ഡിമിഡിയവും 2019 ലെ ഫിസിക്സ് നോബല്‍ സമ്മാനവും
ഡിമിഡിയം! നോബല്‍ സമ്മാനം നേടിക്കൊടുത്ത ഗ്രഹം
ഡിമിഡിയം എന്നൊരു ഗ്രഹത്തെക്കുറിച്ചു കേട്ടിട്ടുണ്ടോ? വ്യാഴം, യുറാനസ്, ബുധന്‍ എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഡിമിഡിയം എന്നു കേള്‍ക്കാന്‍ സാധ്യത കുറവാണ്. ഭാദ്രപഥചതുരം എന്നൊരു നക്ഷത്രഗണമുണ്ട് ആകാശത്ത്. പെഗാസസ് എന്നു പറയും. ചിറകുള്ള കുതിരയുടെ ആകൃതിയാണത്രേ ഈ നക്ഷത്രഗണത്തിന്. ഇതില്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാവുന്ന ഒരു നക്ഷത്രമുണ്ട്. പേര് 51 Pegasi. ഈ നക്ഷത്രത്തിനു ചുറ്റും കറങ്ങുന്ന ഒരു വാതകഗോളമാണ് ഡിമിഡിയം. ഈ ഗ്രഹത്തിന് ഒരു പ്രത്യേകതയുണ്ട്. സൗരയൂഥത്തിനു പുറത്ത് സൂര്യനെപ്പോലെയുള്ള ഒരു നക്ഷത്രത്തിനു ചുറ്റും ആദ്യമായി കണ്ടെത്തിയ ഒരു ഗ്രഹമാണ് ഡിമിഡിയം. ഏതാണ്ട് അന്‍പത്തിയൊന്ന് പ്രകാശവര്‍ഷം അകലെയാണ് ഈ ഗ്രഹവും നക്ഷത്രവും. ഡിമിഡിയം എന്ന ഗ്രഹത്തിന്റെയും 51പെഗാസി എന്ന നക്ഷത്രത്തിന്റെയും ചിത്രകാരഭാവന. കടപ്പാട്: ESO/M. Kornmesser/Nick Risinger (skysurvey.org) |
ചുവന്ന വട്ടത്തിനുള്ളില്‍ അടയാളപ്പെടുത്തിയിരിക്കുന്നതാണ് 51 Pegasi എന്ന നക്ഷത്രം. അതിനു ചുറ്റുമാണ് ഡിമിഡിയം എന്ന ഗ്രഹം കറങ്ങുന്നത്. ചിത്രത്തിനു കടപ്പാട്: വിക്കിമീഡിയ കോമണ്‍സ് |
അതിനു മുന്‍പ് 1992ല്‍ സൗരയൂഥത്തിനു പുറത്ത് നാം ഒരു ഗ്രഹം കണ്ടെത്തിയിട്ടുണ്ട്. പക്ഷേ അത് പള്‍സാര്‍ എന്നറിയപ്പെടുന്ന അതിവേഗത്തില്‍ കറങ്ങുന്ന ഒരു ന്യൂട്രോണ്‍ നക്ഷത്രത്തിനു ചുറ്റുമായിരുന്നു എന്നു മാത്രം. ഡിമിഡിയത്തിന്റെ കണ്ടെത്തല്‍ നമ്മുടെ പ്രപഞ്ചകാഴ്ചപ്പാടില്‍ ഉണ്ടാക്കിയ മാറ്റം ചെറുതൊന്നും അല്ല. സൗരയൂഥത്തിനു പുറത്ത് മുഖ്യധാരാനക്ഷത്രത്തിനു ചുറ്റും ഗ്രഹങ്ങള്‍ ഉണ്ടെന്ന അറിവ്. മനുഷ്യരെപ്പോലെയുള്ള ജീവികളോ മറ്റോ എവിടെയെങ്കിലും ഉണ്ടാവുമോ എന്ന ചോദ്യത്തിന് 'സാധ്യതയുണ്ട്' എന്നൊരു ഉത്തരം തന്ന ഒരു കണ്ടെത്തല്‍. ഡിമിഡിയം ഒരു വാതകഗോളമായിരുന്നു. നമ്മുടെ വ്യാഴത്തെപ്പോലെ ഒരു ഗോളം. അതില്‍ ജീവന് സാധ്യത നമ്മുടെ അറിവില്‍ ഇല്ല എന്നുതന്നെ പറയാം. പക്ഷേ ഡിമിഡിയത്തിന്റെ കണ്ടെത്തലിനെത്തുടര്‍ന്ന് പിന്നീടങ്ങോട്ട് അനേകമനേകം സൗരേതരഗ്രഹങ്ങള്‍ നമ്മള്‍ കണ്ടെത്തുകയുണ്ടായി. നാലായിരത്തില്‍ അധികം സൗരേതരഗ്രഹങ്ങള്‍ നാം കണ്ടെത്തിക്കഴിഞ്ഞു.
ഒരു ഗ്രഹം നക്ഷത്രത്തില്‍നിന്ന് നിശ്ചിത അകലത്തില്‍ ആണെങ്കില്‍ അവിടെ ജീവന്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെയുള്ള, ഭൂമിയെപ്പോലെയുള്ള ഗ്രഹങ്ങളും പിന്നീട് നമ്മള്‍ കണ്ടെത്തി. ഇതിനെല്ലാം തുടക്കം കുറിച്ചത് ഡിമിഡിയത്തിന്റെ കണ്ടെത്തലായിരുന്നു. 2019 ലെ ഫിസിക്സിനുള്ള നൊബേല്‍ സമ്മാനങ്ങളിലൊന്ന് ഈയൊരു കണ്ടെത്തലിനാണ്. ഒരു മുഖ്യധാരാനക്ഷത്രത്തിനു (സൂര്യനെപ്പോലെയുള്ള ഒരു നക്ഷത്രം) ചുറ്റും ഒരു ഗ്രഹം ആദ്യമായി കണ്ടെത്തിയതിന്. മിഷേല്‍ മയോര്‍, ദിദിയെ ക്വെലോസ് എന്നീ ശാസ്ത്രജ്ഞരായിരുന്നു ഈ കണ്ടെത്തലിനു പുറകില്‍. ഇരുവരും ഇനി മുതല്‍ അറിയപ്പെടുന്നത് നൊബേല്‍ സമ്മാന ജേതാക്കളായിട്ടാണ്.
നോബല്‍ സമ്മാന ജേതാക്കള്‍ |
ഡിമിഡിയം എന്ന പേരല്ലായിരുന്നു ഈ ഗ്രഹത്തിന് ആദ്യം നിര്‍ദ്ദേശിച്ചത്. 1995ല്‍ മിഷേലും ദിദിയേയും ഈ കണ്ടെത്തല്‍ നടത്തി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മറ്റൊരു ആസ്ട്രണോമര്‍ ഈ ഗ്രഹത്തിന് ഒരു പേരിട്ടു. ബെല്ലെറോഫോണ്‍. ഗ്രീക്ക് പുരാണത്തിലെ ഒരു കഥാപാത്രമാണ് ബെല്ലെറോഫോണ്‍. ഏതാണ്ട് പത്തു വര്‍ഷത്തോളം ആ പേര് നിലനിന്നു, 2014ല്‍ ഇന്റര്‍നാഷണല്‍ ആസ്ട്രോണമിക്കല്‍ യൂണിയന്‍ സൗരേതരഗ്രഹങ്ങള്‍ക്ക് പേരിടുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നു. 2015ല്‍ ഡിമിഡിയം എന്ന പേരാണ് മത്സരത്തിലൂടെ അവര്‍ തിരഞ്ഞെടുത്തത്. അന്നുമുതല്‍ ഡിമിഡിയം എന്ന പേരിലാണ് ഈ ഗ്രഹം അറിയപ്പെടുന്നത്.
ഒരു നക്ഷത്രത്തിനു ചുറ്റും ഗ്രഹത്തെ കണ്ടെത്തിയാല്‍ ശാസ്ത്രജ്ഞര്‍ അതിനെ നക്ഷത്രത്തിന്റെ പേരിന്റെ കൂട്ടത്തില്‍ ഇംഗ്ലിഷ് അക്ഷരമാലയിലെ അക്ഷരം കൂടി ഉപയോഗിച്ചാണ് സൂചിപ്പിക്കാറ്. ആ രീതിയില്‍ നോക്കിയാല്‍ 51 Pegasi b എന്ന പേരാണ് ഡിമിഡിയത്തിന് ഉള്ളത്. 2017ല്‍ ഈ ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ വെള്ളത്തിന്റെ സാന്നിദ്ധ്യംകൂടി കണ്ടെത്തിയിരുന്നു.
നിലവില്‍ നിരവധി ശാസ്ത്രജ്ഞര്‍ സൗരേതരഗ്രഹങ്ങളെ കണ്ടെത്താനുള്ള ഗവേഷണങ്ങളിലാണ്. അതിനുവേണ്ടി മാത്രമായി കെപ്ലര്‍ എന്ന ബഹിരാകാശടെലിസ്കോപ്പ് വരെ നമ്മള്‍ വിക്ഷേപിച്ചു. വരും വര്‍ഷങ്ങള്‍ ഗ്രഹവേട്ടയുടെ കാലംകൂടിയാണ്. ഈയൊരു വിപ്ലവത്തിനു വഴി വെയ്ക്കുകയായിരുന്നു മിഷേല്‍ മേയറുടെയും ദിദിയെ ക്വെലോസിന്റെയും കണ്ടെത്തല്‍.
---നവനീത്...
Comments
Post a Comment