ഡ്രാഗണ്‍ ഫ്ലൈ ഇനി വെറും തുമ്പിയല്ല! ടൈറ്റനിലേക്കു പോകുന്ന ബഹിരാകാശപേടകം.
ഡ്രാഗണ്‍ ഫ്ലൈ ഇനി വെറും തുമ്പിയല്ല! ശനിയുടെ ഉപഗ്രഹമായ ടൈറ്റനിലേക്കു പോകുന്ന ബഹിരാകാശപേടകമാണ്!
ഡ്രാഗണ്‍ഫ്ലൈ എന്ന പേടകം ടൈറ്റനില്‍. ചിത്രകാരഭാവന. കടപ്പാട്: NASA/JHU APL |
ബഹിരാകാശപര്യവേക്ഷണങ്ങളില്‍ സൗരയൂഥത്തിലെ പുതിയ ലക്ഷ്യം പ്രഖ്യാപിച്ചിരിക്കുകയാണ് നാസ. ശനിയുടെ ഉപഗ്രഹമായ ടൈറ്റനെക്കുറിച്ചു പഠിക്കലാണ് ലക്ഷ്യം. ഡ്രാഗണ്‍ഫ്ലൈ എന്നു പേരിട്ടിരിക്കുന്ന ഈ ദൗത്യം 2026ല്‍ ഭൂമിയില്‍നിന്നും പുറപ്പെടും. 2034ല്‍ ടൈറ്റനിലെത്തും. ഇന്നുരാവിലെ (28-06-2019) ഇന്ത്യന്‍സമയം ഒന്നരയോടുകൂടി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നാസ ഡ്രാഗണ്‍ഫ്ലൈ എന്ന ദൗത്യം പ്രഖ്യാപിച്ചത്.
ഏറെ സജീവമായതും ഭൂമിയെപ്പോലെ ജീവന്‍ കാണാന്‍ സാധ്യതയുണ്ട് എന്നും വിശ്വസിക്കപ്പെടുന്ന ഉപഗ്രഹമാണ് ടൈറ്റന്‍. ഓര്‍ഗാനിക് സംയുക്തങ്ങള്‍ ധാരളമായുള്ള ടൈറ്റനില്‍ ഏതെങ്കിലും തരത്തിലുള്ള ജീവരൂപങ്ങള്‍ ഉടലെടുത്തിരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ത്തന്നെ ടൈറ്റന്‍ ബഹിരാകാശശാസ്ത്രജ്ഞരുടെ സ്വപ്നലക്ഷ്യങ്ങളില്‍ ഒന്നാണ്.
നമ്മള്‍ ഏറ്റവും കൂടുതല്‍ പഠിച്ചിട്ടുള്ള ഒരു ഗ്രഹം ചൊവ്വയാണ്. നിരവധി തവണ പേടകങ്ങളിറക്കി ചൊവ്വയില്‍ ഓടിച്ച് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. 2020ലെ മാര്‍സ് മിഷനില്‍ ഒരു ചെറിയ ഹെലികോപ്റ്റര്‍ കൂടി ചൊവ്വയിലിറക്കും എന്ന് നാസ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതുവരെയുള്ള ദൗത്യങ്ങള്‍ പ്രതലത്തില്‍ ചക്രങ്ങളില്‍ ഓടി നടക്കുന്നവ ആയിരുന്നെങ്കില്‍ ഇനി പറന്നുനടന്നുള്ള പര്യവേക്ഷണങ്ങള്‍ക്കു സമയമാണ് എന്നുള്ള പ്രഖ്യാപനം കൂടിയായിരുന്നു അത്.
ഡ്രാഗണ്‍ഫ്ലൈ ദൗത്യവും പറന്നുനടന്ന് വിവരങ്ങള്‍ ശേഖരിക്കുന്ന ഒന്നാണ്. ശരിക്കും ഒരു അത്ഭുതഡ്രോണ്‍! ഒരു മള്‍ട്ടി റോട്ടോര്‍ വാഹനം. എട്ടു പങ്കകളാണ് ഈ വാഹനത്തില്‍. ഇവയുടെ സഹായത്തോടെയാവും ടൈറ്റനില്‍ ഡ്രാഗണ്‍ഫ്ലൈയുടെ പറക്കല്‍. ഭൂമിയുടെ അന്തരീക്ഷത്തെക്കാള്‍ കട്ടികൂടിയ അന്തരീക്ഷമാണ് ടൈറ്റനിലേത്. അതിനാല്‍ പറന്നുനടക്കാന്‍ കുറെക്കൂടി അനുയോജ്യമായ സാഹചര്യമാണുള്ളത്. ചൊവ്വയിലും മറ്റും പേടകങ്ങള്‍ ഇറക്കിയ അതേ രീതിയിലാവും ഡ്രാഗണ്‍ഫ്ലൈയെ ടൈറ്റനില്‍ ഇറക്കുന്നതു്. നിലവില്‍ ചക്രങ്ങളില്ലാത്ത ഒരു പേടകമായിട്ടാണ് ഡ്രാഗണ്‍ഫ്ലൈയെ വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ അന്തിമഘട്ടത്തില്‍ എത്തുമ്പോള്‍ ചക്രങ്ങള്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല.
സൗരയൂഥത്തിലെ ആദ്യത്തെ ഗ്രഹമായ ബുധനെക്കാള്‍ വലിപ്പമുണ്ട് ടൈറ്റന്‍ എന്ന ഉപഗ്രഹത്തിന്. ഒരു ഗ്രഹത്തെക്കാള്‍ വലിപ്പമുള്ള ഉപഗ്രഹം! ഭൂമിയുടെ ആദ്യകാലങ്ങളോട് സാമ്യമുള്ള അന്തരീക്ഷമാണത്രേ ഇപ്പോള്‍ ടൈറ്റനില്‍. ഭൂമിയെപ്പോലെ തന്നെ ടൈറ്റനിലും അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് നൈട്രജനാണ്. 98ശതമാനത്തിലേറെ. ചെറിയ അളവിലാണെങ്കില്‍പ്പോലും രണ്ടാമത് മുന്നിട്ടു നില്‍ക്കുന്നത് മീഥെയ്ന്‍ ആണ്.
ഈഥെയ്നും വലിയ തോതില്‍ അവിടെയുണ്ട്.
ഹൈഡ്രോകാര്‍ബണുകളുടെ മേഘങ്ങളും പുഴകളും തടാകങ്ങളും നിറഞ്ഞ ഒരു അത്ഭുതലോകംകൂടിയാണ് ടൈറ്റന്‍! നൂറു കണക്കിനു അടി താഴ്ചയും കിലോമീറ്ററുകള്‍ വിസ്തൃതിയും ഉള്ള വലിയ ഹൈഡ്രോകാര്‍ബണ്‍ സമുദ്രങ്ങള്‍വരെ ടൈറ്റനില്‍ കാണാം. ഐസ് രൂപത്തില്‍ വെള്ളവും ടൈറ്റനിലുണ്ട്. കിലോമീറ്ററുകള്‍ വിസ്തൃതിയില്‍ മഞ്ഞുപാളികള്‍ കാണാം. ഇതിന്റെ അടിയില്‍ ദ്രാവകരൂപത്തില്‍ വെള്ളവും കണ്ടേക്കാം എന്നാണ് നിഗമനം.
മീഥെയ്‍ന്‍ ഇടയ്ക്ക് മഴയായി പെയ്യാറുണ്ടിവിടെ. എന്നിരുന്നാലും ഭൂമിയില്‍ പെയ്യുന്ന മഴയെക്കാളും പതിയെയാണ് ടൈറ്റനിലെ മഴ പെയ്തിറങ്ങുക. ഒരു സെക്കന്‍ഡില്‍ വെറും 1.6മീറ്റര്‍ വേഗതയില്‍ മാത്രം. ഭൂമിയില്‍ മഴ പെയ്യുന്നത് പക്ഷേ സെക്കന്‍ഡില്‍ 9.2 മീറ്റര്‍ എന്ന വേഗതയിലാണ്.
എന്തായാലും അവിടത്തെ തണുപ്പാണ് സഹിക്കാന്‍ കഴിയാത്തത്. -179ഡിഗ്രി സെല്‍ഷ്യസാണ് ഉപരിതലത്തിലെ താപനില. പൂജ്യത്തില്‍നിന്നും 179ഡിഗ്രി താഴെയുള്ള അതികഠിനമായ തണുപ്പ്.
ഈ അത്ഭുതലോകത്തിലേക്കാണ് 2034ല്‍ ഡ്രാഗണ്‍ഫ്ലൈ പറന്നിറങ്ങുക. സൂര്യനില്‍നിന്നും ഏറെ അകലെ ആയതിനാല്‍ സോളാര്‍പാനലുകള്‍ ഉപയോഗിച്ചുള്ള വൈദ്യുതോത്പാദനം കാര്യക്ഷമമല്ല ടൈറ്റനില്‍. അതിനാല്‍ റേഡിയോ ഐസോടോപ്പുകള്‍ ഉപയോഗിച്ചുള്ള തെര്‍മോ ഇലക്ട്രിക് ജനറേറ്റര്‍ ആവും ഡ്രാഗണ്‍ഫ്ലൈയ്ക്കു വേണ്ട ഊര്‍ജ്ജം നല്‍കുന്നത്.
ശനിയെക്കുറിച്ചു പഠിക്കാന്‍ പോയ കാസ്സിനി പേടകം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡ്രാഗണ്‍ഫ്ലൈ ദൗത്യം വിഭാവനം ചെയ്തത്. എവിടെ ഇറങ്ങണം? ഏതെല്ലാം ഇടങ്ങളില്‍ പറക്കണം എന്നതെല്ലാം ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാവും തീരുമാനം. Shangri-La എന്ന പ്രദേശത്താവും ഡ്രാഗണ്‍ഫ്ലൈ ആദ്യം ഇറങ്ങുന്നത്. അതിനുശേഷം ചുറ്റുവട്ടങ്ങളിലൊക്കെ പറന്ന് ഡാറ്റശേഖരിക്കും. പിന്നീടാവും കൂടുതല്‍ ദൂരത്തേക്കുള്ള പറക്കല്‍. രണ്ടര വര്‍ഷത്തെ ദൗത്യത്തിനിടയില്‍ ഏകദേശം 175കിലോമീറ്റര്‍ ദൂരം ഡ്രാഗണ്‍ഫ്ലൈ പറക്കും!
അതേ മനുഷ്യരാശി ഭൂമിയില്‍ മാത്രം ഒതുങ്ങിനില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ല. നാം മുന്നേറുകയാണ്. സൗരയൂഥത്തിലെ പുതിയ പുതിയ ഇടങ്ങളിലേക്ക്. നമുക്ക് അന്യമായിരുന്ന പുതിയ പുതിയ വിവരങ്ങളിലേക്ക്...
---നവനീത്...
ചിത്രം: ഡ്രാഗണ്‍ഫ്ലൈ എന്ന പേടകം ടൈറ്റനില്‍. ചിത്രകാരഭാവന. കടപ്പാട്: NASA/JHU APL
https://www.nasa.gov/press-release/nasas-dragonfly-will-fly-around-titan-looking-for-origins-signs-of-life/
Comments
Post a Comment