വ്യാഴത്തിനോട് കൂടുതല്‍ അടുക്കാന്‍ ജുനോ പേടകം


14800കിലോമീറ്റര്‍ ഉയരെനിന്ന് ജുനോ എടുത്ത ചിത്രം.

ജുനോ! വ്യാഴത്തിന്റെ ചുറ്റും കറങ്ങിനടക്കുന്ന പേടകമാണ്. വ്യാഴത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കലാണ് ലക്ഷ്യം. ആ ജുനോ ഇതാ വ്യാഴത്തോട് ഏറ്റവും കൂടുതല്‍ അടുക്കാന്‍ പോവുകയാണ്. വ്യാഴത്തിന്റെ മേഘപടലങ്ങള്‍ക്ക് വെറും 3200 കിലോമീറ്റര്‍ മാത്രം അകലെക്കൂടി അടുത്തുതന്നെ ജുനോ കടന്നുപോകും. മണിക്കൂറില്‍ രണ്ടുലക്ഷം കിലോമീറ്റര്‍ എന്ന വളരെ ഉയര്‍ന്ന വേഗതയിലാവും ഈ കടന്നുപോക്ക് എന്നു മാത്രം. വ്യാഴത്തിലെത്തിയശേഷമുള്ള 23ാം ഓര്‍ബിറ്റാണിത്. വ്യാഴത്തിലെ മേഘങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഈ കടന്നുപോക്കില്‍ ജുനോ പകര്‍ത്തും.

2016ലാണ് ജുനോ വ്യാഴത്തിലെത്തുന്നത്. മനുഷ്യനിര്‍മ്മിതമായ ഒരു പേടകത്തിന്റെ ഏറ്റവും കൂടിയ വേഗതയിലായിരുന്നു ജുനോ അന്ന് വ്യാഴത്തിലേക്കെത്തിയത്.  ദീര്‍ഘവൃത്താകൃതിയിലുള്ള പാതയില്‍ക്കൂടിയാണ് കറക്കം. ഓരോ തവണ കറങ്ങിവരുമ്പോഴും ജുനോ വ്യാഴത്തോട് കൂടുതല്‍ അടുക്കും. വ്യാഴത്തെ പരിക്രമണം ചെയ്യുന്ന രണ്ടാമത്തെ പേടകമാണിത്. സൗരോര്‍ജ്ജം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ജുനോയ്ക്കുണ്ട്. സൂര്യനില്‍നിന്ന് ഏറെ അകലെ ആയതിനാല്‍ വളരെ വലിയ സോളാര്‍പാനലുകളാണ് ജുനോയ്ക്കുള്ളത്. നിരവധി ശാസ്ത്രീയോപകരണങ്ങളും ജുനോയിലുണ്ട്. പുതിയ ചിത്രങ്ങള്‍ അധികം താമസിയാതെ ജുനോയുടെ വെബ്സൈറ്റില്‍ ലഭ്യമാവും എന്നു കരുതാം.

---നവനീത്...

ചിത്രത്തിനു കടപ്പാട്: Enhanced Image by Gerald Eichstädt and Sean Doran (CC BY-NC-SA) based on images provided Courtesy of NASA/JPL-Caltech/SwRI/MSSS

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് - മൈക്രോസ്കോപ്പ് എന്ന സൂഷ്മദര്‍ശിനി

റിഗോലിത്ത് - ചന്ദ്രനിലെ മണ്ണിന്റെ കഥ - story of regolith