സ്പേസ് വീക്കും ചന്ദ്രനും അല്പം ചരിത്രവും!

ചന്ദ്രന്‍ - നക്ഷത്രങ്ങളിലേക്കൊരു പടിവാതില്‍.

1957 ഒക്ടോബര്‍ 4. സോവിയറ്റ് യൂണിയന്റെ ഭാഗമായ കസാക്കിസ്താനിലെ ബെയ്ക്കൂരില്‍ ഒരു റോക്കറ്റ് വിക്ഷേപണം നടന്നു. ലോകത്തെ ആദ്യത്തെ കൃത്രിമോപഗ്രഹമായ സ്ഫുട്നിക് 1 ബഹിരാകാശത്തെത്തിക്കാനായിരുന്നു ആ വിക്ഷേപണം. 83കിലോഗ്രാമായിരുന്നു സ്പുട്നികിന്റെ ഭാരം. അര മീറ്റര്‍ വലിപ്പത്തില്‍ ഗോളാകൃതിയിലുള്ള ആ കുഞ്ഞുപേടകം  മൂന്ന് ആഴ്ചക്കാലം ചെറിയ റേഡിയോ സിഗ്നലുകള്‍ ഭൂമിയിലേക്കയച്ചുകൊണ്ട് ഭൂമിയെ ചുറ്റിക്കറങ്ങി. മൂന്നാഴ്ച കഴിഞ്ഞതോടെ അതിലെ ബാറ്ററി തീര്‍ന്നു. പിന്നെയും രണ്ടു മാസക്കാലത്തോളം ആ ചരിത്രപേടകം അതിന്റെ ഓര്‍ബിറ്റില്‍ തുടര്‍ന്നു.

സ്പുട്നിക് 1 ന്റെ മാതൃക. കടപ്പാട്: NASA

ലോകം മുഴുവന്‍ അത്ഭുതത്തോടെയാണ് സോവിയറ്റ് റഷ്യയുടെ നേട്ടത്തെ കണ്ടത്. ഏതാണ്ട് 250 കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമിയെ ചുറ്റുന്ന ഒരു റേഡിയോനിലയം! ഭൂമിയുള്ള ആര്‍ക്കും ആ ബീപ് ബീപ് എന്നുള്ള ആ റേഡിയോ സിഗ്നലുകള്‍ റേഡിയോ ഉപയോഗിച്ച് കേള്‍ക്കാമായിരുന്നു.  റഷ്യയുടെ ഈ നേട്ടം അമേരിക്കയിലുണ്ടാക്കിയ കോലാഹലം ചെറുതൊന്നുമായിരുന്നില്ല. സാങ്കേതികപരമായി തങ്ങള്‍ കാലങ്ങളോളം പുറകിലായിപ്പോയി എന്നതായിരുന്നു അവരുടെ പ്രധാന സങ്കടം. സ്പുട്നിക് വിക്ഷേപിക്കാന്‍ ഉപയോഗിച്ച റോക്കറ്റില്‍ ന്യൂക്ലിയാര്‍ ആയുധങ്ങള്‍ ഘടിപ്പിച്ച് തങ്ങള്‍ക്കുമേല്‍ പ്രയോഗിക്കുമോ എന്ന പേടി പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ മൊത്തത്തിലുണ്ടായി. റഷ്യയ്ക്കു മുകളിലാവാന്‍ തങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും എന്ന ചിന്ത അമേരിക്കയെയും പൊതുവില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളെയും അലട്ടി. രാഷ്ട്രീയപരമായും സാമൂഹികപരവും ആയ പ്രതിസന്ധി ഉടലെടുത്തു. സ്പുട്നിക് ക്രൈസിസ് എന്ന പേരുതന്നെ ഉണ്ടായി! അമേരിക്കയും സോവിയറ്റ് റഷ്യയും തമ്മിലുള്ള ശീതസമരത്തിനും കാരണമായി സ്പുട്നിക്ക് എന്ന കുഞ്ഞുപേടകം!

സ്പുട്നിക്ക് 1 വിക്ഷേപിച്ച് ഒരു മാസം തികഞ്ഞപ്പോള്‍ത്തന്നെ സോവിയറ്റ് യൂണിയന്‍ സ്പുട്നിക് 2 പേടകവും വിക്ഷേപിച്ചു. അതിലായിരുന്നു ഭൂമിയില്‍നിന്നുള്ള ആദ്യ ജീവി ബഹിരാകാശത്തെത്തിയത്. ലെയ്ക്ക എന്ന നായ.  അതോടെ അമേരിക്കയ്ക്ക് നില്‍ക്കളിയില്ലാതെയായി!

ലെയ്ക്ക എന്ന നായ.
കടപ്പാട്: റഷ്യന്‍ സ്പേസ് ഏജന്‍സിക്ക് ആണെന്ന് കരുതുന്നു.


നാസയുടെ ജനനംപോലും ഈ പ്രതിസന്ധിയുടെ ഫലമായിരുന്നു എന്നു പറയാം.  അമേരിക്കയ്ക്ക് തങ്ങള്‍ സാങ്കേതികവിദ്യാപരമായി പുറകിലല്ല എന്നു തെളിയിക്കണം. ബഹിരാകാശഗവേഷണത്തില്‍ തങ്ങളുടേതായ അടയാളപ്പെടുത്തലുകള്‍ വേണം.  നാസയുടെ ജനനം അവിടെനിന്നായിരുന്നു. 1958ല്‍ നാസ രൂപീകൃതമായി. അതിനിടയില്‍ അമേരിക്ക തങ്ങളുടെ ആദ്യത്തെ ഉപഗ്രഹം വിക്ഷേപിച്ചിരുന്നു. 1958 ജനുവരി 31ന്. എക്സ്പ്ലോളര്‍ 1 എന്നു പേരിട്ട് ഈ പേടകം വിക്ഷേപിച്ചത് പക്ഷേ അമേരിക്കയുടെ ആര്‍മി ബാലിസ്റ്റിക് മിസൈല്‍ ഏജന്‍സി ആയിരുന്നു. എന്നിരുന്നാലും മിലിറ്ററി ആവശ്യം എന്നതിലുപരി ശാസ്ത്രപരീക്ഷണമാണ് എക്സ്പ്ലോറര്‍ 1 ലക്ഷ്യമിട്ടത്.

പിന്നീട് അമേരിക്കയും റഷ്യയും നിരവധി പര്യവേക്ഷണപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. റഷ്യയ്ക്കായിരുന്നു ഇക്കാര്യത്തില്‍ മുന്‍തൂക്കം. അമേരിക്ക ഭൂമിക്കു ചുറ്റും കളിക്കുമ്പോള്‍ റഷ്യ ഭൂമിയെ വിട്ട് ചന്ദ്രനിലേക്കുപോയി. ലൂണ 1 ചന്ദ്രനില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും ചന്ദ്രന്റെ 6000കിലോമീറ്റര്‍ അടുത്തുകൂടി കടന്നുപോയി. ലൂണ 2 ല്‍ അവര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങാനായി. നാസ ഇതിനിടയില്‍ പയനിയര്‍ പേടകം വിക്ഷേപിച്ചു. ശുക്രനായിരുന്നു അവരുടെ ലക്ഷ്യമെങ്കിലും അതിനു കഴിഞ്ഞില്ല.  എന്നിരുന്നാലും പയനിയര്‍ പേടകം ഇന്റര്‍പ്ലാനറ്ററി പര്യവേക്ഷണങ്ങളുടെ തുടക്കമായിരുന്നു.
1961ല്‍ റഷ്യ ശരിക്കും ഞെട്ടിച്ചു. ആദ്യമനുഷ്യനെ ശൂന്യാകാശത്തെത്തിച്ച് ഭൂമിയെ ചുറ്റിക്കറങ്ങി. യൂറി ഗഗാറിനായിരുന്ന ആ മനുഷ്യന്‍! അമേരിക്കയ്ക്കും റഷ്യയ്ക്കും ഒപ്പം പിന്നീട് കാനഡയും ഫ്രാന്‍സും ബഹിരാകാശപര്യവേക്ഷണങ്ങളുമായി കൂട്ടുചേര്‍ന്നു.  ശുക്രന്റെയും ചൊവ്വയുടെയും ഒക്കെ അടുത്തുകൂടി പേടകങ്ങള്‍ യാത്ര നടത്തി.

ബഹിരാകാശഗവേഷണങ്ങള്‍ മുന്നേറിയതോടെ ഭൂമിക്കു പുറത്ത് മറ്റു ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമെല്ലാം ഒരിക്കല്‍ മനുഷ്യരുടെ കീഴിലാവും എന്ന് ഏവര്‍ക്കും ബോധ്യമായി. ഏത് രാജ്യത്തിനാവും അവിടെ അധികാരം എന്ന പ്രശ്നവും ഉയര്‍ന്നുവന്നു. അതോടെയാണ് ഇക്കാര്യത്തില്‍ ഒരു അന്താരാഷ്ട്ര ഉടമ്പടിയുടെ ആവശ്യം ഉയര്‍ന്നുവന്നത്. ബഹിരാകാശശക്തികളായ അമേരിക്കയും റഷ്യയും പിന്നെ ബ്രിട്ടണും ചേര്‍ന്നാണ് ആദ്യം ഈ ഉടമ്പടിയില്‍ ഒപ്പുവച്ചത്, 1967 ജനുവരിയില്‍. അതേ വര്‍ഷം ഒക്ടോബര്‍ 10ന് ഉടമ്പടി പ്രാബല്യത്തിലുമായി. അതുപ്രകാരം ബഹിരാകാശം ആരുടെയും സ്വന്തമല്ല. ഭൂമിക്കു പുറത്തുള്ള ഒരു വസ്തുവിനും ആര്‍ക്കും അവകാശം ഉന്നയിക്കാന്‍ കഴിയില്ല. അവ എല്ലാവരുടേതുമാണ്. സമാധാനപരമായ ആവശ്യങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി ആര്‍ക്കും ബഹിരാകാശത്തെയും മറ്റു ജ്യോതിര്‍ഗോളങ്ങളെയും പ്രയോജനപ്പെടുത്താം. ബഹിരാകാശപര്യവേക്ഷണങ്ങളുടെ സമാധാനപരവും സഹകരണപരവുമായ യുഗത്തിന്റെ തുടക്കമായിരുന്നു ആ ഉടമ്പടി. ഔട്ടര്‍ സ്പേസ് ട്രീറ്റി എന്ന മനോഹരമായ  ഉടമ്പടി. ലോകത്തെ 109രാജ്യങ്ങള്‍ അതില്‍ ഇപ്പോള്‍ ഒപ്പുവച്ചിട്ടുണ്ട്. മറ്റുള്ള രാജ്യങ്ങളും അതിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്നു.

സ്പുട്നിക് വിക്ഷേപിച്ചത് ഒക്ടോബര്‍ 4ന്. ഔട്ടര്‍ സ്പേസ് ട്രീറ്റി പ്രാബല്യത്തില്‍ വന്നത് ഒക്ടോബര്‍ 10ന്. സുപ്രധാനമായ ഈ രണ്ട് സംഭവങ്ങളെ കോര്‍ത്തിണക്കിയാണ് അന്താരാഷ്ട്ര ബഹിരാകാശ വാരം ആചരിക്കുന്നത്. എല്ലാ വര്‍ഷവും ഒക്ടോബര്‍ 4 മുതല്‍ 10വരെ ലോകവ്യാപകമായി കൊണ്ടാടുന്ന മഹത്തായ ഒരു ആചരണം. ബഹിരാകാശഗവേഷണം മനുഷ്യരുടെ നന്മയ്ക്കും വികാസത്തിനും വേണ്ടിയാണെന്ന് ഊന്നിപ്പറയുന്ന ഒരു ആചരണം.

ചന്ദ്രന്‍ - നക്ഷത്രങ്ങളിലേക്കൊരു പടിവാതില്‍ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണ സ്പേസ് വീക്ക്. ബഹിരാകാശയാത്രകള്‍ക്കുള്ള ഇടത്താവളമായി ചന്ദ്രനെ മാറ്റുക എന്നതാണ് ഗവേഷകരുടെ ലക്ഷ്യം. ബഹിരാകാശ പര്യവേക്ഷണങ്ങള്‍ക്ക് ചന്ദ്രനോളം പറ്റിയ ഇടമില്ലെന്നാണ് പറയുന്നത്.

അതിനാല്‍ നാസയടക്കം മിക്ക ബഹിരാകാശ ഏജന്‍സികളും ചന്ദ്രപര്യവേക്ഷണത്തിനായി പദ്ധതികള്‍ ആസൂത്രണം ചെയ്തു കഴിഞ്ഞു. നാസയുടെ ആര്‍ട്ടിമിസ് പദ്ധതിയില്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ മനുഷ്യര്‍ വീണ്ടും ചന്ദ്രനിലെത്തും. ഇന്ത്യയുടെ ചന്ദ്രയാന്‍ 2ഉം ചന്ദ്രനെ അറിയലാണ് ലക്ഷ്യമിടുന്നത്.
ചന്ദ്രനില്‍ ഒരു സ്ഥിരം താവളവും ചന്ദ്രനു ചുറ്റും അന്താരാഷ്ട്രബഹിരാകാശനിലയത്തെപ്പോലെ ഒരു നിലയവും അധികം അകലെയല്ല. എല്ലാ രാജ്യങ്ങളുടെയും സഹകരണം ഇക്കാര്യത്തില്‍ വേണ്ടതുണ്ട്. രാജ്യങ്ങള്‍ തമ്മില്‍ രാഷ്ട്രീയമായ വേര്‍തിരിവുകള്‍ കാണും. പക്ഷേ ശാസ്ത്രത്തിന് അത്തരം അതിര്‍വരമ്പുകള്‍ ഇല്ല. അതിര്‍വരമ്പുകളില്ലാത്തെ ശാസ്ത്രാഘോഷമാണ് ഓരോ സ്പേസ് വീക്കും!

---നവനീത്...

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് - മൈക്രോസ്കോപ്പ് എന്ന സൂഷ്മദര്‍ശിനി