തടസ്സരഹിത വൈദ്യുത വിതരണം - യു.പി.എസ്.
തടസ്സരഹിത വൈദ്യുത വിതരണം - യു.പി.എസ്
കംമ്പ്യൂട്ടറുകളുടെ വരവോടെയാണ് യു.പി.എസ്. എന്ന പുതിയ അതിഥി നമ്മുടെ വീടുകളിലേക്കും ഓഫീസുകളിലേക്കും എത്തിച്ചേര്‍ന്നത്. വളരെ സശ്രദ്ധം കൈകാര്യം ചെയ്യേണ്ട ഒരു ഉപകരണമായിരുന്നു കംമ്പ്യൂട്ടര്‍. ചെറിയ വോള്‍ട്ടേജ് വ്യതിയാനങ്ങളെയെല്ലാം കംമ്പ്യൂട്ടറിന്റെ പവ്വര്‍ സപ്ലെ സംവിധാനം കാര്യക്ഷമമായി കൈകാര്യം ചെയ്യും. പക്ഷേ വലിയ വോള്‍ട്ടേജ് വ്യതിയാനങ്ങളെ ചെറുക്കുവാനുള്ള സംവിധാനം കംമ്പ്യൂട്ടറുകള്‍ക്ക് ഉണ്ടായിരുന്നില്ല. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സമയത്ത് വൈദ്യുതി നിന്നുപോയാല്‍ അത് കംമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. അതു വരെ ചെയ്തുവച്ച പ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലാകും എന്നു മാത്രമല്ല സോഫ്റ്റ്‌വെയര്‍ സംബന്ധമായതും ഹാര്‍ഡ്‌വെയര്‍ സംബന്ധമായതുമായ നിരവധി പ്രശ്നങ്ങള്‍ക്ക് ഇത് വഴിയൊരുക്കുമായിരുന്നു. ഇവിടെയായിരുന്നു യു.പി.എസ്. എന്ന തടസ്സമില്ലാത്ത വൈദ്യുതവിതരണ സംവിധാനത്തിന്റെ പ്രസക്തി. കംമ്പ്യൂട്ടറുകള്‍ക്കൊപ്പം യു.പി.എസ്. ഒരു അവിഭാജ്യ ഘടകമായി മാറാന്‍ ഇത് കാരണമായി.
നല്ല ഒരു യു.പി.എസ്. ഉണ്ടെങ്കില്‍ വൈദ്യുതിവിതരണം നിലയ്ക്കപ്പെടുന്നത് നാം അറിയുക കൂടി ഇല്ല. അത്രയും നേരം പ്രധാന പവ്വര്‍ സപ്ലെയില്‍ നിന്നും പ്രവര്‍ത്തിച്ച കംമ്പ്യൂട്ടര്‍ പിന്നീട് പ്രവര്‍ത്തിക്കുന്നത് യു.പി.എസ് നല്‍കുന്ന വൈദ്യുതിയില്‍ നിന്നായിരിക്കും. ബാറ്ററികളിലാണ് സാധാരണ യു.പി.എസ്സുകളില്‍ വൈദ്യുതി ശേഖരിച്ച് വയ്ക്കുന്നത്. സാധാരണ ഉപയോഗത്തിലുള്ള യു.പി.എസ്സുകളില്‍ 15 മുതല്‍ 20 മിനിട്ട് വരെ കംമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കാനാവശ്യമായ വൈദ്യുതി ശേഖരിച്ച് വയ്ക്കുവാന്‍ കഴിയുന്നു. കൂടുതല്‍ നേരം വൈദ്യുതി നിലയ്ക്കുന്നുവെങ്കില്‍ കംമ്പ്യൂട്ടര്‍ സുരക്ഷിതമായി ഷട്ട് ഡൌണ്‍ ചെയ്യാന്‍ ഇത് സഹായിക്കുന്നു.
രണ്ടു തരത്തിലുള്ള യു.പി.എസ്സുകളാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. ഓണ്‍-ലൈന്‍-യു.പി.എസ്സും, ഓഫ്-ലൈന്‍-യു.പി.എസ്സും. ഓഫ്-ലൈന്‍ യു.പി.എസ്സുകളാണ് വീടുകളില്‍ സാധാരണയായി ഉപയോഗിക്കാറ്. എ.സി വൈദ്യുതി ഉള്ളപ്പോള്‍ അതില്‍ നിന്നു തന്നെ പ്രവര്‍ത്തിക്കുകയും, വൈദ്യുതി നിലയ്ക്കുന്ന അവസരത്തില്‍ ഇന്‍വെര്‍ട്ടര്‍ ഓണ്‍ ആയി ബാറ്ററിയില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കകയും ചെയ്യും. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ പ്രധാനസപ്ലെയില്‍ നിന്നും ബാറ്ററി സപ്ലെയിലേക്ക് മാറുവാനുള്ള ഇലക്ട്രോണിക്ക് സംവിധാനങ്ങള്‍ ഇത്തരം യു.പി.എസ്സുകളില്‍ ഉണ്ട്. ഓണ്‍ ലൈന്‍ യു.പി.എസ്സുകള്‍ മറ്റൊരു രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ സമയത്തും ബാറ്ററിയില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്. പ്രധാന സപ്ലെ ഉള്ള സമയത്തെല്ലാം ഈ ബാറ്ററി ചാര്‍ജ് ചെയ്യപ്പെടുകയും ചെയ്യും.
യു.പി.എസ്സിന്റെ ഘടന
ചാര്‍ജര്‍, ബാറ്ററി, ഇന്‍വെര്‍ട്ടര്‍ എന്നീ ഉപകരണങ്ങള്‍ സമന്വയിപ്പിച്ചാണ് ഒരു യു.പി.എസ് പ്രവര്‍ത്തിക്കുന്നത്. ലെഡ് ആസിഡ് ബാറ്ററികളാണ് സാധാരണ യു.പി.എസ്സുകളില്‍ ഉപയോഗിക്കുന്നത്. ഈ ബാറ്ററിയെ ചാര്‍ജ്ജ് ചെയ്യുന്നതിനാണ് ചാര്‍ജര്‍ ഉപയോഗിക്കുന്നത്. ട്രാന്‍സ്ഫോര്‍മ്മറും ഡയോഡുകളും കപ്പാസിറ്ററുകളും അടങ്ങുന്ന ഒരു ഇലക്ട്രോണിക്ക് സംവിധാനമാണ് ചാര്‍ജ്ജര്‍. 230 വോള്‍ട്ട് എ.സി യെ 12 വോള്‍ട്ട് ഡി.സി ആക്കി മാറ്റാന്‍ ഈ സംവിധാനം സഹായിക്കുന്നു. ട്രാന്‍സ്ഫോര്‍മ്മര്‍ ഉപയോഗിച്ച് 230വോള്‍ട്ട് എ.സി. യെ 12 വോള്‍ട്ട് എ.സി ആക്കുന്ന പ്രക്രിയയാണ് ആദ്യം. ഈ എ.സി വൈദ്യുതിയെ ഡി.സി ആക്കുന്നതിന് ഡയോഡുകളും കപ്പാസിറ്ററുകളും ഉള്‍പ്പെടുന്ന റക്ട്രിഫയര്‍ സംവിധാനം ഉപയോഗിക്കുന്നു. ഈ ഡി.സി വൈദ്യുതി ഉപയോഗിച്ചാണ് ബാറ്ററി ചാര്‍ജ്ജ് ചെയ്യുന്നത്. ബാറ്ററി അധിക ചാര്‍ജ്ജ് ആവാതെ നോക്കുവാനുള്ള ഇലക്ട്രോണിക്ക് സംവിധാനങ്ങളും ഇതിനോടൊപ്പമുണ്ടാകും.
പ്രധാന വൈദ്യുതി നിലയ്ക്കപ്പെടുന്ന അവസരത്തിലാണ് ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തനക്ഷമമാകുന്നത്. ബാറ്ററിയില്‍ നിന്നുള്ള 12വോള്‍ട്ട് ഡി.സി യെ 230 വോള്‍ട്ട് എ.സി ആക്കുന്ന സംവിധാനമാണിത്. അതിനുവേണ്ട ഓസിലേറ്ററി സര്‍ക്യൂട്ട് അടക്കമുള്ള ഇലക്ട്രോണിക്ക് സംവിധാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. വോള്‍ട്ടേജ് ഉയര്‍ത്താനാവശ്യമായ ട്രാന്‍സ്ഫോര്‍മ്മറായി ചാര്‍ജ്ജറിലുള്ള ട്രാന്‍സ്ഫോര്‍മ്മര്‍ തന്നെ ഉപയോഗിക്കാവുന്നതാണ്. ആവശ്യാനുസരണം സ്റ്റെപ്പ് അപ് ട്രാന്‍സ്ഫോര്‍മ്മറായും സ്റ്റെപ്പ് ഡൌണ്‍ ട്രാന്‍സ്ഫോര്‍മ്മറായും പ്രവര്‍ത്തിക്കാന്‍ ഇതിന് കഴിയുന്നു. നമുക്ക് ലഭിക്കുന്ന വൈദ്യുതി സൈന്‍ തരംഗത്തിന്റെ ആകൃതിയിലുള്ളതാണ്. സാധാരണ ഇന്‍വെര്‍ട്ടറുകളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതി പലപ്പോഴും സ്ക്വയര്‍ തരംഗത്തിന്റെ ആകൃതിയിലാണ്. ഇതിനെ സൈന്‍ തരംഗമാക്കി മാറ്റുവാനുള്ള സംവിധാനങ്ങളും നല്ല യു.പി.എസ്സുകളോടൊപ്പമുണ്ടാകും.
പ്രധാനവൈദ്യുതി നിലയ്ക്കുകയോ കുറയുകയോ ചെയ്യുന്ന സമയത്ത് തന്നെ ഇന്‍വെര്‍ട്ടര്‍ സംവിധാനം ഓണ്‍ ആവേണ്ടതുണ്ട്. ഇന്‍ഡഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍ ഉപയോഗിച്ചുള്ള ഇലക്ട്രോണിക്ക് സര്‍ക്യൂട്ടുകളും മറ്റും ഇതിനായി പ്രയോജനപ്പെടുത്തുന്നു. ബാറ്ററിയിലെ വൈദ്യുതി തീരാറാകുമ്പോള്‍ മുന്നറിയിപ്പ് തരുന്ന സംവിധാനങ്ങളും എല്ലാ യു.പി.എസ്സിന്റേയും ഭാഗമാണ്.
കംമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണമായിട്ടാണ് യു.പി.എസ്സിനെ നാം കാണുന്നത്. എന്നാല്‍ വലിയ കമ്പനികളിലടക്കം തുടര്‍ച്ചയായ വൈദ്യുതി വേണ്ട എല്ലായിടത്തും ഇവ പ്രയോജനപ്പെടുത്തുന്നു. ഏതാനും മിനിറ്റുകള്‍ മുതല്‍ ദിവസങ്ങള്‍ വരെ തടസ്സരഹിത വൈദ്യുതി നല്‍കാന്‍ കഴിയുന്ന യു.പി.എസ്സുകള്‍ വരെ ഇന്ന് ലഭ്യമാണ്. ആധുനിക യു.പി.എസ്സുകളില്‍ ഊര്‍ജ്ജ സംഭരണത്തിനായി ബാറ്ററികള്‍ മാത്രമല്ല വായുരഹിത അറയില്‍ അതിവേഗം കറങ്ങുന്ന ഫ്ലൈവീലുകളും പ്രയോജനപ്പെടുത്തുന്നുണ്ട്.
അപൂര്‍വ്വമായി മാത്രമെ സയന്‍സ് വിഷയങ്ങള്‍ മലയാളം ബ്ളൊഗില്‍ കാണാറുള്ളു. നന്ദി വെറും വാക്കുകളില്‍ ഓതുക്കിയാല്‍ അതൊരു അപരാധമാണു.
ReplyDeleteശാസ്ത്രവിഷയങ്ങള്‍ പ്രതിപാദിക്കുന്ന കുറെയധികം മലയാളം ബ്ലോഗുകള്‍ ഉണ്ട്. കുറിഞ്ഞി ഓണ്‍ലൈന്‍, സയന്‍സ് അങ്കിള്‍ തുടങ്ങിയവ ഉദാഹരണം..മെഡിസിന്‍ @ ബൂലോകം തുടങ്ങിയ ബ്ലോഗുകള്‍ ആരോഗ്യരംഗത്തും..
ReplyDeleteനന്ദി ബാദല്‍, ഇനിയും വരിക...