ഇന്‍സൈറ്റ് പേടകത്തിന്റെ സാറ്റ്‍ലൈറ്റ് ചിത്രം!

ഇന്‍സൈറ്റ് പേടകത്തിന്റെ ഉപഗ്രഹചിത്രം. കടപ്പാട്: NASA/JPL-Caltech/University of Arizona

25 ലക്ഷം മനുഷ്യരുടെ പേരു കൊത്തിയ ചിപ്പുമായി ചൊവ്വയിലിറങ്ങിയ പേടകമാണ് ഇന്‍സൈറ്റ്.  ആ പേടകം എടുത്ത ചിത്രങ്ങള്‍ അപ്പപ്പോള്‍ നമുക്ക് കിട്ടും. എന്നാല്‍ ആ പേടകത്തിന്റെ ചിത്രമോ? സെല്‍ഫി അല്ലാതെ മറ്റു വഴികളില്ല.
എന്നാല്‍ ചൊവ്വയ്ക്കു ചുറ്റും കറങ്ങിനടന്ന് ചൊവ്വയെക്കുറിച്ചു പഠിക്കുന്ന ഉപഗ്രഹങ്ങള്‍ അവിടെയുണ്ട്. ഇന്ത്യയുടെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ ഉള്‍പ്പടെ ചില ഉപഗ്രഹങ്ങള്‍. അതില്‍ ഏറെ പ്രധാനിയാണ് മാര്‍സ് റൈക്കനൈസന്‍സ് ഓര്‍ബിറ്റര്‍. നാസയുടെ ഈ പേടകം ചൊവ്വയുടെ ഏതാണ്ട് പൂര്‍ണ്ണമായ മാപ്പ് തന്നെ തയ്യാറാക്കിയിട്ടുണ്ട്.
അങ്ങനെ കഴിഞ്ഞ ദിവസം (2019 സെപ്തംബര്‍ 23) തന്റെ ഹൈ റസല്യൂഷന്‍ ക്യാമറയില്‍ ഈ ഓര്‍ബിറ്റര്‍ ചില ചിത്രങ്ങള്‍ പകര്‍ത്തി. അതും 272കിലോമീറ്റര്‍ ഉയരെ നിന്ന്. അതില്‍ നമ്മുടെ ഇന്‍സൈറ്റിന്റെ ചിത്രമുണ്ട്. ചുവന്ന മണ്ണില്‍ ഒരു പച്ചപ്പൊട്ടുപോലെ ഇന്‍സൈറ്റിനെ കാണാം. ശ്രദ്ധിച്ചുനോക്കിയാല്‍ ഇന്‍സൈറ്റിന്റെ രണ്ട് സോളാര്‍ പാനലുകളും കണ്ടെത്താനാകും. പിന്നെയും സൂക്ഷിച്ചുനോക്കിയാല്‍ ഒരു കുഞ്ഞു വെളുത്ത പൊട്ട് അതിന്റെ തൊട്ടടുത്തായി കാണാം. ഇന്‍സൈറ്റിലെ സീസ്മമീറ്റര്‍ (ചൊവ്വാകുലുക്കം അറിയാനുള്ള ഉപകരണം) മൂടി വച്ചിരിക്കുന്ന മൂടിയാണത്!

2006ലാണ് മാര്‍സ് റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ചൊവ്വയിലെത്തുന്നത്. അന്നു മുതല്‍ ഇന്നുവരെ ചൊവ്വയ്ക്കു ചുറ്റും ഉപഗ്രഹമായി കറങ്ങി വിവരങ്ങള്‍ ശേഖരിക്കലും ഫോട്ടോയെടുക്കലുമാണ് ഈ ചങ്ങാതിയുടെ പണി!
നീണ്ട പതിമൂന്ന് വര്‍ഷത്തിനു ശേഷവും സുഖമായി MRO അവിടെ പണിയെടുക്കുന്നു. അറുപതിനായിരത്തിലേറെ തവണ ഇതുവരെ ചൊവ്വയെ ചുറ്റിക്കറങ്ങിക്കഴിഞ്ഞു. മൂന്നേമുക്കാല്‍ ലക്ഷം ചിത്രങ്ങള്‍ ഭൂമിയിലേക്കയച്ചു. 370ഓളം ടെറാബിറ്റ് ഡാറ്റ ഭൂമിയിലേക്കയച്ചു. ഇനിയും ഏറെക്കാലം ഈ പേടകം അവിടെത്തന്നെ കാണും എന്നു കരുതാം!

---നവനീത്...

Comments