ദേ, ആകാശത്തൊരു കോക്കാച്ചിമത്തങ്ങ അഥവാ Jack-o'-lantern Nebula


ദേ, ആകാശത്തൊരു കോക്കാച്ചിമത്തങ്ങ
 കോക്കാച്ചിമത്തങ്ങ എന്നു കേട്ടിട്ടുണ്ടോ? കേള്‍ക്കാന്‍ വഴിയില്ല. കാരണം അത് ഇപ്പോ അങ്ങ് ഇട്ട പേരാണ്.
ഹാലോവീന്‍ ദിനാഘോഷത്തിലെ പ്രധാനിയായ jack-o'-lantern ന് തത്ക്കാലത്തേക്കു ചാര്‍ത്തൊക്കൊടുക്കുന്ന ഒരു മലയാളപ്പേര്.  മത്തങ്ങയുടെ അകം തുരന്നുകളഞ്ഞ് പുറംതോടില്‍ എന്തെങ്കിലും വികൃതമുഖം കൊത്തിവയ്ക്കും. എന്നിട്ട് അതിനുള്ളില്‍ മെഴുകുതിരിയോ മറ്റോ കത്തിച്ചുവയ്ക്കും. അതാണ് jack-o'-lantern, നമ്മുടെ കോക്കാച്ചിമത്തങ്ങ.

എന്തായാലും ഈ കോക്കാച്ചിമത്തങ്ങയ്ക്ക് ഭൂമിയില്‍ മാത്രമല്ല, അങ്ങ് ആകാശത്തും പിടിപാടുണ്ടത്രേ. നമ്മുടെ ഗാലക്സിയായ ആകാശഗംഗയുടെ അതിരുകളില്‍ സ്പിറ്റ്സര്‍ ടെലിസ്കോപ്പ് ഉപയോഗിച്ചു നടത്തിയ പഠനമാണ് കോക്കാച്ചിമത്തങ്ങയ്ക്ക് അവിടെ സ്ഥാനം നേടിക്കൊടുത്തത്. അവിടെ കണ്ട രസകരമായ ഒരു നെബുലയ്ക്കാണ് ഈ പേര് ഇട്ടുകൊടുത്തിരിക്കുന്നത്. ജാക്ക് ഒ ലാന്റേണ്‍ നെബുല! (Jack-o'-lantern Nebula).

ബഹിരാകാശത്ത് സ്ഥാപിച്ചിരിക്കുന്ന ഒരു ഇന്‍ഫ്രാറെഡ് ടെലിസ്കോപ്പാണ് സ്പിറ്റ്സര്‍ ടെലിസ്കോപ്പ്. 2003ല്‍ ബഹിരാകാശത്തെത്തിയ ഈ ടെലിസ്കോപ്പ് 2020 ജനുവരിയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും എന്നാണ് കരുതുന്നത്. എന്തായാലും മനുഷ്യരുടെ കണ്ണുകള്‍ക്ക് കാണാന്‍ കഴിയാത്ത ഇന്‍ഫ്രാറെഡ് തരംഗങ്ങളെ കാണാന്‍ കഴിയുന്ന ടെലിസ്കോപ്പാണിത്. ഈ ടെലിസ്കോപ്പ് 2004നും 2009നും ഇടയില്‍ കുറെ നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ആ ഡാറ്റയെ പ്രയോജനപ്പെടുത്തിയാണ് ചില ഗവേഷകര്‍ ഈ ഫോട്ടോ പുറത്തുവിട്ടത്.

സൂര്യനെക്കാളും ഇരുപതു മടങ്ങുവരെ വലിപ്പമുള്ള ഒരു വലിയ നക്ഷത്രമാണ് ഇത്തരമൊരു നെബുലയ്ക്ക് കാരണമായത്. (പ്രകാശവര്‍ഷങ്ങള്‍വരെ വലിപ്പമുള്ള വാതകക്കൂട്ടത്തെയാണ് നെബുല എന്നു വിളിക്കുക. നക്ഷത്രങ്ങള്‍ ജനിക്കുന്നത് ഇത്തരം നെബുലകളില്‍നിന്നാണ്.)  ഈ നക്ഷത്രത്തില്‍നിന്നുള്ള ശക്തമായ റേഡിയേഷന്‍ അതിനു ചുറ്റും ഉണ്ടായിരുന്ന വാതകങ്ങളെ അകലേക്ക് അകറ്റുകയായിരുന്നു. അതിനിടയില്‍ ഉണ്ടായ അവസ്ഥയാണിത്. 

മൂന്ന് വ്യത്യസ്ത തരംഗദൈര്‍ഘ്യത്തിലുള്ള ഇന്‍ഫ്രാറെഡ് പ്രകാശത്തെ സംയോജിപ്പിച്ചാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഓരോ ഇന്‍ഫ്രാറെഡ് തരംഗദൈര്‍ഘ്യത്തിനും വ്യത്യസ്ത നിറങ്ങള്‍ കൊടുക്കുകയാണ് ചെയ്തത്. നീല ചുവപ്പ് പച്ച എന്നീ നിറങ്ങളാണ് കൃത്രിമമായി നല്‍കിയത്. അങ്ങനെ നേരിട്ടു കാണാന്‍ കഴിയാത്ത ഇന്‍ഫ്രാറെഡ് കാഴ്ചയെ നമ്മള്‍ മറ്റൊരു വഴിയിലൂടെ കാണുന്നു!

അസംഖ്യം നെബുലകളുടെ ഫോട്ടോകള്‍ മനുഷ്യര്‍ എടുത്തിട്ടുണ്ട്. ജാക്ക് ഒ ലാന്റേണ്‍ നെബുലയുടെ ചിത്രത്തിനും വലിയ പ്രത്യേകതകള്‍ ഒന്നുമില്ല. ഹാലോവീന്‍ ദിനാഘോഷത്തിന്റെ കൂടെക്കൂടാന്‍ നാസ കുറെ ചിത്രങ്ങളും ലേഖനങ്ങളും പുറത്തുവിട്ടിട്ടുണ്ട്. അതിലൊന്നാണീ കോക്കാച്ചിമത്തങ്ങ! സിഫിയസ് (കൈകവസ്) എന്ന രാശിയിലാണ് ഈ നെബുലയും നക്ഷത്രവും.

---നവനീത്...

ചിത്രത്തിനു കടപ്പാട്: NASA/JPL-Caltech

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു