ബിഗ്‍ബാങിനുശേഷം പ്രപഞ്ചത്തിലെ ഏറ്റവും വലിയ സ്ഫോടനം!

കടപ്പാട്:  X-ray: Chandra: NASA/CXC/NRL/S. Giacintucci, et al., XMM-Newton: ESA/XMM-Newton; Radio: NCRA/TIFR/GMRT; Infrared: 2MASS/UMass/IPAC-Caltech/NASA/NSF


ബിഗ്‍ബാങിനുശേഷം പ്രപഞ്ചത്തിലെ ഏറ്റവും വലിയ സ്ഫോടനം! ഇതുവരെ നമുക്കറിയാവുന്നതില്‍ വച്ച് ഏറ്റവും വലുത്. അങ്ങനെയൊന്നാണ് കഴിഞ്ഞ ദിവസം ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചത്. 39കോടി പ്രകാശവര്‍ഷങ്ങള്‍ക്ക് അപ്പുറത്തുള്ള ഒരു സൂപ്പര്‍മാസീവ് ബ്ലാക്ക്ഹോളില്‍നിന്നാണ് ഈ സ്ഫോടനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ റേഡിയോ ടെലിസ്കോപ്പായ Giant Metrewave Radio Telescope (GMRT)യും ഈ കണ്ടെത്തല്‍ സ്ഥിരീകരിക്കുന്നതില്‍ പങ്കാളിയായി.
നാസയുടെ എക്സ്-റേ ടെലിസ്കോപ്പായ ചന്ദ്ര എക്സ്-റേ ഒബ്സര്‍വേറ്ററി, യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ XMM-Newton (X-ray Multi-Mirror Mission) എന്ന എക്സ്-റേ ടെലിസ്കോപ്പ്, ആസ്ട്രേലിയയിലെ Murchison Widefield Array (MWA)  റേഡിയോ ടെലിസ്കോപ്പ് എന്നിവയും ഈ കണ്ടെത്തലിന്റെ ഭാഗമായി.

രണ്ട് റേഡിയോ ടെലിസ്കോപ്പുകളും രണ്ട് എക്സ്-റേ ടെലിസ്കോപ്പുകളും ചേര്‍ന്നാണ് ഈ കണ്ടെത്തല്‍ നടത്തിയത് എന്നു ചുരുക്കം.

വൃശ്ചികം നക്ഷത്രരാശിയുടെയും ധനു രാശിയുടെയും ഇടയിലേക്കു നോക്കിയാല്‍ അവിടെ ഒഫിയൂക്കസ് എന്നൊരു നക്ഷത്രരാശി കാണാം.  ഈ രാശിയില്‍ ഒരു  ഗാലക്സി ക്ലസ്റ്റര്‍ ഉണ്ട്.
നമ്മുടെ ആകാശഗംഗ ഒരു ഗാലക്സിയാണ്. പതിനായിരക്കണക്കിനു കോടി നക്ഷത്രങ്ങള്‍ ഗുരുത്വാകര്‍ഷണത്താല്‍ ചേര്‍ന്നു നില്‍ക്കുന്ന ഒരു ഗാലക്സി. ഗാലക്സി ക്ലസ്റ്റര്‍ എന്നാല്‍ ആയിരക്കണക്കിനു ഗാലക്സികള്‍ ഗുരുത്വാകര്‍ഷണത്താല്‍ ഒരുമിച്ചു നില്‍ക്കുന്ന ഇടവും. ഒഫിയൂക്കസ് ഗാലക്സി ക്ലസ്റ്റര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. അവിടെയുള്ള ഒരു സൂപ്പര്‍മാസീവ് ബ്ലാക്ക് ഹോളില്‍ നിന്നാണ് ഇത്രയും വലിയ ഒരു സ്ഫോടനം നടന്നത്. അതിന്റെ തെളിവുകള്‍ ശാസ്ത്രജ്ഞര്‍ക്കു ലഭിച്ചു.

ചന്ദ്ര-എക്സ്-റേ ഒബ്സര്‍വേറ്ററി 2016ല്‍ത്തന്നെ ഈയൊരു നിരീക്ഷണം നടത്തിയതാണ്. ഒഫിയൂക്കസ് ഗാലക്സി ക്ലസ്റ്ററിന്റെ ഭാഗത്തായി ഒരു വലിയ വിടവ്. വിടവെന്നു വച്ചാല്‍ പത്തോ പതിനഞ്ചോ ആകാശഗംഗയെ ഒന്നിനു പുറകേ ഒന്നായി നിരത്തിവയ്ക്കാന്‍ കഴിയുന്നത്ര വലിയ ഒരു വിടവ്. വലിയ സ്ഫോടനത്തിനു മാത്രമേ അത്തരമൊരു അടയാളം അവിടെ സൃഷ്ടിക്കാന്‍ കഴിയൂ. പക്ഷേ അന്ന് ഇത് സ്ഥിരീകരിക്കപ്പെട്ടില്ല. പിന്നീട് XMM-Newton എന്ന ബഹിരാകാശ റേഡിയോ ടെലിസ്കോപ്പും ഇതേ കണ്ടെത്തല്‍ നടത്തി. ആസ്ട്രേലിയയിലെയും ഇന്ത്യയിലെയും റേഡിയോ ടെലിസ്കോപ്പുകള്‍ ഈ കണ്ടെത്തലിനെ സ്ഥിരീകരിക്കുന്ന നിരീക്ഷണങ്ങളാണ് പുറത്തുവിട്ടത്. അതോടെയാണ് വലിയൊരു പൊട്ടിത്തെറി ഒഫിയൂക്കസ് ഗാലക്സി ക്ലസ്റ്ററില്‍ നടന്നിട്ടുണ്ട് എന്ന കാര്യം വ്യക്തമായത്. സൂപ്പര്‍മാസീവ് ബ്ലാക്ക്ഹോളുകളിലേക്ക് പുറമെനിന്ന് എന്തെങ്കിലും വസ്തുക്കള്‍ വീഴുമ്പോള്‍ അവ അകത്തേക്ക് ആകര്‍ഷിക്കപ്പെടുക മാത്രമാവില്ല പലപ്പോഴും ചെയ്യുക. അത്തരം വസ്തുക്കളുടെ ചില ഭാഗങ്ങള്‍ അതിശക്തമായ ഒരു ജെറ്റ്പോലെ പുറത്തേക്കു തെറിച്ചുപോകും. ഏതാണ്ട് പ്രകാശവേഗതയില്‍ അതീവ് ഊര്‍ജ്ജത്തോടെയാവും അവ പുറത്തേക്കു വരിക. ഈ വരവില്‍ അവിടെയുള്ള എന്തിനെയും ഈ ഊര്‍ജ്ജപ്രവാഹം തുടച്ചുനീക്കും. അങ്ങനെ സംഭവിച്ചതാവണം ഓഫിയൂക്കസ് ഗാലക്സി ക്ലസ്റ്ററിലെ ഈ വിടവ്.

ഫെബ്രുവരി 27ലെ ആസ്ട്രോഫിസിക്കല്‍ ജേണലിലാണ് ഇതു സംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
കൂടുതല്‍ വായനയ്ക്ക്: https://arxiv.org/abs/2002.01291

---നവനീത്...

ചിത്രത്തിനു കടപ്പാട്: X-ray: Chandra: NASA/CXC/NRL/S. Giacintucci, et al., XMM-Newton: ESA/XMM-Newton; Radio: NCRA/TIFR/GMRT; Infrared: 2MASS/UMass/IPAC-Caltech/NASA/NSF

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് - മൈക്രോസ്കോപ്പ് എന്ന സൂഷ്മദര്‍ശിനി

റിഗോലിത്ത് - ചന്ദ്രനിലെ മണ്ണിന്റെ കഥ - story of regolith