ബെന്നു എന്ന ഛിന്നഗ്രഹത്തിൽ വെസ്റ്റ എന്ന ഛിന്നഗ്രഹത്തിൽനിന്നുള്ള കല്ലുകൾ കണ്ടെത്തി!

ബെന്നു എന്ന ഛിന്നഗ്രഹത്തിൽ വെസ്റ്റ എന്ന ഛിന്നഗ്രഹത്തിൽനിന്നുള്ള കല്ലുകൾ കണ്ടെത്തി!

ഒരു കുഞ്ഞു ഛിന്നഗ്രഹമാണ് ബെന്നു. അര കിലോമീറ്ററോളം മാത്രം വലിപ്പം. 150 വർഷങ്ങൾക്കുശേഷം ഇത് ഭൂമിയിൽ ഇടിക്കാനും സാധ്യതയുണ്ട്.  500കിലോമീറ്ററോളം വലിപ്പമുള്ള ഛിന്നഗ്രഹമാണ് വെസ്റ്റ. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ആസ്ട്രോയിഡ് ബെൽറ്റിലെ അംഗം. രണ്ടു ഛിന്നഗ്രഹങ്ങളെക്കുറിച്ചു പഠിക്കാനും നമ്മൾ പേടകങ്ങൾ അയച്ചിട്ടുണ്ട്. അതിൽ ഒസിരിസ്-റെക്സ് എന്ന പേടകം ഇപ്പോഴും ബെന്നുവിനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണ്. ബെന്നുവിൽനിന്ന് കല്ലും മണ്ണം ശേഖരിക്കണം. എന്നിട്ട് ഭൂമിയിലേക്ക് തിരിച്ചുവരണം. അതാണ് പേടകത്തിന്റെ ലക്ഷ്യം.

പിറക്സീൻ എന്ന ധാതു ഉള്ള കല്ലുകൾ വെളുത്തനിറത്തിൽ.
ചിത്രത്തിനു കടപ്പാട്: NASA/Goddard/University of Arizona

ബെന്നുവിന്റെ ഇഷ്ടംപോലെ ഫോട്ടോകൾ ഒസിരിസ്-റെക്സ് പകർത്തുന്നുണ്ട്. ഇങ്ങനെ കഴിഞ്ഞ വർഷം പകർത്തിയ ഫോട്ടോയിൽ ചില അസ്വഭാവികതകൾ ഗവേഷകർ കണ്ടെത്തിയിരുന്നു. ഉപരിതലത്തിലെ ചില കല്ലുകൾക്കു മാത്രം വളരെയധികം തിളക്കം. പശ്ചാത്തലത്തിലെ കല്ലുകളിൽനിന്ന് പത്ത് ഇരട്ടിയോളം തിളക്കം! 

ശാസ്ത്രജ്ഞർ വെറുതെയിരുന്നില്ല. ഒരിസിക്സ്-റെക്സിലെ സ്പെക്ട്രോമീറ്ററുകൾ ഉപയോഗിച്ച് ഈ കല്ലുകളെ പഠിച്ചു. പിറക്സീൻ എന്ന ധാതുവാണ് ഈ കല്ലിലുള്ളത്. ഇത് ഇത്തരം ചെറുഛിന്നഗ്രഹങ്ങളിൽ കാണേണ്ടവയല്ല. വളരെ ഉയർന്ന ചൂടിൽ പാറക്കല്ലുകൾ ഉരുകിയാണ് ഇവ ഉണ്ടാവുക. അത്തരമൊരു സാധ്യത എന്തായാലും ബന്നുവിൽ ഇല്ല. പിന്നെയൊരു സാധ്യത മറ്റെന്തെങ്കിലും വന്നിടിച്ച് വളരെ ഉയർന്ന താപനില ഉണ്ടാവണം. പക്ഷേ അത്രയും ഉയർന്ന താപനില ഉണ്ടാവാനുള്ള കൂട്ടിയിടി ആണേൽ ബെന്നു തകർന്നുപോവും. അതിനാൽ ആ സാധ്യതയും ഇല്ല! 

വെസ്റ്റ എന്ന ഛിന്നഗ്രഹത്തിൽ ഇത്തരം ധാതുക്കൾ ഇഷ്ടംപോലെയുണ്ട്. 500കിലോമീറ്ററോളം വലിപ്പമുള്ള ഈ ഛിന്നഗ്രഹത്തിന്റെ രൂപീകരണസമയത്തോ മറ്റെന്തെങ്കിലും വന്ന് ഇടിച്ചോ പിറക്സീൻ ഉണ്ടാവാം. ഇനിയെങ്ങാനും വെസ്റ്റയിൽ ഉള്ള പിറക്സീൻ ബെന്നുവിൽ എത്തിയതാണോ? അങ്ങനെയായി ഗവേഷകരുടെ ചിന്ത! വെസ്റ്റോയിഡ്സ് എന്ന ചെറു പാറക്കല്ലുകൾ ഉണ്ട്. വെസ്റ്റയിൽ മറ്റേതെങ്കിലും പാറക്കല്ലുകൾ വന്ന് ഇടിക്കുമ്പോൾ അതിൽനിന്ന് തെറിച്ചുപോകുന്ന പാറക്കല്ലുകൾ. അവയിൽ പിറോക്സീൻ കാണാം. ഇങ്ങനെയുള്ള വെസ്റ്റോയിഡുകളിൽ ചിലത് ബെന്നുവിൽ എത്താനുള്ള സാധ്യതയാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഛിന്നഗ്രഹങ്ങളുടെ ഓർബിറ്റിന് അത്ര സ്ഥിരതയൊന്നുമില്ല. മറ്റു ഗ്രഹങ്ങളുടെയും ഛിന്നഗ്രഹങ്ങൾ തമ്മിൽ തമ്മിലും ഉള്ള ഗുരുത്വാകർഷണം മൂലം ഓർബിറ്റിന് ചെറിയ വ്യത്യാസമൊക്കെ വരാം. അങ്ങനെയെന്തെങ്കിലും സംഭവിച്ച് പിറോക്സീൻ ബെന്നുവിൽ എത്തിയതാവണം. 

നേച്ചർ ആസ്ട്രോണമി ജേണലിൽ (21/09/2020) പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഈ സാധ്യതയെക്കുറിച്ചു പറഞ്ഞിരിക്കുന്നത്. https://www.nature.com/articles/s41550-020-1195-z


പോസ്റ്റ് ലിങ്ക്: https://www.nscience.in/2020/09/osiris-rex-asteroid-bennu-vesta.html

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് - മൈക്രോസ്കോപ്പ് എന്ന സൂഷ്മദര്‍ശിനി

റിഗോലിത്ത് - ചന്ദ്രനിലെ മണ്ണിന്റെ കഥ - story of regolith