എന്താണ് സൂര്യഗ്രഹണം?

എന്താണ് സൂര്യഗ്രഹണം?

നട്ടുച്ചയ്ക്ക് കുടചൂടിപ്പോകുന്ന ആളുകളെ കണ്ടിട്ടില്ലേ? വെയില്‍കൊള്ളാതെ സുഖമായി നടന്നുപോകും അവര്‍. കുടയുടെ നിഴലില്‍ സുഖമായിരിക്കാം. കുടയുള്ളതിനാല്‍ മുകളിലേക്കു നോക്കിയാല്‍ സൂര്യനെ അവര്‍ക്ക് കാണാന്‍ കഴിയില്ല. അല്പം വിശാലമായിപ്പറഞ്ഞാല്‍ അതൊരു സൂര്യഗ്രഹണമാണ്. സൂര്യനെ കുട മറയ്ക്കുന്ന ഒരു ഗ്രഹണം!
കുട നമ്മുടെ തൊട്ടടുത്താണ്. ഏതാനും സെന്റിമീറ്ററുകള്‍ ഉയരത്തില്‍. കുടയെ കുറെ മീറ്ററുകള്‍ ഉയരത്തില്‍വച്ചാല്‍ നമ്മളെ പൂര്‍ണ്ണമായും നിഴലില്‍ നിര്‍ത്താന്‍ കുടയ്ക്കാവില്ല. അല്ലെങ്കില്‍ കുടയുടെ വലിപ്പം കൂട്ടേണ്ടിവരും. ഉയരം കൂടുംതോറും വലിപ്പവും കൂട്ടണം. എന്നാല്‍ നിഴലിന് നമ്മെ മറയ്ക്കാനുള്ള വലിപ്പമുണ്ടാവൂ. ഭൂമിയില്‍നിന്ന് ഒരു നാലുലക്ഷം കിലോമീറ്റര്‍ അകലെയാണ് കുട വയ്ക്കേണ്ടതെങ്കില്‍ ചുരുങ്ങിയത് കിലോമീറ്ററുകളോളം വലിപ്പം വേണം. എന്നാലേ ഭൂമിയില്‍നില്‍ക്കുന്ന ഒരാളെ മറയ്ക്കാന്‍ അതിനു കഴിയൂ! ആയിരക്കണക്കിനു കിലോമീറ്റര്‍ വലിപ്പമുള്ള കുടയാണെങ്കില്‍ ഭൂമിയില്‍ നൂറോ ഇരുന്നൂറോ കിലോമീറ്റര്‍ പ്രദേശത്തെ വരെ മറയ്ക്കാന്‍ ആവും! രസകരമായ കാര്യം അങ്ങനെയൊരു കുട ശരിക്കും ഭൂമിക്കു പുറത്തുണ്ടെന്നതാണ്. അതാണ് നമ്മുടെ ചന്ദ്രന്‍. ചന്ദ്രന്‍ സൂര്യനു മുന്നില്‍ വന്നുപെട്ടാല്‍ ചന്ദ്രന്റെ നിഴല്‍വീഴുന്ന ഇടമെല്ലാം അല്പം ഇരുട്ടിലാവും. സൂര്യഗ്രഹണം എന്നാല്‍ ശരിക്കും ഇത്രയേ ഉള്ളൂ!

പക്ഷേ എല്ലാ ദിവസവും ഭൂമിയിലെമ്പാടും നടക്കുന്ന പ്രതിഭാസമൊന്നുമല്ല സൂര്യഗ്രഹണം. പ്രത്യേകിച്ചും സൂര്യനെ പൂര്‍ണ്ണമായും ചന്ദ്രന്‍ മറയ്ക്കുന്ന പൂര്‍ണ്ണഗ്രഹണം. അത് ഒരു അപൂര്‍വ്വ കാഴ്ചയാണ്. അതുകൊണ്ടുതന്നെ ജ്യോതിശ്ശാസ്ത്രജ്ഞര്‍ക്ക് അതേറെ പ്രിയപ്പെട്ടതാണ്. ഭൂമിയില്‍ ചന്ദ്രന്റെ നിഴല്‍ വീഴുന്ന പ്രദേശത്തുള്ളവര്‍ക്കാണ് സൂര്യഗ്രഹണം കാണാന്‍ കഴിയുന്നത് എന്നു പറഞ്ഞല്ലോ. ഇത് പൂര്‍ണ്ണമോ ഭാഗികമോ ആകാം. കറുത്തവാവ് ദിവസങ്ങളില്‍ മാത്രമാണ് സൂര്യഗ്രഹണം സംഭവിക്കുക. എല്ലാ വര്‍ഷവും രണ്ടു മുതല്‍ അഞ്ചു വരെ സൂര്യഗ്രഹണങ്ങള്‍ നടക്കാറുണ്ട്. ഇതില്‍ പരമാവധി രണ്ടെണ്ണം വരെ പൂര്‍ണ്ണസൂര്യഗ്രഹണം ആയേക്കാം എന്നാണ് കണക്കുകൂട്ടിയിരിക്കുന്നത്. മിക്കവയും ഭാഗികഗ്രഹണം ആയിരിക്കും. ചിലത് വലയഗ്രഹണവും.

വിവിധ തരം ഗ്രഹണങ്ങള്‍പൂര്‍ണ്ണസൂര്യഗ്രഹണം

ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ സൂര്യബിംബത്തിന്റെ വലിപ്പവും ചന്ദ്രബിംബത്തിന്റെ വലിപ്പവും തുല്യമായാണ് കാണപ്പെടുക. ഭൂമിയും ചന്ദ്രനും, ചന്ദ്രനും സൂര്യനും തമ്മിലുള്ള ദൂരങ്ങള്‍ തമ്മിലുള്ള യാദൃച്ഛികമായ കൃത്യത മൂലം ചില ഗ്രഹണങ്ങളില്‍ ഭൂമിയിലെ ചില ഭാഗങ്ങളില്‍ നിന്നു നോക്കുമ്പോള്‍ ചന്ദ്രന്‍ സൂര്യനെ പൂര്‍ണ്ണമായി മറച്ചതായി കാണപ്പെടും. ഇതിനെ പൂര്‍ണ്ണ സൂര്യഗ്രഹണം (Total eclipse) എന്നു വിളിക്കുന്നു. പൂര്‍ണ്ണഗ്രഹണസമയത്ത് സൂര്യന്റെ അന്തരീക്ഷമായ കൊറോണ മാത്രമേ കാണാന്‍ കഴിയാറുള്ളു. പരമാവധി 7 മിനിട്ടും 31 സെക്കന്റുമാണ് ഇതിന്റെ ദൈര്‍ഘ്യം. ഇന്ത്യയില്‍ 2009 ജൂലായ് 22 ന് നടന്നത് ഒരു പൂര്‍ണ്ണസൂര്യഗ്രഹണമായിരുന്നു.


ഭാഗിക സൂര്യഗ്രഹണം

ചിലപ്പോള്‍ ചന്ദ്രന് പൂര്‍ണ്ണമായും സൂര്യനെ മറയ്ക്കാന്‍ കഴിയുകയില്ല. സൂര്യബിംബത്തിന്റെ അരികിലൂടെയും മറ്റും ചന്ദ്രന്‍ കടന്നു പോകുന്നതായി തോന്നാം. ഇതിനു ഭാഗിക സൂര്യഗ്രഹണം (Partial eclipse) എന്നു പറയുന്നു. ഏതു തരത്തിലുള്ള സൂര്യഗ്രഹണവുമായി ബന്ധപ്പെട്ടും ഭാഗികഗ്രഹണം ഉണ്ടാകും. ചന്ദ്രന്റെ ഉപഛായ (ഉപനിഴല്‍ അഥവാ Penumbra) എന്ന നിഴലിലായിരിക്കും അപ്പോള്‍ ഭാഗികഗ്രഹണം കാണുന്നവര്‍.

വലയസൂര്യഗ്രഹണം

ദീര്‍ഘവൃത്താകൃതിയിലുള്ള ചന്ദ്രന്റെ ഭ്രമണപഥം മൂലം ഭൂമിയും ചന്ദ്രനും സൂര്യനും ഒരേ നേര്‍രേഖയിലാണെങ്കിലും ചിലപ്പോള്‍ ചന്ദ്രനു സൂര്യനെ പൂര്‍ണ്ണമായി മറയ്ക്കാന്‍ കഴിഞ്ഞില്ല എന്നു വരും. ചന്ദ്രന്‍ ഭൂമിയില്‍നിന്ന് അകന്നുനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇതു സംഭവിക്കുക. (ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ ചന്ദ്രന്റെ കോണീയവ്യാസം സൂര്യന്റേതിനെക്കാള്‍ ചെറുതാകും.) ഈ സമയത്ത് സൂര്യബിംബത്തിന്റെ ബാഹ്യഭാഗം ഒരു വളയമായി ചന്ദ്രനു വെളിയില്‍ കാണാം. ഇത്തരം സൂര്യഗ്രഹണങ്ങളെ വലയ സൂര്യഗ്രഹണം (Annular eclipse) എന്നു വിളിക്കുന്നു. ചന്ദ്രന്‍ ഭൂമിയില്‍ ഉണ്ടാക്കുന്ന പ്രതിനിഴല്‍( Antumbra ) എന്ന നിഴല്‍ പ്രദേശത്താണ് വലയസൂര്യഗ്രഹണം കാണപ്പെടുക.

---നവനീത്...

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു