മൂണ്‍ ബഗ്ഗീസ് - ചന്ദ്രനില്‍ ഓടിച്ച ഇലക്ട്രിക് ജീപ്പ്

മൂണ്‍ ബഗ്ഗീസ്
ചിത്രത്തിനു കടപ്പാട് : NASA/Dave Scott
ഈ ജീപ്പ് കണ്ടിട്ടുണ്ടോ? ഒരു ഇലക്ട്രിക് വണ്ടിയാണ്. ജനറല്‍ മോട്ടോര്‍സിന്റെ സഹായത്തോടെ നിര്‍മ്മിച്ച രണ്ടുപേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ഒരു ജീപ്പ്. ഇപ്പോഴത്തെ ഇലക്ട്രിക് വാഹനങ്ങള്‍ക്കില്ലാത്ത ഒരു പ്രത്യേകത ഇതിനുണ്ട്. ഭൂമിയില്‍ ഇപ്പോള്‍ ഓടുന്ന ഒരു വാഹനത്തിനും ഒരിക്കലും കിട്ടാന്‍ സാധ്യതയില്ലാത്ത ഒരു ബഹുമതി!
ഇത് ഓടിയത് ഭൂമിയിലല്ല. മറിച്ച് ചന്ദ്രനിലാണ്! ചന്ദ്രനില്‍ മനുഷ്യരെയും വഹിച്ച് ഓടിയ ആദ്യ വാഹനം! അമേരിക്കക്കാരായ ജെയിംസ് ഇര്‍വിനും ഡേവിഡ് സ്കോട്ടും ആയിരുന്നു ഇതിലെ യാത്രക്കാര്‍. അപ്പോളോ 15 ദൗത്യത്തില്‍ ചന്ദ്രനിലിറങ്ങിയ രണ്ടുപേര്‍.
ഏതാണ്ട് മൂന്നു മണിക്കൂറാണ് ഈ ഇലക്ട്രിക് ജീപ്പില്‍ അവര്‍ ചന്ദ്രനില്‍ സഞ്ചരിച്ചത്. 27കിലോമീറ്റര്‍ ആകെ സഞ്ചരിച്ചു. ഇറങ്ങിയ ഇടത്തുനിന്നും അഞ്ചു കിലോമീറ്റര്‍ അകലെ വരെ അവര്‍ ജീപ്പോടിച്ചു പോവുകയും ചെയ്തു.
അതില്‍ക്കൂടുതല്‍ ദൂരം പോകുന്നത് അപകടസാധ്യതയുള്ളതിനാല്‍ വേണ്ടെന്നുവച്ചു എന്നു മാത്രം. ഏതെങ്കിലും കാരണവശാല്‍ വണ്ടി പണി മുടക്കിയാല്‍ തിരികെ നടന്നെത്താന്‍ കഴിയുന്ന ദൂരമായിരുന്നു ആ അഞ്ച് കിലോമീറ്റര്‍.
അപ്പോളോ 16, 17 ദൗത്യത്തിലും ഇത്തരം ഇലക്ട്രിക് ജീപ്പുകള്‍ ഉപയോഗിച്ചിരുന്നു. മൂണ്‍ ബഗ്ഗീസ് എന്ന പേരില്‍ അക്കാലത്ത് ഏറെ പ്രസിദ്ധമായിരുന്നു ഇവ. എന്തായാലും ഇലക്ട്രിക് വാഹനങ്ങള്‍ മനുഷ്യരെയും വഹിച്ച് അങ്ങ് ചന്ദ്രനിലും ഓടിയിട്ടുണ്ട് എന്നു മറക്കരുത്.
നമ്മുടെ ചന്ദ്രയാന്‍ 2ലെ പ്രഗ്യാന്‍ എന്ന കുഞ്ഞുവണ്ടി ചന്ദ്രനിലെത്തുമ്പോള്‍ ഈ മൂണ്‍ ബഗ്ഗികളെക്കൂടി നമുക്ക് ഓര്‍ക്കാം.
---നവനീത്...
ചിത്രത്തിനു കടപ്പാട് : NASA/Dave Scott

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് - മൈക്രോസ്കോപ്പ് എന്ന സൂഷ്മദര്‍ശിനി