പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു



നാലുവർഷം നീണ്ട ഒറ്റ നിൽപ്പ്. നിന്ന നിൽപ്പിൽ ചെയ്തുകൂട്ടിയ പരാക്രമങ്ങൾ. എടുത്ത ഫോട്ടോകൾ. കേട്ടറിഞ്ഞ കുലുക്കങ്ങൾ... അങ്ങനെ ഒത്തിരിയുണ്ട് ഇൻസൈറ്റിനു പറയാൻ. പക്ഷേ നാലു വർഷത്തെ ഈ ദൗത്യത്തിന് അവസാനമാകുകയാണ്. ഇനിയൊരിക്കലും കണ്ണുതുറക്കാൻ കഴിയാത്തവിധം ഇൻസൈറ്റിലെ ഊർജ്ജോത്പാദനം നിലയ്ക്കുകയാണ്.

2018 നവംബറിലാണ് ഇൻസൈറ്റ് പേടകം ചൊവ്വയിലെത്തുന്നത്. Interior Exploration using Seismic Investigations, Geodesy and Heat Transport എന്നായിരുന്നു ഇദ്ദേഹത്തിന്റെ മുഴുവൻ പേര്. ചൊവ്വയും ഭൂമിയും ചന്ദ്രനുമെല്ലാം രൂപപ്പെട്ടത് ഏതാണ്ട് ഒരേ കാലയളവിൽ ആണെന്നാണ് കരുതുന്നത്. എന്നാൽ കാലാന്തരത്തിൽ ഇവരുടെ പരിണാമം വ്യത്യസ്തമായിരുന്നു. ഓരോ ഗോളവും വ്യത്യസ്തരീതിയിലായിരുന്നു സ്വന്തം ഉള്ളും അന്തരീക്ഷവും മാറ്റിക്കൊണ്ടിരുന്നത്. ഒരേ കാലഘട്ടത്തിൽ രൂപപ്പെട്ടിട്ടും എന്തുകൊണ്ടാണ് വ്യത്യസ്തരീതികളിൽ പരിണമിച്ചത് എന്ന ചോദ്യത്തിന് ഉത്തരം തേടിയാണ് ഇൻസൈറ്റ് ചൊവ്വയിലെത്തിയത്. അതിനായി ചൊവ്വയുടെ ഉള്ളിനെക്കുറിച്ച് ആഴത്തിൽ പഠിക്കണം. ഭൂകമ്പത്തിനു സമാനമായി ചൊവ്വയിലുണ്ടാകുന്ന കുലുക്കങ്ങളെക്കുറിച്ചു പഠിക്കണം. ചൊവ്വയുടെ ഉൾക്കാമ്പ്, മാന്റിൽ, പുറംപാളി എന്നിവയുടെ വലിപ്പവും ഘടനയും അളക്കണം.
ഈ പഠനങ്ങളെല്ലാം തന്നെക്കൊണ്ടു കഴിയുംവിധം പൂർത്തിയാക്കിയ ശേഷമാണ് ഇൻസൈറ്റ് കണ്ണടയ്ക്കുന്നത്.
2008ൽ ചൊവ്വയിലിറങ്ങിയ ഫീനിക്സ് എന്ന ദൗത്യത്തിന്റെ കൂടുതൽ ആധുനികമായ പതിപ്പായിരുന്നു ഇൻസൈറ്റ് എന്നു പറയാം. ചൊവ്വയിലേക്കുള്ള ഇൻസൈറ്റിന്റെ യാത്രയിൽ പക്ഷേ രണ്ടു സഹയാത്രികർകൂടി ഉണ്ടായിരുന്നു. മാർകോ എന്നു പേരുള്ള രണ്ട് കുഞ്ഞു പേടകങ്ങൾ. ഈവ് എന്നും വാൾ-ഇ എന്നുമായിരുന്നു വിളിപ്പേരുകൾ. ഇൻസൈറ്റിനൊപ്പം വന്നെങ്കിലും ഇവർ പക്ഷേ ചൊവ്വയിലിറങ്ങിയില്ല. പകരം ഇൻസൈറ്റിനെ ചൊവ്വയിലിറങ്ങാൻ സഹായിക്കുകയാണു ചെയ്തത്. ദൗത്യമെല്ലാം അവസാനിപ്പിച്ചശേഷം അവരിപ്പോൾ സൂര്യനു ചുറ്റും സഞ്ചരിച്ചുകൊണ്ടേയിരിക്കുകയാണ്. അനന്തമായി ഉറക്കത്തിൽ നിലയ്ക്കാത്ത സഞ്ചാരം.
ഇരുപത്തിനാലുലക്ഷം പേരുടെ പേരുകൾ കൊത്തിയ രണ്ട് ചിപ്പുകൾ ഇൻസൈറ്റിന്റെ കൂടെ ഉണ്ടായിരുന്നു. കൃത്യമായി പറഞ്ഞാൽ 2429807 പേരുടെ പേരുകൾ. വെറും എട്ട് ചതുരശ്രമില്ലിമീറ്റര് മാത്രം വലിപ്പമുള്ള സിലോക്കോണ് ചിപ്പില് ഇലക്ട്രോണ്ബീം ഉപയോഗിച്ചാണ് ചെറിയ അക്ഷരത്തില് പേരുകള് എഴുതിയിരിക്കുന്നത്. ഒരു മുടിനാരിന്റെ പതിനായിരത്തിലൊന്നു വലിപ്പം മാത്രമായിരുന്നു അക്ഷരത്തിനുണ്ടായിരുന്നത്.
ഭൂമിയിലും ഉണ്ടായിരുന്നു ഇൻസൈറ്റിന്റെ ഒരു അപരപേടകം. ഫോർസൈറ്റ് എന്നായിരുന്നു ഇതിന്റെ പേര്. ചൊവ്വയിലേതുപോലെയുള്ള അന്തരീക്ഷം ഉണ്ടാക്കി അവിടെയാണ് ഫോർസൈറ്റിനെ താമസിപ്പിച്ചിരുന്നത്. ഇൻസൈറ്റ് അവിടെ ചൊവ്വയിൽ ചെയ്യാനുള്ള ജോലികളെല്ലാം ഫോർസൈറ്റ് അതിനു മുന്നേ ഇവിടെ ഭൂമിയിൽ ചെയ്തു പരിശീലിച്ചിരുന്നു. ആ ഡാറ്റ വിശകലനം ചെയ്താണ് ഇൻസൈറ്റിനോട് ജോലി ചെയ്യാനുള്ള നിർദ്ദേശങ്ങൾ എൻജിനീയർമാർ നൽകിയിരുന്നത്. ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിച്ചാൽ ഫോർസൈറ്റിനെയും ഗവേഷകർ പാക്ക് ചെയ്യും. പിന്നീടത് ഒരു മ്യൂസിയം വസ്തുവായി സൂക്ഷിക്കപ്പെടും.
പൊടിക്കാറ്റാണ് ഇൻസൈറ്റിനെ നിർബന്ധിതവിരമിക്കലിനു പ്രേരിപ്പിച്ചത്. വന്നിറങ്ങിയപ്പോഴും ഇപ്പോഴും ഉള്ള സെൽഫികൾ പരിശോധിച്ചാൽ ഈ വ്യത്യാസം മനസ്സിലാവും. ഊർജ്ജം ഉത്പാദിപ്പിക്കാനുള്ള പാനലുകൾ നിറയെ പൊടിയാണ്. വളരെ വളരെ നേരിയ അളവിൽ മാത്രമാവും അതിൽനിന്ന് വൈദ്യുതി ലഭിക്കുന്നത്.ഇതൊക്കെ കാരണം ഇൻസൈറ്റിന് പ്രവർത്തിക്കാൻ അവശ്യമായ വൈദ്യുതി ലഭ്യമല്ല. ചാർജു ചെയ്യാനും കഴിയുന്നില്ല. 4 വർഷം മുൻപും പിൻപുമുള്ള സെൽഫികളാണ് പോസ്റ്റിനൊപ്പമുള്ളത്. ആദ്യത്തേതും അവസാനത്തേതും എന്നും പറയാം.
എന്തായാലും ഒരു യുഗത്തിന് അവസാനമാവുകയാണ്. ചൊവ്വയുടെ ഉള്ളറകളിലേക്കു കടന്നുകയറിയ പേടകത്തിന്റെ ഡാറ്റയിൽ ഒളിച്ചിരിക്കുന്ന പുതിയ കണ്ടെത്തലുകളാവും ഇനി ഇൻസൈറ്റിനെ ശാസ്ത്രലോകത്തിന്റെ കണ്ണിലുണ്ണിയായി നിലനിർത്തുക.

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!