ഇത്തവണത്തെ സൂര്യഗ്രഹണം എന്റെ വീട്ടില്‍ കാണാന്‍ പറ്റുമോ?

ഇത്തവണത്തെ സൂര്യഗ്രഹണം എന്റെ വീട്ടില്‍ കാണാന്‍ പറ്റുമോ?

മംഗലാപുരത്തെ വലയഗ്രഹണം! സമയം 9.25AM
മാധ്യമങ്ങളും നമ്മളും പറഞ്ഞു പറഞ്ഞിപ്പോ സൂര്യഗ്രഹണം കാസര്‍ഗോഡ് മാത്രമേ കാണൂ എന്ന അവസ്ഥയിലാണ് ജനങ്ങള്‍!
പേടിക്കേണ്ട! കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളിലും മലപ്പുറം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലയുടെ വടക്കന്‍ ഭാഗങ്ങളിലും നമുക്ക് വലയഗ്രഹണം  കാണാനാവും. സൂര്യബിംബത്തിന്റെ ഉള്ളില്‍ ചന്ദ്രന്‍ മുഴുവനായും കയറിപ്പോകുന്നത് കാണണമെങ്കില്‍ മാത്രമേ ഈ പ്രദേശങ്ങളില്‍ പോകേണ്ടതുള്ളൂ. കേരളത്തില്‍ മറ്റെല്ലായിടത്തും ഭാഗികസൂര്യഗ്രഹണം ദൃശ്യമാണ്. ഭാഗികസൂര്യഗ്രഹണത്തില്‍ ചന്ദ്രന്‍ സൂര്യബിംബത്തിന്റെ അരികിലൂടെ കടന്നുപോകും എന്നേയുള്ളൂ. പൂര്‍ണ്ണമായും മറയ്ക്കാന്‍ കഴിയില്ല എന്നേയുള്ളൂ. ബാക്കി എല്ലാ കാഴ്ചയും കേരളത്തിന്റെ മറ്റ് എവിടെനിന്ന് വേണമെങ്കിലും ആസ്വദിക്കാനാവും. കാസര്‍ഗോഡ് നിന്ന് വടക്കോട്ട് പോകുമ്പോഴും ഇതുതന്നെയാണ് അവസ്ഥ. വലയഗ്രഹണം കുറെ ഭാഗങ്ങളില്‍ കാണാം. മറ്റുള്ള എല്ലായിടത്തും ഭാഗികഗ്രഹണവും കാണാം!

കേരളത്തില്‍ മാത്രമേ സൂര്യഗ്രഹണം കാണാന്‍ കഴിയുകയുള്ളോ?

അല്ലേയല്ല! 

സൂര്യനും ചന്ദ്രനും കേരളത്തിനോടോ എന്തിനേറെ മലയാളികളോടോ പ്രത്യേകിച്ചൊരു മമതയും ഇല്ല!

വലയഗ്രഹണം തുടങ്ങുന്നത് സൗദി അറേബ്യയില്‍നിന്നാണ്. ബഹ്റിന്‍, ഖത്തര്‍, യു എ ഇ തുടങ്ങിയവ പ്രദേശങ്ങളുടെ പല ഭാഗങ്ങളിലും വലയഗ്രഹണം ദൃശ്യമായിരിക്കും. ഇവയുടെ വടക്കും തെക്കും ഭാഗികഗ്രഹണവും കാണാം. ഉദിച്ചുയരുന്ന സമയത്താവും ഇവിടെ ഗ്രഹണം ദൃശ്യമാവുക. ദുബായിയിലും ഒമാനിലും ഒക്കെ ഭാഗികഗ്രഹണം നല്ലവണ്ണം കാണാവുന്നതാണ്.

പിന്നീട് അറബിക്കടലിലൂടെ സഞ്ചരിക്കുന്ന ഗ്രഹണം ഇന്ത്യയിലെത്തും. കേരളത്തില്‍ മാത്രമല്ല, മംഗലാപുരം, കോയമ്പത്തൂര്‍, മധുര തുടങ്ങിയ ഇടങ്ങളിലും നല്ല രീതിയില്‍ വലയഗ്രഹണം തന്നെ കാണാവുന്നതാണ്.

ഭാഗികഗ്രഹണം ഇന്ത്യയില്‍ എല്ലായിടത്തും കാണാം! മറയ്ക്കുന്ന അളവിന് ഏറ്റക്കുറച്ചിലുകള്‍ കാണും എന്നു മാത്രം.  കാശ്മീരില്‍ ഒക്കെ എത്തുമ്പോള്‍ ഗ്രഹണശതമാനം പകുതിയില്‍ താഴെയൊക്കെ ആവും. ഇന്ത്യയുടെ പല വടക്കന്‍ പ്രദേശങ്ങളിലും സൂര്യബിംബത്തിന്റെ പകുതിയോളം ചന്ദ്രനാല്‍ മറയ്ക്കപ്പെടുന്നുണ്ട്.  ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം  മോശമല്ലാത്ത ഭാഗികഗ്രഹണം ആസ്വദിക്കാനാവും. ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയ ഇടങ്ങളിലുള്ള മലയാളികള്‍ ഭാഗികഗ്രഹണം കാണാന്‍വേണ്ടി മാത്രം കേരളത്തിലേക്കു വരേണ്ടതില്ല എന്നര്‍ത്ഥം. എന്നാല്‍ വലയഗ്രഹണം കാണണമെങ്കില്‍ വടക്കന്‍ജില്ലകളിലേക്ക് ഒരു ടൂര്‍ ആകാവുന്നതാണ്!

ശ്രീലങ്കയിലെ ജാഫ്നയിലും മറ്റും വലയഗ്രഹണം തന്നെ മനോഹരമായി കാണാം. സിംഗപ്പൂര്‍, ഇന്ത്യോനേഷ്യ തുടങ്ങിയ ഇടങ്ങളിലും വലയഗ്രഹണം കാണാനാവും. സുമാത്രയിലും മറ്റും ഏറ്റവും ദൈര്‍ഘ്യമേറിയ വലയഗ്രഹണം കാണാം!

കാസര്‍ഗോഡുള്ള ഒരു പ്രത്യേകവീട്ടിലാണ് ഗ്രഹണം ആദ്യമെത്തുക എന്നൊരു പത്രവാര്‍ത്ത കണ്ടു. ഇതിന്റെ സത്യാവസ്ഥ എന്താണ്?ഒന്നാംതരം നുണ എന്നതിനപ്പുറത്തേക്ക് ഇതില്‍ ഒരു കാര്യവും ഇല്ല. ഗ്രഹണത്തിന് ഒരു വീടിനോട് പ്രത്യേകിച്ച് മമതയോ ദേഷ്യമോ ഒന്നുമില്ല വരാനും വരാതിരിക്കാനും. കേരളത്തില്‍ എന്തായാലും കടപ്പുറത്താവും ഗ്രഹണം ആദ്യം കാണാനാവുക. കേരളത്തിലെ മറ്റിടങ്ങളെ അപേക്ഷിച്ച് ഏതാനും സെക്കന്റുകള്‍ മുന്‍പ് മാത്രം! കടലിനടുത്തുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് ഏതാനും മില്ലിസെക്കന്റുകളും! ഇതൊന്നും നിരീക്ഷണത്തെ സംബന്ധിച്ച് ഒരു വ്യത്യാസവും വരുത്തില്ല. വല്ല ടിവി ചാനലുകള്‍ക്കും ഞങ്ങളാണ് ഒരു മില്ലിസെക്കന്റ് മുന്‍പേ ആദ്യം ഗ്രഹണം പ്രേക്ഷരിലെത്തിച്ചത് എന്ന് വീമ്പിളക്കാന്‍ ഒരു അവസരമുണ്ടായേക്കാം എന്നതിലുപരി ഗ്രഹണാസ്വാദനത്തിന് ഒരു വ്യത്യാസവും ഉണ്ടാക്കാനാവില്ല! കേരളത്തില്‍ എവിടെയും ഇരുന്ന് ഞങ്ങളാണേ ആദ്യം കണ്ടത് എന്ന് വീമ്പിളക്കുന്നതില്‍ പ്രത്യേകിച്ചൊരു കാര്യവുമില്ല എന്നു ചുരുക്കം!

എന്റെ വീട്ടിലിരുന്ന് എനിക്ക് ഗ്രഹണം കാണാന്‍ പറ്റുമോ?

പിന്നെന്താ! ഇത്തവണത്തെ സൂര്യഗ്രഹണം സ്വന്തം വീട്ടിലിരുന്ന് കാണാന്‍ പറ്റുമോ എന്നു ചോദിച്ചാല്‍ ഉത്തരം പറ്റും എന്നു തന്നെയാണ്. വീടിനു പുറത്തിറങ്ങി നോക്കണം എന്നു മാത്രം.  വലയഗ്രഹണപാതയിലാണ് വീടെങ്കില്‍ വലയഗ്രഹണം ആസ്വദിക്കാം. അല്ലാത്തവര്‍ക്ക് ഭാഗികഗ്രഹണവും ആസ്വദിക്കാം! വീട്ടുവളപ്പിനു പുറത്തേക്ക് ഇറങ്ങിയാല്‍ കുറെപ്പേര്‍ക്കൊപ്പം ഗ്രഹണം ആസ്വദിക്കാം എന്നു മാത്രം.

അപ്പോള്‍ ഇത്തവണത്തെ സൂര്യഗ്രഹണം ഇന്ത്യയിലും യുഎഇയിലും ഒക്കെ സുഖമായി ആസ്വദിക്കാവുന്ന ഒന്നാണ്. ഈ അപൂര്‍വ്വക്കാഴ്ചയെ കാണാതെ വിടരുത്. ആസ്വദിക്കാതെ വിടരുത്. സുരക്ഷിതമായ രീതികളുപയോഗിച്ച് നേരിട്ടോ അല്ലാതെയോ ഗ്രഹണം ആസ്വദിക്കുക. കുട്ടികളെ പ്രത്യേകം വിളിച്ച് കാണിച്ചുകൊടുക്കുക!

--നവനീത്...

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു