പേരുകൾ കൊത്തിയ ചിപ്പ് | കടപ്പാട്: NASA/JPL-Caltech
നാസയുടെ പെർസിവിയറൻസ് പേടകം ഇന്ന് ചൊവ്വയിലേക്കു യാത്രയാവുകയാണല്ലോ. അതിൽ ഒരു കോടിയിലധികം മനുഷ്യരുടെ പേരുകൾ കൊത്തിയ ചിപ്പുകളും ഉണ്ട്. കൃത്യം 10,932,295 പേരാണ് Send your name to Mars എന്ന കാമ്പയിനിൽ പങ്കുചേർന്നത്. മൂന്ന് ചിപ്പുകളിലാണ് ഈ പേരുകൾ മുഴുവൻ കൊത്തിയെടുത്തത്. ഇലക്ട്രോൺബീം ഉപയോഗിച്ച് അതിസൂക്ഷ്മമായിട്ടാണ് പേരുകളെ ചിപ്പിലേക്ക് എഴുതിച്ചേർത്തത്. ഇതുകൂടാതെ Name the Rover contest ല്‍ പങ്കെടുത്ത കുട്ടികളുടെ 155 ലേഖനങ്ങളും ഇതിലുണ്ട്.
ചിത്രത്തിൽ കാണുന്ന കറുത്ത പ്ലേറ്റിൽ ഇടതുവലത്തേ മൂലയ്ക്കു നോക്കുക. അവിടെ രണ്ടു സ്ക്രൂ ഉപയോഗിച്ച് മൂന്ന് ചിപ്പുകളെ ചേര്‍ത്തിരിക്കുന്നതു കാണാം. അതിലാണ് നമ്മുടെയെല്ലാം പേരുകൾ ഉള്ളത്.
1,778,277 പേരാണ് ഇന്ത്യയിൽനിന്ന് പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2,528,844 പേരോടെ ടർക്കിയാണ് ഒന്നാം സ്ഥാനത്ത്. അമേരിക്ക മൂന്നാംസ്ഥാനത്താണ്. ഇന്ത്യ രണ്ടും.

ഇന്ന് വൈകിട്ട് 5 മണിക്കാണ് ചൊവ്വയിലേക്ക് മാർസ് 2020 യാത്രയാരംഭിക്കുന്നത്. കേരളത്തിൽനിന്ന് അനേകമനേകം ആളുകൾ ചൊവ്വയിലേക്കുള്ള ബോർഡിങ് പാസ് സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴും ഈ ബോർഡിങ് പാസ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
https://mars.nasa.gov/participate/send-your-name/find എന്ന ലിങ്കിൽ ചെന്ന് പേരും മറ്റു വിവരവും കൊടുത്താൽ ബോർഡിങ് പാസ്സ് കിട്ടും. നേരത്തേ രജിസ്റ്റർ ചെയ്തവർക്കേ കിട്ടൂ എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

---നവനീത്...
പോസ്റ്റ് ലിങ്ക്: https://www.nscience.in/2020/07/placard-commemorating-send-your-name-to.html