ഫോട്ടോകോപ്പിയര്‍

ഫോട്ടോകോപ്പി, സ്ഥിരമായി കേള്‍ക്കുന്ന വാക്കും സ്ഥിരമായി കാണുന്ന യന്ത്രവും. വളരെ കുറഞ്ഞ ചിലവില്‍ സര്‍ട്ടിഫിക്കറ്റുകളുടേയും പുസ്തകങ്ങളുടേയും എല്ലാം പകര്‍പ്പുകള്‍ എടുക്കാന്‍ സഹായിക്കുന്ന ഈ ഉപകരണത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ആവിയന്ത്രം കണ്ടുപിടിച്ചതിന് അറിയപ്പെടുന്ന ജയിംസ് വാട്ട് ആണ് പകര്‍പ്പ് യന്ത്രത്തിന്റെ വിജയകരമായ ആദ്യ മാതൃകയുടെ ഉപജ്ഞാതാവ്. അച്ചടിച്ച കടലാസില്‍ നിന്നുള്ള മഷിയുടെ ഒരു ഭാഗം മറ്റൊരു കടലാസിലേക്ക് പകര്‍ത്തുകയായിരുന്നു ഈ യന്ത്രം ചെയ്തിരുന്നത്. വെള്ളകടലാസില്‍ മെഴുക് പുരട്ടി, അത് പത്രത്തിലെ ചിത്രങ്ങള്‍ക്ക് മീതേ വച്ച് അമര്‍ത്തി , ചിത്രം പകര്‍ത്തുന്ന അതേ രീതിയാണ് ജയിംസ് വാട്ടിന്റെ പകര്‍പ്പ് യന്ത്രത്തില്‍ ഉപയോഗിച്ചിരുന്നത്. കണ്ണാടിയില്‍ കാണുന്ന പോലെ ഇടം വലം മാറിയ പകര്‍പ്പേ ഇവിടെ ലഭിക്കൂ. എഴുതിയത് വായിക്കണമെങ്കില്‍ കടലാസിന്റെ അപ്പുറത്തെ വശത്ത് നിന്നും വായിക്കണം.

ചെസ്റ്റര്‍ കാള്‍സണ്‍ എന്ന അമേരിക്കന്‍ കണ്ടുപിടുത്തക്കാരനാണ് ആദ്യത്തെ ഫോട്ടോകോപ്പിയന്ത്രത്തിന് രൂപം കൊടുത്തത്. 1938 ല്‍ ആണ് ഇലക്ട്രോഫോട്ടോഗ്രാഫി പേരിട്ട പ്രവര്‍ത്തന തത്വവുമായി കാള്‍സണ്‍ ഈ യന്ത്രം പുറത്തിറക്കിയത്. പിന്നീട് 1947ഹാലോയിഡ് കോര്‍പ്പറേഷന്‍ ഈ യന്ത്രത്തിന്റെ പേറ്റന്റ് കരസ്ഥമാക്കിയതോടെയാണ് ഫോട്ടോകോപ്പിയറുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറങ്ങിത്തുടങ്ങിയത്. ഇലക്ട്രോഫോട്ടോഗ്രാഫി യന്ത്രം എന്ന പേരിന്റെ സാങ്കേതികത്വം മറകടക്കാന്‍ സിറോക്സ് (Xerox) എന്ന പേരിലാണ് യന്ത്രം പുറത്തിറക്കിയത്. ഈ പേര് പിന്നീട് കമ്പനിയുടെ ട്രേഡ്മാര്‍ക്ക് ആക്കി മാറ്റുകയും ചെയ്തു.
ഉണങ്ങിയ തലമുടിയില്‍ ഇന്‍സ്ട്രുമെന്റ് ബോക്സിലെ സ്കെയിലുരസി ചെറിയ കടലാസുകഷണങ്ങളെ ഉയര്‍ത്തിക്കളിക്കുക കുട്ടികളുടെ ഒരു സ്ഥിരം ക്ലാസ്റൂം വിനോദമാണ്. ഉരസുമ്പോള്‍ സ്കെയിലിന് ലഭിക്കുന്ന സ്ഥിതവൈദ്യുതിയാണ് ചെറിയ വസ്തുക്കളെ ആകര്‍ഷിക്കാനുള്ള കഴിവിന് പിന്നില്‍. ഒരു വസ്തുവില്‍ ഉള്ള ഇലക്ട്രോണുകളുടെ എണ്ണം വളരെയധികം കൂടുകയോ കുറയുകയോ ചെയ്യുമ്പോഴാണ് അതില്‍ സ്ഥിതവൈദ്യുതി രൂപപ്പെട്ടു എന്ന് പറയുന്നത്. പൊസിറ്റീവ് ചാര്‍ജോ നെഗറ്റീവ് ചാര്‍ജോ ആയിരിക്കും സ്ഥിതവൈദ്യുതീകരിക്കപ്പെട്ട വസ്തുവില്‍ ഉണ്ടാകുക.  വ്യത്യസ്ഥ ചാര്‍ജുകള്‍ പരസ്പരം ആകര്‍ഷിക്കപ്പെടും എന്ന തത്വമാണ് ഫോട്ടോകോപ്പിയന്ത്രത്തില്‍ പ്രയോജനപ്പെടുത്തുന്നത്.
വലിയ ഒരു ഡ്രം ആണ് ഫോട്ടോസ്റ്റാറ്റ് യന്ത്രത്തിന്റെ പ്രധാനഭാഗങ്ങളിലൊന്ന്.  ഈ ഡ്രമ്മിനെ ചാര്‍ജ് ചെയ്യുകയാണ് ഫോട്ടോകോപ്പിയിംഗിന്റെ ആദ്യപടി. പ്രകാശം വീഴുന്നതിനനുസരിച്ച് വൈദ്യുതചാലനസ്വഭാവത്തില്‍ മാറ്റം വരുന്ന ഫോട്ടോകണ്‍ടക്റ്റീവ് പദാര്‍ത്ഥം ഒരു കോട്ടിംഗ് ആയി ഈ ഡ്രമ്മില്‍ ഉണ്ടായിരിക്കും. പ്രകാശം വീണാല്‍ ചാലകമായി മാറുന്ന പദാര്‍ത്ഥമാണിത്. കൊറോണ വയര്‍ എന്നറിയപ്പെടുന്ന ഉയര്‍ന്ന വോള്‍ട്ടേജ് ഉള്ള ഒരു വയറിന്റെ സഹായത്തോടെയാണ്  ഡ്രം ചാര്‍ജ് ചെയ്യുന്നത്. ഫോട്ടോകണ്‍ടക്റ്റീവ് പദാര്‍ത്ഥത്തിന് നെഗറ്റീവ് ചാര്‍ജും ഡ്രമ്മിന് പോസിറ്റീവ് ചാര്‍ജും ലഭിക്കുന്നതോടെ ചാര്‍ജിംഗ് പൂര്‍ത്തിയാകുന്നു.
പകര്‍പ്പെടുക്കേണ്ട രേഖയെ പ്രകാശമുപയോഗിച്ച് സ്കാന്‍ ചെയ്യുന്ന പ്രക്രിയയാണ് അടുത്തത്. അതിശക്തമായ പ്രകാശം ഡോക്യുമെന്റിലേക്ക് വീഴ്ത്തുന്നു. ഡോക്യുമെന്റിന്റെ വെളുത്ത ഭാഗങ്ങളില്‍ നിന്ന് പ്രകാശം നല്ല രീതിയില്‍ പ്രതിഫലിപ്പിക്കപ്പെടും. എഴുത്തോ ചിത്രമോ ഉള്ള കറുത്തഭാഗത്തു നിന്നും പ്രകാശം വളരെകുറച്ച് മാത്രമേ പ്രതിഫലിപ്പിക്കപ്പെടുകയുള്ളൂ. പ്രതിഫലനപ്രകാശം വന്നുവീഴുന്നത് ഡ്രമ്മിലെ ചാര്‍ജിതമായ ഫോട്ടോകണ്‍ടക്റ്റീവ് ആവരണത്തിലേക്കാണ്. പ്രകാശം വന്നുവീഴുന്ന ഭാഗം മാത്രം ചാലകമായി മാറുക‌യും അവിടത്തെ ചാര്‍ജ് എര്‍ത്ത് ചെയ്ത് പോവുകയും ചെയ്യും. അതായത് പ്രകാശം വന്നുവീഴുന്ന ഭാഗത്തെ സ്ഥിതവൈദ്യുതി അപ്രത്യക്ഷമാകുന്നു. ഇപ്പോള്‍ ഡോക്യുമെന്റിന്റെ പകര്‍പ്പ് ഒരു ചാര്‍ജിതചിത്രമായി ഡ്രമ്മില്‍ ഉണ്ടാകും.
ഫോട്ടോകോപ്പിയന്ത്രത്തിലെ മഷിയെ ടോണര്‍ എന്നാണ് വിളിക്കുന്നത്. ടോണറും സ്ഥിതവൈദ്യുതി ഉപയോഗിച്ച് ചാര്‍ജ് ചെയ്തിരിക്കും. മിക്കവാറും പൊസിറ്റീവ് ചാര്‍ജാണ് ടോണറിന് നല്‍കുക. ഡ്രം കറങ്ങുമ്പോള്‍ അവിടേക്ക് ഈ ടോണര്‍ ആകര്‍ഷിക്കപ്പെടുന്നു. നെഗറ്റീവ് ചാര്‍ജുള്ള ഭാഗത്ത് മാത്രമാണ് ടോണര്‍ പറ്റിപ്പിടിക്കുന്നത്. ഇതോടെ ഡ്രമ്മില്‍ ഡോക്യുമെന്റിന്റെ ഒരു പകര്‍പ്പ് ടോണറിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കും.
ഈ ടോണറിനെ വെളുത്ത ഒരു കടലാസിലേക്ക് പകര്‍ത്തുന്ന പണിയാണ് അടുത്തത്. ഇതിനായി ആദ്യം കടലാസിന് വളരെ ശക്തമായ നെഗറ്റീവ് ചാര്‍ജ് നല്‍കുന്നു. ഡ്രമ്മിലുള്ള നെഗറ്റീവ് ചാര്‍ജിനേക്കാള്‍ കൂടുതലായിരിക്കും ഈ ചാര്‍ജ്. ഈ നെഗറ്റീവ് ചാര്‍ജിതമായ പേപ്പര്‍ ഡ്രമ്മിന് മുകളിലൂടെ കടത്തിവിടുന്നു. പോസിറ്റീവ് ചാര്‍ജുള്ള ടോണര്‍ ഇതോടെ കടലാസിലേക്ക് ആകര്‍ഷിക്കപ്പെടുകയും പറ്റിപ്പിടിക്കുകയും ചെയ്യുന്നു. ഇങ്ങിനെ പറ്റിപ്പിടിച്ച ടോണറിനെ കടലാസില്‍ സ്ഥിരമായിരിക്കാനായി നല്ല പോലെ ചൂടാക്കുന്നു. ചൂടായ ടോണര്‍ ഉരുകി കടലാസില്‍ അച്ചടിക്കപ്പെടുന്നതോടെ ഫോട്ടോകോപ്പിയിംഗ് എന്ന പ്രക്രിയ പൂര്‍ത്തിയാകുന്നു.

ഡിജിറ്റല്‍ യുഗപ്പിറവിയോടെ പഴയ തരത്തിലുള്ള ഫോട്ടോകോപ്പിയറുകളുടെ കാലം കഴിയാറായി എന്നു വേണം കരുതാന്‍. നല്ല ഒരു സ്കാനറും പ്രിന്ററും ഒത്തുചേര്‍ന്ന സംവിധാനം നമുക്ക് ഫോട്ടോകോപ്പിയറിന് പകരമായി ഉപയോഗിക്കാം. ഇപ്പോള്‍ത്തന്നെ അത്തരത്തിലുള്ള ഉപകരണങ്ങള്‍ വ്യാപകമായിത്തുടങ്ങിയിട്ടുണ്ട്. അവയെക്കുറിച്ചുള്ള കഥകള്‍ ഇനി മറ്റൊരു തവണ.