ഗ്രാവിറ്റേഷണല്‍ ലെന്‍സിങ് മൂലം ചറപറാ ഗാലക്സികള്‍ ഉള്ള ചിത്രം. പക്ഷേ എല്ലാം ഒരു ഗാലക്സി ആയിരുന്നത്രേ!
ഒരു ഗാലക്സി, രണ്ടു ഗാലക്സി, പിന്നെ ചറപറാ ഗാലക്സി! ഹബിള്‍ എടുത്ത ഈ ഫോട്ടോ നോക്കിയാല്‍ ഇങ്ങനെ തോന്നും. പക്ഷേ എന്തു ചെയ്യാം, എല്ലാം ഒന്നുതന്നെ ആയിരുന്നത്രേ!
ഗ്രാവിറ്റേഷണല്‍ ലെന്‍സിങ് മൂലം കാണപ്പെടുന്ന പ്രകാശ ആര്‍ക്കുകള്‍. |
ഹബിള്‍ ടെലിസ്കോപ്പ് പുറത്തുവിട്ട പുതിയ ചിത്രത്തിലാണ് ഗ്രാവിറ്റേഷണല്‍ ലെന്‍സിങ് എന്ന പ്രഭാവം മൂലം ഒരു ഗാലക്സി തന്നെ പല തവണ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. രസകരമായ ഒരു പ്രതിഭാസമാണ് ഗ്രാവിറ്റേഷണല്‍ ലെന്‍സിങ്. മാസ് ഉള്ള എന്തിനും ഗുരുത്വാകര്‍ഷണബലം ഉണ്ട് എന്നറിയാമല്ലോ. മാസ് കൂടുംതോറും ഈ ആകര്‍ഷണബലവും കൂടും. വളരെ ഉയര്‍ന്ന മാസുള്ള ഗാലക്സികള്‍ക്കും മറ്റും തങ്ങളുടെ അടുത്തുകൂടി പോകുന്ന പ്രകാശത്തെവരെ സ്വാധീനിക്കാനാവും. ഉയര്‍ന്ന ഗുരുത്വാകര്‍ഷണംമൂലം പ്രകാശരശ്മികള്‍ ഗാലക്സിക്ക് അടുത്തെത്തുമ്പോള്‍ അല്പം വളയും.
ഗ്രാവിറ്റേഷണല്‍ ലെന്‍സിങ് മൂലം ദൃശ്യമായ ഭാഗങ്ങളിലൊന്ന്. |
460കോടി പ്രകാശവര്‍ഷം അകലെയുള്ള ഒരു ഗാലക്സിക്ലസ്റ്ററാണ് ചിത്രത്തില്‍. ഇതിനു പുറകില്‍ ഏതാണ്ട് 1100 കോടി പ്രകാശവര്‍ഷം അകലെ മറ്റൊരു ഗാലക്സിയും ഉണ്ട്. പേര് Sunburst Arc (PSZ1 G311.65-18.48). ഈ ഗാലക്സിയില്‍നിന്നുള്ള പ്രകാശമാണ് വളഞ്ഞു സഞ്ചരിച്ചത്. ചിത്രത്തില്‍ ഒരു വൃത്തത്തിന്റെ ഭാഗം എന്നു തോന്നിക്കുന്ന ഇടങ്ങള്‍ കാണുന്നില്ലേ. അത് പുറകിലെ ഗാലക്സിയില്‍നിന്ന് വളഞ്ഞുസഞ്ചരിച്ച പ്രകാശം മൂലം ഉണ്ടായതാണ്. ആ ഗാലക്സിയുടെ ചുരുങ്ങിയത് 12 ചിത്രമെങ്കിലും ഈ ഭാഗത്ത് പ്രത്യക്ഷപ്പെട്ടു! ഒരേ ഗാലക്സിയുടെ പന്ത്രണ്ടിലധികം ചിത്രങ്ങള്‍ അങ്ങനെ ഒരു ഫോട്ടോയിലും എത്തി!
ഐന്‍സ്റ്റൈന്റ് ആപേക്ഷികതാ സിദ്ധാന്തത്തിന് ഏറ്റവും വലിയ ഒരു തെളിവുകൂടിയാണ് ഈ ഗ്രാവിറ്റേഷണല്‍ ലെന്‍സിങ്.
ചിത്രത്തെ അടുത്തറിയാന്‍ കഴിയുന്ന വീഡിയോ
ചിത്രത്തിനു കടപ്പാട്: Credits: NASA, ESA and E. Rivera-Thorsen (Institute of Theoretical Astrophysics Oslo, Norway)
വീഡിയോയ്ക്കു കടപ്പാട്: ESA/Hubble, NASA, Rivera-Thorsen et al.
---നവനീത്...
Comments
Post a Comment