പഞ്ചസാരയ്ക്ക് ഭൂമിയില്‍ മാത്രമല്ല, അങ്ങ് ബഹിരാകാശത്തുമുണ്ട് പിടി! എക്സ്ട്രാ ടെറസ്ട്രിയല്‍ പഞ്ചസാര
പഞ്ചസാരയ്ക്ക് ഭൂമിയില്‍ മാത്രമല്ല, അങ്ങ് ബഹിരാകാശത്തുമുണ്ട് പിടി!
ബഹിരാകാശത്തുനിന്ന് ഭൂമിയിലെത്തിയ ചില ഉല്‍ക്കകളില്‍ ഇതാദ്യമായി പഞ്ചസാരയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. പഞ്ചസാര എന്നു പറഞ്ഞാല്‍ പ്രമേഹബാധിതര്‍ ചായയിലും കാപ്പിയിലും ഇടേണ്ട എന്നു പറയുന്ന ആ പഞ്ചസാര അല്ല. പകരം, കെമിസ്ട്രിക്കാര്‍ ഷുഗര്‍ എന്നു വിളിക്കുന്ന ഒരു കൂട്ടം രാസവസ്തുക്കള്‍ ഉണ്ട്. അങ്ങനെയുള്ള ചില പഞ്ചസാരകളാണ് ഇവിടെ വിഷയം. റൈബോസ്, അരബിനോസ്, ക്സൈലോസ് തുടങ്ങിയ പഞ്ചസാരകള്‍!
റൈബോസ് പഞ്ചസാരയുടെ ഘടനയും ഉല്‍ക്കാശിലയും. കടപ്പാട്: Yoshihiro Furukawa |
പല്ലികള്‍ക്കും ദിനോസോറുകള്‍ക്കും ഡിഎന്‍എയ്ക്കും മുന്നേ ജീവലോകത്തേക്ക് എത്തിപ്പെട്ട കക്ഷിയാണ് ആര്‍ എന്‍ എ. (RNA - ribonucleic acid) എന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞരുടെ നിഗമനം. അതായത് ഡി എന്‍ എയിലേക്കും പിന്നീട് ഇതു വായിക്കുന്ന മനുഷ്യരിലേക്കും വരെയുള്ള പരിണാമത്തിന് തുടക്കമിട്ട കക്ഷി! അങ്ങനെയുള്ള ഈ കക്ഷിയിലെ ഒരു പ്രധാനിയാണ് റൈബോസ് എന്ന പഞ്ചസാര. റൈബോസ് എന്ന പഞ്ചസാര ഇല്ലെങ്കില്‍ ആര്‍ എന്‍ എ എന്ന ജൈവരാസപദാര്‍ത്ഥം ഇല്ല!
ഈ പശ്ചാത്തലത്തിലാണ് ചില ഉല്‍ക്കാശിലകളില്‍നിന്ന് റൈബോസും അനുബന്ധ പഞ്ചസാരകളും കണ്ടെത്തിയ നേട്ടത്തെ കാണേണ്ടത്. ഡി എന്‍ എയിലെ പഞ്ചസാരയെ ഇതുവരെ ഒരു ഉല്‍ക്കാശിലയിലും കണ്ടെത്തിയിട്ടില്ല എന്നതും ഇതോടൊപ്പം കൂട്ടിവായിക്കണം. ആര്‍ എന്‍ എ ആണ് ഭൂമിയില്‍ ആദ്യമുണ്ടായത് എന്ന വാദത്തെ സാധൂകരിക്കുന്ന തെളിവാണത്.
രണ്ട് വ്യത്യസ്ഥ ഇടങ്ങളില്‍നിന്ന് കിട്ടിയ ഉല്‍ക്കാശിലകളെയാണ് പഠനവിധേയമാക്കിയത്. ഗ്യാസ് ക്രൊമാറ്റോഗ്രഫി - മാസ് സ്പെക്ട്രോമെട്രി എന്ന രീതിയുപയോഗിച്ചായിരുന്നു പഠനം. നൂറുകോടിയില്‍ 2 മുതല്‍ 180വരെ ഭാഗം എന്ന തോതില്‍ പഞ്ചസാരതന്മാത്രകളെ ശിലകളില്‍ കണ്ടെത്താനായി. ബഹിരാകാശത്തുനിന്ന് വന്ന് ഭൂമിയുടെ അന്തരീക്ഷത്തില്‍ കത്തിയമര്‍ന്ന് അവസാനം ഭൂമിയില്‍ പതിക്കുന്നവയാണ് ഉല്‍ക്കാശിലകള്‍. പല ബഹിരാകാശരഹസ്യങ്ങളും ഒളിപ്പിച്ചുവച്ചിരിക്കുന്ന ശിലകളാണവ. എന്നിരുന്നാലും ഭൂമിയില്‍ വീണതിനാല്‍ ഭൂമിയിലുള്ള ഏത് വസ്തുവും ഈ ശിലകളിലും കയറിക്കൂടാം. പല ശിലകളെയും നമ്മള്‍ കണ്ടെടുക്കുന്നത് ലക്ഷക്കണക്കിനോ കോടിക്കണക്കിനോ വര്‍ഷങ്ങള്‍പോലും കഴിഞ്ഞാവും. ഭൂമിയിലെ ജൈവവസ്തുക്കള്‍ കയറിക്കൂടാന്‍ സാധ്യത ഏറെയാണ്. ഉല്‍ക്കാശിലയില്‍ പഞ്ചസാരയെ കണ്ടെത്തിയപ്പോഴും ശാസ്ത്രജ്ഞരുടെ ചിന്ത ഇതുതന്നെയായിരുന്നു. ഈ പഞ്ചസാരത്തന്മാത്രകള്‍ ഭൂമിയിലേത് ആയിക്കൂടേ? ഇവിടെയാണ് കാര്‍ബണ്‍ ഐസോടോപ്പുകള്‍ രംഗത്തുവന്നത്. ഉല്‍ക്കാശിലയില്‍നിന്ന് കണ്ടെത്തിയ പഞ്ചസാരത്തരിയില്‍ കാര്‍ബണ്‍ - 13 എന്ന ഐസോടോപ്പിന്റെ അളവ് കൂടുതലാണ്. ബഹിരാകാശത്തുനിന്നുള്ള പഞ്ചസാരയാണിത് എന്നതിന്റെ തെളിവാണത്. കാരണം, ഭൂമിയില്‍ ഉള്ള പഞ്ചസാരയില്‍ കാര്‍ബണ്‍ 13ന്റെ അളവ് ഏറെ കുറവായിരിക്കും.
ഛിന്നഗ്രഹങ്ങളില്‍നിന്ന് സാമ്പിള്‍ ശേഖരിച്ച് തിരികെ ഭൂമിയിലെത്തിക്കാനുള്ള രണ്ട് ദൗത്യങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ ഹയാബുസ 2 എന്ന ജപ്പാന്‍ ദൗത്യം ഛിന്നഗ്രഹത്തില്‍നിന്നുള്ള സാമ്പിളുമായി അതിന്റെ മടക്കയാത്ര ആരംഭിച്ചു കഴിഞ്ഞു. ഒസിരിസ് റെക്സ് എന്ന നാസ ദൗത്യം ഇപ്പോഴും ഒരു ഛിന്നഗ്രഹത്തിനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുയാണ്. ഈ സാമ്പിളുകള്‍ ഭൂമിയിലെത്തിയാല്‍ അതില്‍ പഞ്ചസാരയുണ്ടോ എന്ന പരിശോധിക്കാന്‍ കഴിയും. അതില്‍ക്കൂടി പഞ്ചസാരതന്മാത്രകളെ കണ്ടെത്തിയാല്‍ ഭൂമിയിലെ ജീവന്റെ ഉത്പത്തിയെ സംബന്ധിച്ച പല തിയറികളും കുറെക്കൂടി പരിഷ്കരിക്കാനാവും!
---നവനീത്...
ചിത്രം: റൈബോസ് പഞ്ചസാരയുടെ ഘടനയും ഉല്‍ക്കാശിലയും. കടപ്പാട്: Yoshihiro Furukawa
ജപ്പാനിലെയും അമേരിക്കയിലെയും ശാസ്ത്രസാങ്കേതികസ്ഥാപനങ്ങളുടെ സാമ്പത്തികസഹായത്തോടെയാണ് പഠനം നടന്നത്.
വിശദമായ വായനയ്ക്ക്...
https://www.pnas.org/content/early/2019/11/12/1907169116
Comments
Post a Comment