ചന്ദ്രനില്‍നിന്ന് കൊണ്ടുവന്ന കല്ലും മണ്ണും അര നൂറ്റാണ്ടിനുശേഷം തുറന്നു പരിശോധിക്കുന്നു!
നാസ ശാസ്ത്രജ്ഞര്‍ അപ്പോളോ സാമ്പിള്‍ 73002 പരിശോധിക്കുന്നു. |
മനുഷ്യരെ ചന്ദ്രനിലിറക്കിയ അപ്പോളോ പ്രോഗ്രാമുകളില്‍ ചന്ദ്രനിലെ മണ്ണും പാറയും ഒക്കെ ശേഖരിച്ച് ഭൂമിയിലേക്ക് കൊണ്ടുവന്നിരുന്നു. ആറു ദൗത്യങ്ങളിലായി 382 കിലോഗ്രാം മണ്ണും കല്ലുമാണ് ഭൂമിയിലെത്തിയത്. അതില്‍ കുറെ അന്നുതന്നെ പരീക്ഷണങ്ങള്‍ക്കു വിധേയമാക്കിയിരുന്നു. അരനൂറ്റാണ്ടു മുന്‍പത്തെ ശാസ്ത്രസാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ചെയ്യാവുന്ന പരീക്ഷണങ്ങള്‍! ബാക്കി കുറച്ച് ഭാവിയിലേക്കായി നാസ കരുതിവച്ചു. ഇന്നത്തെ ആധുനികസാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കൂടുതല്‍ കാര്യക്ഷമമായി ഈ മണ്ണിനെക്കുറിച്ച് പഠിക്കാനാവും.
യൂജിന്‍ സെര്‍നാന്‍ ചന്ദ്രനിലെ മണ്ണും പാറയും ശേഖരിക്കാനായുള്ള മുന്നൊരുക്കം നടത്തുന്നു. |
ചന്ദ്രനിലേക്കുള്ള അവസാന അപ്പോളോ മിഷനായിരുന്നു അപ്പോളോ 17. ദൗത്യത്തിലെ യാത്രികരായ യൂജിന്‍ സെര്‍നാനും ഹാരിസണ്‍ ഷ്മിത്തും അവിടെ ഇറങ്ങിയശേഷം പിന്നെ ഇതുവരെ ഒരു മനുഷ്യനും ചന്ദ്രനില്‍ കാല്‍കുത്തിയിട്ടില്ല. 22 മണിക്കൂറുകളാണ് അവര്‍ അന്ന് ചന്ദ്രോപരിതലത്തില്‍ ചിലവഴിച്ചത്. ചന്ദ്രനില്‍ ഓടിക്കുന്ന ജീപ്പുംകൊണ്ട് ഏതാണ്ട് എട്ടു കിലോമീറ്റര്‍ അകലെ വരെ അവര്‍ യാത്ര ചെയ്യുകയും ചെയ്തു. ഇതിനിടയിലാണ് ഇവര്‍ ചന്ദ്രനിലെ മണ്ണും പാറയും ശേഖരിച്ചത്. ലാറ ക്രേറ്റര്‍ എന്ന ഭാഗത്തുനിന്നായിരുന്നു ശേഖരണം. അതില്‍ 73002 എന്ന നമ്പറില്‍ സൂക്ഷിച്ച സാമ്പിളാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്.
73002 എന്ന സാമ്പിളിന്റെ എക്സ്-റേ ചിത്രം. മുകളിലേത് 2019ലെ എക്സ്-റേ ചിത്രം. താഴത്തേത് 1974ല്‍ എടുത്തത്. കടപ്പാട്: NASA/James Blair |
രണ്ടടിയോളം നീളമുള്ള ഒരു റ്റ്യൂബിലാണ് സാമ്പിള്‍ സൂക്ഷിച്ചിരുന്നത്. Apollo Next-Generation Sample Analysis (ANGSA) എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇപ്പോള്‍ ഈ സാമ്പിള്‍ പരിശോധന. മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ആര്‍ട്ടിമിസ് പദ്ധതിയ്ക്ക് സഹായകരമായ പല വിവരങ്ങളും ഈ സാമ്പിള്‍ അനാലിസിസിലൂടെ ലഭ്യമാവും എന്നാണു പ്രതീക്ഷ. 1971 - 72 കാലഘട്ടത്തില്‍ അപ്പോളോ 15, 16, 17 ദൗത്യങ്ങളിലൂടെ ലഭ്യമായ സാമ്പിളുകളാണ് ANGSA എന്ന പദ്ധതിയില്‍ പരിശോധനകള്‍ക്കു വിധേയമാകുന്നത്. മാസ് സ്പെക്ട്രോമെട്രി പോലുള്ള രീതികള്‍ ഉപയോഗിച്ചാണ് പഠനം. പഠനത്തിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ അധികം താമസിയാതെ പുറത്തുവിടും എന്നു പ്രതീക്ഷിക്കാം.
സാമ്പിളിന്റെ പ്രാഥമിക പരിശോധന നടത്തുന്ന രീതി - വീഡിയോ
---നവനീത്...
Comments
Post a Comment