യൂറോപ്പ ക്ലിപ്പര്‍ ദൗത്യത്തിനു നാസയുടെ പച്ചക്കൊടി!

യൂറോപ്പ റിപ്പോര്‍ട്ട് എന്നൊരു സിനിമയുണ്ട്. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയില്‍ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ ഇറങ്ങുന്നതും മഞ്ഞിനടിയിലെ സമുദ്രത്തില്‍ അവരെ യൂറോപ്പയിലെ ജലജീവികള്‍ ആക്രമിക്കുന്നതുമാണ് കഥ! (സ്ഥിരംക്ലീഷേ! എന്നിരുന്നാലും കണ്ടിരിക്കാം.)
യൂറോപ്പ എന്ന ഉപഗ്രഹം മനുഷ്യര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരിടമാണ്. കാരണം അവിടെ ജീവനുണ്ടാവാനുള്ള സാധ്യതയുണ്ട്. തണുത്തുറഞ്ഞ മഞ്ഞുപാളികള്‍ക്കടിയില്‍ വലിയൊരു സമുദ്രം തന്നെ ഉണ്ടെന്നാണ് നിലവിലുള്ള നിഗമനം. അങ്ങനെയെങ്കില്‍ അവിടെ ജീവനും ഉണ്ടാകാം. എന്തായാലും ഈ സാധ്യതയാണ് യൂറോപ്പയെ ശാസ്ത്രലോകത്തിനു പ്രിയപ്പെട്ടവളാക്കുന്നത്.
യൂറോപ്പയിലേക്കൊരു ബഹിരാകാശദൗത്യം!!
യൂറോപ്പയില്‍ സമുദ്രമുണ്ട് എന്ന നിഗമനത്തിലെത്തിയപ്പോള്‍ മുതല്‍ നാസയുടെയും ബഹിരാകാശഗവേഷകരുടെയും ഒരു സ്വപ്നമാണത്. യൂറോപ്പ ക്ലിപ്പര്‍ എന്നാണ് നാസ ഈ ദൗത്യത്തിന് പേരു നല്‍കിയത്. പക്ഷേ കടലാസില്‍ മാത്രം ഒതുങ്ങിയിരിന്നു ഈ ദൗത്യം ഇതുവരെ. പൂര്‍ണ്ണമായ അനുമതി കിട്ടിയിരുന്നില്ല.
യൂറോപ്പയ്ക്കു മുകളിലൂടെ സഞ്ചരിക്കുന്ന യൂറോപ്പ ക്ലിപ്പറിന്റെ ചിത്രകാരഭാവന.
കടപ്പാട്: NASA/JPL

ഇപ്പോഴിതാ ആ സന്തോഷവാര്‍ത്ത വന്നിരിക്കുന്നു. യൂറോപ്പ ക്ലിപ്പര്‍ ദൗത്യത്തിന് നാസ അനുമതി നല്‍കി!
നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിക്കായിരിക്കും ഇതിന്റെ ചുമതല. ജോണ്‍ ഹോപ്കിങ്സ് സര്‍വകലാശാലയും ഇതിന്റെ ഭാഗമായിരിക്കും.
2023ല്‍ വിക്ഷേപണം നടത്താനാണ് ശ്രമം. എന്നിരുന്നാലും അത് 2025 കഴിഞ്ഞുപോവില്ലെന്നു പ്രതീക്ഷിക്കാം.
യൂറോപ്പയില്‍ ഇറങ്ങി പരീക്ഷണം നടത്തുന്ന ഒരു ദൗത്യമല്ല യൂറോപ്പ ക്ലിപ്പര്‍. വ്യാഴത്തിനു ചുറ്റുമാണ് ക്ലിപ്പര്‍ സഞ്ചരിക്കുക. അതിനിടയില്‍ യൂറോപ്പയുടെ അടുത്തുകൂടി പല തവണ പേടകം കടന്നുപോവും. യൂറോപ്പയുടെ തൊട്ടടുത്ത്, അതായത് വെറും 25കിലോമീറ്റര്‍ അകലെക്കൂടിപ്പോലും കടന്നുപോവുന്ന വിധത്തിലാണ് സജ്ജീകരണം. ആ സമയത്താവും നിരീക്ഷണം. അത്യാധുനിക ക്യാമറകളും സ്പെക്ട്രോമീറ്ററുകളും ഒക്കെയുണ്ടാവും യൂറോപ്പ ക്ലിപ്പറില്‍.
പ്ലൂട്ടോണിയം 238 ഉപയോഗിച്ചുള്ള റേഡിയോ തെര്‍മോ ഇലക്ട്രിക് ജനറേറ്ററും സോളാര്‍പാനലുകളും ചേര്‍ന്നാവും ക്ലിപ്പറിന് വൈദ്യുതി നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കാം!

---നവനീത്...

ചിത്രം: യൂറോപ്പയ്ക്കു മുകളിലൂടെ സഞ്ചരിക്കുന്ന യൂറോപ്പ ക്ലിപ്പറിന്റെ ചിത്രകാരഭാവന. 2016നു മുന്‍പുള്ള ഡിസൈനാണ് ഇതില്‍. എന്നാല്‍ ഈ ഡിസൈന് ഇനിയും മാറ്റം വരാവുന്നതാണ്.

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു