ആദിമസൗരയൂഥം ഭൂമിയിലെത്തി! samples from asteroid Ryugu have been brought to Earth by the Hayabusa2 mission

 ആദിമസൗരയൂഥം ഭൂമിയിലെത്തി!


സൗരയൂഥം ഭൂമിയിലെത്തി എന്നു കേട്ടാൽ അത്ഭുതപ്പെടേണ്ടതില്ല. ആറു വർഷങ്ങൾക്കു മുൻപാണ് ജപ്പാന്റെ ബഹിരാകാശ ഏജൻസിയായ ജാക്സയുടെ ഹയാബുസ ത്സു( Hayabusa2) എന്ന ദൗത്യം വിക്ഷേപിക്കപ്പെടുന്നത്. ഡ്യൂ-യ്-ഗു (Ryugu) എന്നു പേരിട്ട ഒരു ഛിന്നഗ്രഹത്തിലേക്കായിരുന്നു ഹയാബുസയുടെ യാത്ര. അവിടെയെത്തി ഛിന്നഗ്രഹത്തിന്റെ ഒരു തരി മണ്ണും പൊടിയും ശേഖരിച്ച് ഭൂമിയിലേക്കു തിരിച്ചെത്തുക. അതായിരുന്നു ദൗത്യം. കഴിഞ്ഞ ദിവസം ആ ചരിത്രദൗത്യവും പൂർത്തീകരിച്ച് ഹയാബുസ ഭൂമിയിൽ തിരിച്ചെത്തി. സൗരയൂഥരൂപീകരണസമയത്തെ പാറക്കല്ലുകളിലൊന്നാണ് ഡ്യൂ-യ്-ഗു എന്നാണു കരുതപ്പെടുന്നത്. നൂറുകണക്കിനു കോടി വർഷങ്ങളായി മാറ്റമൊന്നുമില്ലാതെ തുടരുന്ന ഇടം. ആ സാംപിൾ കിട്ടുക എന്നാൽ ആദിമസൗരയൂഥത്തെ തൊടുക എന്നാണ് അർത്ഥം. അതാണ് ഹയാബുസ-ത്സു നേടിയെടുത്തിരിക്കുന്നത്. 

ഇന്നലെ ആസ്ട്രേലിയയിലെ വൂമെരാ എന്നയിടത്താണ് ഹയാബുസയിലെ സാംപിൾ കാപ്സൂൾ ലാൻഡ് ചെയ്തത്. പാരച്യൂട്ടുകളും മറ്റും ഉപയോഗിച്ച് അതിസങ്കീർണ്ണമായ ലാൻഡിങ് ആണ് വിജയകരമായി നടന്നത്. 40സെ.മീ വലിപ്പം വരുന്ന പെട്ടിയിലാണ് ഛിന്നഗ്രഹത്തിലെ സാംപിൾ ശേഖരിച്ചിരിക്കുന്നത്.   പ്രാഥമികപരിശോധനകൾക്കുശേഷം സാംപിൾ ആസ്ട്രേലിയയിൽനിന്ന് ജപ്പാനിലേക്ക് എത്തിക്കും. 

ജപ്പാന്റെ മാത്രമല്ല, നാസയുടെ ഒസിരിസ്-റെക്സ് എന്ന പേടകവും ഇതേപോലൊരു ദൗത്യവുമായി സൗരയൂഥത്തിലുണ്ട്. ബെന്നു എന്നു പേരുള്ള ഛിന്നഗ്രഹത്തിൽനിന്ന് കഴിഞ്ഞ ഒക്ടോബർ 20 സാംപിളും ശേഖരിച്ച് തിരികെ വന്നുകൊണ്ടിരിക്കുകയാണ് ഒസിരിസ് റെക്സ്. രണ്ടു ദൗത്യങ്ങളും ശേഖരിച്ച സാംപിളുകൾ വിശകലനം ചെയ്താൽ സൗരയൂഥാരംഭത്തെക്കുറിച്ച് കൂടുതൽ വിവരം നമുക്കു ലഭിച്ചേക്കും. ഈ സാംപിളുകളുടെ ഒരു ഭാഗം ഇരു രാജ്യങ്ങളും പരസ്പരം കൈമാറാനും ശ്രമിക്കുന്നുണ്ട്. പരസ്പരസഹകരണത്തോടെ നമ്മുടെ സ്വന്തം സൗരയൂഥത്തെക്കുറിച്ചു പഠിക്കുക. 

ജപ്പാനിലെ കൊച്ചി സർവ്വകലാശാല അടക്കം നിരവധി സ്ഥാപനങ്ങൾ ഈ ദൗത്യത്തിൽ പങ്കാളികളാണ്. 


ചിത്രത്തിനു കടപ്പാട്: Japan Aerospace Exploration Agency (JAXA); ONC team (image credit): JAXA, University of Tokyo, Kochi University, Rikkyo University, Nagoya University, Chiba Institute of Technology, Meiji University, University of Aizu, AIST.


പോസ്റ്റ് ലിങ്ക്: https://www.nscience.in/2020/12/samples-from-asteroid-ryugu-have-been.html

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് - മൈക്രോസ്കോപ്പ് എന്ന സൂഷ്മദര്‍ശിനി

റിഗോലിത്ത് - ചന്ദ്രനിലെ മണ്ണിന്റെ കഥ - story of regolith