ആസ്റ്ററോയിഡ് ഡേ!

ആസ്റ്ററോയിഡ് ഡേ!

2004FH ​എന്ന ഛിന്നഗ്രഹം സഞ്ചരിക്കുന്നതിന്റെ വീഡിയോ.
കടപ്പാട്: NASA/JPL

1908 ജൂണ്‍ 30. പ്രാദേശികസമയം ഏഴു മണി കഴിഞ്ഞതേയുള്ളൂ. റഷ്യയുടെ ഭാഗമായ തെക്കന്‍ സൈബീരിയയിലെ ആളുകള്‍ ഒരു ആകാശക്കാഴ്ച കണ്ടു. സൂര്യനോളം പ്രകാശമുള്ള ഒരു വെളിച്ചം ആകാശത്തൂടെ നീങ്ങുന്നു. ഏതാണ്ട് പത്തുമിനിറ്റ് കഴിഞ്ഞുകാണും. കാതടിപ്പിക്കുന്ന ശബ്ദവും പ്രകമ്പനവും. അപ്പോള്‍ ആര്‍ക്കും ഒന്നും മനസ്സിലായില്ല. യുദ്ധമോ മറ്റോ എന്നു കരുതിക്കാണും.
ലോകം കണ്ടതില്‍വച്ച് ഏറ്റവും വലിയൊരു സ്ഫോടനമാണ് തങ്ങളുടെ തലയ്ക്കു മുകളില്‍ നടന്നതെന്ന് പിന്നീടാണ് അവര്‍ തിരിച്ചറിഞ്ഞത്. ബഹിരാകാശത്ത് എവിടെയോനിന്നു വന്ന ഒരു ഛിന്നഗ്രഹം വായുവുമായുള്ള ഘര്‍ഷണത്തില്‍ ചൂടായി പൊട്ടിത്തെറിച്ചതായിരുന്നു അത്. ഏകദേശം 2000 ചതുരശ്രകിലോമീറ്റര്‍ ചുറ്റളവിലുള്ള വനം മുഴുവന്‍ ഈ സ്ഫോടനത്തിന്റെ ഫലമായുണ്ടായ ഷോക്ക് വേവില്‍ തകര്‍ന്നുപോയി. ഹിരോഷിമയില്‍ വീണ ആറ്റംബോംബിനെക്കാള്‍ ആയിരം മടങ്ങ് പ്രഹരശേഷിയായിരുന്നത്രേ ഈ ഛിന്നഗ്രഹപതനം മൂലം ഉണ്ടായത്.
രസകരമായ ഒരു കാര്യം എന്തെന്നാല്‍ ഈ ഛിന്നഗ്രഹം ഭൂമിയുടെ ഉപരിതലത്തില്‍ എത്തിയില്ല. കിലോമീറ്ററുകള്‍ക്കു മുകളില്‍ വച്ചേ അത് കത്തിത്തീര്‍ന്നിരുന്നു. ഏകദേശം അറുപതു മുതല്‍ ഇരുന്നൂറ് മീറ്റര്‍വരെ വലിപ്പമുള്ള ഒരു വസ്തുവായിരിക്കാം അതെന്നാണ് ഇപ്പോഴത്തെ നമ്മുടെ അനുമാനം.
ഏതെങ്കിലും മനുഷ്യര്‍ ഈ സ്ഫോടനത്തില്‍ മരണമടഞ്ഞതായി വ്യക്തമായ തെളിവ് ഇതുവരെ ഇല്ല.
തുംഗുസ്ക നദിക്കു സമീപത്തായിരുന്നു സംഭവമെന്നതിനാല്‍ എന്നതിനാല്‍ ആ പേരിലാണ് ഇപ്പോള്‍ ഈ സ്ഫോടനം അറിയപ്പെടുന്നത്.

എന്തായാലും ഈ സംഭവം ശാസ്ത്രലോകത്തിന്റെ ശ്രദ്ധ ഛിന്നഗ്രഹങ്ങളിലേക്കും വാല്‍നക്ഷത്രങ്ങളിലേക്കും കൊണ്ടുവന്നു. ഭൂമിയുടെ അടുത്തുകൂടി കടന്നുപോകാന്‍ സാധ്യതയുള്ള എല്ലാ വസ്തുക്കളെയും ഇന്ന് നമ്മള്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. തുംഗുസ്ക സംഭവത്തിന്റെ വാര്‍ഷികം എല്ലാ വര്‍ഷവും ആസ്റ്ററോയിഡ് ഡേ അഥവാ ഛിന്നഗ്രഹദിനമായി നാം ആചരിക്കുന്നു.

(https://asteroidday.org)

എന്താണ് ഛിന്നഗ്രഹം?

ബഹിരാകാശത്ത് കാണുന്ന വസ്തുക്കളെ നാം പലതായി തരം തിരിക്കാറുണ്ട്. ഏതാണ്ട് ഒരു മീറ്ററില്‍ താഴെ വലിപ്പമുള്ള ബഹിരാകാശവസ്തുക്കളെ ഉല്‍ക്കകള്‍ എന്നാണു വിളിക്കുക. ഛിന്നഗ്രഹങ്ങള്‍ക്ക് അതിലും വലിപ്പമുണ്ടാകും. ഏകദേശം ഒരു മീറ്റര്‍ മുതല്‍ ഏതാനും കിലോമീറ്ററുകള്‍വരെ. പൊടിയും ഐസും ചേര്‍ന്ന വലിയ വസ്തുക്കളും ബഹിരാകാശത്തുണ്ട്. ഇവയെ പൊതുവില്‍ വാല്‍നക്ഷത്രങ്ങള്‍ എന്നു വിളിക്കും. സൂര്യനോട് അടുത്തെത്തുമ്പോള്‍ ഈ പൊടിയും മഞ്ഞും ബാഷ്പീകരിച്ച് ആയിരക്കണക്കിനും ലക്ഷക്കണക്കിനും കിലോമീറ്ററുകള്‍ നീളമുള്ള വാല്‍ ഉണ്ടാകും. അതിനാലാണ് ഇവയെ വാല്‍നക്ഷത്രം എന്നു വിളിക്കുന്നത്.
ഛിന്നഗ്രഹങ്ങളില്‍ ഇങ്ങനെ വാല് രൂപപ്പെടാറില്ല. മഞ്ഞിന്റെയും പൊടിയുടെയും അളവ് വളരെ കുറവായതാണ് കാരണം.

ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലായി ഒരു ഗ്രഹം ഉണ്ടാകാനുള്ള സാധ്യത 1800കളില്‍ ശാസ്ത്രജ്ഞര്‍ മുന്നോട്ടുവച്ചിരുന്നു. ആ ഭാഗത്ത് പക്ഷേ എത്ര തിരഞ്ഞിട്ടും ഒരു ഗ്രഹത്തെ കണ്ടെത്താനായില്ല. തിരച്ചിലിനൊടുവില്‍ 1801ല്‍ നിരീക്ഷകര്‍ ഒരു ചെറിയ ഗ്രഹത്തെ കണ്ടെത്തി. സിറസ് എന്നാണ് അവര്‍ ആ വസ്തുവിനെ വിളിച്ചത്. അതിലും വലിയ ഗ്രഹം ഉണ്ടാകുമോ എന്ന അന്വേഷണം ചെന്നെത്തിയത് അതേ പോലെയുള്ള ചെറിയ ചെറിയ വലിപ്പമുള്ള അനേകം വസ്തുക്കളിലേക്കായിരുന്നു. സാധാരണ ഗ്രഹങ്ങളെക്കാള്‍ വളരെ ചെറുതായ നിരവധി വസ്തുക്കള്‍. സിറസ് ഉള്‍പ്പടെയുള്ള ഈ ചെറു വസ്തുക്കളെ ഗ്രഹങ്ങള്‍എന്നു വിളിക്കാന്‍ കഴിയില്ല എന്ന് പിന്നീട് ബോധ്യപ്പെട്ടു. ചെറുഗ്രഹങ്ങള്‍ അഥവാ ആസ്റ്ററോയിഡ് എന്നാണ് ഇവ പിന്നീട് അറിയപ്പെട്ടത്.
സിറസിനെ ആസ്റ്ററോയിഡ് ആയിട്ടല്ല ഇപ്പോള്‍ കണക്കാക്കുന്നത്. ഗോളാകൃതിയും ഉയര്‍ന്ന മാസും ഏതാണ്ട് 1000കിലോമീറ്ററോളം വലിപ്പവും ഉള്ളതിനാല്‍ കുള്ളന്‍ഗ്രഹം എന്ന കാറ്റഗറിയിലാണ്.
സൗരയൂഥരൂപീകരണസമയത്ത് ഗ്രഹമാകാന്‍ കഴിയാതെപോയ വസ്തുക്കളാണ് ഇവയെന്നാണ് കരുതുന്നത്. മിക്കവയും ഏതാനും മീറ്ററുകള്‍ വലിപ്പമുള്ളവ ആണ്. ഈ മേഖലയെ ഛിന്നഗ്രഹ മേഖല അഥവാ ആസ്റ്ററോയിഡ് ബെല്‍റ്റ് എന്നാണ് വിളിക്കുന്നത്.

---നവനീത്...

ചിത്രം: 2004FH ​എന്ന ഛിന്നഗ്രഹം സഞ്ചരിക്കുന്നതിന്റെ വീഡിയോ. മിക്ക ഛിന്നഗ്രഹങ്ങളെയും ഇങ്ങനെ ഒരു പൊട്ടുപോലെയേ നിരീക്ഷിക്കാന്‍ കഴിയൂ.

കടപ്പാട്: NASA/JPL

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് - മൈക്രോസ്കോപ്പ് എന്ന സൂഷ്മദര്‍ശിനി

റിഗോലിത്ത് - ചന്ദ്രനിലെ മണ്ണിന്റെ കഥ - story of regolith