ആ കാണുന്നതാണ് ഭൂമി, Pale Blue Dot ന്റെ മുപ്പതു വര്‍ഷങ്ങള്‍



1990 ലെ വലന്റൈന്‍ ദിനം. അന്നാണ് വോയേജര്‍ 1 എന്ന പേടകം ഈ ചിത്രം പകര്‍ത്തുന്നത്. പ്രപഞ്ചത്തില്‍ മനുഷ്യരെത്ര നിസ്സാരര്‍ എന്ന് നമ്മള്‍ നമ്മളെത്തന്നെ ബോധ്യപ്പെടുത്തിയ ചിത്രം. ചിത്രത്തില്‍ സൂക്ഷിച്ചുനോക്കണം. ചുവന്ന നാടയ്ക്കുള്ളില്‍ ഒരു പൊട്ടു കാണുന്നില്ലേ. അവിടെയാണ് നാമറിയുന്ന എല്ലാവരും ജീവിക്കുന്നത്. അവിടെയാണ് നാം കാണുന്ന കടലും വനവും മരുഭൂമിയും കായലും പുഴയും നദിയും വീടും എല്ലാം ഉള്ളത്. നമ്മുടെ പ്രിയപ്പെട്ടവരുള്ളത്. നമ്മുടെ ശത്രുക്കളുള്ളത്. നമ്മുടെ പ്രണയങ്ങളുള്ളത്. വിരഹങ്ങളുള്ളത്. അവിടെയാണ് നമുക്കറിയാവുന്ന സാഹിത്യങ്ങളെല്ലാം എഴുതപ്പെട്ടത്. അറിയാവുന്ന വിജ്ഞാനമെല്ലാം രൂപപ്പെട്ടത്...
ആ നേര്‍ത്ത നീലപ്പൊട്ട്. അതാണ് ഭൂമി! 595 കോടി കിലോമീറ്ററുകള്‍ക്കപ്പുറത്തുനിന്ന് വോയേജര്‍ 1 പേടകം അവസാനമായി തന്റെ ക്യാമറക്കണ്ണുകള്‍ തുറന്നുപിടിച്ച് പകര്‍ത്തിയ ചിത്രം.

1977 സെപ്തംബറിലാണ് വോയേജര്‍ 1 എന്ന പേടകത്തെ മനുഷ്യര്‍ വിക്ഷേപിക്കുന്നത്. നീണ്ട 42 വര്‍ഷങ്ങള്‍ക്കുശേഷവും ആ പേടകം ഭൂമിയുമായി ഇടയ്ക്കിടെ സന്ദേശങ്ങള്‍ കൈമാറിക്കൊണ്ട് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. 1980ല്‍ പേടകം ശനിയെ കടന്നുപോയി. ആ സമയത്താണ് ശാസ്ത്രകാരനും എഴുത്തുകാരനുമായ കാള്‍ സാഗന്‍ ഒരു ആശയം മുന്നോട്ടുവയ്ക്കുന്നത്. വോയേജര്‍ അവസാനമായി ഭൂമിയുടെ ചിത്രം ഒന്നെടുക്കണം. ശാസ്ത്രപരമായി ഒരു പ്രസക്തിയും അത്തരമൊരു ചിത്രത്തിന് ഇല്ല. പക്ഷേ പ്രപഞ്ചത്തില്‍ നമ്മുടെ സ്ഥാനത്തെക്കുറിച്ച് പുതിയൊരു വീക്ഷണം നല്‍കാന്‍ ആ ചിത്രത്തിനാവും. പിന്നെയും പത്തു വര്‍ഷത്തിനുശേഷമാണ് ഈ ചിത്രം യാഥാര്‍ത്ഥ്യമായത്. 1990 ഫെബ്രുവരി 14ന് വോയേജര്‍ 1ലെ ക്യാമറ ഭൂമിയ്ക്കു നേരെ തിരിഞ്ഞു. ഏതാണ്ട് 600കോടി കിലോമീറ്റര്‍ അകലെ നിന്ന് വോയേജര്‍ ആ ചിത്രം പകര്‍ത്തി. വോയജര്‍ 1 എടുത്ത അവസാന ചിത്രമായിരുന്നു അത്. കാള്‍ സാഗന്‍ ആഗ്രഹിച്ചപോലെ മനോഹരമായ ഒരു ചിത്രം.

നമ്മള്‍ എത്ര നിസ്സാരര്‍ ആണെന്ന് നമ്മെ ബോധ്യപ്പെടുത്തും ഈ ചിത്രം. പ്രപഞ്ചത്തിലെ വളരെ ചെറിയ ഭാഗത്തിന്റെ ചിത്രമായിട്ടുപോലും ഒരു കുഞ്ഞു പൊട്ടായിട്ടാണ് ഭൂമി അതില്‍ വരുന്നത്. എത്ര നിസ്സാരമായ ഒരു സ്ഥാനം. ഈ ഭൂമി അവിടെ ഉണ്ടായാലും ഇല്ലെങ്കിലും പ്രപഞ്ചത്തിന് ഒന്നും സംഭവിക്കില്ല. പക്ഷേ ആ കുഞ്ഞു നീലപ്പൊട്ട് ഇല്ലെങ്കില്‍ നമ്മളില്ല. എന്നിട്ടും ആ കുഞ്ഞുപൊട്ടില്‍ക്കിടന്ന് നമ്മള്‍ പരസ്പരം തമ്മില്‍ത്തല്ലുന്നു. യുദ്ധം ചെയ്യുന്നു. ഭൂമിയെത്തന്നെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. പക്ഷേ ഇവിടെത്തന്നെയാണ് നാം പരസ്പരം സ്നേഹിക്കുന്നതും കൈകോര്‍ത്തു പിടിച്ച് മുന്നോട്ടു നടക്കുന്നതും.

മുപ്പതു വര്‍ഷം മുന്‍പത്തെ വലന്റൈന്‍ ദിനത്തില്‍ പകര്‍ത്തിയ ആ ചിത്രത്തിലെ നീലപ്പൊട്ടിനെ നമ്മള്‍ പ്രണയിച്ചേ തീരൂ. കാരണം ഇന്നത്തെ നമ്മുടെ അറിവില്‍ അതു മാത്രമാണ് നമ്മുടെ ജീവിതം.

---നവനീത്...

ചിത്രം: Pale Blue Dot, കടപ്പാട് : NASA JP

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

റിഗോലിത്ത് - ചന്ദ്രനിലെ മണ്ണിന്റെ കഥ - story of regolith

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു