ബോരിസോവ് വാല്‍നക്ഷത്രം സൗരയൂഥത്തിനു പുറത്തുനിന്ന് തന്നെ! 2I/Borisov

അതേ! അത് സൗരയൂഥത്തിനു പുറത്തുനിന്ന് തന്നെ!


ബോരിസോവ് വാല്‍നക്ഷത്രം. 2I/Borisov imaged with Gemini


ഒരാഴ്ച മുന്‍പായിരുന്നു ആ വാര്‍ത്ത വന്നത്. സൗരയൂഥത്തിനു പുറത്തുനിന്ന് വരുന്നതാകാം എന്നു കരുതുന്ന ഒരു വാല്‍നക്ഷത്രത്തിന്റെ കണ്ടെത്തലിനെക്കുറിച്ച്. സൗരയൂഥത്തിനു പുറത്തുനിന്നാണെന്ന കാര്യം പക്ഷേ അന്ന് സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ ആ ഔദ്യോഗിക പ്രഖ്യാപനം വന്നു കഴിഞ്ഞു.
ഗെന്നഡി ബോരിസോവ് എന്ന നിരീക്ഷകന്‍  കണ്ടെത്തിയ C/2019 Q4 എന്ന വാല്‍നക്ഷത്രം സൗരയൂഥത്തിനു പുറത്തുനിന്നു വന്നതാണ്. അതേ, സൗരയൂഥത്തിനു പുറത്തു നിന്ന് നമ്മെ തേടി ഒരു അതിഥി കൂടി വന്നെത്തിയിരിക്കുന്നു. ഇന്നലെയാണ് (സെപ്തംബര്‍ 24) അന്താരാഷ്ട്ര ബഹിരാകാശ യൂണിയന്റെ ഔദ്യോഗികപ്രഖ്യാപനം ഇക്കാര്യത്തില്‍ വന്നത്.

അല്പകാലം മുന്‍പ് ഇത്തരമൊരു അതിഥി ഭൂമിക്കരികിലൂടെ കടന്നുപോയിരുന്നു. ഔമുവാമുവ എന്ന പേരിട്ടിരുന്ന ആ പാറക്കല്ലിനെ ചുറ്റിപ്പറ്റി നിരവധി ഊഹാപോഹങ്ങളാണ് അന്ന് പുറത്തുവന്നത്. അന്യഗ്രഹജീവികളുടെ വാഹനം പോലും ആയേക്കാം അതെന്ന് ശ്രുതി പരന്നിരുന്നു. സൗരയൂഥത്തിനു പുറത്തുനിന്ന് വന്ന ആദ്യ അതിഥി എന്ന ബഹുമതി ഔമുവാമുവയ്ക്കായിരുന്നു.

സൗരയൂഥത്തിനു പുറത്തുനിന്ന് വരുന്ന രണ്ടാമത്തെ ഇന്റര്‍സ്റ്റെല്ലാര്‍ അതിഥിയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വാല്‍നക്ഷത്രം. 2I/Borisov എന്നാണ് ഈ വാല്‍നക്ഷത്രത്തിനു പേരു നല്‍കിയിരിക്കുന്നത്. 2I എന്നത് രണ്ടാമത്തെ ഇന്റര്‍സ്റ്റെല്ലാര്‍ വസ്തു എന്ന സൂചകമാണ്. ബോരിസോവ് എന്നത് കണ്ടെത്തിയയാളുടെ ബഹുമാനാര്‍ത്ഥം ഇടുന്ന പേരും.

ബോരിസോവ് വാല്‍നക്ഷത്രത്തിന്റെ പാത പരിശോധിച്ചാണ് ഇത് സൗരയൂഥത്തിനു പുറത്തുനിന്നാണെന്ന കാര്യം സ്ഥിരീകരിച്ചത്. ലോകത്തെ വിവിധ ഏജന്‍സികള്‍ ഒരുപോലെ ഇക്കാര്യം ഉറപ്പിക്കുകയായിരുന്നു.
ഇന്റര്‍സ്റ്റെല്ലാര്‍ വസ്തുക്കളെക്കുറിച്ച് പഠിക്കാനുള്ള ഒരു സുവര്‍ണ്ണാവസരമാണ് ബോരിസോവ് ഒരുക്കിയിരിക്കുന്നത്. നമ്മള്‍ കാണുന്ന വാല്‍നക്ഷത്രങ്ങളും ചെറുഗ്രഹങ്ങളും പാറക്കല്ലുകളും എല്ലാംതന്നെ സൗരയൂഥത്തിന് അകത്തുള്ളവയാണ്. അതായത് സ്ഥിരമായ സൂര്യനു ചുറ്റും കറങ്ങുന്നവ.
ബോരിസോവിന്റെ കാര്യം പക്ഷേ അങ്ങനെയല്ല. സൂര്യനുമായി ഒരു ബന്ധവും ഇല്ലാത്ത ഒരു നാടോടിയാണ് ഈ വാല്‍നക്ഷത്രം. ഒരു ഇന്റര്‍സ്റ്റെല്ലാര്‍ നാടോടി!
2019 ഡിസംബര്‍ 8നാവും ബോരിസോവ് സൂര്യനോട് ഏറ്റവും അടുത്തെത്തുക. വെറും 30കോടി കിലോമീറ്റര്‍ മാത്രമാവും അപ്പോള്‍ സൂര്യനും ബോരിസോവും തമ്മിലുള്ള അകലം. ഭൂമിയില്‍നിന്ന് ഉള്ള അകലവും ഏകദേശം ഇതുതന്നെ ആയിരിക്കും. സെക്കന്‍ഡില്‍ 30കിലോമീറ്റര്‍ വേഗതയിലാണ് ബോരിസോവിന്റെ സഞ്ചാരം.  ഒന്നോ രണ്ടോ കിലോമീറ്ററാവും ഇതിന്റെ വലിപ്പം എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ഭൂമിയില്‍നിന്ന് ഏറെ അകലെ ആയതിനാല്‍ ഇക്കാര്യം പൂര്‍ണ്ണമായി ഉറപ്പിക്കാനാവില്ല.

ഡിസംബറിലും ജനുവരിയിലും ആയി ബോരിസോവിനെ നിരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള ജ്യോതിശ്ശാസ്ത്രകുതുകികളും ഗവേഷകരും. അത്യപൂര്‍വ്വമായി മാത്രം നമുക്ക് കിട്ടുന്ന അവസരമാണിത്. രേഖപ്പെടുത്തിയ മനുഷ്യചരിത്രത്തില്‍ ഇന്റര്‍സ്റ്റെല്ലാര്‍ സ്പേസില്‍നിന്ന് വരുന്ന രണ്ടാമത്തെ അതിഥി!

---നവനീത്...

ചിത്രം: New Interstellar Visitor: 2I/Borisov imaged with Gemini


കൂടുതല്‍ വായനയ്ക്കും മറ്റു വിവരത്തിനും
1. https://www.iau.org/news/pressreleases/detail/iau1910/
2. https://www.nscience.in/2019/09/c2019-q4-borisov.html

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു