എല്‍. സി. ഡി. പ്രൊജക്റ്റര്‍
എല്‍-സി-ഡി പ്രൊജക്റ്റര്‍
ചലച്ചിത്രത്തിന്റെ ചരിത്രം വളരെ രസകരമാണ്. സിനിമയുടെ ശാസ്ത്രവും അതേ പോലെ തന്നെ രസാവഹമാണ്. ചലച്ചിത്രങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും പ്രധാനമാണ് പ്രൊജക്റ്ററുകള്‍. സിനിമാകൊട്ടകകളിലെ വലിയ പ്രൊജക്റ്ററുകള്‍ക്കും ഒത്തിരി കഥകള്‍ പറയാനുണ്ട്. വലിയ ഉപകരണങ്ങളെയൊക്കെ ചെറുതാക്കിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ പ്രൊജക്റ്ററുകള്‍ക്കും മാറാതിരിക്കാനാവില്ല. അത്തരം കൂടുമാറ്റത്തിന്റെ ആധുനികസൃഷ്ടിയാണ് എല്‍.സി.ഡി പ്രൊജക്റ്ററുകള്‍. കംമ്പ്യൂട്ടറുകളുടെ വരവോടെ അരങ്ങില്‍ വന്ന പുതിയ താരം കൂടിയാണീ എല്‍.സി.ഡി പ്രൊജക്റ്റര്‍. ഇന്ന് മിക്ക സ്കൂളുകളുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ഒഴിച്ചുകൂടാനാവത്ത ഘടകം കൂടിയാണിവ.
എല്‍.സി.ഡി പ്രൊജക്റ്റര്‍ കണ്ടുപിടിച്ചതും ലോകത്തിലെ തന്നെ ആദ്യത്തെ ഡിജിറ്റല്‍ പ്രൊജക്റ്റര്‍ കമ്പനി തുടങ്ങിയതും ജീന്‍ ഡോല്‍ഗോഫ് എന്നയാളാണ്. 1968 ല്‍ പുതിയ ഒരു പ്രൊജക്റ്റര്‍ സംവിധാനത്തിനായുള്ള ശ്രമമാണ് 1984 ല്‍ ആദ്യത്തെ എല്‍.സി.ഡി പ്രൊജക്റ്ററിന്റെ നിര്‍മ്മാണത്തിലേക്ക് ജീനെ നയിച്ചത്. പ്രൊജക്റ്റാവിഷന്‍ എന്ന പേരില്‍ താമസിയാതെ ജീന്‍ ഒരു എല്‍.സി.ഡി പ്രൊജക്റ്റര്‍ നിര്‍മ്മാണ കമ്പനിയും തുടങ്ങി. പിന്നീട് പല കമ്പനികളും എല്‍.സി.ഡി പ്രൊജക്റ്റര്‍ സാങ്കേതിക വിദ്യകള്‍ സ്വന്തമാക്കുകയും ഇവയുടെ വ്യാപകമായ വിപണനം ആരംഭിക്കുകയും ചെയ്തു.
എല്‍.സി.ഡി പ്രൊജക്റ്ററുകള്‍ വ്യത്യസ്ഥ രീതികളിലുള്ള പ്രൊജക്ഷന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഈ പ്രൊജക്റ്ററിന്റെ ഒരു പ്രധാന ഭാഗം എല്‍.സി.ഡി ആണ്. ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്പേ എന്ന എല്‍.സി.ഡികള്‍ മൂന്നെണ്ണം ഉപയോഗിച്ചുള്ള പ്രൊജക്റ്റര്‍ സാങ്കേതികവിദ്യായാണ് ആദ്യകാലത്ത് വ്യാപകമായിട്ടുണ്ടായിരുന്നത്. 1980 കളില്‍ ജപ്പാന്‍ ആസ്ഥാനമാക്കിയ എപ്സണ്‍ കമ്പനി ആവിഷ്കരിച്ച വിദ്യയാണിത്.
പ്രൊജക്റ്ററുകളുടെയെല്ലാം പ്രകാശിക ശാസ്ത്രം ഒന്നു തന്നെയാണ്. കോണ്‍വെക്സ് ലെന്‍സ് ഉപയോഗിച്ച് യഥാര്‍ത്ഥപ്രതിബിംബം രൂപപ്പെടുത്തുന്ന രീതി തന്നെ. സിനിമാ പ്രൊജക്റ്ററുകളില്‍ നിന്നും വ്യത്യസ്ഥമായി ഡിജിറ്റല്‍ ചിത്രത്തെ പ്രൊജക്റ്റ്ചെയ്യാന്‍ പറ്റുന്ന പ്രകാശമാക്കി മാറ്റുന്ന രീതിയിലാണ് എല്‍.സി.ഡി പ്രൊജക്റ്ററുകള്‍ വ്യത്യാസപ്പെട്ടിരിക്കുന്നത്.
മൂന്ന് എല്‍.സി.ഡികള്‍ ആണ് ഇതിന്റെ പ്രധാനഭാഗം. ഒരു പ്രകാശസ്രോതസ്സില്‍ നിന്നും വരുന്ന വെളുത്ത പ്രകാശത്തെ മൂന്ന് പ്രാഥമിക നിറങ്ങളാക്കി വേര്‍പിരിക്കുകയാണ് പ്രൊജക്ഷന്‍ സാങ്കേതികവിദ്യയിലെ ആദ്യപടി. ഡൈക്രോയിക്ക് ഫില്‍ട്ടര്‍ എന്നറിയപ്പെടുന്ന പ്രത്യേക തരം ഫിലിം ഒട്ടിച്ച ചില്ലുപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഇത്തരം ഫിലിമുകള്‍ പ്രത്യേക തരംഗദൈര്‍ഘ്യമുള്ള പ്രകാശത്തെ മാത്രമേ കടത്തിവിടുകയുള്ളൂ. മറ്റുള്ള എല്ലാ തരംഗദൈര്‍ഘ്യത്തെയും പ്രതിഫലിപ്പിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള രണ്ട് ചില്ലുകള്‍ ഉപയോഗിച്ചാണ് മൂന്ന് പ്രാഥമിക നിറങ്ങളെ വേര്‍തിരിച്ച് എടുക്കുന്നത്.
ശക്തമായ ധവളപ്രകാശം പൊഴിക്കുന്ന ബള്‍ബില്‍ നിന്നുമുള്ള പ്രകാശം 45 ഡിഗ്രി ചരിവില്‍ വച്ചിരിക്കുന്ന ആദ്യ ഡൈക്രോയിക്ക് ചില്ലിലേക്കാണ് ചെല്ലുന്നത്. ആദ്യ ചില്ല് ചുവന്ന പ്രകാശത്തെ മാത്രം കടത്തിവിടുകയും മറ്റുള്ളവയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. പ്രതിഫലനപ്രകാശവും 45 ഡിഗ്രി ചരിവിലുള്ള അടുത്ത ചില്ലിലേക്ക് കടക്കുന്നു. ഇത് പച്ച പ്രകാശത്തെ പ്രതിഫലിപ്പിക്കുകയും നീലയെ കടത്തിവിടുകയും ചെയ്യും. ഇതോടെ മൂന്ന് നിറങ്ങള്‍ വേര്‍പിരിയുന്നു. (ചിത്രം കാണുക) അനുയോജ്യമായ കണ്ണാടികളുടെ സഹായത്തോടെ മൂന്ന് നിറങ്ങളേയും മൂന്ന് വ്യത്യസ്ഥ എല്‍.സി.ഡി കളിലേക്ക് പതിപ്പിക്കുന്നു. പ്രദര്‍ശിപ്പിക്കേണ്ട ഡിജിറ്റല്‍ ചിത്രത്തെ മൂന്ന് വ്യത്യസ്ഥ എല്‍.സി.ഡികളിലായിട്ടാണ് പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിലെ പച്ച നിറത്തോട് കൂടിയ ഭാഗത്തിന്റെ തത്തുല്യമായ ഒരു ചാരനിറ ചിത്രമായിരിക്കും പച്ച പ്രകാശം വന്നുവീഴുന്ന എല്‍.സി.ഡിയില്‍ രൂപപ്പെടുക. പച്ച പ്രകാശം ഈ എല്‍.സി.ഡിയിലൂടെ കടന്നു പോകുന്നതോടെ പച്ച നിറത്തിലുള്ള ചിത്രം രൂപപ്പെടുന്നു. ഇതേ പോലെ മറ്റ് രണ്ട് പ്രാഥമികനിറങ്ങളുടേയും ചിത്രങ്ങള്‍ രൂപപ്പെടുത്തുന്നു. മൂന്ന് നിറങ്ങളിലുമുള്ള ഈ ചിത്രത്തെ സംയോജിപ്പിച്ചാണ് പൂര്‍ണ്ണമായ ചിത്രം സൃഷ്ടിക്കുന്നത്. മൂന്ന് നിറത്തിലുള്ള പ്രകാശത്തേയും കൂട്ടിയിണക്കാനായി പ്രത്യേകതരം പ്രിസം ഉപയോഗിക്കുന്നു. സംയോജിതപ്രകാശത്തെ അനുയോജ്യമായ ലെന്‍സുപയോഗിച്ച് സ്ക്രീനില്‍ വീഴ്ത്തുന്നത്.
ഒരു എല്‍.സി.ഡി തന്നെ ഉപയോഗിച്ച് ചിത്രം നിര്‍മ്മിക്കുന്ന പ്രൊജക്റ്ററുകളും നിലവിലുണ്ട്. DLP(ഡിജിറ്റല്‍ ലൈറ്റ് പ്രൊസ്സസ്സിംഗ് ) എന്നാണ് ഇവ അറിയപ്പെടുന്നത്. ഇവിടെ ഓരോ നിറത്തിലും ഉള്ള ചിത്രം ഒന്നിനു പുറകേ ഒന്നായി അതിവേഗത്തില്‍ പ്രൊജക്റ്റ് ചെയ്യുന്നു. നമ്മുടെ കണ്ണിന്റെ വീക്ഷണസ്ഥിരത മൂലം എല്ലാ നിറങ്ങളും കൂടിച്ചേര്‍ന്ന യഥാര്‍ത്ഥ ചിത്രമായി അത് കാണപ്പെടുന്നു എന്ന് മാത്രം. കളര്‍ വീല്‍ ,സംവിധാനമോ ലേസറുകളോ ആണ് പ്രാഥമികവര്‍ണ്ണങ്ങളിലുള്ള പ്രകാശം സൃഷ്ടിക്കാന്‍ ഇത്തരം പ്രൊജക്റ്ററുകളില്‍ ഉപയോഗിക്കുന്നത്.
പ്രൊജക്റ്ററുകളുടെ ലോകത്ത് ഇന്ന് കൂടുതല്‍ സാങ്കേതികവിദ്യകള്‍ വന്നു കൊണ്ടിരിക്കുന്നു. എല്‍.ഇ.ഡി ഉപയോഗിച്ച് കുറഞ്ഞ പവ്വറില്‍ പ്രവര്‍ത്തിക്കുന്ന എല്‍.സി.ഡി പ്രൊജക്റ്റര്‍ മുതല്‍ ത്രിമാന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്നവ വരെ...
THANKS FOR THE INFO. ACTUALLY ITS VERY EASY TO MAKE ONE AT HOME. I MADE ONE
ReplyDeleteവിവരങ്ങള്‍ പങ്കുവച്ചതിനു നന്ദി.
ReplyDeleteകിടങ്ങൂരാന്‍ പറഞ്ഞപോലെ വളരെ എളുപ്പം ചെയ്യാവുന്ന ഒന്നാണ് ഇതുപോലെ ഒരു പ്രോജക്റ്റ്. ഓവര്‍ ഹെഡ് സ്ലൈഡ് പ്രൊജക്റ്റര്‍ ഉണ്ടെങ്കില്‍ വളരെ എളുപ്പം.
കിടങ്ങൂരാന്‍, അനില്‍, അതെ തീര്‍ച്ചയായും ലാപ്ടോപ്പിന്റെ എല്‍.സി.ഡി പാനലും ഒ.എച്ച്.പി യും ഉപയോഗിച്ച് ഇത് നിര്‍മ്മിക്കാവുന്നതാണ്... പക്ഷേ വ്യക്തത കുറയുന്നു എന്നതു കൊണ്ടാണോ എന്നറിയില്ല കമ്പനികള്‍ അത്തരം പ്രൊജക്റ്ററുകള്‍ പുറത്തിറക്കുന്നില്ല. ഭാവിയില്‍ വന്നേക്കാനും മതി..
ReplyDeleteനന്ദി..