സൗരയൂഥത്തിലെ ഏറ്റവും വലിയ ചന്ദ്രൻ - ഗാനിമേഡ് - ചിത്രം പകർത്തി ജൂനോ! |Images of north pole of Ganymede - Juno

സൗരയൂഥത്തിലെ ഏറ്റവും വലിയ ചന്ദ്രന്റെ ചിത്രം പകർത്തി ജൂനോ!

ഗാനിമേഡിന്റെ ഉത്തരധ്രുവം!കടപ്പാട്: NASA/JPL-Caltech/SwRI/ASI/INAF/JIRAM

സൗരയൂഥത്തിലെ ഏറ്റവും വലിയ ചന്ദ്രൻ. സിലിക്കേറ്റ് പാറയും ഐസും നിറഞ്ഞ പ്രതലം. ഒരുപക്ഷേ ഭൂമിയിലെ എല്ലാ കടലുകളിലും ഉള്ളതിനെക്കാൾ കൂടുതൽ ജലം ഉള്ള ഇടം. അതാണ് ഗാനിമേഡ് എന്ന ഉപഗ്രഹം. വ്യാഴത്തിന്റെ ഏറ്റവും വലിയ ഉപഗ്രഹം. വ്യാഴത്തിന്റെ മാത്രമല്ല, സൗരയൂഥത്തിലെ തന്നെ ഏറ്റവും വലിയ ഉപഗ്രഹമാണത്. ബുധനെക്കാളും വലിയ ഒരു ഉപഗ്രഹം!
ആ ഗാനിമേഡിന്റെ ധ്രുവപ്രദേശത്തിന്റെ ചിത്രം പകർത്തിയിരിക്കുകയാണ് ജൂനോ. വ്യാഴത്തെക്കുറിച്ചു പഠിക്കാൻ വിക്ഷേപിച്ച പേടകമാണത്. വ്യാഴത്തിന്റെ നിരവധി ക്ലോസ്അപ്പ് ചിത്രങ്ങൾ ഇതിനകം ജൂനോ നമുക്കു തന്നിട്ടുണ്ട്. അതിനൊപ്പമാണ് ഇപ്പോൾ ഗാനിമേഡിന്റെ ചിത്രവും കിട്ടിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 26നാണ് ജൂനോ ചിത്രം പകർത്തിയത്. തന്റെ ഇൻഫ്രാറെഡ് ക്യാമറ (Jovian Infrared Auroral Mapper (JIRAM)) ഉപയോഗിച്ചായിരുന്നു ഫോട്ടോയെടുക്കൽ. ഗാനിമേഡിൽനിന്ന് ഏതാണ്ട് ഒരു ലക്ഷം കിലോമീറ്റർ അകലെയായിരുന്നു ജൂനോ അപ്പോൾ.
കാര്യമായ അന്തരീക്ഷം ഒന്നുമില്ലാത്ത ഉപഗ്രഹമാണ് ഗാനിമേഡ്. എന്നാൽ സ്വന്തമായി നല്ലൊരു കാന്തികമണ്ഡലം ഉണ്ട്. സൗരയൂഥത്തിലെ മറ്റൊരു ഉപഗ്രഹത്തിനും ഇത്രയും മികച്ച കാന്തികമണ്ഡലം ഇല്ല. അന്തരീക്ഷമില്ലാത്തതിനാൽ വ്യാഴത്തിൽനിന്ന് വരുന്ന റേഡിയേഷനും പ്ലാസ്മയുമെല്ലാം ഗാനിമേഡിനെ നിരന്തരം ആക്രമിക്കുന്നുണ്ട്. കാന്തികമണ്ഡലത്തിന്റെ സ്വാധീനത്തിൽപ്പെട്ടാണ് വ്യാഴത്തിൽനിന്ന് വരുന്ന കണങ്ങൾ ഗാനിമേഡിൽ എത്തുന്നത്. അതിനാൽ ഗാനിമേഡിന്റെ ഉപരിതലത്തെക്കുറിച്ചു പഠിക്കാൻ ശാസ്ത്രജ്ഞർക്ക് പ്രത്യേക താത്പര്യവും ഉണ്ട്.

ഗാനിമേഡിന്റെ വടക്കേധ്രുവം -വിവിധ ചിത്രങ്ങൾ - കടപ്പാട്: NASA/JPL-Caltech/SwRI/ASI/INAF/JIRAM

1610ൽ ഗലീലിയോ ഗലീലി ആണ് ഗാനിമേഡിനെ കണ്ടെത്തുന്നത്. അന്നുതൊട്ട് ഇന്നുവരെ ഗാനിമേഡും വാനനിരീക്ഷകരുടെയും ശാസ്ത്രജ്ഞരുടെയും ഇഷ്ടവിഷയങ്ങളിലൊന്നാണ്. 5000കിലോമീറ്ററിലേറെ വലിപ്പമുണ്ട് ഈ ഗോളത്തിന്. നമ്മുടെ ചന്ദ്രന്റെ ഒന്നര ഇരട്ടി വലിപ്പവും രണ്ട് ഇരട്ടി മാസുമുണ്ട് ഗാനിമേഡിന്.

ഗാനിമേഡ്. ഗലീലിയോ പേടകം എടുത്ത ചിത്രം.
കടപ്പാട്: NASA/JPL
പയനിയർ മിഷൻ മുതൽ ഗാനിമേഡിനെ നമ്മൾ പഠിക്കുന്നുണ്ട്. പയനിയർ 10 എടുത്ത തികച്ചും അവ്യക്തമായ ഫോട്ടോയാണ് ഗാനിമേഡിനെക്കുറിച്ചുള്ള പഠനത്തെ കൂടുതൽ രസകരമാക്കിയത്. വോയേജർ ദൗത്യങ്ങളും ഗാനിമേഡിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തന്നിരുന്നു. എന്നിരുന്നാലും ഗാനിമേഡിന്റെ മികച്ച ചിത്രങ്ങൾ നമുക്കു തന്നത് ഗലീലിയോ എന്ന പേടകമാണ്. 1989ലാണ് ഗലീലിയോ വിക്ഷേപിക്കുന്നത്. 1995ൽ ഇത് വ്യാഴത്തിന്റെ അടുത്തെത്തി. വ്യാഴത്തിനു ചുറ്റും പരിക്രമണം നടത്തുന്ന ആദ്യ കൃത്രിമോപഗ്രഹമായി മാറി. ഗാനിമേഡിന്റെ ഏറ്റവും മികച്ച ചിത്രമായി ഇന്നും നമുക്കുള്ളത് ഗലീലിയോ എടുത്ത ചിത്രമാണ്.


ജൂനോ എടുത്ത ചിത്രങ്ങൾ വരുംകാല പര്യവേക്ഷണങ്ങളെ സഹായിക്കും എന്ന് ഉറപ്പാണ്. ഗാനിമേഡിനെക്കുറിച്ചും വ്യാഴത്തെക്കുറിച്ചുമെല്ലാം പഠിക്കുന്ന അടുത്ത പേടകം 2030ലാവും ഇനി അവിടെയെത്തുക. നാസയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും സംയുക്ത സംരംഭം ആയിട്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. Europa Jupiter System Mission – Laplace (EJSM/Laplace) എന്നാണ് ഈ പദ്ധതിയുടെ പേര്. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ Jupiter Ganymede Orbiter (JGO) എന്ന പ്രോബും ഇതിലുണ്ടാവും. ഗാനിമേഡിനെ ചുറ്റിസഞ്ചരിച്ച് അതിനെക്കുറിച്ചു പഠിക്കലാവും JGOയുടെ പണി!

---നവനീത്...

പോസ്റ്റ് ലിങ്ക്:https://www.nscience.in/2020/07/images-of-north-pole-of-ganymede-juno.html


ഗാനിമേഡിന്റെ ത്രിമാനമാതൃക!

മൗസ് ഉപയോഗിച്ച് കറക്കിനോക്കൂ.


Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് - മൈക്രോസ്കോപ്പ് എന്ന സൂഷ്മദര്‍ശിനി