നമുക്കൊരു ഒരു ഹായ് പറയാം, ഭൂമിക്കടുത്തുകൂടി കടന്നുപോകുന്ന ആ ഛിന്നഗ്രഹത്തോട്... (52768) 1998 OR2.

1998 OR2 ഛിന്നഗ്രഹത്തിന്റെ റഡാര് ഫോട്ടോ. 2020 ഏപ്രില് 17ന് ആരസിബോ നിരീക്ഷണാലയം പകര്ത്തിയ ചിത്രം.
ചിത്രത്തിനു കടപ്പാട്: Arecibo Observatory/NASA/NSF
 
നമുക്കൊരു ഒരു ഹായ് പറയാം, ഭൂമിക്കടുത്തുകൂടി കടന്നുപോകുന്ന ആ ഛിന്നഗ്രഹത്തോട്...


ഏപ്രില് 29ന് ഒരു വലിയ ഛിന്നഗ്രഹം ഭൂമിയുടെ അടുത്തുകൂടി കടന്നുപോവുകയാണ്. പല മാധ്യമങ്ങളും അത് ഭൂമിയെ തര്ക്കാന് വരുന്ന കല്ലായിട്ടാണ് ചിത്രീകരിക്കുന്നത്. പക്ഷേ ശരിക്കും അങ്ങനെയൊന്നും അല്ലാട്ടോ.

1998 OR2. അതാണ് ഈ ഛിന്നഗ്രഹത്തിന്റെ പേര്. സെക്കന്ഡില് എട്ടര കിലോമീറ്റര് എന്ന അതിവേഗതയില് ആണ് കക്ഷിയുടെ പോക്ക്. വലിപ്പം നോക്കിയാലും ആളത്ര നിസ്സാരയല്ല. രണ്ടു കിലോമീറ്റര് മുതല് നാലു കിലോമീറ്റര്വരെ വലിപ്പമുണ്ടാവാം എന്നാണ് കരുതുന്നത്. അത്രയും വലിപ്പമുള്ള ഈ കല്ല് ഭൂമിയില് ഇടിച്ചാല്പ്പിന്നെ മനുഷ്യരുടെയും ഇപ്പോഴുള്ള മറ്റു ജീവജാലങ്ങളുടെയും കാര്യം കട്ടപ്പൊകയാണ്. പക്ഷേ പേടിക്കേണ്ട. ഈ പെരുംപാറ ചന്ദ്രനെക്കാള് 16 ഇരട്ടി അകലത്തിലൂടെയാവും കടന്നുപോവുക. ആ അകലമാണ് നമുക്ക് ആശ്വാസം നല്കുന്ന കാര്യം. അത്രയും അകലത്തിലൂടെ പോകുന്ന ഛിന്നഗ്രഹത്തെ നോക്കി ഒരു ഹായ് പറയുകയാണ് നമുക്കു ചെയ്യാവുന്ന കാര്യം.
ഛിന്നഗ്രഹം  52768 (1998 OR2) കടന്നുപോകുന്ന വീഡിയോ. Ingvars Tomsons at Riga, Latvia 2020 ഏപ്രില്‍ 9നു പകര്‍ത്തിയ ചിത്രം. കടപ്പാട്: Ingvars Tomsons
രസകരമായ ഒരു കാര്യം കൂടിയുണ്ട്. നമ്മളെല്ലാം കൊവിഡ് 19 ഭീതിയില് മാസ്കുകളും ധരിച്ചാണല്ലോ നടപ്പ്. ആരസിബോ ടെലിസ്കോപ്പ് എടുത്ത ഈ ഛിന്നഗ്രഹത്തിന്റെ റഡാര് ഫോട്ടോയ്ക്കും ഏതാണ്ട് ഒരു മാസ്കിന്റെ ആകൃതിയാണ്! 
ആരസിബോ നിരീക്ഷണാലയത്തിലെ പ്ലാനറ്ററി റഡാര്‍ വിഭാഗത്തിന്റെ മേധാവി Anne Virkki കൊവിഡ് 19 പശ്ചാത്തലത്തില്‍  1998 OR2 ഛിന്നഗ്രഹത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ മാസ്കും ധരിച്ച്.
കടപ്പാട്: University of Central Florida
20വര്ഷമായി നമ്മള് ഈ ഛിന്നഗ്രഹത്തെ നിരീക്ഷിച്ചുവരുന്നു. കണ്ടെത്തിലിനുശേഷം ഭൂമിയുടെ ഇത്രയും അടുത്തുകൂടി കടന്നുപോവുന്നത് ഇത് ആദ്യമാണ്. 2031ലും 2042ലും ഒക്കെ ഈ പെരുംപാറ ഭൂമിയുടെ അടുത്തുകൂടി കടന്നുപോകും. പക്ഷേ ഇപ്പോള് പോകുന്നതിനെക്കാള് ഏറെയേറെ അകലെയാവും എന്നു മാത്രം. ഇപ്പോഴത്തെക്കാളും അടുത്തുകൂടി ഇനി കടന്നുപോവുന്നത് 2079 ഏപ്രിലില് ആണ്. ചന്ദ്രനെക്കാള് നാലര ഇരട്ടി അകലത്തിലൂടെയാവും അന്ന് ഈ ചങ്ങാതി ഫ്ലൈബൈ നടത്തുക! എന്തായാലും അതിന് ഏറെയേറെ സമയം നമുക്കു മുന്നിലുണ്ട്!
ആരസിബോ നിരീക്ഷണാലയം പകര്‍ത്തിയ റഡാര്‍ ചിത്രങ്ങള്‍ ചേര്‍ത്തൊരുക്കിയ വീഡിയോ.
കടപ്പാട്: Arecibo Observatory/NASA/NSF
ഇത്തവണത്തെ പോക്ക് ചന്ദ്രനെക്കാള് 16 ഇരട്ടി അകലത്തിലൂടെ ആയതിനാല് നേരിട്ടുനോക്കിയാലൊന്നും നമുക്ക് ഈ പെരുംപാറയെ കാണാന് കഴിയില്ല. നല്ല ശക്തിയേറിയ ടെലിസ്കോപ്പുകള്തന്നെ വേണം. പക്ഷേ ഇത്രയും വലിയ വസ്തുക്കളെ നിരീക്ഷിക്കാന് കിട്ടുന്ന അവസരം ജ്യോതിശ്ശാസ്ത്രജ്ഞര് വെറുതേ കളയില്ല. ലോകമെമ്പാടുമുള്ള വലിയ ടെലിസ്കോപ്പുകള് പലതും അന്ന് ഈ ഛിന്നഗ്രഹത്തെ നിരീക്ഷിക്കും. പഠിക്കും. കൂടുതല് വിവരങ്ങള് നമുക്ക് ലഭിക്കും.

അപ്പോള് ഏപ്രില് 29 ഇന്ത്യന് സമയം ഉച്ചകഴിഞ്ഞ് 3.30ന് ആകാശത്തേക്കു നോക്കി നമുക്കൊരു ഹായ് പറയാം. ഏതാനും കിലോമീറ്റര് വലിപ്പമുള്ള 1998 OR2 വിനോട് ഏറെ അകലെക്കൂടി കടന്നുപോകുന്നതിന് നന്ദി പറഞ്ഞുകൊണ്ട് ഒരു ഹായ്!

---നവനീത്...







Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു