ചൊവ്വയിൽ പരിണാമസിദ്ധാന്തം - evolution on color calibration disk - perseverance


ചൊവ്വയിൽ പരിണാമസിദ്ധാന്തം!
പെർസിവിയറൻസിൽ പരിണാമസിദ്ധാന്തം! ക്യാമറയുടെ കളർ കാലിബറേഷനുവേണ്ടി തയ്യാറാക്കിയ ഡിസ്കിലാണ് പരിണാമസിദ്ധാന്തം ചിത്രീകരിച്ചുവച്ചിരിക്കുന്നത്. ഭൂമിയിലുള്ളവരോ പഠിക്കുന്നില്ല, എന്നാപ്പിന്നെ ചൊവ്വേലുള്ളവരെങ്കിലും പരിണാമസിദ്ധാന്തം പഠിച്ചോട്ടേ എന്നാവും നാസ ഉദ്ദേശിക്കുന്നത്. രണ്ടു ലോകം, ഒരേ തുടക്കം എന്ന മെസേജ് ആണ് ഡിസ്കിന്റെ മുകളിൽ കൊടുത്തിരിക്കുന്നത്. ചൊവ്വയിലും ഭൂമിയിലും ഒരേസമയം ജീവൻ ഉടലെടുത്തിരുന്നോ എന്ന മുൻവിധി ഇതിലില്ലേ എന്നൊരു സംശയവും ഉണ്ടേ!

രേഖാചിത്രങ്ങൾ നോക്കാം!

സൂര്യനു ചുറ്റും കറങ്ങുന്ന ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ എന്നീ ഗ്രഹങ്ങളാണ് ആദ്യചിത്രം. അവയുടെയൊക്കെ സ്ഥാനം വെറുതേ അങ്ങ് വരച്ചുവച്ചതല്ല. 2020 ജൂലൈയിൽ പെർസിവിയറൻസ് വിക്ഷേപിക്കുന്ന സമയത്ത് ഉള്ള സ്ഥാനമാണ് ഈ രേഖാചിത്രത്തിലും. ചൊവ്വയുടെ സ്ഥാനം മാത്രം അല്പം വ്യത്യാസമുണ്ട്. ഈ മാസം ചൊവ്വ നിൽക്കുന്ന സ്ഥാനമാണത്. 

ഡി എൻ എ - ജനിതകഘടനയെ ചിത്രീകരിച്ചരിക്കുന്നു. ചൊവ്വയിലും ഭൂമിയിലും ഒരേ സമയത്താണോ ജീവൻ ഉടലെടുത്തത് എന്ന സംശയവും ഈ ചിത്രത്തിനു പിന്നിലുണ്ട്. അങ്ങനെയെങ്കിൽ ഏതാണ്ട് ഒരേ തരം ഡി എൻ എ കാണപ്പെടുമോ എന്നുകൂടി അറിയണം. എന്തായാലും അതിനായി കാത്തിരിക്കാം.

ബാക്റ്റീരിയകൾ. സയനോബാക്റ്റീരിയകളെയാണ് അടുത്തതായി ചിത്രീകരിച്ചിരിക്കുന്നത്. പരിണാമത്തിലെ ആദ്യപടി ഇത്തരം ജീവികൾ ആയിരുന്നല്ലോ.

പന്നൽച്ചെടിയുടെ ഇല. ഭൂമിയിൽ ഏറ്റവും കൂടുതൽ കാലം സർവൈവ് ചെയ്ത ചെടികളിലൊന്നാണത്. ചെടികളുടെ കാര്യമെടുത്താലും ആദ്യമായി പരിണമിച്ചവയിൽ പന്നൽച്ചെടികൾക്കുള്ള പ്രാധാന്യം ഒന്നു വേറെയാണ്. 

നമ്മുടെ സ്വന്തം ഡിനോസോർ! പരിണാമത്തിലെ ഏറ്റവും വലിയ ജീവികളിലൊന്ന്. ഒരു യുഗം തന്നെ ഇവരുടെ സ്വന്തമായിരുന്നല്ലോ. 

മനുഷ്യൻ!
(ഓ, നിങ്ങളേം എന്നേം തന്നെ ഉദ്ദേശിച്ചത്!)
പക്ഷേ ഇതിലെ ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട്. ഏതാണ്ട് ഇതേ ചിത്രമാണ് വോയേജറിലെ ഗോൾഡൻ റെക്കോഡിലും ഉള്ളത്. പയനിയർ പേടകത്തിൽ ഉപയോഗിച്ച അതേ ചിത്രം പിന്നീട് വോയേജറിലും ഉപയോഗിച്ചു എന്നേയുള്ളൂ. ഇപ്പോഴിതാ പെർസിവിയറൻസിലും! കൈ വീശിക്കാണിക്കുന്നതിലൊക്കെ ഇച്ചിരി വ്യത്യാസങ്ങൾ ഉണ്ട് കേട്ടോ!

റോക്കറ്റ്
ചൊവ്വയിലേക്കും ചന്ദ്രനിലേക്കും ഒക്കെ ഈ പേടകങ്ങളെ കൊണ്ടുപോയ റോക്കറ്റുകളെക്കുറിച്ചുതന്നെ! പരിണാമത്തിന്റെ അടുത്ത പടി ഇത്തരം റോക്കറ്റുകളിലേറിപ്പോവുന്ന മനുഷ്യരിൽനിന്നാവുമോ എന്ന് ആർക്കറിയാം അല്ലേ!


കഴിഞ്ഞില്ല അത്ഭുതങ്ങൾ!
ഈ കളർ കാലിബ്രേഷൻ ഡിസ്കിന്റെ വശങ്ങളിൽ നിരവധി സന്ദേശങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ഹിന്ദിയിലും ഉണ്ട് ഒരു സന്ദേശം!
പോസ്റ്റ് ലിങ്ക്: https://www.nscience.in/2021/02/evolution-on-color-calibration-disk.html
 

Comments