യു എ ഇ ബഹിരാകാശസഞ്ചാരി ഹസ അല്‍ മന്‍സൂരി ഭൂമിയില്‍ തിരിച്ചെത്തി

ഹസ അലി അല്‍ മന്‍സൂരി (Hazzaa Ali Almansoori ) ഭൂമിയില്‍ ലാന്‍ഡ് ചെയ്തശേഷം.
ഫോട്ടോ കടപ്പാട്: NASA/Bill Ingalls

എട്ടു ദിവസത്തെ സന്ദര്‍ശനം കഴിഞ്ഞ് യു എ ഇയുടെ ആദ്യ ബഹിരാകാശസഞ്ചാരി ഹസ അല്‍ മന്‍സൗരി തിരികെ ഭൂമിയിലെത്തി. റഷ്യയുടെ സോയൂസ് MS 12 പേടകത്തിലായിരുന്നു അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ നിന്നുള്ള മടക്കയാത്ര. ഇന്ന് വൈകിട്ട് നാലരയോടെയാണ് മറ്റു രണ്ടു യാത്രികര്‍ക്കൊപ്പം ഹസ്സ കസാക്കിസ്താനില്‍ സുരക്ഷിതമായി ഇറങ്ങിയത്. അവസാനഘട്ടം പാരച്യൂട്ടിലായിരുന്നു. ബഹിരാകാശത്തിലൂടെ 128 തവണയാണ് എട്ടു ദിവസത്തിനുള്ളില്‍ ഹസ്സ ഭൂമിയെ ചുറ്റിയത്. ഒരു ദിവസം 16 തവണ സൂര്യനുദിക്കുന്നതും അസ്തമിക്കുന്നതും കാണാന്‍ കഴിയുന്ന ഏകയിടമാണ് നിലവില്‍ ബഹിരാകാശനിലയം!



തിരിച്ചിറങ്ങിയ ബഹിരാകാശയാത്രികരെ പരിശോധിക്കുന്നു കടപ്പാട്: NASA


അമേരിക്കയുടെ നിക്ക് ഹേഗ്, റഷ്യയുടെ അലക്സി ഔവ്ചിനിന്‍ എന്നിവരാണ് ഹസ്സയ്ക്കൊപ്പം ഭൂമിയിലെത്തിയ മറ്റു രണ്ടു പേര്‍. 203 ദിവസമാണ് അവര്‍ ബഹിരാകാശനിലയത്തില്‍ കഴിഞ്ഞത്. 3248 തവണ ഇതിനിടയില്‍ അവര്‍ ഭൂമിയെ ചുറ്റി. അത്രയും തവണ സൂര്യനുദിക്കുന്നതും അസ്തമിക്കുന്നതും കാണാനും അവര്‍ക്ക് അവസരമുണ്ടായിരുന്നു.


ബഹിരാകാശയാത്രികര്‍ ഭൂമിയില്‍ എത്തുന്നു.


ഇരുവര്‍ക്കും ഒപ്പം നിലയത്തിലേക്കുപോയ ക്രിസ്റ്റീന കൊച്ച് ഇനിയും ആറുമാസത്തോളം നിലയത്തില്‍ തുടരും. 2020ഫെബ്രുവരിയില്‍ മാത്രമേ അവര്‍ തിരികെ വരൂ. ദീര്‍ഘകാലം ഭാരമില്ലായ്മയില്‍ കഴിയുമ്പോള്‍ സ്ത്രീകളിലുണ്ടാകാവുന്ന മാറ്റങ്ങള്‍ പഠിക്കുക എന്നതും ക്രിസ്റ്റീനയുടെ ദീര്‍ഘകാലതാമസം ലക്ഷ്യമിടുന്നു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരെ കൊണ്ടുപോവുമ്പോള്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ ഈ ദീര്‍ഘകാലവാസത്തിനാവും. നാസയുടെ ആര്‍ട്ടെമിസ് പദ്ധതിയില്‍ ചന്ദ്രനിലേക്കു പോകുന്നത് ഒരു വനിതയാണെന്നതും ഇതുമായി കൂട്ടിവായിക്കാം.

ക്രിസ്റ്റീന കൊച്ച് സ്പേസ് വാക്ക് നടത്തുന്നു. കടപ്പാട്: NASA


ശബരിമലയില്‍പ്പോലും സ്ത്രീകളെ കയറ്റാതെ നമ്മള്‍ 'സംസ്കാരം' സംരക്ഷിക്കുന്ന നേരത്ത് ക്രിസ്റ്റീന കോച്ച്  എന്ന വനിത ബഹിരാകാശനിലയത്തിനു പുറത്തിറങ്ങി സ്പേസ് വാക്ക് നടത്തുകയായിരുന്നു. ആറ് മണിക്കൂറും 45മിനിറ്റും നീണ്ട സ്പേസ് വാക്കില്‍ നിലയത്തിലെ ബാറ്ററി മാറ്റിവയ്ക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ അവര്‍ ചെയ്തു. അവരാണ് ഇനിയും ഏതാണ്ട് ആറ് മാസത്തോളം ബഹിരാകാശനിലയത്തില്‍ തുടരുന്നത്.


---നവനീത്...

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു