പുതിയ ചൊവ്വാക്കഥകൾ! ചൊവ്വാപഠനം തുടങ്ങി പേഴ്സിവിയറൻസ്

 പുതിയ ചൊവ്വാക്കഥകൾ!

ചൊവ്വാപഠനം തുടങ്ങി പേഴ്സിവിയറൻസ്


കുറച്ചു മാസങ്ങളായി നമ്മൾ ചൊവ്വയിലെ ഒരു പേടകത്തിനു പിന്നാലെയാണ്. മാർസ് 2020 എന്ന പേഴ്സിവിയറൻസ് റോവർ! തന്റെ ഓരോ ഉപകരണങ്ങളും പ്രവർത്തനസജ്ജമാണോ എന്ന പരിശോധനകളും പരീക്ഷണങ്ങളുമായി തിരക്കിലായിരുന്നു ഇതുവരെ പേഴ്സിവിയറൻസ്. അത്തരം പ്രാഥമികപരിശോധനകൾ മാർസ്2020 പൂർത്തിയാക്കിക്കഴിഞ്ഞിട്ടുണ്ട്. അതെല്ലാം തൃപ്തികരമാണ് എന്നു ബോധ്യപ്പെട്ടതോടെ തന്റെ യഥാർത്ഥ ദൗത്യത്തിലേക്ക് കടന്നിരിക്കുകയാണ് ഈ വാഹനം.


ചൊവ്വയിൽ സയൻസ് പരീക്ഷണങ്ങൾ നടത്തുക. അവയുടെ വിവരം ഭൂമിയിലേക്ക് അയയ്ക്കുക. ഇനിയുള്ള ദിവസങ്ങളിൽ ഇതിനായിരിക്കും പേഴ്സിവിയറൻസ് മുൻഗണന കൊടുക്കുക. പണ്ട് വലിയൊരു തടാകമായിരുന്നു എന്നു കരുതുന്ന ഇടത്തിലാണ് പേഴ്സി ഇറങ്ങിയിരിക്കുന്നത്. ഈ പുരാതന തടാകം എപ്പോൾ രൂപപ്പെട്ടു? എത്രകാലം അതു നിലനിന്നിരുന്നു? എപ്പോഴാണ് ഈ തടാകം വറ്റിപ്പോയത്? തുടങ്ങിയവയുടെ ഒരു 'ടൈംലൈൻ' മനസ്സിലാക്കലാണ് പ്രധാനം. ഇതു മനസ്സിലാക്കിയിട്ടുവേണം പാറകളുടെയും മറ്റും സാമ്പിളുകൾ ശേഖരിക്കാൻ. അക്കാലത്ത് വൈറസോ ബാക്റ്റീരിയയോപോലെയുള്ള എന്തെങ്കിലും സൂക്ഷ്മജീവികൾ രൂപപ്പെട്ടിരുന്നെങ്കിൽ അവയുടെ ഫോസിലുകളോ സൂചനകളോ ഈ തടാകത്തിലെ പല പാറകളിലും ഉണ്ടാവണം. അങ്ങനെയുള്ളവയുടെ സാമ്പിൾ ശേഖരിച്ചുവേണം ഭൂമിയിലേക്ക് തിരികെ എത്തിക്കാൻ. പക്ഷേ ഏതു പാറയിൽനിന്നാണു സാമ്പിൾ ശേഖരിച്ച് ഭൂമിയിലേക്ക് അയയ്ക്കേണ്ടത് എന്നത് തീരുമാനിക്കപ്പെടേണ്ടതുണ്ട്. ഇതിനുള്ള പഠനങ്ങളിലാണ് ഇപ്പോൾ പേഴ്സിവിയറൻസ്.


മാർസ് 2020 റോവറിന് ഒരു കൈയുണ്ട്. ഒരു റോബോട്ടിക് കൈ! ഇതിന്റെ അറ്റത്ത് ഒരു കൂട്ടം നിരീക്ഷണോപകരണങ്ങളാണ് ഉള്ളത്. അതിൽ പ്രധാനിയാണ് വാട്സൺ എന്ന ക്യാമറ. പാറകളുടെ വളരെ വിശദമായ ചിത്രങ്ങൾ എടുക്കാൻ വാട്സണാവും. പാറകളുടെയും മറ്റും തൊട്ടടുത്തുപോയി ഫോട്ടോ പകർത്താൻ വരെ കഴിയും.

റോവറിന്റെ 'തല' എന്നു വിളിക്കാവുന്ന ഒരു ഭാഗമുണ്ട്. ഏറ്റവും ഉയർന്നു നിൽക്കുന്ന ഒന്ന്. ഇതിൽ മൂന്നു തരം ക്യാമറകൾ ഉണ്ട്. മാസ്റ്റ്കാം-Z എന്ന രണ്ടു ക്യാമറയും സൂപ്പർകാം എന്ന മറ്റൊരു ക്യാമറയും പിന്നെ രണ്ടു നാവിഗേഷൻ ക്യാമറകളും. മാസ്റ്റ്കാം ശരിക്കും മനുഷ്യരുടെ കണ്ണുകൾപോലെയാണ്. ഇടതും വലതുമായി രണ്ടു ക്യാമറകൾ. നല്ല വ്യക്തതയുള്ള ത്രിമാനചിത്രങ്ങൾ പകർത്താൻ ഇതിനാവും. മാത്രമല്ല, വളരെ അകലെയുള്ള വസ്തുക്കളെ 'സൂം' ചെയ്തു നോക്കാനും കഴിയും. ചൊവ്വയുടെ ഉപരിതലത്തിന്റെ ഉയർച്ചതാഴ്ചകളെ നല്ല വിശദമായ പകർത്തുകയാണ് പ്രധാന ലക്ഷ്യം.

സൂപ്പർകാം പേരുപോലെ തന്നെ നല്ല 'സൂപ്പർ' ക്യാമറയാണ്. നല്ലൊരു ലേസർ സംവിധാനം ഇതിനൊപ്പം ഉണ്ട്. പരിശോധിക്കാനുദ്ദേശിക്കുന്ന പാറയിലേക്ക് ഈ ശക്തിയേറിയ ലേസർ പതിപ്പിക്കും. ലേസർ വീഴുന്നിടം ചൂടുകൊണ്ട് അല്പം ബാഷ്പീകരിക്കപ്പെടും. ഇതിനെ സൂം ചെയ്തു പഠിക്കുകയാണ് സൂപ്പർകാം ചെയ്യുക. പാറകളുടെ 'രസതന്ത്രം' മനസ്സിലാക്കാൻ ഇതിലൂടെ കഴിയും.


പേഴ്സിവിയറൻസിനു ചുറ്റുമുള്ള പാറകൾ പ്രധാനമായും രണ്ടു തരം ഉണ്ടാകാം. അവസാദശിലകളും(sedimentary rocks) ആഗ്നേയശിലകളും(Igneous rocks). ഓരോ തരം കല്ലുകൾക്കും ഓരോ കഥയാവും നമ്മളോടു പറയാനുണ്ടാവുക. മണ്ണും മണലും മറ്റും അടിഞ്ഞുണ്ടാകുന്ന അവസാദശിലകളിലാവും ജീവന്റെ അടയാളങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതൽ. അഗ്നിപർവ്വതപ്രവർത്തനങ്ങളുടെ ഫലമായിട്ട് ഉണ്ടാവുന്നവയാണ് ആഗ്നേയശിലകൾ. ഇവയെക്കുറിച്ചുള്ള പഠനം ആ പ്രദേശത്തിന്റെ 'ടൈംലൈൻ' മനസ്സിലാക്കാനാണ് നമ്മെ സഹായിക്കുക.

ചൊവ്വയിലെ കാറ്റ് ഇത്തരം പഠനങ്ങൾക്ക് ഒരു വെല്ലുവിളിയാണ്. പാറകളും മറ്റും നിരന്തരം മണ്ണാൽ മൂടപ്പെട്ടുകൊണ്ടിരിക്കും. താരതമ്യേന പുതിയ മണലോ മണ്ണോ ആവും പാറയ്ക്കു മുകളിൽ ഉണ്ടാവുക. ഭൂമിയിലാണെങ്കിൽ ആ പാറ പൊട്ടിച്ചുനോക്കിയാൽ നമുക്ക് അതിന്റെ പഴക്കവും മറ്റും മനസ്സിലാക്കാനാവും. എന്നാൽ ചൊവ്വയിൽ പാറ പൊട്ടിച്ചു പഠിക്കാനുള്ള സംവിധാനം പേഴ്സിവിയറൻസിൽ ഇല്ല! അതിനു പകരം മറ്റൊരു സൂത്രമാണ് അവിടെ ഉപയോഗിക്കുക. പഠിക്കേണ്ട പാറയെ ബ്രഷ് പോലെയുള്ള ഒരു ഉപകരണമുപയോഗിച്ച് രാകിമിനുക്കും. അതോടെ പാറയുടെ അകത്തെ ഘടന തെളിഞ്ഞുവരും. ശേഷം റോബോട്ടിക് കൈയിലെ  PIXL (Planetary Instrument for X-ray Lithochemistry), SHERLOC (Scanning for Habitable Environments with Raman & Luminescence for Organics & Chemicals)  എന്നീ രണ്ടു ഉപകരണങ്ങളുടെ സഹായത്തോടെ പാറയെക്കുറിച്ച് വിശദമായി പഠിക്കാം.

ഇങ്ങനെ നിരവധി പാറകളെക്കുറിച്ചാണ് മാർസ് 2020 പഠിക്കാൻ പോവുന്നത്. അനുയോജ്യമായ പാറ കണ്ടെത്തിയാൽ അതിന്റെ സാമ്പിൾ ശേഖരിച്ച് ഭൂമിയിലേക്ക് അയയ്ക്കാനായി മാറ്റിവയ്ക്കും. ചൊവ്വയിൽ ഒരിക്കൽ ജീവനുണ്ടായിരുന്നോ എന്ന പഠനമാണ് മാർസ് 2020 യുടെ പ്രധാന ദൗത്യം. പാറകളെക്കുറിച്ചും മറ്റുമുള്ള ഈ വിശദമായ പഠനം അതിനു സഹായിക്കും എന്നുറപ്പാണ്.


ആറു തവണ പറന്ന് മാർസ് ഹെലികോപ്റ്റർ!

ചൊവ്വയിലെത്തിയ അത്ഭുതമായിരുന്നു ഇൻജന്യൂയിറ്റി എന്ന മാർസ് ഹെലികോപ്റ്റർ. ജിന്നി എന്ന ഓമനപ്പേരുള്ള ഈ ഹെലികോപ്റ്റർ ഇതുവരെ ആറു തവണ ചൊവ്വയിൽ പറന്നു കഴിഞ്ഞു. ഭൂമിയിലെ നൂറിലൊന്നുമാത്രം അന്തരീക്ഷമുള്ള ചൊവ്വയിൽ ഒരു ഹെലികോപ്റ്റർ പറപ്പിക്കുക എന്നത് 'സാധ്യമാണ്' എന്ന് ജിന്നി തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. ഓരോ തവണ പറന്നപ്പോഴും കൂടുതൽ ദൂരത്തിലും ഉയരത്തിലും പറക്കാൻ ഈ കുഞ്ഞു ഡ്രോണിനായി. ഇനിയിപ്പോൾ അടുത്ത പറക്കലുകളിൽ അതിലും കൂടുതൽ ദൂരം താണ്ടാനും ചൊവ്വോപരിതലത്തിന്റെ ത്രിമാനചിത്രം പകർത്താനുമാവും മാർസ് ഹെലികോപ്റ്റർ ശ്രമിക്കുക. പേഴ്സിവിയറൻസിന്റെ നാവിഗേഷന് ഈ ത്രിമാനചിത്രങ്ങൾ പ്രയോജനപ്പെടുത്താം എന്നാണു പ്രതീക്ഷ. അഞ്ചു തവണ പറന്നതും പേഴ്സിവിയറൻസിലെ ക്യാമറകൾ ഒപ്പിയെടുത്തിരുന്നു. ആറാമത്തേതിൽ അതുണ്ടായില്ല. അടുത്ത പറക്കലുകളിലും ഈ ചിത്രീകരണം ഉണ്ടാവണമെന്നില്ല. മാത്രമല്ല പേഴ്സിവിയറൻസ് തന്റെ സയൻസ് പരീക്ഷണങ്ങളിലേക്കു കടന്നതിനാൽ ജിന്നിയുടെ പറക്കലുകളും ഇനി ഇടയ്ക്കിടെ മാത്രമേ ഉണ്ടാവൂ.


ചൈനയും ചൊവ്വയിൽ!

ഇതുവരെ അമേരിക്കയുടെ റോവറുകൾ മാത്രമേ ചൊവ്വയിൽ വിജയകരമായി സഞ്ചരിച്ചിട്ടുള്ളൂ. പാത്ത്ഫൈൻഡർ ദൗത്യത്തിലെ സോജേണർ എന്ന റോവറിൽ തുടങ്ങിയ ആ കഥ സ്പിരിറ്റ്, ഓപ്പർച്യുണിറ്റി, ക്യൂരിയോസിറ്റി എന്നിങ്ങനെ ഇപ്പോൾ പേഴ്സിവിയറൻസിൽ എത്തി നിൽക്കുന്നു. മറ്റു പല രാജ്യങ്ങളും ചൊവ്വയിൽ ഇറങ്ങാൻ ശ്രമിച്ചെങ്കിലും അവ പരാജയപ്പെട്ടിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ദിവസം ചൈന ആ കഥ തിരുത്തിക്കുറിച്ചു. ചൈനീസ് നാഷണൽ സ്പേസ് ഏജൻസിയുടെ ഷുറോങ് എന്ന റോവർ വിജയകരമായി ചൊവ്വയിൽ സഞ്ചരിച്ചു! ടിയാൻവെൻ -1 എന്ന ഈ ദൗത്യം അതിന്റെ ആദ്യശ്രമത്തിൽത്തന്നെ വിജയകരമായി ചൊവ്വയിൽ ഇറങ്ങി. 

ചൊവ്വയെ ചുറ്റിക്കറങ്ങുന്ന ഒരു ഓർബിറ്റർ, ചൊവ്വയിൽ ഇറങ്ങുന്ന ലാൻഡർ, ചൊവ്വയിൽ സഞ്ചരിക്കുന്ന റോവർ എന്നിവ ഉൾപ്പെടുന്ന ദൗത്യമാണിത്. ഷുറോങ് എന്നാണ് റോവറിന്റെ പേര്. പേഴ്സിവിയറൻസിനെയും ക്യൂരിയോസിറ്റിയെയുംപോലെ അത്ര മികവുറ്റതൊന്നും അല്ലെങ്കിലും ഷുറോങും ഒരു സഞ്ചാരി തന്നെയാണ്! ഒരു നീലപ്പൂമ്പാറ്റ! ഷുറോങ് റോവറിനെ കണ്ടാൽ ഏതാണ്ട് അങ്ങനെയിരിക്കും. ആറു ചക്രങ്ങളുള്ള, മുകളിൽ നിറയെ സോളാർപാനലുകളുള്ള ഒരു വാഹനം. അത്യാവശ്യം ക്യാമറകളും മറ്റു സയൻസ് ഉപകരണങ്ങളും ഉണ്ട്. പാറകളും മണ്ണും പരിശോധിക്കുക, ഉപരിതലത്തിന് അടിയിൽ ഐസ് ഉണ്ടോ എന്നു കണ്ടെത്തുക, ചൊവ്വയിലെ ദിനാവസ്ഥ(weather) നിരീക്ഷിക്കുക, കാന്തികമണ്ഡലത്തെക്കുറിച്ചു പഠിക്കുക തുടങ്ങിയവയാണ് സയൻസ് ഉപകരണങ്ങളുടെ ജോലി. ചൈനയുടെ ഷുറോങ് ഇറങ്ങുന്ന ഇടത്തിന്റെ പേര് നല്ല രസമാണ്. ഉട്ടോപ്യ പ്ലാനിഷ്യ! ചെറിയ ഇടമൊന്നുമല്ലാട്ടോ. 3300 കിലോമീറ്റർ വ്യാസമുള്ള ഒരു ഇടം. അതിൽ ഒരിടത്താവും ഷുറോങിന്റെ ദൗത്യം. വൈക്കിങ് 2 ലാൻഡർ ഇറങ്ങിയതും ഇതേ പ്രദേശത്താണ്.

(ദേശാഭിമാനിയുടെ 2021 മേയ് 31 കിളിവാതിലിൽ പ്രസിദ്ധീകരിച്ചത് )

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് - മൈക്രോസ്കോപ്പ് എന്ന സൂഷ്മദര്‍ശിനി