ചൊവ്വയിലേക്ക് സ്വന്തം പേര് അയയ്ക്കണോ, മാര്‍സ് 2020 അതിന് അവസരമൊരുക്കുന്നു. അവസാന തീയതി സെപ്തംബര്‍ 30

നാസ ചൊവ്വയിലേക്ക് വിക്ഷേപിക്കാന്‍ പോകുന്ന മാര്‍സ് 2020 എന്ന വാഹനത്തിലേക്ക് നമ്മളുടെ പേരുകള്‍ അയയ്ക്കാനുള്ള അവസരം സെപ്തംബര്‍ 30 ന് അവസാനിക്കും.

ചൊവ്വയില്‍ പോകാനുള്ള ബോര്‍ഡിങ് പാസ്!


നാസയുടെ തന്നെ ഇന്‍സൈറ്റ് എന്ന പേടകത്തില്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള നിരവധി പേരുടെ പേരുകള്‍ നിലവില്‍ ചൊവ്വയില്‍ എത്തിയിട്ടുണ്ട്. ചെറിയ ചിപ്പില്‍ കുഞ്ഞ് അക്ഷരത്തില്‍ പേരുകള്‍ കൊത്തിയെടുത്ത ചിപ്പാണ് ഇന്‍സൈറ്റ് പേടകത്തിനൊപ്പം ഇപ്പോള്‍ ചൊവ്വയില്‍ ഉള്ളത്.
അതേപോലെ നാസ വിക്ഷേപിക്കുന്ന ഏറ്റവും പുതിയ ചൊവ്വപര്യവേക്ഷണവാഹനമാണ് മാര്‍സ് 2020.
2020 ജൂലൈ മാസത്തിലാണ് ആറ് ചക്രങ്ങളുള്ള ഈ വാഹനത്തിന്റെ വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. ചുരുക്കത്തില്‍ ഇനി ഏതാണ്ട് മുന്നൂറ് ദിവസങ്ങള്‍ കൂടി മതി വിക്ഷേപണം നടക്കാന്‍.
ചൊവ്വയിലെ ജസീറോ ക്രേറ്ററില്‍ 2021 ഫെബ്രുവരി 18 ന് ഈ പേടകം ഇറങ്ങും. രണ്ടു വര്‍ഷമാണ് പ്രവര്‍ത്തനകാലാവധിയായി നിശ്ചയിച്ചിരിക്കുന്നത്. ചൊവ്വയില്‍ എന്നെങ്കിലും ജീവന്‍ നിലനിന്നിരുന്നോ എന്ന അന്വേഷണമാവും മാര്‍സ് 2020 പ്രധാനമായും നടത്തുക.

ഇപ്പോള്‍ ചൊവ്വയിലുള്ള പേടകമായ ക്യൂരിയോസിറ്റിയുടെ മറ്റൊരു വകഭേദമാണ് ഈ പുതിയ പേടകം. മൂന്നു മീറ്റര്‍ നീളവും ഏതാണ്ട് അത്രയും തന്നെ വീതിയും രണ്ടു മീറ്റര്‍ ഉയരവുമാണ് പേടകത്തിനുള്ളത്. ശരിക്കും ഒരു കാറിന്റെ വലിപ്പം.
മനുഷ്യരെ ചൊവ്വയിലിറക്കാനുള്ള നാസയുടെ ശ്രമത്തിന് പിന്തുണയേകുന്ന വിവരം ലഭിക്കാനും ഈ ദൗത്യം സഹായിക്കും. ചൊവ്വയുടെ അന്തരീക്ഷത്തന്റെ പ്രത്യേകതകള്‍, ചൊവ്വയുടെ 'ഭൂമിശാസ്ത്രം' തുടങ്ങിയവയും പഠനങ്ങളില്‍ ഉള്‍പ്പെടും. ചൊവ്വയുടെ അന്തരീക്ഷത്തില്‍നിന്ന് ഓക്സിജന്‍ നിര്‍മ്മിച്ചെടുക്കാനാവുമോ എന്ന പരീക്ഷണവും മാര്‍സ് 2020 ചെയ്തുനോക്കും. അത് വിജയിച്ചാല്‍ മനുഷ്യരെ ചൊവ്വയിലെത്തിക്കാനുള്ള പദ്ധതി കൂടുതല്‍ എളുപ്പമാവും.

ചൊവ്വയില്‍ പറന്നുനടന്ന് പഠനങ്ങള്‍ നടത്തുന്ന മാര്‍സ് ഹെലികോപ്റ്ററും ഈ ദൗത്യത്തിലുണ്ട്.

നിലവില്‍ മാര്‍സ് 2020 ക്ക് നല്ലൊരു പേരിട്ടിട്ടില്ല. അമേരിക്കയിലെ സ്കൂള്‍കുട്ടികള്‍ക്കിടയില്‍ മത്സരം നടത്തിയാണ് ഈ റോവറിന് പേരു കണ്ടെത്തുക.

നമുക്കെന്തായാലും ഈ ദൗത്യത്തില്‍ നമ്മുടെ പേര് ഒന്നുകൂടി ചൊവ്വയിലെത്തിക്കാം. അതിന് ഒട്ടും ബുദ്ധിമുട്ടില്ല. സെപ്തംബര്‍ 30നു മുന്‍പ് താഴെക്കാണുന്ന ലിങ്കില്‍ പോയി ഇമെയിലും പേരും കൊടുത്ത് രജിസ്റ്റര്‍ ചെയ്താല്‍ മതി. ചൊവ്വയിലേക്കുള്ള ബോര്‍ഡിങ് പാസ് കൈപ്പറ്റാം! ഏതാണ്ട് ഒരു കോടിയോളം ആളുകളുടെ പേരും പേറി മാര്‍സ് 2020 ചൊവ്വയിലെത്തുമ്പോള്‍ അതില്‍ നമ്മളുടെ പേരില്ലെങ്കിലെങ്ങനാ?
എന്താ, ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ അപ്പോള്‍ രജിസ്റ്റര്‍ ചെയ്യുവല്ലേ...

---നവനീത്....

Comments

Post a Comment

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു