അലക്ക് യന്ത്രം എന്ന വാഷിംഗ് മെഷീന്‍
അലക്ക് യന്ത്രം
( കൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഒരു പഴയകാല അലക്ക് യന്ത്രത്തിന്റെ പരസ്യം )
നിരവധി വീടുകളില്‍ ഇന്ന് അലക്ക്‌യന്ത്രം ഉപയോഗിക്കുന്നുണ്ട്. മനുഷ്യന്റെ അദ്ധ്വാനം കുറച്ച് വസ്ത്രങ്ങള്‍ കഴുകുന്നത് എളുപ്പത്തിലാക്കുന്ന ഈ സംവിധാനത്തിന് ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്. തുണികൊണ്ടുള്ള വസ്ത്രങ്ങള്‍ വ്യാപകമായിതു മുതല്‍ക്ക് അലക്ക് എളുപ്പമാക്കാനുള്ള സംവിധാനങ്ങള്‍ക്കായി നിരവധി പേര്‍ പരിശ്രമിച്ചിരുന്നു. 1752ല്‍ ഇറങ്ങിയ ദി ജന്റില്‍മാന്‍സ് മാഗസിന്‍ എന്ന ബ്രിട്ടീഷ് മാസികയിലാണ് അലക്ക്‌യന്ത്രത്തിന്റെ ആദ്യ രേഖാചിത്രം പ്രസിദ്ധീകരിച്ചത്. അത്തരം സംവിധാനങ്ങളുടെ ഏറ്റവും പുതിയ രൂപങ്ങളാണ് ഇന്നത്തെ അലക്ക് യന്ത്രങ്ങള്‍. ആദ്യകാലത്തെ അലക്ക് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത് മനുഷ്യര്‍ തന്നെയായിരുന്നു. കൈകള്‍ ഉപയോഗിച്ച് കറക്കിയും മറ്റുമാണ് യന്ത്രത്തിന് വേണ്ട ഊര്‍ജ്ജം അവര്‍ കണ്ടെത്തിയത്. ചിലയിടത്ത് പെട്രോളിയം എന്‍ജിനുകളും ഉപയോഗിച്ചിരുന്നു. മരത്തിലും ലോഹത്തിലും തീര്‍ത്ത അലക്കുയന്ത്രങ്ങള്‍ ഉണ്ടായിരുന്നു. ലോഹം കൊണ്ടുള്ള പാത്രം ഉപയോഗിച്ച അലക്ക്‌യന്ത്രങ്ങളില്‍ ജലം ചൂടാക്കാനുള്ള സംവിധാനങ്ങളും പലരും ഇണക്കിച്ചേര്‍ത്തിരുന്നു. യന്ത്രമുപയോഗിച്ച് സോപ്പുകലര്‍ന്ന ജലത്തില്‍ വസ്ത്രം കുറേനേരം അലക്കിയ ശേഷം സോപ്പ് കളയാനായി സാധാരണ രീതികള്‍ തന്നെ അനുവര്‍ത്തിക്കേണ്ടിയിരുന്നു. എന്നാല്‍ ഇതിനും ചിലര്‍ യന്ത്രങ്ങള്‍ രൂപപ്പെടുത്തിയെടുത്തു. റബര്‍ ഷീറ്റുകള്‍ കനം കുറയ്ക്കാനായി രണ്ടു റോളര്‍കള്‍ക്കിടയിലൂടെ നാം കടത്തിവിടാറുണ്ട്. അത്തരത്തിലുള്ള ഒരു യന്ത്രം തന്നെയാണ് തുണിയിലെ ജലം കളയാനും അന്നുപയോഗിച്ചിരുന്നത്. വൈദ്യുതി സുലഭമല്ലാത്തതിനാല്‍ ജലം കളയാനുള്ള സ്പിന്നര്‍ സംവിധാനങ്ങളും അന്ന് വികസിച്ചിരുന്നില്ല. പിന്നീട് വൈദ്യുതി വ്യാപകമായതോടെയാണ് അലക്ക് യന്ത്രങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ കൈവന്നത്. അലക്കല്‍ , സോപ്പ് നീക്കം ചെയ്യല്‍, ഉണക്കല്‍ എല്ലാം ഒരുമിച്ച് പരസഹായമില്ലാതെ നടക്കുന്ന ആട്ടോമാറ്റിക്ക് വാഷിംഗ് മെഷീനുകളാണ് കൂടുതല്‍ വ്യാപകം.
(ഒരു ആധുനിക അലക്ക് യന്ത്രം)
സാധാരണഗതിയില്‍ ഒരു അലക്ക്‌യന്ത്രത്തിന് രണ്ട് അറകളാണ് കാണപ്പെടുന്നത്. ഇതില്‍ ഒന്ന് വസ്ത്രം അലക്കുവാനുള്ളതും അടുത്തത് ഉണക്കുവാനുള്ളതുമാണ്. രണ്ടു പ്രവര്‍ത്തനങ്ങളും വൈദ്യുതമോട്ടോറിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. അലക്കുവാനുള്ള അറയില്‍ നിക്ഷേപിക്കുന്ന വസ്ത്രങ്ങളും ഡിറ്റര്‍ജന്റ് കലര്‍ന്ന ജലവും മോട്ടോറിന്റെ സഹായത്തോടെ കറക്കുന്നു. ഒരേ തന്ന ഒരേ ദിശയില്‍ തന്നെ വളരെയധികം നേരം കറക്കിയാല്‍ വസ്ത്രങ്ങള്‍ പരസ്പരം കെട്ടുപിണയാന്‍ സാധ്യതയേറെയുണ്ട്. അതു കൊണ്ടു തന്നെ ഇരു ദിശകളിലും ആയാണ് ഈ കറക്കം. ഇരു ദിശയിലേക്കുമുള്ള കറക്കം ഗിയറുകള്‍ വഴിയോ മോട്ടോറില്‍ തന്നെയുള്ള സംവിധാനങ്ങള്‍ വഴിയോ നിയന്ത്രിക്കാവുന്നതാണ്. പരമാവധി ജലം തുണിയുടെ ഇഴകള്‍ക്കിടയിലൂടെ കടന്നുപോകുവാന്‍ സഹായിക്കുന്ന വിധത്തിലാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. വിവിധ ദിശകളിലുള്ള ജലത്തിന്റെ തുടര്‍ച്ചയായ ഒഴുക്ക് വസ്ത്രങ്ങളില്‍ നിന്നും അഴുക്ക് ഇളക്കിക്കളയാന്‍ സഹായിക്കുന്നു. ഡിറ്റര്‍ജന്റിന്റെ പ്രവര്‍ത്തനവും പ്രധാനമാണ്. ഡിറ്റര്‍ജന്റ് തന്മാത്രകള്‍ക്ക് ജലതന്മാത്രയുമായും കൊഴുപ്പിന്റെ തന്മാത്രയുമായും ബന്ധനത്തിലേര്‍പ്പെടാന്‍ സാധിക്കും. കൊഴുപ്പിന്റെ തന്മാത്രയും ജലത്തിന്റെ തന്മാത്രയും തമ്മില്‍ ഇതോടെ കൂട്ടിയിണക്കപ്പെടുന്നു. ജലമൊഴുകുന്ന വഴിയേ അതോടെ കൊഴുപ്പും അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മറ്റ് അഴുക്കുകളും ഇളകിപ്പോവുന്നു.അടുത്ത അറയാണ് വസ്ത്രത്തില്‍ നിന്നും ജലം കളയാനായി ഉപയോഗിക്കുന്നത്. അപകേന്ദ്രബലം (centrifugal force)പ്രയോജനപ്പെടുത്തുന്ന ഒരു ഉപകരണമാണിത്. സെന്‍ട്രിഫ്യൂജ് എന്നു വിളിക്കുന്ന ഉപകരണങ്ങളുടെ ഒരു പരിഷ്കരിച്ച രൂപമാണിത്. വെള്ളത്തില്‍ മുക്കിയ ഒരു തോര്‍ത്ത് അതി വേഗതിയില്‍ കറക്കിയാല്‍ ചുറ്റുപാടിലേക്കും ജലം തെറിച്ചു പോകുന്ന അതേ തത്വമാണ് ഇവിടെയും പ്രയോജനപ്പെടുത്തുന്നത്. മിനിറ്റില്‍ 2000 തവണവരെ തിരിയുന്ന മോട്ടോറുകള്‍ ഉപയോഗിച്ചാണ് സ്പിന്നര്‍ എന്നറിയപ്പെടുന്ന ഈ അറയെ കറക്കുന്നത്. ഈ അറയുടെ വശങ്ങളില്‍ നിരവധി ദ്വാരങ്ങള്‍ ഉണ്ടായിരിക്കും. അതിവേഗത്തില്‍ കറങ്ങുന്ന അറയ്ക്കുള്ളിലെ വസ്ത്രങ്ങളില്‍ നിന്ന് എളുപ്പത്തില്‍ തെന്നി മാറാന്‍ പറ്റിയ ജലം ഈ ദ്വാരങ്ങളിലൂടെ പുറത്തേക്ക് തെറിച്ചുപോകും. വ്യത്യസ്ഥ തന്മാത്രകള്‍ തമ്മിലുള്ള ബലമായ അഥ്ഹെസീവ് ബലം മൂലം പരുത്തിപോലുള്ള നാരുകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന തുണികളില്‍ നിന്നും പൂര്‍ണ്ണമായും ജലം നീക്കം ചെയ്യാന്‍ കഴിയണമെന്നില്ല എന്നൊരു പരിമിതി ഇത്തരം ഡ്രയറുകള്‍ക്കുണ്ട്.
മിക്കവാറും ഇലക്ട്രിക്കല്‍ - ഇലക്ട്രോണിക്ക് സംവിധാനങ്ങള്‍ വഴിയാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. എത്ര സമയം കറങ്ങണം തുടങ്ങിയ കാര്യങ്ങളും മുന്‍കൂട്ടി ചെയ്യുവാനുള്ള ടൈമര്‍ സംവിധാനങ്ങള്‍ ഇന്ന് ഭൂരിഭാഗം അലക്ക്‌യന്ത്രങ്ങള്‍ക്കൊപ്പവും ഉണ്ട്. പൂര്‍ണ്ണമായും പ്രോഗ്രാം ചെയ്യാവുന്ന യന്ത്രങ്ങളും ലഭ്യമാണ്. പൈപ്പില്‍ നിന്നും ജലമെടുക്കുന്നത് മുതല്‍ അലക്കലും ഉണക്കലും ഉള്‍പ്പടെയുള്ള എല്ലാക്കാര്യങ്ങളും മനുഷ്യന്റെ ഇടപെടല്‍ കൂടാതെ തന്നെ ചെയ്യുന്ന ഇലക്ട്രോണിക്ക് സംവിധാനങ്ങളാണിവ.
സുരക്ഷ
കറക്കത്തെ പ്രതിരോധിക്കാനാവാതെ സ്പിന്നര്‍ പൊട്ടിപ്പോവുകയോ തെറിച്ചുപോവുകയോ മറ്റോ ചെയ്താല്‍ അത് അപകടങ്ങള്‍ക്ക് വഴിവയ്ക്കും. അതു കൊണ്ടു തന്നെ സ്പിന്നര്‍ നിര്‍മ്മിക്കാനായി ഉപയോഗിക്കുന്ന വസ്തു അതി വേഗത്തിലുള്ള കറക്കത്തേയും വിറയലിനേയും മറ്റും പ്രതിരോധിക്കാന്‍ ശേഷിയുള്ളതായിരിക്കും. ഈ അറയുടെ അടപ്പ് തുറന്നാല്‍ മോട്ടോറിലേക്കുള്ള വൈദ്യുതബന്ധം വിച്ഛേദിക്കുകയും അതോടൊപ്പം ഇത് ഒരു ബ്രേക്കായി പ്രവര്‍ത്തിച്ച് സ്പിന്നറിന്റെ കറക്കത്തെ നിര്‍ത്തുകയും ചെയ്യും. ഈ സംവിധാനം അറിയാതെ കൈയ്യോ മറ്റോ കറങ്ങുന്ന അറയ്ക്കുള്ളില്‍ പോകാതെ സംരക്ഷിക്കുന്നു.
രണ്ട് അറകളും ഒരു അറയിലേക്ക് ഏകോപിപ്പിച്ച അലക്ക്‌യന്ത്രങ്ങളും ഇന്ന് ലഭ്യമാണ്. വെള്ളം ചൂടാക്കാനും അലക്കുന്ന സമയത്ത് ജലത്തില്‍ വായു ലയിപ്പിക്കുവാനുള്ള സംവിധനങ്ങളും വരെ ഇന്ന് പല വാഷിംഗ് മെഷീനുകളിലും ലഭ്യമാണ്.
വളരെ നല്ല പോസ്റ്റ് ..പുതിയതരം വാഷിംങ്ങ് മെഷീനിൽ തുണി പൂർണ്ണമായും ഉണക്കും..ഡ്രൈയറിൽ നിന്ന് നേരിട്ട് എടുത്തണിയാം..പക്ഷേ കട്ട വിലയാണതിന്..ഒരു ഫുൾ ഓട്ടോമാറ്റിക്കിന്റ്റെ മൂനിരട്ടി..
ReplyDeleteനന്ദി...
ReplyDeleteവളരെ ലളിതമായ വിവരണം. നല്ലത്
ReplyDelete