ചന്ദ്രയാന്‍ 2 - ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും വേര്‍പെടുന്നു.


ചന്ദ്രയാന്‍ ചന്ദ്രനു മുകളില്‍-ചിത്രകാരഭാവന
കടപ്പാട്: ISRO


ഇന്നും (2-09-2019) ചന്ദ്രയാന്‍2 ദൗത്യത്തിന് നിര്‍ണ്ണായകമായ ഒരു കാര്യം ചെയ്യാനുണ്ട്.
ചന്ദ്രയാന്‍ ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും തമ്മില്‍ വേര്‍പെടുത്തുന്ന സൂക്ഷ്മമായ പ്രക്രിയ. വിക്രം ലാന്‍ഡര്‍ ചന്ദ്രനിലേക്കുള്ള സ്വതന്ത്രമായ യാത്രയാരംഭിക്കുന്നത് ഈ നിമിഷം മുതലാണ്. ഇതിനു മുന്‍പുവരെയുള്ള കാര്യങ്ങള്‍ നാം ചന്ദ്രയാന്‍ 1 ല്‍ ചെയ്തിട്ടുള്ളതാണ്. പക്ഷേ വിക്രം വേര്‍പെടുമ്പോള്‍ മുതലുള്ള കാര്യങ്ങള്‍ ആദ്യമായാണ് ശ്രമിക്കുന്നത്. ലോകരാജ്യങ്ങള്‍ ഇസ്രോയിലേക്ക് ഉറ്റുനോക്കുന്നതും ഈ നിമിഷം മുതലാവും.
ചന്ദ്രയാന്‍2 പേടകം ചന്ദ്രനു ചുറ്റുമുള്ള പരിക്രമണപഥത്തിന്റെ ഉയരം കുറച്ചതുപോലെ ഒരു ചടങ്ങ് വിക്രം ലാന്‍ഡറിനും ചെയ്യാനുണ്ട്. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന പഥമാറ്റത്തിലൂടെ 30കിലോമീറ്റര്‍ മുതല്‍ 100കിലോമീറ്റര്‍വരെ ഉയരത്തിലുള്ള പരിക്രമണപഥത്തിലേക്ക് വിക്രമെത്തും. സെപ്തംബര്‍ 3നും 4നും ആണ് ഈ പഥമാറ്റം നടക്കുക.
ഏറ്റവും പ്രധാനവും സങ്കീര്‍ണ്ണവുമായ ഘട്ടം സെപ്തംബര്‍ 7ന് പുലര്‍ച്ചെയാണ്. നാമെല്ലാവരും കാത്തിരിക്കുന്ന ആ നിമിഷം. അന്നു രാവിലെ 1.40ന് വിക്രം ലാന്‍ഡര്‍ ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിക്കും. ഭീകരതയുടെ പതിനഞ്ചു മിനിറ്റുകളാണിനി. ആര്‍ക്കും പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത പതിനഞ്ചുമിനിറ്റുകള്‍! എല്ലാം വിജയകരമായാല്‍ 1.55ന് വിക്രം സുരക്ഷിതമായി തെക്കേധ്രുവത്തില്‍ ഇറങ്ങും.
ഇറങ്ങുമ്പോള്‍ ഉണ്ടാവുന്ന പൊടിയും മറ്റും അടിയാന്‍ രണ്ടോ മൂന്നോ മണിക്കൂര്‍ എടുത്തേക്കും. നാലു മണിക്കൂറോളം വിക്രം അതിനാല്‍ പ്രത്യേകിച്ചൊന്നും ചെയ്യാതെ ചന്ദ്രനില്‍ തുടരും.
രാവിലെ 5.30ന്, ചന്ദ്രനില്‍ സൂര്യനുദിക്കുന്ന സമയത്ത് വിക്രത്തില്‍നിന്നും പ്രഗ്യാന്‍ എന്ന വാഹനം പതിയെ ചന്ദ്രനിലേക്ക് ഉരുണ്ടിറങ്ങും. ചിത്രങ്ങള്‍ കൂടി ലഭ്യമാവുന്നതോടെ ഇസ്രോ പുതിയൊരു ചരിത്രമാണ് എഴുതിച്ചേര്‍ക്കുന്നത്.
പതിനഞ്ചു ദിവസമാണ് പ്രഗ്യാനിന്റെയും വിക്രത്തിന്റെയും പ്രവര്‍ത്തനകാലയളവ്. അതിനുശേഷം ചന്ദ്രനില്‍ രാത്രിയാവാന്‍ തുടങ്ങും. ഏതാണ്ട് പതിനഞ്ചുദിവസം നീളുന്ന രാത്രി. കടുത്ത തണുപ്പാവും ചന്ദ്രനിലപ്പോള്‍. സൂര്യനില്ലാത്തതിനാല്‍ വിക്രത്തിനും പ്രഗ്യാനിനും ഊര്‍ജ്ജം ലഭിക്കാത്ത അവസ്ഥയുണ്ടാവും. ഈ അവസ്ഥയെ വിക്രമും പ്രഗ്യാനും മറികടക്കാന്‍ സാധ്യതയില്ലെന്നാണ് പ്രാഥമികവിലയിരുത്തല്‍. എന്നാല്‍ അത്ഭുതങ്ങള്‍ സംഭവിച്ചുകൂടായ്കയില്ല.
കൊടുംതണുപ്പുള്ള ആ ദിനങ്ങളെ അതിജീവിച്ചാല്‍ വീണ്ടും നമുക്ക് അത്രയും ദിനങ്ങള്‍കൂടി ചന്ദ്രനില്‍ പരീക്ഷണങ്ങള്‍ തുടരാനാവും.
അങ്ങനെയൊരു അത്ഭുതത്തിനായി നമുക്ക് കാത്തിരിക്കാം!
---നവനീത്...
ചിത്രം: ചന്ദ്രയാന്‍ ചന്ദ്രനു മുകളില്‍. ചിത്രകാരഭാവന. കടപ്പാട്: ISRO

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് - മൈക്രോസ്കോപ്പ് എന്ന സൂഷ്മദര്‍ശിനി