രണ്ടാം ലോകയുദ്ധകാലം. യുദ്ധം കരയിൽ മാത്രമായിരുന്നില്ല. കപ്പലുകളും മുങ്ങിക്കപ്പലുകളും ടോർപിഡോകളും ചേർന്ന് കടലുകളിലും ഭീതിവിതച്ചുകൊണ്ടിരുന്നു. ശത്രുക്കളുടെ കപ്പലുകൾ തകർക്കാൻ പുതിയ പുതിയ സാങ്കേതികവിദ്യകളും ആയുധങ്ങളും കണ്ടെത്തണം. അതായിരുന്നു ഓരോ രാജ്യത്തിന്റെയും നാവികസേനകളുടെ ലക്ഷ്യം. അക്കാലത്ത് അത്തരം ചില സാങ്കേതികവിദ്യയിൽ നാസിയുടെ ജർമനിയാണു മുന്നിൽ. അവർ പുതുതായി പ്രയോഗിക്കുന്ന ഓരോ ആയുധവും പഠിച്ച് അതിന് പ്രതിരോധം തീർക്കുക എന്നതിനായിരുന്നു സഖ്യകക്ഷികൾ കൂടുതൽ സമയവും ചെലവഴിച്ചിരുന്നത്.
കപ്പലുകളെ തകർക്കാൻ അക്കാലത്ത് ടോർപിഡോകൾ ഉപയോഗിച്ചിരുന്നു. ഒരു കപ്പലിൽനിന്നോ അന്തർവാഹിനിയിൽനിന്നോ അകലെ കിടക്കുന്ന മറ്റൊരു കപ്പലിലേക്കാണ് ടോർപിഡോ അയക്കുന്നത്. കടലിന്റെ കുറെ അടിയിലൂടെയും മുകളിലെ തിരകൾക്കു തൊട്ടുതാഴെയായും സഞ്ചരിക്കുന്ന ടോർപിഡോകൾ ഉണ്ടാക്കാം. അടിയിലൂടെ പോകുന്നവയെ മിക്കവയെയും അയച്ചശേഷം കാര്യമായി നിയന്ത്രിക്കാനാവില്ല. അല്ലെങ്കിൽ നീളമുള്ള വയറുകളും മറ്റും ഉപയോഗിക്കേണ്ടിവരും. മാത്രമല്ല, കപ്പലിനോട് വളരെ അടുത്തുപോയിട്ടുവേണം ഇത് അയക്കാനും.
കടലിന്റെ ഉപരിതലത്തോടു ചേർന്ന് വെള്ളത്തിനടിയിലൂടെ സഞ്ചരിക്കുന്ന ടോർപിഡോകൾക്ക് ഒരു സാധ്യതയുണ്ട്. കപ്പലിൽനിന്ന് റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് വയർലെസ് ആയി ഇവയെ നിയന്ത്രിക്കാം. വെള്ളത്തിലൂടെ റേഡിയോ അത്ര എളുപ്പത്തിൽ കടന്നുപോകില്ല. പെട്ടെന്ന് ഇല്ലാതായിപ്പോവും. അതിനാലാണ് അടിയിലൂടെ പോകുന്ന ടോർപിഡോകളെ നിയന്ത്രിക്കാനാവാത്തത്.
റേഡിയോ സിഗ്നലുകൾ ഉപയോഗിച്ച് സഞ്ചാരപാത നിയന്ത്രിക്കാനാവുന്ന ടോർപിഡോകളുടെ ഗവേഷണത്തിലും പരീക്ഷണത്തിലുമായിരുന്നു അമേരിക്കൻ സേന. ഒറ്റ ഫ്രീക്വൻസി ഉപയോഗിച്ചാണ് അക്കാലത്ത് ഇത്തരം കമ്യൂണിക്കേഷൻ നടന്നിരുന്നത്. റേഡിയോ സ്റ്റേഷനിൽനിന്നെന്നപോലെ നിർദ്ദേശങ്ങൾ ഒരു പ്രത്യേക ഫ്രീക്വൻസിയിൽ പ്രക്ഷേപണം ചെയ്തുകൊണ്ടേയിരിക്കും. അതു സ്വീകരിച്ച് ടോർപിഡോകൾ സഞ്ചരിക്കും.
പക്ഷേ ഇതിനൊരു കുഴപ്പം ഉണ്ട്. ടോർപിഡോയെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഫ്രീക്വൻസി മനസ്സിലാക്കി അതേ ഫ്രീക്വൻസിയിൽ കുറച്ചുകൂടി ശക്തിയുള്ള മറ്റൊരു സിഗ്നൽ ശത്രുക്കൾ അയച്ചാൽ ആകെ പ്രശ്നമാകും. ടോർപിഡോയെ നിയന്ത്രിക്കാൻ അയക്കുന്ന സിഗ്നൽ ഈ സിഗ്നലിന്റെ ശക്തിയിൽ മുങ്ങിപ്പോവും. പുതിയ സിഗ്നൽ ടോർപിഡോകളിൽ ആശയക്കുഴപ്പമുണ്ടാക്കും. അവസാനം വേഗത കുറയുകയോ വഴിതിരിഞ്ഞുപോവുകയോ ഒക്കെ ചെയ്യും. ഫ്രീക്വൻസി ജാമിങ് എന്ന സൂത്രമായിരുന്നു ഇത്.
ഫ്രീക്വൻസി ജാമിങ് എന്ന സാധ്യതയ്ക്കുകൂടി പ്രതിവിധി കണ്ടെത്തിയാലേ റേഡിയോ നിയന്ത്രിത ടോർപിഡോകൾകൊണ്ടു കാര്യമുള്ളൂ. അമേരിക്കൻ-ബ്രിട്ടീഷ് നേവിക്കാർ അതിനുവേണ്ടി കുറെ ശ്രമിച്ചുനോക്കി. പക്ഷേ അവർക്കതിൽ വിജയിക്കാൻ കഴിഞ്ഞില്ല. അമേരിക്കൻ സേന അയക്കുന്ന റേഡിയോനിയന്ത്രിത ടോർപിഡോകളെ നാസി ജർമനിയുടെ കപ്പലുകൾക്ക് വളരെ എളുപ്പത്തിൽ വഴിതിരിച്ചുവിടാൻ കഴിയും.
അങ്ങനെയിരിക്കെ യൂറോപ്പിൽ യുദ്ധം കൂടുതൽ രൂക്ഷമാവാൻ തുടങ്ങി. നാസി ജർമ്മനിയുടെ യു-ബോട്ടുകൾ എന്ന അന്തർവാഹിനികൾ അറ്റ്‌ലാന്റിക് സമുദ്രത്തിൽ സഖ്യകക്ഷികളുടെ കപ്പലുകളെ കൂട്ടത്തോടെ വേട്ടയാടാൻ തുടങ്ങി. യുദ്ധക്കപ്പലുകളെ മാത്രമല്ല യാത്രാക്കപ്പലുകളെയും അവർ വെറുതേവിട്ടില്ല. 1940 സെപ്റ്റംബറിലാണ് ആ ദുരന്തം സംഭവിച്ചത്. ബ്രിട്ടന്റെ SS City of Benares എന്ന യാത്രാക്കപ്പൽ ജർമ്മൻ അന്തർവാഹിനിയുടെ ടോർപിഡോ ആക്രമണത്തിൽ തകർന്നു.
യുദ്ധത്തിൽനിന്ന് രക്ഷപ്പെടാൻ ബ്രിട്ടനിൽനിന്നു കാനഡയിലേക്കു പോവുകയായിരുന്ന 77 കുട്ടികളടക്കം ഇരുന്നൂറ്റമ്പതോളംപേർ ആ ദുരന്തത്തിൽ മരിച്ചു. 77 കുട്ടികളുടെ മരണം ലോകത്തെയാകെ പിടിച്ചുലച്ചു. പട്ടാളക്കാരെയല്ല നാസി ജർമനി ആക്രമിച്ചിരിക്കുന്നത്. നേതാക്കളെടുക്കുന്ന തീരുമാനങ്ങളിൽ ഒരു പങ്കുമില്ലാത്ത സാധാരണക്കാരെയാണ്. അതും ഒന്നുമറിയാത്ത കുട്ടികളെ. അമേരിക്കയിലെയും സഖ്യകക്ഷിരാജ്യങ്ങളിലെയും സാധാരണക്കാർക്കുപോലും അത് സഹിക്കാനാവുമായിരുന്നില്ല.
(തങ്ങൾ തകർത്തത് യാത്രാബോട്ട് ആണെന്ന് അറിഞ്ഞിരുന്നില്ലെന്നും അക്കാര്യം അറിഞ്ഞപ്പോൾ വല്ലാതെ വേദനിച്ചെന്നും ജർമനിയുടെ യു-ബോട്ട് അന്തർവാഹിനിയിലെ സൈനികർ പിന്നീട് പറഞ്ഞതായിപ്പോലും രേഖകളുണ്ട്.)
ഈ വാർത്ത മറ്റുള്ളവരുടെ ചെവിയിലെന്നപോലെ ഹോളിവുഡിലെ ഒരു നടിയുടെ ചെവിയിലുമെത്തി. പേര് ഹെഡി ലെമാർ. ഹോളിവുഡ് നടിയായിട്ട് പ്രശസ്തിയുടെ കൊടുമുടിയിൽനിൽക്കുകയാണ് ഹെഡി ലെമാർ അക്കാലത്ത്. അവളെ ഈ വാർത്ത വല്ലാതെ പിടിച്ചുലച്ചു. ലോകം മുഴുവൻ ഫാസിസ്റ്റുകളുടെ ഭീകരതയിൽപ്പെട്ടുഴലുകയാണ്. പക്ഷേ താൻ സുരക്ഷിതായായി ഇവിടെ കഴിയുന്നു. വല്ലാത്തൊരു കുറ്റബോധമാണ് അവർക്കു തോന്നിയത്. എങ്ങനെയും തനിക്ക് സഖ്യകക്ഷികളുടെ സൈന്യത്തെ സഹായിക്കണം. അതിനു പറ്റുന്ന എന്തെങ്കിലും കണ്ടെത്തിയേ മതിയാവൂ. പക്ഷേ ഹെഡി ലെമാറിന് കുറ്റബോധം തോന്നാൻ വലിയൊരു കാരണംകൂടി ഉണ്ടായിരുന്നു. അവളുടെ ഭൂതകാലം ഒട്ടും സുഖകരമായിരുന്നില്ല.
ജനനംകൊണ്ട് ഹെഡി യഥാർത്ഥത്തിൽ അമേരിക്കക്കാരിയായിരുന്നില്ല. ഓസ്ട്രിയയിലെ വിയന്നയിൽ 1914 നവംബർ 9 ന് സമ്പന്നമായ ഒരു ജൂതകുടുംബത്തിലാണ് അവൾ ജനിച്ചത്. ഹെഡ്‌വിഗ് ഈവാ മരിയ കീസ്ലർ എന്നായിരുന്നു വീട്ടുകാർ അവൾക്കിട്ട പേര്. മറ്റുകുട്ടികൾക്ക് പാവകളോടും കളിപ്പാട്ടങ്ങളോടുമൊക്കെ പ്രിയം തോന്നിയപ്പോൾ കുഞ്ഞ് ഈവയ്ക്ക് യന്ത്രങ്ങളോടായിരുന്നു താത്പര്യം. അച്ഛനൊപ്പം നടക്കാനിറങ്ങിയാൽ അവൾ വഴിയിൽ കാണുന്ന യന്ത്രങ്ങളെക്കുറിച്ചും വാഹനങ്ങളെക്കുറിച്ചും വഴിവിളക്കുകകളെക്കുറിച്ചുമെല്ലാം ചോദിച്ചുകൊണ്ടേയിരിക്കും. അറിയാവുന്നപോലെ അച്ഛൻ അവൾക്കതു പറഞ്ഞുകൊടുക്കുകയും ചെയ്യും. ഇതിനിടയിൽ ഒന്നു രണ്ടു ജർമൻ സിനിമകളിൽ അവർ അഭിനയിക്കുകയും ചെയ്തു.
പക്ഷേ ആ നല്ലകാലം അധികം നീണ്ടുപോയില്ല. പതിനെട്ടാമത്തെ വയസ്സിൽ, 1933ൽ അവൾക്ക് ഫ്രെഡറിക് മണ്ടൽ എന്ന ആയുധനിർമ്മാതാവിനെ വിവാഹം കഴിക്കേണ്ടിവന്നു. അതീവ സമ്പന്നനായിരുന്നു ഫ്രെഡറിക്. ആയുധവിപണനമായിരുന്നു ബിസിനസ്സെന്നതിനാൽ ഇറ്റലിയടക്കം പല രാജ്യങ്ങളിലെയും നേതാക്കളുമായി അയാൾക്ക് ബന്ധമുണ്ടായിരുന്നു. ഇറ്റാലിയൻ ഫാസിസ്റ്റുനേതാവ് മുസ്സോളനിയും നാസി ജർമനിയിലെ പല നേതാക്കളും ഫ്രെഡറികിന്റെ സുഹൃത്തുക്കളായിരുന്നു. ഇവരുമായി നിരന്തരം ബിസിനസ് മീറ്റിങുകൾ ഉണ്ടാവും. പലപ്പോഴും രാത്രി ഏറെ വൈകി പിരിയുന്ന അത്താഴവിരുന്നുകളും. ഇതിലെല്ലാം നാസി സയന്റിസ്റ്റുകളും സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. ഭാര്യമാരെ ഇത്തരം അത്താഴവിരുന്നുകൾക്ക് ഒപ്പം കൂട്ടുക എന്നത് അക്കാലത്തെ രീതിയായിരുന്നു. അങ്ങനെ ഈവാ കീസ്ലറും വിരുന്നുകളിൽ പങ്കെടുക്കാൻ തുടങ്ങി. കുട്ടിക്കാലത്ത് തനിക്ക് യന്ത്രങ്ങളോടും സാങ്കേതികവിദ്യകളോടും തോന്നിയിരുന്ന കൗതുകം പൊടിതട്ടിയെടുക്കാൻ പറ്റിയ നല്ല ഇടമായിട്ടാണ് ഈവ ഇത്തരം അത്താഴവിരുന്നുകളെ കണ്ടത്. സയന്റിസ്റ്റുകളുടെയും ഉദ്യോഗസ്ഥരുടെയും പട്ടാളക്കാരുടെയുമൊക്കെ ചർച്ചകൾ യുദ്ധത്തിലെ സാങ്കേതികവിദ്യകളെക്കുറിച്ചാവും. അതിലെ ആയുധങ്ങളെക്കുറിച്ചും നിയന്ത്രണത്തെക്കുറിച്ചുമെല്ലാം വിശദമായ ചർച്ചകൾ നടക്കും. റേഡിയോ സാങ്കേതികവിദ്യകളും മിസൈൽ സാങ്കേതികവിദ്യകളുമെല്ലാം ചർച്ചയിൽ വിഷയങ്ങളാവും. ഈവ കീസ്ലർ ഇത് ശ്രദ്ധയോടെ കേൾക്കാൻ തുടങ്ങി. മനസ്സിലാക്കാൻ തുടങ്ങി. ചുറ്റിലും സയന്റിസ്റ്റുകളാണ്. തന്ത്രപരമായി ഇടപെട്ട് അവൾ തന്റെ സംശയങ്ങളും തീർക്കും.
ഇതൊക്കെയാണെങ്കിലും ഫ്രെഡറിക്കുമായിട്ടുള്ള ബന്ധം ഈവയ്ക്ക് ഒട്ടും സുഖകരമായിരുന്നില്ല. കടുത്ത നിയന്ത്രണങ്ങൾ വയ്ക്കുന്ന ആളായിരുന്നു ഫ്രെഡറിക്. തന്റെ സ്വാതന്ത്ര്യത്തെ പൂർണ്ണമായും ഇല്ലാതാക്കുന്ന ഫ്രെഡറികിന്റെ രീതികളോട് ഒട്ടുംതന്നെ പൊരുത്തപ്പെടാൻ യുവതിയായിരുന്ന ഈവയ്ക്ക് കഴിഞ്ഞിരുന്നില്ല. ജൂതകുടംബത്തിലാണ് ജനിച്ചതെങ്കിലും നാസി ആശയങ്ങളോടും അവൾക്ക് വലിയ വെറുപ്പായിരുന്നു. ഇതു രണ്ടും ചേർന്നപ്പോൾ അവൾക്ക് ആ നരകത്തിൽനിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നായി.
വിവാഹശേഷം നാലാമത്തെ വർഷം ഒരു വേലക്കാരിയുടെ വേഷത്തിൽ അവൾ ആ വീട്ടിൽനിന്നു രക്ഷപ്പെട്ടു. പാരീസിലേക്കാണ് ആദ്യം പോയത്. അവിടെയും സുരക്ഷിതയല്ല എന്ന ബോധ്യമുള്ളതിനാൽ അവിടെനിന്ന് ലണ്ടനിലേക്കെത്തി. ഇവിടെവച്ചാണ് ഈവ കീസ്ലറുടെ ജീവിതം മാറ്റിമറിച്ച ആ സമാഗമം നടക്കുന്നത്. പ്രശസ്ത ഹോളിവുഡ് സിനിമാ നിർമാതാവായ ലൂയിസ് ബി മേയറെ അവൾ പരിചയപ്പെട്ടു. ഹോളിവുഡിനോടു താത്പര്യം തോന്നിയ ഈവ കീസ്ലർ അങ്ങനെ ലൂയിസിനൊപ്പം അമേരിക്കയിലേക്കെത്തി. ലൂയിസ് നിർമിക്കുന്ന ഹോളിവുഡ് സിനിമകളിൽ അഭിനയിക്കാൻ തുടങ്ങി. ഹോളിവുഡിൽ തന്റെ ഭൂതകാലത്തെ പേരു മാറ്റി അവൾ പുതിയൊരു പേരാണു സ്വീകരിച്ചത്. അതായിരുന്നു ഹെഡി ലെമാർ. അധികം വൈകാതെതന്നെ അമേരിക്കയിലെ ഏറ്റവും പ്രശസ്തയായ നായികമാരിൽ ഒരാളായി ലെമാർ മാറി. ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീ എന്നുവരെ പലരും അവളെ വിശേഷിപ്പിച്ചു തുടങ്ങി. കുട്ടിക്കാലത്ത് താൻ ആഗ്രഹിച്ചപോലെ ഉപകരണങ്ങളുടെയും മറ്റും സയൻസറിയാനും അവയുടെ സാങ്കേതികവിദ്യകൾ മനസ്സിലാക്കാനും അവൾക്കുമുന്നിലിപ്പോൾ തടസ്സങ്ങളൊന്നുമില്ല. അത്തരം കാര്യങ്ങൾക്കും ഹെഡി സമയം കണ്ടെത്തി. ഇങ്ങനെ ആഡംബരപൂർണ്ണമായ ജീവിതം നയിക്കുമ്പോഴാണ് എഴുപതിലധികം കുട്ടികളുടെ മരണത്തിനിടയാക്കിയ നാസി ആക്രമണത്തെക്കുറിച്ചുള്ള വാർത്ത ഹെഡിയുടെ ചെവിയിലെത്തുന്നത്.
നാസികളോടുള്ള വെറുപ്പ് കൂടാൻ ആ വാർത്ത കാരണമായി. കുട്ടികളുടെ മരണവാർത്ത സൃഷ്ടിച്ച വേദനയും നാസികളോടുള്ള പ്രതികാരവും അവളെ ഒരു തീരുമാനത്തിലെത്തിച്ചു. അമേരിക്കൻ സർക്കാരിനു കീഴിലുള്ള നാഷണൽ ഇൻവെന്റേഴ്സ് കൗൺസിൽ എന്ന സംഘടനയുമായി തന്റെ ആശയങ്ങൾ ചർച്ച ചെയ്യണം. സയന്റിസ്റ്റുകളുടെയും സാധാരണക്കാരുടെയും കണ്ടെത്തലുകളിൽ യുദ്ധത്തിന് ഉതകുന്നവ കണ്ടെത്തി സൈന്യത്തിനു കൈമാറുന്ന പണിയായിരുന്നു കൗൺസിലിന്റെ പ്രധാന ജോലി. അവരുടെ സഹായത്തോടെ സൈന്യത്തിനുവേണ്ടി എന്തെങ്കിലും കണ്ടെത്തണം, സഹായിക്കണം. തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ ഉള്ള അവസരംകൂടിയാണിത് - ഹെഡി കരുതി.
പക്ഷേ തികച്ചും അവഹേളനപരമായ മറുപടിയാണ് അവർക്കു ലഭിച്ചത്. ‘ഹോളിവുഡ് നടി എന്ന നിലയിൽ സൈന്യത്തിനായി യുദ്ധഫണ്ടിലേക്ക് പണം പിരിക്കാൻ എന്തെങ്കിലും ചെയ്യൂ.’
പക്ഷേ ഹേഡ് നിരാശയായില്ല. സ്വന്തം നിലയിൽ എന്തെങ്കിലും ആയുധങ്ങളോ ഉപകരണങ്ങളോ വികസിപ്പിക്കണം. എന്നിട്ട് സൈന്യത്തിനു നൽകാം. അതിലൂടെ നാസികൾക്കും ഫാസിസത്തിനും എതിരായി പോരാടാം.
ടോർപിഡോകളെ വളരെ എളുപ്പത്തിൽ ജാം ചെയ്യുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഹെഡിക്ക് അറിയാമായിരുന്നു. റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് നിയന്ത്രിക്കുന്ന ടോർപിഡോയെ എങ്ങനെ മെച്ചപ്പെടുത്താം. ശത്രുക്കൾ ഉപയോഗിക്കാനിടയുള്ള ഫ്രീക്വൻസി ജാമിങ്ങിനെ എങ്ങനെ മറികടക്കാം. ടോർപിഡോ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഫ്രീക്വൻസി ഒറ്റയടിക്ക് ശത്രുവിനു മനസ്സിലാക്കാനാവും. അതേ ഫ്രീക്വൻസിയിൽ മറുപടി തരംഗങ്ങൾ പുറപ്പെടുവിച്ചാൽ ടോർപിഡോയെ വഴിതെറ്റിക്കാൻ എളുപ്പമാണ്. എന്നാൽ നിരന്തരം ഫ്രീക്വൻസി മാറ്റിക്കൊണ്ടിരുന്നാലോ? ഫ്രീക്വൻസി ഹോപ്പിങ് എന്ന ഈ ആശയത്തെക്കുറിച്ച് അവൾ കേട്ടിരുന്നു. തുടർച്ചായി ഫ്രീക്വൻസി മാറ്റിയാൽ ശത്രുവിന് അതിനെ മറികടക്കാൻ പ്രയാസമാകും. ടോർപിഡോയുമായുള്ള ആശയവിനിയമം സുഖമായി നടക്കും. പക്ഷേ വേറൊരു പ്രശ്നമുണ്ട്. ഫ്രീക്വൻസി മാറ്റുന്ന പാറ്റേൺ മനസ്സിലാക്കിയാൽ ശത്രുവിന് അതിനു പകരമുള്ള സിഗ്നലുകൾ പുറപ്പെടുവിക്കാനാവും. അപ്പോൾ ഓരോ തവണയും ഒരേ പാറ്റേണിൽ അയക്കാൻ പാടില്ല. ഇതിനു പരിഹാരമുണ്ടാക്കണം. വേറൊരു പ്രശ്നം കൂടിയുണ്ട്. കപ്പലിൽനിന്ന് ഫ്രീക്വൻസി ഹോപ്പിങ് നടത്തി അയക്കുന്ന സിഗ്നലുകൾ സ്വീകരിക്കണമെങ്കിൽ ടോർപിഡോയിലെ റേഡിയോ റിസീവർ തുടർച്ചയായി ഫ്രീക്വൻസി മാറ്റിക്കൊണ്ടിരിക്കണം. വെറുതേ മാറ്റിയാൽപ്പോരാ, കപ്പലിൽനിന്നുള്ള പ്രക്ഷേപണത്തിന്റെ അതേ രീതിയിൽ, അതേ സമയത്തു മാറ്റണം!
അതായത് സിൻക്രൊണൈസേഷൻ (synchronisation) ആവശ്യമാണ് എന്നു ചുരുക്കം. സിഗ്നൽ അയക്കുന്ന കപ്പലും സ്വീകരിക്കുന്ന ടോർപ്പിഡോയും ഒരേസമയം ഒരേ ഫ്രീക്വൻസിയിലേക്ക് മാറിക്കൊണ്ടേയിരിക്കണം.
(ബോക്സ് :
ഫ്രീക്വൻസി ഹോപ്പിങ് എന്താണെന്നു മനസ്സിലാക്കാൻ ഒരു ഉദാഹരണം പറയാം. കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, ആലപ്പുഴ, തിരുവനന്തപുരം എന്നീ റേഡിയോ സ്റ്റേഷനുകളെ എടുക്കുക. ഒരു പാട്ടിന്റെ ആദ്യത്തെ അഞ്ചു സെക്കൻഡ് കണ്ണൂരിൽനിന്ന് പ്രക്ഷേപണം ചെയ്യുന്നു. ആ സമയത്ത് കണ്ണൂർ സ്റ്റേഷൻ റ്റ്യൂൺ ചെയ്യുന്നവർക്ക് അതു കിട്ടും. പാട്ടിന്റെ അടുത്ത അഞ്ചുസെക്കൻഡ് കോഴിക്കോടുനിന്നും തൊട്ടടുത്ത അഞ്ചുസെക്കൻഡ് തൃശൂരിൽനിന്നും പിന്നെ ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്നും പ്രക്ഷേപണം ചെയ്യുന്നു. പാട്ടിന്റെ ബാക്കി ഭാഗവും ഇതേപോലെ തുടർന്നുകൊണ്ടേയിരിക്കുന്നു എന്നു കരുതുക. പ്രക്ഷേപണത്തിന്റെ രീതിയനുസരിച്ച് തുടർച്ചയായി വിവിധ സ്റ്റേഷനുകളിലേക്ക് മാറിമാറി റ്റ്യൂൺ ചെയ്യുന്നവർക്ക് പാട്ട് മുഴുവനായും കേൾക്കാം. ഏതൊക്കെ സ്റ്റേഷനിൽനിന്ന് എപ്പോഴൊക്കെ പ്രക്ഷേപണം ചെയ്യും എന്ന് മുൻകൂട്ടി അറിഞ്ഞാലേ പാട്ടുകേൾക്കാനാകൂ എന്നു മാത്രം. ഇതാണ് ഫ്രീക്വൻസി ഹോപ്പിങ് ഉപയോഗിച്ചുള്ള പ്രക്ഷേപണത്തിന്റെ രീതി.)
ഈ സിൻക്രൊണൈസേഷൻ സാധ്യമാക്കാൻ എന്തു ചെയ്യാം എന്ന ആലോചനയിലായി ഹെഡി. ഈ സമയത്താണ് തനിക്കു പരിചയമുള്ള ജോർജ് ആന്തെയിൽ എന്ന സംഗീതജ്ഞനെക്കുറിച്ച് അവൾ ഓർക്കുന്നത്. ചെറിയ കക്ഷിയൊന്നുമല്ല ആന്തെയിൽ. അക്കാലത്ത് നിലവിലുണ്ടായിരുന്ന സംഗീതധാരകളെയൊക്കെ പൊളിച്ചെഴുതി സ്വന്തമായ വഴികളിലൂടെ സംഗീതലോകത്ത് വിഹരിക്കുന്ന ഒരു അപൂർവ മനുഷ്യൻ. പേപ്പർ റോളുകളിൽ രേഖപ്പെടുത്തിയ സുഷിരങ്ങൾക്ക് അനുസരിച്ച് സ്വയം പ്രവർത്തിച്ച് സംഗീതം പൊഴിക്കുന്ന പിയാനോകൾ ഉണ്ട്. പ്ലെയർ പിയാനോ എന്നാണ് ഇവ അറിയപ്പെടുന്നത്. അത്തരം 16 പ്ലെയർ പിയാനോകളും ബെല്ലുകളും സൈറനുകളുമൊക്കെ ഉപയോഗിച്ച് ബാലെ മെക്കാനിക്ക് (Ballet Mécanique) എന്ന ഒരു സംഗീതശില്പം ഒരുക്കിയെടുക്കാൻവരെ ശ്രമിച്ച കക്ഷിയാണ് ഈ ജോർജ് ആന്തെയിൽ. പക്ഷേ ബാലെ മെക്കാനിക്കിൽ 16 പ്ലയർപിയാനോകളെ ഒരുമിച്ച് ഓൺ ചെയ്യാൻ സാധിക്കാതെ പരാജയം സമ്മതിക്കേണ്ടിവന്നു. പിന്നീട് ഒരു പ്ലയർ പിയാനോ മാത്രമാണ് ബാലെ മെക്കാനിക്കിൽ ഉപയോഗിച്ചത്. വലിയ വിവാദങ്ങളൊക്കെ ഈ സംഗീതശില്പം ഉണ്ടാക്കിയിരുന്നു എന്നത് വേറെ കാര്യം.
ഫ്രീക്വൻസി ഹോപ്പിങിന് ഒരു പരിഹാരം കണ്ടെത്താൻ നടന്ന ഹെഡി തന്റെ പ്രശ്നം ആന്തെയിലിനോടു സൂചിപ്പിച്ചു. പിയാനോകളെ തമ്മിൽ സമന്വയിപ്പിക്കാനുള്ള ആശയം അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നെങ്കിലും അവ പ്രാവർത്തികമാക്കാൻപോന്ന സാങ്കേതികസംവിധാനങ്ങൾ അക്കാലത്ത് ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് സംഗീതശില്പത്തിൽ അതു പരാജയപ്പെട്ടത്. പക്ഷേ ഈ ആശയം ഹെഡിയുടെ ആവശ്യത്തിന് ഉപകരിച്ചേക്കും. പിയാനോയിലേക്കുള്ള തന്റെ സാങ്കേതികവിദ്യ ഫ്രീക്വൻസി ഹോപ്പിങിനായി പ്രയോജനപ്പെടുത്താമന്ന് ആന്തെയിൽ സമ്മതിച്ചു.
ടോർപിഡോയിലും കപ്പലിലും ഒരേ പാറ്റേൺ ഉള്ള പേപ്പർറോളുകൾ സ്ഥാപിക്കലാണ് ഇതിന്റെ ആദ്യപടി. ഈ രണ്ടു റോളുകളും നേരിയ വ്യത്യാസംപോലുമില്ലാതെ ഒരേ വേഗതയിൽ കറങ്ങും. 88 ഫ്രീക്വൻസികളാണ് ഇരുവരും ചേർന്ന് തങ്ങളുടെ പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്. പിയാനോയിലെ 88 കീകൾക്കു തുല്യമായിരുന്നു ഇത്. പേപ്പർറോൾ കറങ്ങുമ്പോൾ 88 ഫ്രീക്വൻസികൾ കപ്പലിലെ ട്രാൻസ്‌മിറ്ററും ടോർപ്പിഡോയിലെ റിസീവറിലും ഒരേ സമയം മാറിമാറി വരും. പ്രക്ഷേപണം തുടങ്ങുന്ന അതേ സമയം മുതൽ ടോർപിഡോയിലെയും കപ്പലിലെയും പേപ്പർറോളുകൾ ഒരേ സമയം ഒരേ വേഗതയിൽ തിരിഞ്ഞുതുടങ്ങണം എന്നു മാത്രം.
ആശയം റെഡി! ഇനി ഇതിനെ പ്രാവർത്തികമാക്കണം. ഇതിനായി സാമുവൽ സ്റ്റുവർട്ട് മക്യോൺ എന്ന എൻജിനീയറുടെ സഹായം തേടി. അദ്ദേഹവുമായി ചേർന്ന് തങ്ങളുടെ ആശയത്തെ പ്രാവർത്തികമാക്കുന്നതിനുള്ള രൂപകല്പന അവർ തയ്യാറാക്കി. 1942 ൽ ഇതിനുള്ള പേറ്റന്റും ഇവർ നേടിയെടുത്തു.
പേറ്റന്റ് വിൽക്കാനൊന്നും ഹെഡി മെനക്കെട്ടില്ല. നാസികളോടു പകരം ചോദിക്കാൻ പണമൊന്നും മേടിക്കാതെ അവൾ തങ്ങളുടെ പേറ്റന്റ് അമേരിക്കൻ നാവികസേനയ്ക്കു കൈമാറി. പക്ഷേ നിരാശ മാത്രമായിരുന്നു ഫലം. അവരുടെ പേറ്റന്റ് സൈന്യത്തിന്റെ ചുവപ്പുനാടകളിൽ ഒതുങ്ങിക്കൂടി വർഷങ്ങളോളം കഴിഞ്ഞു. സങ്കീർണ്ണമായ ആ ആശയത്തെ പ്രായോഗികമാക്കാൻ അമേരിക്കയുടെ സേനയ്ക്കു കഴിഞ്ഞില്ല എന്നു പറയുന്നതാവും ശരി.
ഹെഡിയുടെ ആശയം പ്രയോഗത്തിൽ വരുത്താതെതന്നെ ലോകയുദ്ധം അവസാനിച്ചു. ലോകം ശാന്തമാകാൻ തുടങ്ങി. പക്ഷേ അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധം ആരംഭിച്ചു. 1950കളുടെ അവസാനത്തിൽ സൈന്യത്തിനുവേണ്ടി സുരക്ഷിതമായ ആശയവിനിമയസംവിധാനങ്ങൾക്കായിട്ടുള്ള ഗവേഷണങ്ങളായിരുന്നു സിൽവാനിയ ഇലക്ട്രോണിക് സിസ്റ്റംസ് ഡിവിഷനിലെ ചില എൻജിനീയർമാർ. അവരുടെ അന്വേഷണം എത്തിനിന്നത് അമേരിക്കൻ സൈന്യത്തിൽ ചുവപ്പുനാടകളിൽ കുരുങ്ങിക്കിടന്ന ഹെഡിയുടെയും ആന്തെയിലിന്റെയും പേറ്റന്റിലാണ്. ടോർപിഡോകളുടെ നിയന്ത്രണത്തിനായിട്ടാണ് ലെമാറും ആന്തെയിലും തങ്ങളുടെ ആശയം മുന്നോട്ടുവച്ചത്. പക്ഷേ അതേ ആശയത്തെ മിലിറ്ററിയുടെ സുരക്ഷിതമായ ആശയവിനിമയത്തിനായി പ്രയോജനപ്പെടുത്താനാവുമെന്ന് സിൽവാനിയ എൻജിനീയർമാർക്കു മനസ്സിലായി. ട്രാൻസിസ്റ്ററുകൾ കണ്ടുപിടിച്ച് അധികകാലമായിരുന്നില്ല അപ്പോൾ. ലമാറിന്റെ കണ്ടെത്തലിൽ പേപ്പർ റോളുകളാണ് ഫ്രീക്വൻസി ഹോപ്പിങിനായി ഉപയോഗിക്കുന്നത്. പേപ്പർ റോളുകൾക്കു പകരം ഇത് ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ച് പൂർണ്ണമായും ഇലക്ട്രോണിക്കലായി നടപ്പിലാക്കിയെടുക്കാൻ ഇപ്പോൾ കഴിയും. എൻജിനീയർമാർ തങ്ങളുടെ ഗവേഷണം തുടർന്നു. അവസാനം ട്രാൻസിസ്റ്ററുകളുടെ സഹായത്തോടെ അതിവേഗം ഫ്രീക്വൻസി മാറ്റാൻ കഴിയുന്ന ആശയവിനിമയസംവിധാനം അവർ വികസിപ്പിച്ചെടുത്തു. അതീവരഹസ്യമായിട്ടായിരുന്നു ഗവേഷണങ്ങളെല്ലാം. സൈന്യത്തിന്റെ രഹസ്യസാങ്കേതികവിദ്യയായി ഫ്രീക്വൻസി ഹോപ്പിങ് സ്പ്രെഡ് സ്പെക്ട്രം എന്നു പേരുനൽകി അതിനെ അവർ നിലനിർത്തി. അമേരിക്കൻ സേന തങ്ങളുടെ ആശയവിനിമയത്തിനായി ഈ രീതി പലപ്പോഴും ഉപയോഗിക്കുകയും ചെയ്തു.
പക്ഷേ എന്നിട്ടും ഹെഡി ലെമാറിനെയോ ആന്തെയിലിനെയോ അംഗീകരിക്കാനോ അഭിനന്ദിക്കാനോ അമേരിക്കൻ സൈന്യം തയ്യാറായില്ല എന്നതാണ് ഏറെ ദുഃഖകരമായ വസ്തുത. അവരുടെ പേറ്റന്റിന്റെ കാലാവധി 1959ൽ അവസാനിച്ചിരുന്നു. അതോടെ ആ കണ്ടെത്തൽ പബ്ലിക് ഡൊമെയിനിലേക്കു മാറി. എന്നിട്ടും അമേരിക്കൻ സേന ഫ്രീക്വൻസി ഹോപ്പിങ് സ്പ്രെഡ് സ്പെക്ട്രത്തെക്കുറിച്ചുള്ള ഒരു വിവരവും പൊതുജനങ്ങൾക്കായി പുറത്തുവിട്ടില്ല. അതേ വർഷമാണ് ജോർജ് ആന്തെയിൽ മരണമടയുന്നത്. തന്റെ കണ്ടെത്തൽ യാഥാർത്ഥ്യമായെന്ന വിവരംപോലും അറിയാതെയാണ് ആന്തെയിൽ വിടപറഞ്ഞത്. എന്തിനേറെ, പേറ്റന്റ് അമേരിക്കൻ സൈന്യത്തിന്റെ കൈയിലായിരുന്നതിനാൽ അധികമാരും ഹെഡിയുടെയും ആന്തെയിലിന്റെയും കണ്ടെത്തലിനെക്കുറിച്ചുപോലും അറിഞ്ഞിരുന്നില്ല.
1980 ആയപ്പോഴേക്കും ശീതയുദ്ധത്തിന്റെ തീവ്രതയൊക്കെ കുറഞ്ഞുതുടങ്ങിയിരുന്നു. സൈന്യത്തിനു മാത്രം കൈമുതലായ പല സാങ്കേതികവിദ്യകളും പൊതുജനങ്ങളുടെ ആവശ്യങ്ങൾക്കായി അതോടെ സർക്കാർ തുറന്നുകൊടുത്തു. ഫ്രീക്വൻസി ഹോപ്പിങ് സ്പ്രെഡ് സ്പെക്ട്രവും അപ്പോഴാണ് പൊതുജനങ്ങളറിയുന്നത്. അതോടെ അമേരിക്കയിലെ പല കമ്പനികളും ഈ സാങ്കേതികവിദ്യയിൽ ആകൃഷ്ടരായി ഏറ്റെടുത്തു. ബ്ലൂടൂത്ത്, വൈഫൈ തുടങ്ങിയ സാങ്കേതികവിദ്യകളിൽ ഫ്രീക്വൻസി ഹോപ്പിങ് മികച്ച രീതിയിൽ ഉപയോഗിച്ചു തുടങ്ങി. ഭാഗ്യവശാൽ അതിൽ ചില ഗവേഷകർ ഇതിന്റെ ഉറവിടം അന്വേഷിച്ച് പഴയ രേഖകൾ പരിശോധിച്ചുനോക്കി. അവരാണ് ഹെഡി ലെമാറിന്റെയും ആന്തെയിലിന്റെയും പേറ്റന്റിനെ കഥകൾ അവസാനം കണ്ടെത്തുന്നതും ലോകത്തെ അറിയിക്കുന്നതും. ഹോളിവുഡിലെ ഒരു നടിയും ഒരു സംഗീതജ്ഞനും ചേർന്ന് ലോകത്തെ മാറ്റിമറിച്ച ഒരു കണ്ടെത്തൽ നടത്തിയിരിക്കുന്നു!
ഹോളിവുഡിലെ പ്രതാപകാലം കഴിഞ്ഞതോടെ ആരാലും ശ്രദ്ധിക്കാതെ ഫ്ലോറിഡയിൽ തന്റെ വാർദ്ധ്യക്യവുമായി കഴിഞ്ഞുകൂടുകയായിരുന്നു ഹെഡി ലെമാർ അപ്പോൾ. കണ്ടെത്തലുമായി ബന്ധപ്പെട്ട അംഗീകാരമൊന്നും കിട്ടാത്തതിലെ നിരാശയും ഹെഡിയിലുണ്ടായിരുന്നു. ഒരു പതിറ്റാണ്ടുകൂടി കടന്നുപോയി. ഫ്രീക്വൻസി ഹോപ്പിങ് സാങ്കേതികവിദ്യയുണ്ടാക്കിയ വിപ്ലവം അപ്പോഴേക്കും ടെക്നോളജി മേഖല മുഴുവൻ തിരിച്ചറിഞ്ഞിരുന്നു. ബ്ലൂടൂത്തും വൈഫൈയുമെല്ലാം അക്കാലത്തെ പല ഉപകരണങ്ങളുടെയും ഭാഗമായി. 1997 ൽ ഇലക്ട്രോണിക് ഫ്രോണ്ടിയർ ഫൗണ്ടേഷൻ (EFF) തങ്ങളുടെ പരമോന്നത പുരസ്കാരം പ്രഖ്യാപിച്ചു. പതിറ്റാണ്ടുകളോളം ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ ഹെഡി ലെമാർ എന്ന പ്രതിഭയെ ഇലക്ട്രോണിക് ലോകം അവസാനം പരമോന്നത പുരസ്കാരത്താൽ അംഗീകരിച്ചു.
പുരസ്കാരവിവരം അറിയിക്കാൻ ഇലക്ട്രോണിക് ഫ്രോണ്ടിയർ ഫൗണ്ടേഷൻ അധികൃതർ ഹെഡിയെ ബന്ധപ്പെട്ടു. വിറയ്ക്കുന്ന ശബ്ദത്തിൽ ‘Well, It’s about time’ എന്നായിരുന്നു അവരുടെ മറുപടി. വാർദ്ധ്യക്യത്തിന്റെ അവസാനത്തിലെത്തിയപ്പോഴെങ്കിലും തന്നെ അംഗീകരിച്ചതിന്റെ സന്തോഷവും അത്രയും കാലം തന്നെ അവഗണിച്ചതിന്റെ വേദനയും ഒരുമിച്ചുചേർത്തൊരു വാചകം! അതേ വർഷം കണ്ടുപിടുത്തക്കാരുടെ ഓസ്കാർ എന്നു പേരുള്ള Bulbie Gnass Spirit of Achievement Award ഉം ഹെഡിയെ തേടിയെത്തി. അതിനുശേഷം വെറും മൂന്നു വർഷം മാത്രമാണ് ഹെഡി ജീവിച്ചിരുന്നത്.
തികച്ചും ഏകാന്തമായ ജീവിതമായിരുന്നു ഹെഡിയുടേത്. പുരസ്കാരം വാങ്ങാൻപോലും അദ്ദേഹം പോയില്ല. പകരം മകനാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. ആരെയും കാണാൻ ആ വൃദ്ധയ്ക്കു താത്പര്യമുണ്ടായിരുന്നില്ല. പകരം ഫോണിലൂടെ സംസാരിക്കാൻ മാത്രമായിരുന്നു താത്പര്യം. 2000 ജനുവരി 19. ഫ്ലോറിഡയിലെ തന്റെ വീട്ടിലെ ഏകാന്തജീവിതത്തിന് എന്നെന്നേക്കുമായി അവധികൊടുത്ത്, പതിറ്റാണ്ടുകൾക്കൊടുവിലാണെങ്കിലും താൻ അംഗീകരിക്കപ്പെട്ടല്ലോ എന്ന ആശ്വാസത്തോടെ ഹെഡി വിടവാങ്ങി. മരണാനന്തരവും അനേകം ബഹുമതികൾ ലെമാറിനെ തേടിയെത്തിയിരുന്നു. ബഹിരാകാശത്തെ ഒരു ഛിന്നഗ്രഹത്തിന് 32730 ലമാർ എന്നാണ് പേരിട്ടിരിക്കുന്നത്.
തന്റെ ജന്മനാടായ വിയന്നയിലേക്ക് മടങ്ങണം എന്ന് ഹെഡി ആഗ്രഹിച്ചിരുന്നെങ്കിലും അതിനു കഴിഞ്ഞിരുന്നില്ല. പക്ഷേ തന്റെ ചിതാഭസ്മം വിയന്നയിലെ കാടുകളിൽ വിതറണം എന്ന ആഗ്രഹം മകൻ സാധിച്ചുകൊടുത്തു. വിയന്ന വുഡ്സ് എന്ന കാട്ടുപ്രദേശത്തെ മണ്ണിൽ ലോകം കണ്ട ഒരു കണ്ടുപിടുത്തക്കാരിയുടെ ചിതാഭസ്മം അലിഞ്ഞുചേർന്നു. 2014ൽ വിയന്നയിലെ നഗരസഭ ഹെഡി ലെമാറിന് ഒരു സ്മരണകുടീരം പണിയാൻ തീരുമാനിച്ചു. മകൻ ആന്റണി ലോഡറിന്റെ പക്കൽ അമ്മയുടെ ചിതാഭസ്മത്തിന്റെ ഒരു ഭാഗം അപ്പോഴും ഉണ്ടായിരുന്നു. ഇത് അദ്ദേഹം പൂർണ്ണമായും വിയന്നയിലെ അധികൃതർക്ക് കൈമാറി. വിയന്നയിലെ പ്രസിദ്ധമായ സെൻട്രൽ സെമിത്തേരിയിൽ ഔദ്യോഗിക ബഹുമതികളോടെ അവർ അത് അടക്കം ചെയ്തു. ഹെഡി ലെമാറിന്റെ സംഭാവനകളെ സൂചിപ്പിക്കുന്ന ഒരു സ്മാരകം ഇന്ന് അവിടെ കാണാം. യന്ത്രങ്ങളെയും കണ്ടുപിടുത്തങ്ങളെയും സ്നേഹിച്ച് വിയന്നയിൽനിന്ന് നാടുവിട്ട ഈവാ കീസ്ലർ അവസാനം ഹെഡി ലെമാറെന്ന ലോകം കണ്ട കണ്ടുപിടുത്തക്കാരിയായി തിരികെ വിയന്നയിലെത്തി വിശ്രമിക്കുന്നു.
ബ്ലൂടൂത്ത് പോലെ നാം നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന കമ്യൂണിക്കേഷൻ സാങ്കേതികവിദ്യകളിൽ പലതിലും ഫ്രീക്വൻസി ഹോപ്പിങ് എന്ന ആശയം ഉപയോഗിക്കുന്നുണ്ട്. ബ്ലൂടൂത്ത് സാങ്കേതികവിദ്യയിലൂടെ അനേകം ഉപകരണങ്ങൾ പരസ്പരം ഒരേ സമയം ആശയവിനിമയം നടത്തുന്നതിന് ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. ബ്ലൂടൂത്ത് ആശയവിനിമയം രസകരമാണ്. 2.4GHz ലാണ് ബ്ലൂടൂത്ത് പ്രവർത്തിക്കുന്നത്. കൃത്യമായിപ്പറഞ്ഞാൽ 2.400 GHz മുതൽ 2.483 GHz വരെയുള്ള ഫ്രീക്വൻസികൾ ഏതും ഇതിനായി ഉപയോഗിക്കാം. 83MHz വരും ഈ ബാൻഡ്‌വിഡ്ത്ത്. ഇതിൽ ആദ്യത്തെയും അവസാനത്തെയും കുറച്ചുഭാഗം ഒഴിവാക്കി 1MHz വീതിയുള്ള 79 ചാനലുകളായി ഈ ബാൻഡ്‌വിഡ്ത്തിനെ വീതിക്കും. ഈ 79ചാനലുകളിലൂടെയാണ് ബ്ലൂടൂത്തിലെ ട്രാൻസ്‌മിറ്ററും റിസീവറും തമ്മിൽ കമ്യൂണിക്കേഷൻ നടക്കുന്നത്. എന്നാൽ ഒരു സമയത്ത് ഒരു ചാനലിലൂടെ മാത്രമേ നടക്കൂ. ഇങ്ങനെ ഒരു സെക്കൻഡിൽ 1600 തവണ 79 ഫ്രീക്വൻസികളിലൂടെ മാറിമാറി ആശയവിനിമയം നടക്കുന്നു. ട്രാൻസ്‌മിറ്ററും റിസീവറും തമ്മിൽ ബന്ധിപ്പിക്കുമ്പോൾ അവർ തമ്മിൽ ഫ്രീക്വൻസിയും സമയവും ഒക്കെ സംബന്ധിച്ച് ഒരു ആശയവിനിമയം നടക്കുന്നുണ്ട്. ഹെഡി ലെമാറിന്റെയും ആന്തെയിലിന്റെയും പേപ്പർറോളിലെ ദ്വാരങ്ങൾപോലെ ഒരു കോഡായി ഇതിനെ കരുതാം. ഇതിനനുസരിച്ചാവും ഫ്രീക്വൻസികൾ മാറിക്കൊണ്ടിരിക്കുക. ഒരു ബ്ലൂടൂത്ത് പെയറിങിൽ ഉള്ള രീതി അല്ല മറ്റൊരു ഉപകരണത്തിന്. അതിനാൽ ഒരേ സമയം നിരവധി ഉപകരണങ്ങൾക്ക് പരസ്പരം ശല്യമാവാതെ ആശയവിനിമയം നടത്താനാവും. ക്ലാസിക്കൽ ബ്ലൂടൂത്ത് എന്നറിയപ്പെടുന്ന രീതിയിലാണ് ഇങ്ങനെ കമ്യൂണിക്കേഷൻ നടക്കുന്നത്. ലോ എനർജി ബ്ലൂടൂത്തിൽ ചാനലുകളുടെ എണ്ണത്തിലും മറ്റും വ്യത്യാസമുണ്ട്.


