില്ല. യോഹാന്‍ ബെയര്‍ അദ്ദേഹത്തിന്റെ കാഴ്ചയില്‍ തിളക്കം തോന്നിയ പോലെയാണ് നക്ഷത്രങ്ങള്‍ക്ക് പേരു നല്‍കിയത്. പക്ഷേ നക്ഷത്രങ്ങളുടെ തിളക്കം അളക്കാന്‍ കണ്ണുമാത്രം ഉപയോഗിച്ചപ്പോള്‍ തിളക്കമാപനം അത്രയ്ക്കങ്ങ് ശരിയായിട്ടല്ല വന്നത്. ഉദാഹരണത്തിന് ഒറിയോണ്‍ നക്ഷത്രഗണത്തിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രത്തെ ആല്‍ഫ ഒറിയോണിസ് എന്നാണ് വിളിക്കേണ്ടത്. പക്ഷേ അദ്ദേഹം ആല്‍ഫ ഒറിയോണിസ് എന്നു വിളിച്ചത് ആ ഗണത്തില്‍ രണ്ടാമത്തെ തിളക്കമുള്ള നക്ഷത്രത്തെ ആയിരുന്നു. തിരുവാതിര എന്നു വിളിക്കുന്ന Betelgeuse എന്ന ചുവന്ന ഭീമന്‍ നക്ഷത്രത്തെ. ഒറിയോണില്‍ ഏറ്റവും പ്രകാശമേറിയത് റീഗല്‍ എന്ന നക്ഷത്രം ആണ്. പക്ഷേ ബേയറിന്റെ കാറ്റലോഗ് പ്രകാരം റീഗല്‍ ബീറ്റ ഒറിയോണിസ് ആണ്.
ഇങ്ങനെയൊക്കെ ആണെങ്കിലും പൊതുവില്‍ നക്ഷത്രത്തിന്റെ പ്രകാശതീവ്രതയ്ക്ക് അനുസൃതമായിത്തന്നെയാണ് അദ്ദേഹം നക്ഷത്രങ്ങളെ അടയാളപ്പെടുത്തിയിട്ടുള്ളത്. നക്ഷത്രക്കാറ്റലോഗുകള്‍ നോക്കുമ്പോള്‍ ഇനി ആല്‍ഫ ബീറ്റ തുടങ്ങിയ അക്ഷരങ്ങള്‍ കണ്ടാല്‍ അന്തംവിടേണ്ട. ബേയര്‍ ഉണ്ടാക്കിവച്ച ഒരു പേരിടല്‍ സൂത്രമാണത്!
വാല്‍പ്പരീക്ഷ: ആല്‍ഫ സെന്റോറി എന്നു കേട്ടുകാണും. മുകളില്‍ വിവരിച്ച പ്രകാരം അതെന്താണ് എന്നു പറയാമോ?
---നവനീത്...
ചിത്രം: യോഹാന്‍ ബേയര്‍ ഉണ്ടാക്കിയ യുറാനോമെട്രി എന്ന കാറ്റലോഗില്‍ ഒറിയോണ്‍ നക്ഷത്രഗണത്തെ അടയാളപ്പെടുത്തിയിരിക്കുന്ന രീതി.
കടപ്പാട്: വിക്കിമീഡിയയില്‍ അപ്ലോഡ് ചെയ്യപ്പെട്ട പൊതുസഞ്ചയത്തില്‍ ഉള്ള ചിത്രം.
Comments
Post a Comment