നെപ്റ്റ്യൂണ്‍ ചിത്രം ഇന്നും വോയേജര്‍ 2ന്റേതു മാത്രം!

നെപ്റ്റ്യൂണ്‍ ചിത്രം ഇന്നും വോയേജര്‍ 2ന്റേതു മാത്രം!
ചിത്രം: നെപ്റ്റ്യൂണ്‍. കടപ്പാട്: NASA/JPL-Caltech

നെപ്റ്റ്യൂണിന്റെ ചിത്രമാണിത്. മുപ്പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് വോയേജര്‍ 2 പേടകം എടുത്ത ചിത്രം. 1989 ആഗസ്റ്റ് 25നായിരുന്നു വോയേജര്‍ 2 പേടകം നെപ്റ്റ്യൂണിന് അടുത്തെത്തിയത്. അതിനും ഏതാനും ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു വോയേജറിന്റെ ഈ ക്ലിക്ക്. ബഹിരാകാശചരിത്രത്തിലെ ഏറ്റവും വിസ്മയകരമായ ഒരു അധ്യായമാണ് വോയേജര്‍ പേടകങ്ങളുടെ കഥ. ഇത്രമാത്രം വിജയം കൈവരിച്ച മറ്റൊരു ദൗത്യമില്ല. നീണ്ട നാല്‍പ്പതുവര്‍ഷമായിട്ടും ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ഒരു അത്ഭുതം! നക്ഷത്രാന്തരസ്പേസിലൂടെ അവര്‍ ഇപ്പോഴും കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു!

അതിലൊന്നാണ് നെപ്റ്റ്യൂണിന്റെ തൊട്ടടുത്തുകൂടി 1989ല്‍ കടന്നുപോയത്. രസകരമായ കാര്യമെന്തെന്നാല്‍ നെപ്റ്റ്യൂണിന്റെ അത്രയും അടുത്തുകൂടി പിന്നീടിതുവരെ ഒരു ദൗത്യവും നമ്മള്‍ നടത്തിയിട്ടില്ല. വോയേജര്‍തന്ന ഫോട്ടോകള്‍ തന്നെയാണ് ഇപ്പോഴും നെപ്റ്റ്യൂണിനെ അടുത്തറിയാന്‍ നമ്മെ സഹായിക്കുന്നത്.

വ്യാഴത്തിന്റെ ഫോട്ടോയില്‍ എല്ലായ്പ്പോഴും ഒരു വലിയ ചുവന്ന പൊട്ടുകാണാം. അവിടെ നൂറ്റാണ്ടുകളായി വീശിയടിക്കുന്ന ഒരു കൊടുങ്കാറ്റ്. അതേപോലെ ഒരു കറുത്തപൊട്ട് നെപ്റ്റ്യൂണിലും ഉണ്ട്. മറ്റൊരു കൊടുങ്കാറ്റ്. അതിനെ അടുത്തറിഞ്ഞതും വോയജര്‍ 2 ദൗത്യത്തിലൂടെയാണ്.
നെപ്റ്റ്യൂണിനു ചുറ്റുമുള്ള ആറ് പുതിയ ഉപഗ്രഹങ്ങളെയും വോയേജര്‍2 കണ്ടെത്തിയിരുന്നു. മാത്രമല്ല, നെപ്റ്റ്യൂണിന്റെ ഏറ്റവും വലിയ ഉപഗ്രഹമായ ട്രിറ്റോണിന്റെ അടുത്തുകൂടിയും വോയേജര്‍ 2 അപ്പോള്‍ കടന്നുപോയിരുന്നു. ട്രിറ്റോണിന്റെ മനോഹരമായ ഫോട്ടോകളും നമുക്ക് ലഭിച്ചു. നീണ്ട മുപ്പതു വര്‍ഷത്തിനിപ്പുറവും ആ ഫോട്ടോകളാണ് ട്രിറ്റോണിനെക്കുറിച്ച് പഠിക്കാന്‍ നമുക്ക് ഇപ്പോഴുമുള്ളത്.

നെപ്റ്റ്യൂണിനെക്കുറിച്ചു പഠിക്കാന്‍ ഉദ്ദേശിച്ച് പിന്നീടിതുവരെ അത്തരമൊരു ദൗത്യം ഉണ്ടായിട്ടില്ല. അംഗീകരിക്കപ്പെട്ട നിലയില്‍ അത്തരമൊരു ദൗത്യം ഇതുവരെ പ്രഖ്യാപിച്ചിട്ടും ഇല്ല.
അതായത് ഇപ്പോഴും നെപ്റ്റ്യൂണിനെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ നമുക്കുള്ളത് വോയേജര്‍ 2 മുപ്പതു വര്‍ഷംമുന്‍പ് എടുത്ത ചിത്രങ്ങളാണ്. ഭൂമിയില്‍നിന്നും ബഹിരാകാശത്തുനിന്നും ടെലിസ്കോപ്പുകളിലൂടെ നെപ്റ്റ്യൂണിനെ നിരീക്ഷിച്ച് അതില്‍നിന്നും കിട്ടുന്ന വിവരവും വോയജര്‍ തന്നെ വിവരവും താതതമ്യപ്പെടുത്തിയും വിശകലനം നടത്തിയുമാണ് ഇപ്പോഴും പഠനങ്ങള്‍ നടക്കുന്നത്.
അതിനാല്‍ നെപ്റ്റ്യൂണിന്റെ ഫോട്ടോകള്‍ കാണുമ്പോള്‍, അല്ലെങ്കില്‍ യൂറാനസിന്റെ ഫോട്ടോകള്‍ കാണുമ്പോള്‍ നമുക്ക് നന്ദി പറയേണ്ടത് നക്ഷത്രാന്തരസ്പേസില്‍ ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വോയേജര്‍ 2 പേടകത്തോടാണ്!

---നവനീത്...
ചിത്രം: നെപ്റ്റ്യൂണ്‍. കടപ്പാട്: NASA/JPL-Caltech

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു