ക്യൂരിയോസിറ്റി എടുത്ത സെല്‍ഫിയിലുള്ള രണ്ടു കുഴികളും ചൊവ്വയിലെ ജീവനും!
സെല്‍ഫിയിലുള്ള രണ്ടു കുഴികളും ചൊവ്വയിലെ ജീവനും!
മനുഷ്യര്‍ക്കു മാത്രമേ സെല്‍ഫിയെടുക്കാന്‍ പാടുള്ളൂ എന്ന് ആരാ പറഞ്ഞേ? യന്ത്രങ്ങളും എടുക്കും ഇടയ്ക്ക് ഓരോ സെല്‍ഫി! ഇതിപ്പോ ചൊവ്വയില്‍നിന്നാണ് സെല്‍ഫി വന്നിരിക്കുന്നത്. ക്യൂരിയോസിറ്റി എന്ന പര്യവേക്ഷണവാഹനം എടുത്ത സുന്ദരമായ ഒരു സെല്‍ഫി. പക്ഷേ നമ്മളെപ്പോലെ ഒറ്റ ക്ലിക്കിലങ്ങ് എടുത്തു കളഞ്ഞ ഒന്നല്ല ഇതെന്നു മാത്രം. ക്യൂരിയോസിറ്റിയിലെ യന്ത്രക്കൈയില്‍ ഘടിപ്പിച്ച ക്യാമറയില്‍ എടുത്ത 57 വ്യത്യസ്ത ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നിര്‍മ്മിച്ചെടുത്തതാണ് ഈ ചിത്രം.
ചൊവ്വയിലെ ഒരു ഏകാന്തയാത്രികയാണ് ക്യൂരിയോസിറ്റി എന്നറിയാമല്ലോ. പാവം സഞ്ചരിക്കുന്നതിന്റെ അടുത്തൊന്നും വേറൊരു കൂട്ടും ഇല്ല. തന്റെ ഫോട്ടോയെടുത്തു തരാന്‍ വേറെ ആളില്ലാത്തവര്‍ വേറെന്തു ചെയ്യാന്‍! സ്വന്തമായിട്ട് ഒരു സെല്‍ഫിയെടുത്ത് തൃപ്തിപ്പെടുക!
ക്യൂരിയോസിറ്റി പേടകം എടുത്ത സെല്‍ഫി. ക്ലിക്ക് ചെയ്ത് വലുതാക്കി നോക്കുക. കടപ്പാട്: NASA/JPL-Caltech/MSSS |
ചൊവ്വയിലെ ഗ്ലെന്‍ എറ്റിവ് എന്ന പ്രദേശമാണ് പശ്ചാത്തലം. ഈ മാസം 11ന് (2019 ഒക്ടോബര്‍ 11) നാണ് ക്യൂരിയോസിറ്റിക്കു തോന്നിയത് ഒരു സെല്‍ഫിയെടുക്കാന്‍! പിന്നെ മടിച്ചില്ല, വിവിധ ആംഗിളുകളില്‍ നിന്ന് എടുത്ത 57 ചിത്രങ്ങള്‍ അങ്ങനെ ക്യൂരിയോസിറ്റി ഭൂമിയിലേക്കയച്ചു. ഇവിടെ ശാസ്ത്രജ്ഞരിലെ ചില കലാകാരര്‍ ചേര്‍ന്ന് അതിനെ കൂട്ടിച്ചേര്‍ത്ത് ഒരു സെല്‍ഫിയും നിര്‍മ്മിച്ചു. സെല്‍ഫിയില്‍ പേടകത്തിന്റെ പുറകിലായി വേരാ റൂബിന്‍ റിഡ്ജ് എന്ന പ്രദേശം കാണാം. ഏതാണ്ട് 300 മീറ്റര്‍ അകലെയാണത്. കഴിഞ്ഞ വര്‍ഷം ക്യൂരിയോസിറ്റിയുടെ കറക്കം മുഴുവന്‍ അവിടെ ആയിരുന്നു. ഒരു കാലത്ത് വെള്ളം നിറഞ്ഞ തടാകമായിരുന്നു എന്നു കരുതപ്പെടുന്ന ഗയില്‍ ഗര്‍ത്തത്തിന്റെ ഒരു അതിര് അതിനു പുറകിലായി കാണാം.
കഴിഞ്ഞില്ല. ഇനി ഈ സെല്‍ഫിയിലേക്കൊന്നു സൂക്ഷിച്ചു നോക്കിയേ, രസകരമായ മറ്റു ചില കാഴ്ചകള്‍ കാണാം. ക്യൂരിയോസിറ്റി പേടകത്തിന്റെ തൊട്ടടുത്ത്, ഇടതു വശത്തായി രണ്ടു കുഞ്ഞു കുഴികള്‍. ചൊവ്വയുടെ ഉപരിതലത്തിലെ ഈ കുഴികള്‍ കണ്ടു ഞെട്ടേണ്ട. അത് ക്യൂരിയോസിറ്റിയുടെ ബോറടി മാറ്റാന്‍ അങ്ങേരു തന്നെ കുഴിച്ചതാണ്. ചൊവ്വയില്‍ ഇറങ്ങിയ കാലം മുതല്‍ക്കേ ക്യൂരിയോസിറ്റിയുടെ ജോലികളിലൊന്ന് ഇടയ്ക്കിടെ അവിടെയും ഇവിടെയും കുഴിച്ചുനോക്കലാണ്.
കുഴി കുഴിക്കുക മാത്രമല്ല, അതിനു പേരിടാനും ക്യൂരിയോസിറ്റി മടിക്കാറില്ല. ഗ്ലെന്‍ എറ്റിവ് 1 എന്നാണ് വലതുവശത്തെ കുഴിയുടെ പേര്. ഇടതുവശത്തേത് ഗ്ലെന്‍ എറ്റിവ് 2 എന്നും.
കുഴിച്ചു കിട്ടുന്ന ചൊവ്വാമണ്ണിനെ ക്യൂരിയോസിറ്റി തന്റെ 'ഉദര'ത്തിലുള്ള പരീക്ഷണശാലയില്‍ നിക്ഷേപിക്കും. സാം (Sample Analysis at Mars - SAM) എന്നാണ് ഈ പരീക്ഷണശാലയുടെ പേര്. ചൊവ്വയിലെ മണ്ണിനെ ചൂടാക്കിയും മണത്തുമെല്ലാം പരിശോധിക്കാനുള്ള സൂത്രങ്ങള്‍ ഈ പരീക്ഷണശാലയിലുണ്ട്. ചൊവ്വയിലെ മണ്ണില്‍ എന്തെല്ലാം പദാര്‍ത്ഥങ്ങളുണ്ട്, അതിന്റെ ഘടന എന്തെല്ലാമാണ് എന്നൊക്കെ ഈ പരീക്ഷണങ്ങളിലൂടെ അറിയാന്‍ സാധിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ചൊവ്വയിലെ സഞ്ചരിക്കുന്ന പരീക്ഷണശാല തന്നെയാണ് ഈ ക്യൂരിയോസിറ്റി!
Sample Analysis at Mars - SAM എന്ന ഉപകരണം. |
കുഴിയില്‍നിന്ന് ശേഖരിക്കുന്ന മണ്ണ് നന്നായി പൊടിച്ചാണ് എടുക്കുക. ഇതിനെ സാമില്‍ നിക്ഷേപിക്കുന്നതോടെ യന്ത്രക്കൈയുടെ പണി തീരും. പിന്നീടുള്ള പണി മുഴുവന്‍ സാമിനാണ്. രണ്ടു തരത്തില്‍ സാമില്‍ പരീക്ഷണങ്ങള്‍ നടത്താം. ഒന്ന് ഈ പൊടി നന്നായി ചൂടാക്കി നടത്തുന്ന പരീക്ഷണമാണ്. ചൂടാവുമ്പോള്‍ പൊടിയില്‍നിന്ന് പല തരം വാതകങ്ങള്‍ പുറത്തുവരും. ഈ വാതകത്തെ 'മണത്തു'നോക്കലാണ് അടുത്ത പണി. ഗ്യാസ് ക്രൊമാറ്റോഗ്രാഫ് ആന്റ് മാസ് സ്പെക്ട്രോമീറ്റര്‍ എന്ന ഉപകരണത്തിനാണ് 'മണത്തു' നോക്കാനുള്ള ചുമതല. വാതകഘടനയുടെ പരിശോധനയില്‍നിന്ന് അതില്‍ എന്തെല്ലാം ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നറിയാനാവും.
പക്ഷേ ഈ പരീക്ഷണത്തിന് ഒരു പരിമിതിയുണ്ട്. എന്തെങ്കിലും 'ജൈവ'ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടോ എന്നറിയുക അല്പം ബുദ്ധിമുട്ടാണ്. ചൂടാക്കുമ്പോള്‍ പല സംയുക്തങ്ങളും വിഘടിച്ചുപോകും എന്നതാണ് പ്രശ്നം.
എന്നാല്‍ ഈ പൊടിയെ ചില രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് ഒന്നു രാസപ്രവര്‍ത്തനം നടത്തിയശേഷമാണ് ചൂടാക്കുന്നതെങ്കില്‍ ജൈവതന്മാത്രകളെ വലിയതോതില്‍ വിഘടിക്കാതെ പരിശോധിക്കാനാവും. അതിനുവേണ്ടിയുള്ള രാസപദാര്‍ത്ഥങ്ങളുമായിട്ടാണ് ക്യൂരിയോസിറ്റി ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് ചൊവ്വയില്‍ ഇറങ്ങിയത്. സാം എന്ന പരീക്ഷണശാലയില്‍ ഉള്ള 72 പാത്രങ്ങളില്‍ ഒന്‍പത് പാത്രങ്ങളിലായി ഈ രാസപദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു. ഇതൊഴിച്ച് മണ്ണിനെ ഒന്ന് നനച്ചശേഷം ചൂടാക്കാനും സാമിനു കഴിയും. എപ്പോള്‍ മണ്ണെടുത്താലും ഉടന്‍ അതില്‍ ഈ രാസലായകം ചേര്‍ത്ത് പരീക്ഷണം നടത്താന്‍ തുനിഞ്ഞാല്‍ അത് പെട്ടെന്നു തീര്‍ന്നുപോവും. അതിനാല്‍ പിശുക്കിപ്പിശുക്കിയാണ് ശാസ്ത്രജ്ഞര്‍ ഇത് ഉപയോഗിക്കുന്നത്. ചില പ്രത്യേകതരം സ്ഥലങ്ങളിലെ പാറകളോ അല്ലെങ്കില്‍ എന്തെങ്കിലും പ്രത്യേകതകള്‍ തോന്നുന്ന പാറകളോ ഒക്കെ കുഴിച്ചെടുക്കുന്ന മണ്ണു മാത്രമേ ഇങ്ങനെ 'നനച്ച' ശേഷം പരീക്ഷിക്കേണ്ടതുള്ളൂ.
ഗ്ലെന്‍ എറ്റിവ് പ്രദേശം ഇങ്ങനെ പരിശോധിക്കണം എന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഗ്ലെന്‍ എറ്റിവ് 2 എന്ന കുഴിയിലെ പൊടിക്കാണ് ഇത്തവണ ഒന്നു 'നനയാനുള്ള' ഭാഗ്യം കിട്ടിയത്. സെപ്തംബര്‍ 24നായിരുന്നു ഈ പരീക്ഷണം.
2012ല്‍ ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങിയശേഷം ഇത് രണ്ടാമത്തെ തവണ മാത്രമാണ് ഈ wet chemistry പരീക്ഷണം ക്യൂരിയോസിറ്റിയില്‍ നടത്തുന്നത് എന്നു പറയുമ്പോള്‍ മനസ്സിലാക്കാമല്ലോ ഇതിന്റെ പ്രാധാന്യം. അടുത്ത വര്‍ഷത്തോടെ ഈ പരീക്ഷണത്തിന്റെ വിശദവിവരം അറിയാനാകും. ചൊവ്വയില്‍ ഏതെങ്കിലും കാലത്ത് ജീവന്‍ ഉണ്ടായിരുന്നോ എന്നറിയാനുള്ള വഴിയാണ് ഈ wet chemistry പരീക്ഷണം. അങ്ങനെയെങ്ങാനും ഒരു റിസല്‍റ്റ് കിട്ടിയാല്‍ ക്യൂരിയോസിറ്റി അവിടെയും ശാസ്ത്രജ്ഞര്‍ ഇവിടെയും തുള്ളിച്ചാടി മരിക്കും! അത്ര വലിയ കണ്ടെത്തലാവും അത്!
ക്യൂരിയോസിറ്റി സെല്‍ഫി എടുത്തത് ഇത് ആദ്യമൊന്നും അല്ലാട്ടോ. പല തവണ ക്യൂരിയോസിറ്റി ഇപ്പണി ചെയ്തിട്ടുണ്ട്. എങ്ങനെയാണ് ഇത് സെല്‍ഫി എടുക്കുന്നത് എന്ന് അറിയണോ? ഈ വീഡിയോ കണ്ടാല്‍ മതി. 2.48 മിനിറ്റ് മുതല്‍ കാണുക!
---നവനീത്...
Comments
Post a Comment