ബുധസംതരണം അഥവാ Transit of Mercury - നവംബര്‍ 11

ബുധസംതരണം. കടപ്പാട്: Brocken Inaglory

ബുധസംതരണം എന്ന പ്രതിഭാസം ഇന്നാണ്. സൂര്യനും ഭൂമിക്കും ഇടയിലായി ബുധന്‍ കയറി വരുന്ന പ്രതിഭാസമാണിത്. സൂര്യനു മുന്നിലൂടെ ഒരു പൊട്ടുപോലെ ബുധന്‍ കടന്നുപോകുന്ന കാഴ്ച! പക്ഷേ ഇന്ത്യന്‍ സമയം ഏകദേശം അഞ്ചര-ആറ് മണിയോടെ മാത്രമേ ഈ പ്രതിഭാസം ആരംഭിക്കൂ. അതിനാല്‍ത്തന്നെ കേരളത്തില്‍ ഇത് ദൃശ്യമാവില്ല. സൂര്യന്‍ ഏഴു മണിക്കോ എട്ടു മണിക്കോ ഒക്കെ വൈകി അസ്തമിക്കുന്ന ഇടങ്ങളില്‍ കാണാനാകും.



സൂര്യഗ്രഹണംപോലെ മറ്റൊരു സംഭവം മാത്രമാണിത്. ചന്ദ്രന്‍ ഭൂമിയോട് വളരെ അടുത്തായതിനാല്‍ സൂര്യനെ ഏതാണ്ട് പൂര്‍ണ്ണമായും മറയ്ക്കാന്‍ കഴിയും. എന്നാല്‍ ബുധസംതരണവും ശുക്രസംതരണവും നടക്കുന്ന സമയത്ത് ഇങ്ങനെ മറയ്ക്കാന്‍ മാത്രം വലിപ്പം അവര്‍ക്ക് ഉണ്ടാവില്ല. അതിനാല്‍ ഒരു പൊട്ടുപോലെ മാത്രമേ കാണാനാകൂ. ശുക്രനാണ് സൂര്യനു മുന്നിലൂടെ കടന്നുപോകുന്നതെങ്കില്‍ അത് നമുക്ക് സോളാര്‍ഫില്‍റ്ററുകളോ മറ്റോ ഉപയോഗിച്ച് നേരിട്ടു കാണാം. ബുധന്റെ കാര്യം പക്ഷേ അങ്ങനെയും നടക്കില്ല. വളരെ വളരെ ചെറിയ ഒരു പൊട്ടായിട്ടേ കാണാന്‍ പറ്റൂ. ടെലിസ്കോപ്പിലൂടെയല്ലാതെ ആ കാഴ്ച കാണല്‍ നടപ്പുള്ള കാര്യമല്ല. ടെലിസ്കോപ്പിലൂടെ നേരിട്ട് സൂര്യനെ നോക്കിയാല്‍ കണ്ണടിച്ചുപോകും എന്നു പറയേണ്ടതില്ലല്ലോ. അതിനാല്‍ അനുയോജ്യമായ സോളാര്‍ഫില്‍റ്ററുകള്‍ ഘടിപ്പിച്ച ടെലിസ്കോപ്പിലൂടെ നോക്കി മാത്രമേ കാണാവൂ. അല്ലെങ്കില്‍ ടെലിസ്കോപ്പിലെ പ്രതിബിംബം വെളുത്ത പ്രതലത്തിലേക്ക് പ്രൊജക്റ്റ് ചെയ്തും കാണാം. ഏറ്റവും സുരക്ഷിതം ഈ പ്രൊജക്ഷന്‍ രീതിയാണ്.
കേരളത്തിലുള്ളവര്‍ക്ക് ഇതു കാണാന്‍ ഒരേയൊരു വഴിയേ ഉള്ളൂ. ഇന്റര്‍നെറ്റ്! transit of mercury live എന്ന് യുറ്റ്യൂബില്‍ തിരഞ്ഞാല്‍ മതി. പല ഏജന്‍സികളും ഇത് ലൈവ് ആയി കാണിക്കുന്നുണ്ട്.

---നവനീത്...

ചിത്രം: ബുധസംതരണം സ്റ്റെല്ലേറിയം സോഫ്റ്റുവെയറില്‍ അനിമേറ്റ് ചെയ്തതിന്റെ സ്ക്രീന്‍ഷോട്ട്. വളരെ സൂക്ഷിച്ചുനോക്കിയാല്‍ ചിത്രത്തില്‍ Mercury എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. അതാണ് ബുധന്‍. മറ്റുള്ള കറുത്ത വസ്തുക്കള്‍ സണ്‍ സ്പോട്ടുകള്‍ ആണ്. ബുധനുമായി ബന്ധമില്ല!

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് - മൈക്രോസ്കോപ്പ് എന്ന സൂഷ്മദര്‍ശിനി

റിഗോലിത്ത് - ചന്ദ്രനിലെ മണ്ണിന്റെ കഥ - story of regolith