വരുന്നൂ ഒരു ഇന്റര്‍സ്റ്റെല്ലാര്‍ അതിഥി! സൗരയൂഥത്തിനു പുറത്തുനിന്ന് ഒരു വാല്‍നക്ഷത്രം! C/2019 Q4 (Borisov)

വരുന്നൂ ഒരു ഇന്റര്‍സ്റ്റെല്ലാര്‍ അതിഥി! സൗരയൂഥത്തിനു പുറത്തുനിന്ന് ഒരു വാല്‍നക്ഷത്രം!  C/2019 Q4 (Borisov)
ബോരിസോവ് വാല്‍നക്ഷത്രം - Credit: NASA/JPL-Caltechഔമുവാമുവയെ ഓര്‍മ്മയുണ്ടോ?
ഓര്‍മ്മ കാണണമെന്നില്ല. സൗരയൂഥത്തിനു പുറത്തുനിന്നും സൗരയൂഥം സന്ദര്‍ശിച്ച് മടങ്ങിപ്പോയ ഒരു പാറക്കല്ലാണ് ഔമുവാമുവ. അന്യഗ്രഹജീവികളുടെ പേടകം വല്ലതുമാണോ എന്ന സംശയമായിരുന്നു അതിന്റെ പാത നിരീക്ഷിച്ചപ്പോള്‍ ഗവേഷകര്‍ക്കുണ്ടായിരുന്നത്. പിന്നീടാണ് അത് ഒരു കിലോമീറ്ററോളം നീളം വരുന്ന ഒരു പാറക്കല്ല് മാത്രമാണെന്നു കണ്ടെത്തിയത്.
പക്ഷേ ഔമുവാമുവ ജ്യോതിശ്ശാസ്ത്ര ഗവേഷകരുടെയെല്ലാം ശ്രദ്ധ പിടിച്ചുപറ്റി. കാരണം സൗരയൂഥത്തിനു പുറത്തുനിന്ന് ഒരു അതിഥിയെ നിരീക്ഷിക്കാന്‍ ആദ്യമായിട്ടാണ് നമുക്ക് അവസരം ലഭിച്ചത്. അതും ഒരു കിലോമീറ്ററോളം വലിപ്പമുള്ള ഒന്ന്. ജ്യോതിശ്ശാസ്ത്രചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു ഇന്റര്‍സ്റ്റെല്ലാര്‍ സന്ദര്‍ശനം!

സൗരയൂഥത്തിനു പുറത്തുനിന്നു വരുന്ന വസ്തുക്കള്‍ അത്ര അസാധാരണമാവണമെന്നില്ല എന്നു സൂചിപ്പിക്കുന്ന ഒരു നിരീക്ഷണം ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഔമുവാമുയെപ്പോലെയാകാം എന്നു സംശയിക്കുന്ന മറ്റൊരു വസ്തുവിനെ നിരീക്ഷകര്‍ കണ്ടെത്തിയിരിക്കുന്നു. C/2019 Q4 (Borisov) എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്.   ഇക്കഴിഞ്ഞ ആഗസ്റ്റ് 30ന്  മാര്‍ഗോ (MARGO) ഒബ്സര്‍വേറ്ററിയിലെ Gennady Borisov ആണ് സംശയാസ്പദമായ സാഹചര്യത്തിലുള്ള ഈ വസ്തുവിനെ ആദ്യമായി കാണുന്നത്. ബോരിസോവിന്റെ പേര് ഇതിനൊപ്പം വരുന്നത് അങ്ങനെയാണ്. ഒരു വാല്‍നക്ഷത്രമായിരിക്കാം ഇതെന്നാണ് വിലയിരുത്തല്‍. എന്തായാലും ഈവാല്‍നക്ഷത്രം സൗരയൂഥത്തിനു പുറത്തുനിന്നാണെന്ന് പൂര്‍ണ്ണമായും സ്ഥിരീകരിച്ചിട്ടില്ല. സ്ഥിരീകരിച്ചാല്‍ സൗരയൂഥത്തിനു പുറത്തുനിന്ന് നമ്മെ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ വസ്തുവാകും ബോരിസോവ്.

ബോരിസോവ് വാല്‍നക്ഷത്രത്തിന്റെ പ്രതീക്ഷിക്കുന്ന പാത. Credit: Canada-France-Hawaii Telescope


ഇപ്പോള്‍ സൂര്യനില്‍നിന്ന് 42കോടി കിലോമീറ്റര്‍ അകലെയാണ് ബോരിസോവ് വാല്‍നക്ഷത്രം. വരുന്ന ഡിസംബര്‍ 8ന് ഇത് സൂര്യനോട് ഏറ്റവും അടുത്തെത്തും. 30കോടി കിലോമീറ്റര്‍ മാത്രം അകലെയാവും അപ്പോള്‍ സൂര്യനില്‍നിന്ന് ഈ വാല്‍നക്ഷത്രം. വലിയ ടെലിസ്കോപ്പുകളിലൂടെ ആ സമയത്ത് ഇതിനെ നിരീക്ഷിക്കാനാവും എന്നു കരുതുന്നു. ഇത്രയും അകലെക്കൂടി സൂര്യനെ ചുറ്റുന്ന വസ്തുക്കള്‍ക്ക് ഉണ്ടായിരിക്കേണ്ട വേഗതയുണ്ട്. എന്നാല്‍ C/2019 Q4 (Borisov) ന്റെ വേഗത അതിലും ഏറെയാണ്. ഒരു മണിക്കൂറില്‍ ഒന്നരലക്ഷം കിലോമീറ്ററാണ് വേഗത. ഈ വാല്‍നക്ഷത്രം സൗരയൂഥത്തിനു പുറത്തുനിന്ന് വന്ന് സൗരയൂഥത്തിനു പുറത്തേക്കുതന്നെ പോകാനാണ് സാധ്യത എന്നാണ് ഈ വേഗത സൂചിപ്പിക്കുന്നത്.

നാസയുടെ കീഴില്‍ സൗരയൂഥത്തിലെയും അല്ലാത്തതുമായ ചെറിയ വസ്തുക്കളെക്കുറിച്ച് പഠിക്കുന്ന സംവിധാനമുണ്ട്. ഈ സംവിധാനം C/2019 Q4 (Borisov) സൗരയൂഥത്തിനു പുറത്തുനിന്നാണെന്ന്  രേഖപ്പെടുത്തുകയായിരുന്നു.

ഹവായ് സര്‍വകലാശാലയിലെ ഗവേഷകയായ ഡോ. കാരെന്‍ മീച്ച് (Dr. Karen Meech) നടത്തിയ നിരീക്ഷണങ്ങളില്‍നിന്ന് ഈ വാല്‍നക്ഷത്രത്തിന്റെ കേന്ദ്രവലിപ്പം 2 കിലോമീറ്റര്‍ മുതല്‍ 16 കിലോമീറ്റര്‍വരെ ആകാം എന്നാണ് വിലയിരുത്തുന്നത്. എന്തായാലും കൂടുതല്‍ നിരീക്ഷണങ്ങള്‍ നടന്നാലേ ഈ വസ്തുവിന്റെ കൃത്യമായ പാത ഉറപ്പിക്കാനാവൂ. സൗരയൂഥത്തിനു പുറത്തുനിന്നാണ് വാല്‍നക്ഷത്രത്തിന്റെ വരവെന്ന് ആ പാത നമ്മെ ബോധ്യപ്പെടുത്തിയേക്കാം. അങ്ങനെയായാല്‍ അത് വലിയൊരു കണ്ടെത്തലാവും. ഔമുവാമുവയെപ്പോലെയുള്ള ഇന്റര്‍സ്റ്റെല്ലാര്‍ വസ്തുക്കളുടെ സൗരയൂഥ സന്ദര്‍ശനം അത്ര അപൂര്‍വ്വമല്ല എന്നതിന്റെ സൂചനയാവും അത്. ഇന്റര്‍സ്റ്റെല്ലാര്‍ വസ്തുക്കളെക്കുറിച്ച് പഠിക്കാന്‍ കിട്ടുന്ന ഇത്തരം അവസരങ്ങളെ കൂടുതല്‍ മികവോടെ പ്രയോജനപ്പെടുത്താനും നമുക്ക് കഴിഞ്ഞേക്കാം. ഒരു പക്ഷേ അത്തരം വസ്തുക്കളില്‍ നമ്മുടെ ആളില്ലാ വാഹനങ്ങളെയും പ്രോബുകളെയും ഇറക്കി ചിലവില്ലാതെ ഒരു ഇന്റര്‍സ്റ്റെല്ലാര്‍ യാത്രയ്ക്കും അവസരമൊരുങ്ങിയേക്കാം!

---നവനീത്...

ചിത്രങ്ങള്‍: 1.  C/2019 Q4 (Borisov) എന്ന വാല്‍നക്ഷത്രത്തിന്റെ 2019 സെപ്തംബര്‍ 10ന് എടുത്ത ചിത്രം (കടപ്പാട്: Canada-France-Hawaii Telescope) ,
2.  C/2019 Q4 (Borisov) ന്റെ പാത. (കടപ്പാട്: NASA/JPL-Caltech.)

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു