സിറിഞ്ച് കൊണ്ട് ഒരു ഹൈഡ്രോളിക്ക് ലിഫ്റ്റ് പിന്നെ പാസ്കല്‍ തത്വവും


ഹൈഡ്രോളിക്ക് ലിഫ്റ്റ്


ഇത്തവണ മര്‍ദ്ദം കൊണ്ട് ഒരു കളിയാവാം. ബസ്സും ലോറിയും മറ്റും കഴുകുന്ന സ്ഥലം പലരും കണ്ടിട്ടുണ്ടാകും. അവിടെ ഒരു സ്റ്റാന്‍ഡില്‍ വാഹനത്തെ ഉയര്‍ത്തിനിര്‍ത്തിയ ശേഷമാണ് അതിനെ വൃത്തിയാക്കിയെടുക്കുന്നത്. വെറും മര്‍ദ്ദം ഉപയോഗിച്ചാണത്രേ ഈ ഉയര്‍ത്തി നിര്‍ത്തല്‍. എന്തായാലും അത്രയും വലിയ ഒരു സംവിധാനം ഉണ്ടാക്കാന്‍ നമുക്ക് ഇപ്പോള്‍ കഴിയില്ല.. എന്നാല്‍ അത്തരം ഒരു സംവിധാനത്തിന്റെ ലഘുരൂപം ഒന്ന് നിര്‍മ്മിക്കാന്‍ യാതൊരു പ്രയാസവും ഇല്ല.
അപ്പോള്‍ ഇതാ പിടിച്ചോ ലിസ്റ്റ്..
സിറിഞ്ച് ( വ്യാസം കുറഞ്ഞത് )  - 1
സിറിഞ്ച് ( വ്യാസം കൂടിയത് )  - 1
(സിറിഞ്ചിന് സൂചി വേണ്ട കേട്ടോ..)
ആശുപത്രിയില്‍ ഗ്ലൂക്കോസും മറ്റും ശരീരത്തില്‍ കയറ്റാനുപയോഗിക്കുന്ന തരത്തിലുള്ള റ്യൂബ് - 1/2 മീറ്റര്‍ (നീളം അല്പം കൂടിയാലും കുഴപ്പമില്ല. കുറയ്ക്കണ്ട.)
വെള്ളം - ഒരു ഗ്ലാസ്സ്
രണ്ടു സിറിഞ്ചുകളിലും വെളളം നിറയ്ക്കുകയാണ് ആദ്യപടി. ചെറിയ സിറിഞ്ചില്‍ പൂര്‍ണ്ണമായും വെള്ളം നിറച്ചോളൂ. പക്ഷേ വലിയ സിറിഞ്ചിന്റെ ദാഹം അത്രയും മാറ്റേണ്ടതില്ല. ഒരു മുക്കാല്‍ ഭാഗത്തോളം വെള്ളം ഇതില്‍ നിറക്കാവുന്നതാണ്. ഇനി രണ്ട് സിറിഞ്ചുകളേയും പരസ്പരം ബന്ധിപ്പിക്കണം. അതിനായി നമ്മുടെ ഗ്ലൂക്കോസ് കുഴലിനെ ഉപയോഗിക്കാം. രണ്ടു സിറിഞ്ചിനും നമ്മള്‍ വെള്ളം കൊടുത്തു. ഗ്ലൂക്കോസ്സ് കുഴലില്‍ വെള്ളം നിറച്ചില്ലെങ്കില്‍ ഇനി അത് പരിഭവിക്കും. അതു കൊണ്ട് അത് കൂടി ചെയ്തേക്കുക. വെള്ളം നിറച്ച് കുഴലിന്റെ ഒരറ്റം വലിയ സിറിഞ്ചിന്റെ അറ്റത്ത് ഘടിപ്പിക്കണം. സൂചി പിടിപ്പിക്കേണ്ട സ്ഥാനത്താണ് കുഴല്‍ ഘടിപ്പിക്കേണ്ടത്. കുഴലില്‍ നിന്നും അല്പം വെള്ളമൊക്കെ നഷ്ടപ്പെട്ടേക്കാം. അത് വലിയ കാര്യമാക്കേണ്ടതില്ല. വലിയ സിറിഞ്ച് അമര്‍ത്തിയാല്‍ കുഴല്‍ വീണ്ടും പൂര്‍ണ്ണമായി നിറയും. ഇനി കുഴലിന്റെ മറ്റേ അറ്റം ചെറിയ സിറിഞ്ചില്‍ ഘടിപ്പിക്കണം. ഇത്രയും കഴിഞ്ഞാല്‍ നമ്മുടെ ഉപകരണം റെഡി. ചെറിയ സിറിഞ്ച് ഒന്ന് അമര്‍ത്തിനോക്കൂ. യാതൊരു ആയാസവും കൂടാതെ നമുക്ക് അത് ചെയ്യാന്‍ കഴിയും. വലിയ സിറിഞ്ചിന്റെ പിസ്റ്റണ്‍ പുറകോട്ട് നീങ്ങി വരുന്നത് കാണാം. അത് തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചു നോക്കൂ. വളരെയധികം ബലം അതിനായി ചിലവഴിക്കേണ്ടി വരും. വളരെ കുറഞ്ഞ ബലം ചെറിയ സിറിഞ്ചിന്റെ പിസ്റ്റണില്‍ നില്‍കുമ്പോള്‍ വ്യാസം കൂടിയ സിറിഞ്ചിന്റെ പിസ്റ്റണില്‍ അനുഭവപ്പെടുന്നത് വളരെ കൂടുതല്‍ ബലമാണ്. ഇതേ തത്വമാണ് വാഹനങ്ങള്‍ ഉയര്‍ത്തി നിര്‍ത്താനും പ്രയോജനപ്പെടുത്തുന്നത്. വ്യാസം കൂടിയ പിസ്റ്റണ് മുകളിലായാണ് വാഹനങ്ങള്‍ നിര്‍ത്തുന്നത്.

പാസ്കല്‍ എന്ന ശാസ്ത്രജ്ഞനനാണ് ഇങ്ങിനെ ഒരു തത്വം ഉണ്ടെന്ന് ആദ്യമായി കണ്ടെത്തിയത്. ഒത്തിരി മേഖലകളില്‍ ഇന്ന് ഈ തത്വം പ്രയോജനപ്പെടുത്തുന്നുണ്ട്. മര്‍ദ്ദവും ബലവും വിസ്തീര്‍ണ്ണവും തമ്മിലുള്ള ബന്ധമാണ് യഥാര്‍ത്ഥത്തില്‍ ഈ പാസ്കല്‍ നിയമം. അതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അധ്യാപകരോടും കൂട്ടുകാരോടും ഒക്കെ ചോദിച്ചും മറ്റ് പുസ്തകങ്ങളില്‍ നിന്നും എല്ലാം സ്വന്തമാക്കിക്കോളൂ..
ഇതേ തത്വം പ്രയോജനപ്പെടുത്തുന്ന കുറച്ച് കൂടി രസകരമായ മറ്റൊരു പരീക്ഷണം കൂടി പറയാം.
അതിനു വേണ്ട ലിസ്റ്റ് താഴെ..
സ്റ്റൂള്‍ - 1
പാല്‍ വരുന്ന തരത്തിലുള്ള പ്ലാസ്റ്റിക്ക് കവര്‍ -4
ആശാരിമാര്‍ നിരപ്പ് നോക്കാന്‍ ഉപയോഗിക്കുന്ന തരത്തിലുള്ള കുഴല്‍ (30cm നീളത്തിലുള്ളത്) - 4

പ്ലാസ്റ്റിക്ക്  കവര്‍ ഓരോന്നും ഓരോ റ്റ്യൂബില്‍ ഘടിപ്പിക്കണം. പാല്‍ എടുക്കാനായി ഇട്ട ദ്വാരത്തിലാണ് റ്റ്യൂബ് പിടിപ്പിക്കേണ്ടത്. ഒരു റബര്‍ബാന്റോ നൂലോ മറ്റോ ഉപയോഗിച്ച് നന്നായി മുറുക്കി കെട്ടിക്കോളൂ. റ്റ്യൂബിലൂടെ ഊതിയാല്‍ കവറില്‍ വായു നിറയണം. അത്തരത്തിലായിരിക്കണം ഘടിപ്പിക്കേണ്ടത്. നാല് കവറുകളും ഇതേ രീതിയില്‍ ശരിയാക്കി എടുക്കണം. ഇനി നാല് കവറുകളും നിലത്ത് അടുപ്പിച്ച് വയ്ക്കുക. നാല് കവരുകള്‍ക്കും മുകളിലായി സ്റ്റൂള്‍ തല തിരിച്ച് വയ്ക്കണം. അതായത് നാലു കാലുകളും മുകളിലോട്ടായി വേണം നിര്‍ത്താന്‍. ഇനി സ്റ്റൂളിനുള്ളില്‍ വലിയ ഭാരമുള്ള പുസ്കങ്ങളോ മറ്റോ എടുത്ത് വച്ചോളൂ. ധൈര്യമുണ്ടെങ്കില്‍ ഒരാള്‍ക്ക് അതില്‍ കയറി നില്‍ക്കുകയും ആവാം.
രസകരമായ പരിപാടി ഇനിയാണ് വരുന്നത്. നാല് റ്റ്യൂബിലൂടെയും നാല് പേര്‍ ഊതണം. വലിയ പ്രയാസം കൂടാതെ തന്നെ നമുക്ക് കവറില്‍ വായു നിറയ്ക്കാന്‍ കഴിയും. വായു നിറയുന്നതിനിനുസരിച്ച് നമ്മുടെ സ്റ്റൂളും അതിന്‍മേല്‍ വച്ചിട്ടുള്ള ഭാരവും (ആരെങ്കിലും കയറി നില്‍ക്കുന്നുണ്ടെങ്കില്‍ അയാളും) ഉയര്‍ന്നുവരുന്നത് കാണാനാകും. ഒരാള്‍ക്ക് ഉയര്‍ത്താനാകുന്നതില്‍ കൂടുതല്‍ ഭാരം ഈ സംവിധാനം ഉപയോഗിച്ച് അയാള്‍ ഊതിയുയര്‍ത്താനാകും എന്ന് സാരം.
( ആളെ കയറ്റി നിര്‍ത്തുമ്പോളും ഊതിയുയര്‍ത്തുമ്പോഴും മറ്റും സ്റ്റൂള്‍ മറിഞ്ഞ് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ബാക്കി പരീക്ഷണങ്ങള്‍ ആശുപത്രിയില്‍ വച്ച് ചെയ്യേണ്ടി വരും. )

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് - മൈക്രോസ്കോപ്പ് എന്ന സൂഷ്മദര്‍ശിനി

റിഗോലിത്ത് - ചന്ദ്രനിലെ മണ്ണിന്റെ കഥ - story of regolith