![]() |
| ശുക്രൻ കടപ്പാട്: JAXA/ISAS/Akatsuki Project Team |
സൗരയൂഥത്തിൽ ഒരു നരകമുണ്ടെങ്കില്‍ അത് ശുക്രനിലാണ് എന്നൊരു ചൊല്ലുണ്ട്. അത്രയും ചൂടാണവിടെ. 400ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ചൂട്. ജീവൻ നിലനിൽക്കാൻ ഒരു സാധ്യതയും ഇല്ലാത്ത ഒരിടം. പക്ഷേ അവിടെയും ജീവനുണ്ടാകാം എന്നു പ്രഖ്യാപിച്ചിരിക്കുന്നു നമ്മുടെ ശാസ്ത്രജ്ഞര്‍!
ഭൂമിയിൽ സൂക്ഷ്മജീവികൾ ഉണ്ടാക്കന്ന ഒരു വാതകമുണ്ട്. ഫോസ്ഫൈൻ എന്നു പറയും. ഒരു ഫോസ്ഫറസ് ആറ്റവും മൂന്ന് ഹൈഡ്രജൻ ആറ്റവും ചേര്‍ന്ന ഒരു വാതകം. ഈ വാതകത്തെയാണ് ശുക്രന്റെ അന്തരീക്ഷത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഫോസ്ഫൈൻ ഉണ്ടെങ്കില്‍ അതിനു കാരണം ഏതെങ്കിലും തരത്തിലുള്ള സൂക്ഷ്മജീവികൾ ആവാൻ സാധ്യതയില്ലായ്കയില്ല! ഭൂമിയിൽ പരീക്ഷണശാലകളെ മാറ്റിനിർത്തിയാൽ ജീവികളാണ് ഫോസ്ഫൈൻ ഉത്പാദിപ്പിക്കുന്നത്. ശുക്രാന്തരീക്ഷത്തിലെ മുകൾപാളികളിലാണ് ഫോസ്ഫേന്‍ കണ്ടെത്തിയിട്ടുള്ളത്. അതും വളരെക്കുറഞ്ഞ (നൂറുകോടിയിൽ ഇരുപത് എന്ന നിലയിൽ) തോതിലും . അന്തരീക്ഷത്തിന്റെ മുകൾപാളികളിൽ വസിക്കുന്ന ഏതെങ്കിലും തരത്തിലുള്ള സൂക്ഷ്മജീവികളാണോ ഇതിനു കാരണം എന്നാണ് സന്ദേഹം!
![]() |
| ഫോസ്ഫൈൻ തന്മാത്ര. കടപ്പാട്: ESO/M.Kornmesser/L.Calcada/Nasa |
ജീവന്‍ നിലനില്‍ക്കാൻ ഒട്ടും സാധ്യതയില്ല എന്നു കരുതുന്നിടത്തുപോലും ജീവന്‍ അന്വേഷിക്കുന്നവരാണ് ആസ്ട്രോബയോളജിസ്റ്റുകൾ! ജീവനുണ്ടാകാൻ എന്തെങ്കിലും വിദൂരസാധ്യത കണ്ടാല്‍ ഉടൻ അതിന്റെ പുറകേ പോവും അവർ. അതിനാൽ ശുക്രനിൽ ഫോസ്ഫൈൻ കണ്ടെത്തിയതിന്റെ പുറകെയാവും ഇനി കുറെക്കാലം അവർ.
ഹവായിയിലെ ജയിംസ് ക്ലാർക്ക് മാക്സ്‍വെല്‍ ടെലിസ്കോപ്പ്, ചിലിയിലെ അറ്റക്കാമ ലാർജ് മില്ലമീറ്റർ അറേ ടെലിസ്കോപ്പ് എന്നിവ ഉപയോഗിച്ചാണ് ഫോസ്ഫൈൻ സാന്നിദ്ധ്യം കണ്ടെത്തിയതും സ്ഥീരീകരിച്ചതും. നേച്ചർ ആസ്ട്രോണമി മാസികയിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ജ്യോതിശ്ശാത്രജ്ഞനായ ജെയിൻ ഗ്രീവ്സും സഹശാസ്ത്രജ്ഞരും ചേര്‍ന്നായിരുന്നു പഠനം.
രസകരമാണ് ശുക്രന്റെ കാര്യം. സൗരയൂഥത്തിലെ ഏറ്റവും ചൂടു കൂടിയ ഗ്രഹം. കാര്‍ബൺ ഡയോക്സൈഡിന്റെ അളവ് അന്തരീക്ഷത്തില്‍ ഏറെ കൂടുതലാണ്. 96ശതമാനത്തോളം. മാത്രമല്ല ഭൂമിയെക്കാള്‍ ഏറെയേറെ കട്ടിയേറിയ അന്തരീക്ഷവും. അതിനാൽ ശുക്രനിലേക്കെത്തുന്ന സൂര്യപ്രകാശം ശുക്രനിലെ അന്തരീക്ഷത്തില്‍ കുടുങ്ങിക്കിടക്കും. ഗ്രീന്‍ ഹൗസ് ഇഫക്റ്റ് എന്ന പ്രതിഭാസം! അതിനാല്‍ 400ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ് ചൂട്.
ചൂടും അന്തരീക്ഷവും മാറ്റിനിര്‍ത്തിയാൽ ഏതാണ്ട് ഭൂമിയോട് സമാനമാണ് ശുക്രൻ. വലിപ്പവും ഭാരവും സാന്ദ്രതയും ഗ്രാവിറ്റിയും ഒക്കെ ഏതാണ്ട് ഭൂമിയ്ക്കു സമാനം.
നേച്ചര്‍ ആസ്ട്രോണമിയിൽ വന്ന പ്രബന്ധം വായിക്കാം: https://www.nature.com/articles/s41550-020-1174-4.pdf
Greaves, J.S., Richards, A.M.S., Bains, W. et al. Phosphine gas in the cloud decks of Venus.
Nat Astron (2020). https://doi.org/10.1038/s41550-020-1174-4
പോസ്റ്റ് ലിങ്ക്: https://www.nscience.in/2020/09/life-on-venus-phosphine.html

