ചന്ദ്രയാന്‍ 2 ലെ ലാന്‍ഡറും റോവറും നഷ്ടപ്പെട്ട ചന്ദ്രന്റെ തേക്കേ ധ്രുവത്തിലേക്ക് വൈപ്പര്‍ എന്ന പര്യവേക്ഷണവാഹനവുമായി നാസ


ചന്ദ്രയാന്‍ 2 ലെ ലാന്‍ഡറും റോവറും നഷ്ടപ്പെട്ട ചന്ദ്രന്റെ തേക്കേ ധ്രുവത്തിലേക്ക് വൈപ്പര്‍ എന്ന പര്യവേക്ഷണവാഹനവുമായി നാസ

വൈപ്പര്‍ ചന്ദ്രനില്‍ - ചിത്രകാരഭാവന.
കടപ്പാട്: NASA Ames/Daniel Rutter
ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറും പ്രഗ്യാന്‍ എന്ന റോവറും ചന്ദ്രന്റെ തെക്കേ ധ്രുവത്തില്‍ ഇറങ്ങും എന്നാണു നമ്മള്‍ പ്രതീക്ഷിച്ചിരുന്നത്.  അങ്ങനെ ചന്ദ്രന്റെ തെക്കേ ധ്രുവത്തില്‍ സുരക്ഷിതമായി വാഹനമിറക്കുന്ന ആദ്യ ബഹിരാകാശ ഏജന്‍സി എന്ന പദവി ഇസ്രോയ്ക്ക് സ്വന്തമാകുമെന്നും. എന്നാല്‍ അവസാനനിമിഷത്തിലെ ചില പ്രശ്നങ്ങള്‍ കാരണം ആ പ്രതീക്ഷ സഫലമായില്ല.

ചന്ദ്രയാന്‍ 2ലെ ലാന്‍ഡറും റോവറും പരാജയപ്പെട്ട ഇടത്തേക്ക് നാസ തങ്ങളുടെ റോവറുമായി ഇറങ്ങാന്‍ പോവുകയാണ്. VIPER എന്നാണ് ഈ ദൗത്യത്തിന്റെ പേര്. Volatiles Investigating Polar Exploration Rover എന്നതിന്റെ ചുരുക്കരൂപമാണ് VIPER. ചന്ദ്രന്റെ ധ്രുവത്തില്‍ എത്രത്തോളം വെള്ളമുണ്ടെന്ന് കണ്ടെത്തലും മറ്റു പഠനങ്ങളുമാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം.  2024ല്‍ ലോകത്തെ ആദ്യ വനിത ചന്ദ്രനില്‍ കാല്‍കുത്തുന്നതിനു മുന്നോടിയായിട്ടാണ് നാസ ഈ പഠനങ്ങള്‍ക്ക് ഒരുങ്ങുന്നത്.

2022 ഡിസംബറിലാകും വൈപ്പര്‍ ചന്ദ്രനിലെത്തുക. നൂറു ദിവസം അവിടെ പര്യവേക്ഷണം നടത്തുന്ന പേടകം ചന്ദ്രനിലെ ജലവിഭവമാപ്പ് തയ്യാറാക്കാന്‍ സഹായിക്കും. ചന്ദ്രോപരിതലത്തില്‍ ഒരു മീറ്റര്‍വരെ താഴ്ചയില്‍ കുഴിച്ച് സാമ്പിള്‍ ശേഖരിച്ച് പഠിക്കാന്‍ ഉള്ള ഉപകരണങ്ങള്‍ വൈപ്പറിലുണ്ട്. മനുഷ്യരുടെ ഒരു സ്ഥിരം കോളനി ചന്ദ്രനില്‍ തുടങ്ങാന്‍ കാര്യമായ ആലോചനകള്‍ നാസ നടത്തുന്നുണ്ട്. ചൊവ്വയിലേക്കും മറ്റു ഗ്രഹങ്ങളിലേക്കും ഉള്ള യാത്രകള്‍ അവിടെനിന്ന് തുടക്കമിടാം എന്നും കരുതുന്നു. ഈ യാത്രയ്ക്കുള്ള ഇന്ധനവും (ഹൈഡ്രജനവും ഓക്സിജനും) മനുഷ്യകോളനി സ്ഥാപിക്കുമ്പോള്‍ അതിലേക്കുള്ള ഓക്സിജനും ജലവും ചന്ദ്രനിലെ ഐസില്‍നിന്ന് എടുക്കാന്‍ കഴിയുമോ എന്നതാണ് അറിയേണ്ടത്. വൈപ്പര്‍ ഇതിനു സഹായിക്കും എന്നു കരുതുന്നു.

മൂന്നു തരം സാമ്പിളുകളാണ് വൈപ്പര്‍ പഠനവിധേയമാക്കുന്നത്. സ്ഥിരമായി സൂര്യപ്രകാശം ഏല്‍ക്കാത്ത ചന്ദ്രന്റെ ഭാഗം.ഇടയ്ക്കിടയ്ക്കു മാത്രം സൂര്യപ്രകാശം കിട്ടുന്ന ഇടങ്ങള്‍, കൂടാതെ നേരിട്ട് സൂര്യപ്രകാശം വീഴുന്ന ഇടങ്ങള്‍. ഈ മൂന്ന് ഇടത്തെയും  മണ്ണിന്റെ ഘടനയും സവിശേഷതയുമെല്ലാം വൈപ്പറിന്റെ പഠനങ്ങളിലൂടെ നമുക്കറിയാന്‍ കഴിയും.

എല്ലാ ബഹിരാകാശ ഏജന്‍സികളും ഇപ്പോള്‍ സൗത്ത് പോളില്‍ ഗവേഷണങ്ങള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ്. വെള്ളം ഐസിന്റെ രൂപത്തില്‍ അവിടെയുണ്ട് എന്ന് ഏറെക്കുറെ ഉറപ്പാണ്. എന്നാല്‍ എത്രത്തോളം വലിപ്പത്തിലും വ്യാപ്തിയിലും വെള്ളം ഉണ്ട് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ വൈപ്പറിനും തുടര്‍ന്നുള്ള മറ്റു ദൗത്യങ്ങള്‍ക്കും കഴിയും എന്നു പ്രതീക്ഷിക്കാം.

---നവനീത്...

ചിത്രം: വൈപ്പര്‍ - ചിത്രകാരഭാവന. കടപ്പാട്:  NASA Ames/Daniel Rutter

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു