മുപ്പതു വര്‍ഷങ്ങള്‍ക്കുശേഷം വോയേജര്‍ 2 ലെ റോക്കറ്റ് ജ്വലിപ്പിച്ചു!

മുപ്പതു വര്‍ഷങ്ങള്‍ക്കുശേഷം വോയേജര്‍ 2 ലെ റോക്കറ്റ് ജ്വലിപ്പിച്ചു!
 
വോയേജര്‍ - ചിത്രകാരഭാവന. കടപ്പാട്: NASA/JPL-Caltech

മുപ്പതു വര്‍ഷം മുന്‍പ് അവസാനമായ സ്റ്റാര്‍ട്ട് ആക്കിയ ഒരു ജീപ്പ്. പെട്രോള്‍ നിറച്ചിരിക്കുന്നത് അത്രയും വര്‍ഷം മുന്‍പാണ്. അത് ഇപ്പോള്‍ ചെന്ന് ഓടിക്കാനാവുമോ?

ഇല്ല എന്നുള്ളതാവും ഉത്തരം. എന്നാല്‍ ഇനി ഇതു വായിക്കൂ!

മനുഷ്യനിര്‍മ്മിതമായ, ഭൂമിയില്‍നിന്നും ഏറ്റവും അകലെയുള്ള വസ്തുക്കള്‍ ഏതെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. വോയേജര്‍ 1 ഉം വോയേജര്‍ 2 ഉം പേടകങ്ങള്‍. 1977ല്‍ വിക്ഷേപിച്ച പേടകങ്ങളാണിവ. നക്ഷത്രാന്തരസ്പേസിലൂടെ എങ്ങോട്ടേക്കെന്നില്ലാതെ യാത്ര ചെയ്യുകയാണവര്‍. ഇപ്പോഴും അതില്‍നിന്നുള്ള സിഗ്നലുകകള്‍ നമുക്കു കിട്ടുന്നു. നക്ഷത്രാന്തരസ്പേസിനെക്കുറിച്ച് വിലപ്പെട്ട വിവരങ്ങള്‍ നീണ്ട നാല്‍പ്പതു വര്‍ഷങ്ങള്‍ക്കുശേഷവും അവര്‍ തരുന്നു.

അങ്ങനെയുള്ള ഈ പേടകങ്ങളില്‍ വോയേജര്‍ 2 ലെ റോക്കറ്റുകള്‍ നീണ്ട മുപ്പതു വര്‍ഷങ്ങള്‍ക്കുശേഷം ജ്വലിപ്പിച്ചിരിക്കുന്നു! അതേ, നീണ്ട മുപ്പതു വര്‍ഷങ്ങള്‍ക്കുശേഷം ഇക്കഴിഞ്ഞ ജൂലൈ 8ന്. 1989ല്‍ പേടകം നെപ്റ്റ്യൂണിന്റെ അടുത്തായിരുന്ന സമയത്താണ് ഈ റോക്കറ്റുകള്‍ ഇതിനു മുന്‍പ് പ്രവര്‍ത്തിപ്പിച്ചത് എന്നുകൂടി അറിയണം!

ഏതൊരു ബഹിരാകാശവാഹനത്തിലും കുഞ്ഞുകുഞ്ഞു റോക്കറ്റുകള്‍ ഉണ്ടാവും. യാത്രയ്ക്കിടയില്‍ അവയുടെ ഗതി മാറ്റുവാനും മറ്റും ഈ റോക്കറ്റുകള്‍ ഉണ്ടായേ തീരൂ. ആവശ്യം വരുമ്പോള്‍ അല്പം ഇന്ധനം കത്തിച്ച് വാഹനത്തിന്റെ സഞ്ചാരപാതയെ നിയന്ത്രിക്കാനാവും. ത്രസ്റ്ററുകള്‍ എന്നാണ് ഇവയെ വിളിക്കുക. അത്തരമൊരു ത്രസ്റ്ററാണ് നീണ്ട മുപ്പതു വര്‍ഷത്തിനുശേഷം വോയേജര്‍ 2 ല്‍ വിജയകരമായ പ്രവര്‍ത്തിപ്പിച്ചിരിക്കുന്നത്.

വോയേജര്‍ 2ലെ ആന്റിന എല്ലായ്പ്പോഴും ഭൂമിയുടെ ദിശയില്‍ത്തന്നെ തിരിഞ്ഞിരിക്കേണ്ടതുണ്ട്. പേടകത്തിലെ ഡാറ്റ ഭൂമിയിലേക്ക് അയയ്ക്കുന്ന ആന്റിനയാണിത്. ഈ ആന്റിനയുടെ ദിശയില്‍ അല്പം മാറ്റം വന്നുതുടങ്ങിയിരുന്നു. ഇത് കൃത്യമാക്കാനാണ് ഇപ്പോള്‍ ത്രസ്റ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചത്. ഏതാനും മില്ലിസെക്കന്റുകള്‍ നേരത്തേയ്ക്കു മാത്രമാണ് ഇത് പ്രവര്‍ത്തിപ്പിച്ചത്.

2017 ഡിസംബറില്‍ വോയേജര്‍ 1ലെ ത്രസ്റ്ററുകളും ഇതേപോലെ പ്രവര്‍ത്തിപ്പിച്ചിരുന്നു. ഏറെയേറെ വര്‍ഷങ്ങള്‍ക്കുശേഷം ഇവ പ്രവര്‍ത്തിപ്പിക്കുക എന്നത് വലിയ വെല്ലുവിളി ആയിരുന്നു. പക്ഷേ ഭൂമിയിലിരുന്ന കണക്കുകള്‍ കൂട്ടി ചര്‍ച്ചകള്‍ ചെയ്ത എന്‍ജിനീയര്‍മാര്‍ അന്നത് സാധിച്ചെടുത്തിരുന്നു.
ഇപ്പോള്‍ വോയേജര്‍ 2നുവേണ്ടിയും എന്‍ജിനീയര്‍മാര്‍ ഈ സാഹസം ചെയ്തു കഴിഞ്ഞിരിക്കുന്നു! സൂര്യനില്‍നിന്നുള്ള കണങ്ങളെക്കാള്‍ മറ്റു നക്ഷത്രങ്ങളില്‍നിന്നുള്ള കണങ്ങള്‍ കാണപ്പെടുന്ന സൗരയൂഥപരിധിയും കഴിഞ്ഞ് കൊടും തണുപ്പിലൂടെ യാത്ര ചെയ്യുന്ന വാഹനത്തിലെ ഇന്ധനമാണ് കത്തിച്ചത് എന്നോര്‍ക്കണം.

വോയേജര്‍ പേടകം സൂര്യനില്‍നിന്നും ഏറെ അകലെ ആയതിനാല്‍ സൂര്യപ്രകാശം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കാല്‍ നടക്കില്ല. അതിനാല്‍ ഈ പേടകങ്ങളില്‍ റേഡിയോ ഐസോടോപ്പുകള്‍ ഉപയോഗിച്ചാണ് ഊര്‍ജ്ജം ഉണ്ടാക്കുന്നത്. തെര്‍മോ ഇലക്ട്രിക് ജനറേറ്റര്‍ എന്നറിയപ്പെടുന്ന നിശബ്ദമായ ഊര്‍ജ്ജോത്പാദനരീതിയാണ് ഈ പേടകങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. റേഡിയോ ഐസോടോപ്പുകളില്‍നിന്നുള്ള വികിരണത്തില്‍നിന്നും കിട്ടുന്ന ചൂട് ഉപയോഗിച്ചാണ് വൈദ്യുതോത്പാദനം. ഈ ചൂട് ഉപയോഗിച്ച് ഉപകരണങ്ങളെ ചൂടാക്കുകയും ചെയ്യാം. എന്തായാലും 5 വര്‍ഷത്തെ പ്രവര്‍ത്തനകാലാവധിയുമായി പറന്നുയര്‍ന്ന പേടകങ്ങളാണ് നാല്‍പ്പത്തിരണ്ട് വര്‍ഷത്തിനുശേഷവും പ്രവര്‍ത്തിക്കുന്നത്. റേഡിയോ ഐസോടോപ്പ് നിരന്തരം വികിരണങ്ങളുതിര്‍ത്ത് കുറഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ പഴയപോലെ വൈദ്യുതോത്പാദനം സാധ്യമാവുന്നില്ല. ക്യാമറകള്‍ ഉള്‍പ്പടെയുള്ള പല ഉപകരണങ്ങളും അതിനാല്‍ ഇപ്പോള്‍ ഓഫ് ആക്കി വച്ചിരിക്കുകയാണ്. അടുത്ത ഏതാനും വര്‍ഷങ്ങള്‍കൂടി കഴിഞ്ഞാല്‍ വൈദ്യുതോത്പാദനം ഏതാണ്ട് നിലയ്ക്കും. അതോടെ ഭൂമിയുമായുള്ള എല്ലാ ബന്ധവും അറ്റ് അനന്തമായ ഏകാന്തയാത്രയിലാവും ഇവര്‍.

---നവനീത്...

വാല്‍ക്കഷണം: സാങ്കേതികവിദ്യയുടെ മഹാത്ഭുതങ്ങളാണ് വോയേജര്‍ പേടകങ്ങള്‍ എന്നു പറയുന്നത് ഇതൊക്കെക്കൊണ്ടാണ്. ഇനി നമ്മുടെ ജീപ്പിന്റെ കാര്യവും ഇതുംകൂടി ഒന്ന് താരതമ്യപ്പെടുത്തി നോക്കണേ!

ചിത്രം: വോയേജര്‍ - ചിത്രകാരഭാവന. കടപ്പാട്: NASA/JPL-Caltech
വിവരത്തിനു കടപ്പാട്: https://www.nasa.gov/feature/jpl/a-new-plan-for-keeping-nasas-oldest-explorers-going

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

റിഗോലിത്ത് - ചന്ദ്രനിലെ മണ്ണിന്റെ കഥ - story of regolith

നിർമിതബുദ്ധിയുടെ സഹായത്തോടെ ചൊവ്വയെക്കുറിച്ച് എഴുതിയ കുട്ടിക്കഥ | A Love Quest on Mars: Minni's Red Planet Journey