ബഹിരാകാശത്തൊരു കാര്‍ബണ്‍ ഫുട്ബോള്‍! ബക്കിബോള്‍!

60 കാര്‍ബണ്‍ ആറ്റങ്ങള്‍ അടുക്കിപ്പെറുക്കി ഒരു കുഞ്ഞു ഫുട്ബോള്‍ ഉണ്ടാക്കിയാലോ? അതാണ് Buckyball എന്നു വിളിക്കുന്ന C₆₀ മോളിക്യൂള്‍. കാണാന്‍ ഭംഗിയുള്ള ഒരു തന്മാത്രയാണിത്. 1985ലാണ് ഈ മോളിക്യൂളിനെ നമ്മള്‍ ഭൂമിയില്‍ നിര്‍മ്മിച്ചെടുത്തത്. 1996ലെ നോബെല്‍ സമ്മാനം കൊണ്ടുപോയ കണ്ടുപിടുത്തം!

ബഹിരാകാശത്തെ ബക്കിബോളിന്റെ ചിത്രകാരഭാവന.
കടപ്പാട്: NASA/JPL-Caltech


പക്ഷേ ഭൂമിയില്‍ ഈ തന്മാത്രയെ നിര്‍മ്മിക്കുന്നതിനു മുന്‍പുതന്നെ ബഹിരാകാശത്ത് ഈ തന്മാത്ര രൂപം കൊണ്ടിട്ടുണ്ടായിരുന്നു. നാസയുടെ തന്നെ സ്പിറ്റ്സര്‍ സ്പേസ് ടെലിസ്കോപ്പ് ഉപയോഗിച്ച് ഏതാണ്ട് പത്തുവര്‍ഷം മുന്‍പാണ് അതു നാം കണ്ടെത്തിയത്.
ഇപ്പോഴിതാ, ബക്കിബോള്‍ എന്ന തന്മാത്രയെ മാത്രമല്ല, ഇലക്ട്രിക് ചാര്‍ജുള്ള ബക്കിബോളിനെ അതായത് അതിന്റെ അയോണിനെക്കൂടി നക്ഷത്രാന്തരസ്പേസില്‍ കണ്ടെത്തിയിരിക്കുന്നു. ഹബിള്‍ സ്പേസ് ടെലിസ്കോപ്പ് ഉപയോഗിച്ചു നടത്തിയ നിരീക്ഷണമാണ് ഈ കണ്ടെത്തലിലേക്കു വഴിതെളിച്ചത്.
ഒരു ആറ്റത്തില്‍നിന്നും ഒരു ഇലക്ട്രോണ്‍ നഷ്ടപ്പെട്ടാല്‍ അതൊരു അയോണ്‍ ആയി മാറും. ഒരു ആറ്റത്തിലേക്ക് അധികമായി ഒരു ഇലക്ട്രോണ്‍ കിട്ടിയാലും അതൊരു അയോണ്‍ ആകും. ഇപ്പോള്‍ കണ്ടെത്തിയ ബക്കിബോള്‍ ഒരു പൊസിറ്റീവ് ചാര്‍ജുള്ള അയോണാണ്. നക്ഷത്രങ്ങളില്‍നിന്നുമുള്ള അള്‍ട്രാവൈലറ്റ് രശ്മികള്‍ ഏറ്റ് ഒരു ഇലക്ട്രോണ്‍ നഷ്ടപ്പെട്ട ഒരു പാവം അയോണ്‍!
ഇത്രയും സങ്കീര്‍ണ്ണമായ തന്മാത്രകള്‍, അതും കാര്‍ബണ്‍ തന്മാത്രയെ നക്ഷത്രാന്തരസ്പേസില്‍ കണ്ടെത്തുക എന്നത് ശാസ്ത്രജ്ഞരെ ഏറെ ആഹ്ലാദിപ്പിച്ച ഒരു കണ്ടെത്തലാണ്. കാരണം ബഹിരാകാശത്ത് ജീവന്‍ ഉണ്ടാവുമോ എന്ന ചോദ്യത്തിന്റെ ഉത്തരത്തിലേക്കുള്ള വഴിയില്‍ ഈ ബക്കിബോളിന് നമ്മെ സഹായിക്കാനാവും.
ഇന്നു നമുക്കറിയാവുന്ന ജീവന്‍ കാര്‍ബണ്‍ സംയുക്തങ്ങളെ അടിസ്ഥാനപ്പെടുത്തി ഉള്ളതാണ്. ഇതുവരെയുള്ള അറിവുവച്ച് കാര്‍ബണ്‍ ഇല്ലെങ്കില്‍ ജീവന്‍ ഇല്ല എന്നു പറയേണ്ടിവരും! കാര്‍ബണ്‍ സ്വയമേവ ഒരു സങ്കീര്‍ണ്ണതന്മാത്രയെ സൃഷ്ടിക്കുക എന്നത് അതിനാല്‍ത്തന്നെ അന്യഗ്രഹജീവന്റെ അന്വേഷണത്തില്‍ വിലപ്പെട്ട ഒരു അറിവാണ്.
നക്ഷത്രങ്ങളില്‍നിന്നും വരുന്ന പ്രകാശം സ്പേസിലൂടെയാണ് സഞ്ചരിക്കുന്നത്. ഇങ്ങനെ സഞ്ചരിക്കുമ്പോള്‍ ഈ പ്രകാശത്തെ സ്പേസിലുള്ള തന്മാത്രകളും ആറ്റങ്ങളും എല്ലാം തടസ്സപ്പെടുത്തും. വരുന്ന പ്രകാശത്തിലെ പല നിറങ്ങളെയും ഈ തന്മാത്രകള്‍ ആഗിരണം ചെയ്തുകളയും. ചിലപ്പോള്‍ പുതിയ നിറം കൂട്ടിച്ചേര്‍ക്കാനും മതി. എന്തായാലും ഇങ്ങനെ ആഗിരണം ചെയ്യുന്ന നിറം പിന്നെ ഹബിള്‍ ടെലിസ്കോപ്പിലൂടെ നിരീക്ഷിക്കുമ്പോള്‍ കാണാന്‍ കഴിയില്ല. നഷ്ടപ്പെട്ട നിറങ്ങള്‍ ഏതെല്ലാമാണ് എന്നു തിരിച്ചറിഞ്ഞാല്‍ ഏതു തരത്തിലുള്ള തന്മാത്രയാണ് അല്ലെങ്കില്‍ ആറ്റമാണ് അതിനു കാരണമായത് എന്നു തിരിച്ചറിയാനാവും! അങ്ങനെയാണ് Buckminsterfullerene എന്നു നീട്ടപ്പേരുള്ള ഈ കാര്‍ബണ്‍ ഫുട്ബോളിനെ കണ്ടെത്തിയത്.
ഇനിയിങ്ങനെ എന്തെല്ലാം എന്തെല്ലാം അത്ഭുതങ്ങള്‍ നാം കാണാനിരിക്കുന്നു.

---നവനീത്...

ചിത്രം: ബഹിരാകാശത്തെ ബക്കിബോളിന്റെ ചിത്രകാരഭാവന. കടപ്പാട്: NASA/JPL-Caltech

വാല്‍ക്കഷണം: 1996ലെ നോബല്‍സമ്മാനം ബക്കിബോളിനെ ആദ്യമായി നിര്‍മ്മിച്ച പ്രപഞ്ചത്തിനു കൂടി നല്‍കണമെന്ന് ഞാന്‍ ശുപാര്‍ശ ചെയ്യുന്നു.

കൂടുതല്‍ വായനയ്ക്ക്: 1. https://iopscience.iop.org/article/10.3847/2041-8213/ab14e5
2. https://www.nasa.gov/feature/goddard/…/soccer-balls-in-space

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് - മൈക്രോസ്കോപ്പ് എന്ന സൂഷ്മദര്‍ശിനി